Sunday, November 30, 2008

സംശയമില്ല ഖദീജ, അല്ലാഹുവിനെ അവര്‍ പുരുഷപക്ഷത്ത് പ്രധിഷ്ഠിക്കുകയാണ്

സംശയമില്ല ഖദീജ, അല്ലാഹുവിനെ അവര്‍ പുരുഷപക്ഷത്ത് പ്രധിഷ്ഠിക്കുകയാണ്

ശ്രീ ഖദീജ ഖാത്തൂന്‍ മതൃഭൂമിയില്‍ (86:39) പ്രൊഫ: എം എന്‍ കാരശ്ശേരിയുടെ ലേഖനത്തിനെഴുതിയ വിയോജനക്കുറിപ്പാണ് ഈ കത്തിനാധാരം. കാരശ്ശേരിമാഷ് ഇതിനകം മറുപടി പറഞ്ഞില്ലെങ്കില്‍ മാത്രമേ ഈ കുറിപ്പിന് പ്രസക്തിയുമുള്ളൂ. ഖദീജ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍ ഇവയാണ്?

നാലു വിവാഹം കഴിക്കാനുള്ള പുരുഷന്റെ അവകാശം വഴി ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളുടെ സ്ഥിതിവിവരക്കണക്കുകള്‍ തന്റെ ചുറ്റുപാടുകളില്‍ നിന്നും ശേഖരിച്ചും വായനക്കാരോട് അവരുടെ ചുറ്റുപാടുകളില്‍ നിന്നും ശേഖരിക്കാനാവശ്യപ്പെട്ടും അതുവഴി കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോംകുറവാണ് എന്നു സമര്‍ഥിക്കുന്നു ഖദീജ. വിദ്യാഭ്യാസകാലത്തും പ്രവൃത്തിയിലും സ്ഥിതിവിവരക്കണക്കുകള്‍ ധാരളമായി ഉപയോഗിച്ച ഒരാളെന്നനിലയില്‍ പറയട്ടെ, കണക്കുകള്‍ ശേഖരിക്കുന്ന മെതഡൊളൊജി നമ്മുടെ ഉദ്ധേശ്യലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അല്ലാതെ തനിയെ സത്യം വിളിച്ചുപറയാനൊന്നും സ്ഥിതിവിവരക്കണക്കുകള്‍ക്കു കഴിവില്ല. ഇവിടെ പ്രശ്‌നം, സ്ത്രീകളോടുള്ള സമീപനത്തിന്റെതാണ്. ഈ പൊതുസമീപനം സ്ത്രീകളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യാവുന്നതിന്റെ സാധ്യതകളുടേതാണ്, അതോടൊപ്പം സ്ത്രീയും പുരുഷനും തുല്യരായി ജീവിക്കേണ്ട ഒരു പരിഷ്കൃത സമൂഹത്തില്‍ നിലനില്ക്കുന്ന പുരുഷാധിപത്യ പ്രഖ്യാപനതിന്റേതുകൂടിയും. കണക്കുകള്‍ നിസ്സഹായരാവുന്ന ഒരവസ്ഥ. എട്ടും പത്തും കല്യാണങ്ങള്‍ കഴിക്കുന്നതും മറ്റൊരുതെറ്റാണ്, പക്ഷെ ഒരുമതവും അത്തരമൊരു കാര്യത്തിന് പിന്തുണകൊടുക്കാത്ത സാഹചര്യത്തില്‍ ഈ ചര്‍ച്ചയില്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല. മതഭേദമില്ലാത്ത മറ്റൊരു വിപത്താണ് സ്ത്രീധനം എന്നതു ശരിതന്നെ. തെറ്റുകള്‍ക്ക് വലിപ്പച്ചെറുപ്പങ്ങള്‍ ആരോപിച്ച് താരതമ്യം ചെയ്ത് ഒന്നിനെ ന്യായീകരിക്കാനോ, നിസ്സാരമാക്കാനോ ശ്രമിക്കുന്നത് ആശാസ്യമല്ല.

ഖദീജ ഇപ്പൊഴും സ്ത്രീ എപ്പോഴും സംരക്ഷണം അവശ്യമുള്ള ഒരു വിഭാഗമാണ് എന്ന ബോധത്തിന്റെ (insecurity feeling) അകത്തളത്തില്‍ നിന്നും സംസാരിക്കുന്നതുകൊണ്ടാണ് എന്നു തൊന്നുന്നു, അനാഥസ്ത്രീകളുടെ കാര്യം പ്രതിപാദിക്കുമ്പോള്‍ കുറേവര്‍ഷങ്ങള്‍ പിന്നില്‍നില്‍ക്കുന്ന ചില ആശയങ്ങളുടെ മിന്നലാട്ടം. കാലം മാറിപ്പോയി സുഹൃത്തെ, സംരക്ഷണം ഇല്ലാതെ ജീവിക്കുന്ന അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങള്‍ ജീവിക്കുന്നുണ്ടിവിടെ. പിന്നൊരുകാര്യത്തില്‍ ഖദീജയ്ക്കും കാരശ്ശേരിമാഷിനും ഒരേ അഭിപ്രായമാണ് - നബി പറഞ്ഞതല്ല വ്യാഖ്യാനിക്കാപ്പെടുന്നതെന്ന്.

മതാനുസരണമോ അല്ലാതെയോ ഒരുപുരുഷന്‍ പല സ്ത്രീകളെ വിവാഹം ചെയ്യാതെ കുട്ടികളെ ജനിപ്പിച്ച് ഒന്നിച്ചു താമസിക്കുന്നതിനെ നിയമപരമായി ചോദ്യം ചെയാന്‍ നിര്‍വാഹമില്ല. പക്ഷെ അവിടെ വിവാഹമെന്ന കെട്ടുപാടില്ലാതെ സ്ത്രീ അഥവാ സ്ത്രീകള്‍ സ്വമനസാലെ അതിനു തയ്യാറാവുന്നു. മതാചാരപ്രകാരം അനുസരിക്കാന്‍ ബാദ്ധ്യസ്തമായ ഒരുനിയമാവലിയുടെ പ്രശ്‌നം അതില്‍ ഇല്ല. സ്ത്രീകളെ പരിചയമില്ലാത്ത ആളുകളാണ് വയനകാരും കാരശ്ശേരിമാഷും എന്ന് ഖദീജ ധരിച്ചുപോവരുത്. ഈ ഫുള്‍ ഫ്രീ - യുടെ അര്‍ത്ഥം സത്യത്തില്‍ മനസിലായില്ല. മറ്റുദിവസങ്ങളില്‍ ഫ്രീ അല്ലാതാക്കുന്നതെന്താണെന്നും. പണ്ട് കുട്ടികൃഷ്ണമാരാര്‍ പുതുശ്ശേരി രാമചന്ദ്രന് അയച്ചകത്തില്‍ വൈലോപ്പിള്ളിക്കവിതയെ കുറിച്ചു പറഞ്ഞപോലെ മനസിലകായ്ക ആകാം. പക്ഷെ തലക്കെട്ടിലെ സംശയം തികച്ചും ആധികാരികമാണ്. ഖദീജ, അവര്‍ ചെയ്യുന്നത് അള്ളാഹുവിനെ പുരുഷപക്ഷത്ത് പ്രധിഷ്ഠിക്കുകയാണ് .