കടവല്ലൂരില്‍ മറ്റൊരു അനിയോന്യം കൂടി നടന്നിന്നിരിക്കുന്നു. ഉദ്ഘാടനം ചെയ്തത് സാംസ്കാരിക കേരളത്തിന്റെ മുഴങ്ങുന്ന ശബ്ദം - പ്രൊഫ: സുകുമാര്‍ അഴീക്കോട്. പത്രമാധ്യമങ്ങളെല്ലാം തന്നെ യോഗങ്ങളുടെ മുദ്ര, ജട, രഥ പ്രയോഗങ്ങളും ജയ പരാജയങ്ങളും പിഴവുകളും മറ്റും വിശദമായി അനുദിനം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഒറ്റനോട്ടത്തില്‍ ഭാരതത്തിന്റെ സാംസ്കാരികത്തനിമ നിലനിര്‍ത്താനുള്ള ശ്രമങ്ങളായി നമുക്കു തോന്നാം. പക്ഷെ പഴമയോടുള്ള ഗൃഹാതുരത്വമാര്‍ന്ന ഈ ആവേശം ഒരു സമൂഹമെന്ന നിലയില്‍ നമ്മെ വര്‍ഷങ്ങള്‍ പിന്നോട്ടു വലിക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെല്ലാം തന്നെ, രാഷ്ട്രീയ പാര്‍ട്ടികളടക്കം വോട്ടുബാങ്കുരാഷ്ട്രീയത്തിന്റെ ചതിക്കുഴികളില്‍പ്പെട്ട്, അറിഞ്ഞുകൊണ്ട് ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന് കരുതാവുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അടിയൊഴുക്കുകള്‍ വളരെ അപകടകരമാണെന്ന് നാം തിരിച്ചരിയുന്നില്ല. ഈയടുത്തനാളുകളില്‍ യോഗക്ഷേമസഭ നമ്പൂതിരി പെണ്‍കുട്ടികള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി മാതൃഭൂമി ദിനപ്പത്രത്തില്‍ ഒരു വായനക്കാരന്‍ എഴുതുകയുണ്ടായി. നിറംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും, അന്യമതസ്ഥരുമായി കൂട്ടുകൂടുന്നത് ഒഴിവാകാനും, ദശപുഷ്പം ചൂടലും ഒരിക്കലും മറ്റും ആചരിക്കാനുമൊക്കെയായിരുന്നു അത്. മറക്കുടയ്ക്കുള്ളിലെ മഹാനരകത്തെ തിരിച്ചറിഞ്ഞ് നമ്പൂതിരിപ്പെണ്‍കുട്ടികളെ അടുക്കളക്ക് പുറത്തേക്ക് കൈപിടിച്ച് നടത്തിയ യോഗക്ഷേമ സഭയുടെ ആദ്യകാല മഹദ് നേതാകളുടെ നേട്ടങ്ങളെല്ലാം ചില്ലുകൊട്ടാരങ്ങള്‍ പോലെ തകര്‍ത്ത പ്രവൃത്തിയാണ് നടന്നത്. പക്ഷേ ഓത്തുചൊല്ലി, കുടുമ കെട്ടി വാരമിരിക്കുന്ന തലമുറയില്‍നിന്നും ഇത് തികച്ചും പ്രതീക്ഷിതമാണ്. സാംസ്കാരികത്തനിമ നിലനിര്‍ത്താന്‍ അനിയോന്യം നടത്തുമ്പോള്‍ ആചാരങ്ങളും, അനാചാരങ്ങളും ഒന്നിച്ചുതിരിച്ചുവരുന്നു, ഇവതമ്മില്‍ വേര്‍പിരിക്കുക അസാദ്ധ്യമാണ്. പര്‍ദ ധരിക്കുന്നതിനെചൊല്ലി കലഹിക്കുന്നവര്‍ ഭൂരിപക്ഷ സമുദായങ്ങളില്‍ ഉയര്‍ന്നുവരുന്ന സമാനസമ്പ്രദായങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.
ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്തുകയെന്നത് എന്നും ചാതുര്‍വര്‍ണ്യത്തിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുന്ന സമുദായങ്ങളെ സംബന്ധിച്ചെടുത്തോളം അവരുടെ സ്വകാര്യമായ സംതൃപ്തിയാണ്. ഭക്തി ഒരു ഭ്രാന്തായി ഇതിനൊപ്പം വളരുന്നത് ബ്രാഹ്മണന്റെയും അമ്പലവാസിയുടെയും സാമ്പത്തിക ലക്ഷ്യമാണ്. പല ക്ഷേത്രങ്ങളിലും ശാന്തികാരുടെ വരുമാനം ലക്ഷങ്ങളാണ്. ഒരു രൂപപോലും നികുതികൊടുക്കാത്ത ഈ കള്ളപ്പണത്തിന്റെ ശ്രോതസ്സാണ് ബ്രാഹ്മണ സമൂഹം ആചാരങ്ങളുടെ പുന: പ്രതിഷ്ഠ നടത്തി വികസിപ്പിക്കുന്നത്. ചൂട്ടുകത്തിച്ചുകാണിച്ച് വഞ്ചിച്ചാണ് ഇടതുപക്ഷവും വലതുപക്ഷവും ശബരിമലയില്‍ തമിഴന്റെയും, തെലുങ്കന്റെയും പണം പലര്‍ക്കും കൈയ്യിട്ടുവാരാനും, ധൂര്‍ത്തടിക്കാനും, കാട് നശിപ്പിക്കാനുമായി സംഭരിക്കുന്നത്. ഇതെല്ലാം ചാതുര്‍വര്‍ണ്യത്തെ തിരിച്ചുകൊണ്ടുവരുന്നു. അത്യന്തം അപകടകരമായ മറ്റുപലതും ഭക്തിയുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ സംഭവിക്കുന്നു. ഈയിടെ ഗുരുവായൂരില്‍ നടന്ന ഏകാദശിവിളക്കില്‍ കോടതിവിളക്കും, പോലീസ് വിളക്കും തെളിയിക്കപ്പെട്ടു. അഹിന്ദുക്കളിലെ സാത്വീകനും തികഞ്ഞ കൃഷ്ണ ഭക്തനുമായ ഗാനഗന്ധര്‍വനും, വയലാര്‍ രവിയുടെ കൊച്ചുമകനും പോലും അയിത്തമുള്ള ഗുരുവായൂരില്‍ വിളക്കുനടത്തുന്ന രണ്ടുസ്ഥാപനങ്ങളില്‍ നിന്ന് ഒരു അഹിന്ദു സമൂഹത്തിന് പരിപൂര്‍ണ നീതിലഭ്യത ഉറപ്പാക്കാനാവില്ലെന്ന് ഛിഃദ്ര ശക്തികള്‍ക്ക് പ്രചരിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്ന പ്രവര്‍ത്തിയായെ ഇതിനെ കാണാനൊക്കുകയുള്ളൂ. ഇവിടെ, ഉദ്ദേശ്യം ഇത്തരം പ്രവര്‍ത്തികളുടെ പട്ടികനിരത്തലല്ല പകരം പതിറ്റാണ്ടുകളായി ആണിയടിച്ചു നിര്‍ത്തിയ ദുര്‍ഭൂതങ്ങള്‍ പെട്ടെന്നെങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന് ചിന്തിക്കലാണ്.
അടിസ്ഥാനപരമായി ഒരു സമൂഹമെന്ന നിലയില്‍ കേരളീയ സമൂഹത്തിന്റെ നവോദ്ധാനത്തിന് കാരണമായത് കമ്യൂണിസ്റ്റ് ആശയങ്ങളാണ്. ചാരു മജൂംദാറില്‍ നിന്നും പിരിഞ്ഞ ശേഷവും അധികാര - ജനാധിപത്യ വ്യവസ്ഥകളോട് സന്ധിചെയ്ത് ഒരു ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയായി തുടരുമ്പോഴും (ആശയം ശ്രീ കെ വേണുവിന്റെതാണ്) കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളസമൂഹത്തിന്റെ നവോദ്ധാനത്തിന് സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്നു. ക്ഷേത്രകലകളെ (ഉദാഹരണത്തിന് വടക്കേ മലബാറിലെ തെയ്യം) അവയുടെ ദൈവീക പരിവേഷം നശിപ്പിച്ച് അവര്‍ പാര്‍ട്ടി ജാഥകളിലും സമ്മേളനപ്പന്തലുകളിലും അവതരിപ്പിച്ചു. അനാചാരങ്ങള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണവും, ചിലപ്പോള്‍ പ്രക്ഷോഭവും നടത്തി. പാര്‍ട്ടിയുടെ പിന്തുണയോടെ യുക്തിവാദ സംഘങ്ങള്‍ പോലുള്ള സംഘടനകള്‍ ദിവ്യാദ്ഭുതങ്ങളെ അനാവരണം ചെയ്തു, സത്യത്തില്‍ അതീവ ഭക്തി തികച്ചും അശാസ്ത്രീയമായി കണക്കാക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ശാസ്ത്ര സാഹിത്യ പരിഷത് പോലുള്ള സംഘടനകള്‍ മറ്റൊരുവശത്ത് ബാലോല്‍സവങ്ങളും മറ്റും നടത്തി. അടിപിടി മൂലകളിലും മറ്റും വിദ്യാര്‍ത്ഥിസമൂഹം, തികഞ്ഞ ശാസ്ത്രബോധത്തോടെ വളര്‍ന്നുവന്നു. അതില്‍ പലരും കാമ ക്രോധ മോഹങ്ങള്‍ പോലെയുള്ള മനുഷ്യഗുണങ്ങള്‍ക്കതീതമായ സ്വന്തം ദൈവസങ്കല്‍പ്പം വികസിപ്പിച്ചു. വളരുന്ന ഒരു തലമുറയുടെ ചിന്തകള്‍ വളര്‍ന്ന തലമുറയെ ചിന്തിപ്പിച്ച ഒരുകാലം. സത്യത്തില്‍ ഈ കാലഘട്ടത്തിലാണ് അമ്പലങ്ങള്‍ ക്ഷയിച്ചതും നമ്പൂതിരിയില്ലങ്ങള്‍ പട്ടിണിയായതും. ``ഓത്തുവാ കൊണ്ടേചവച്ചു ഞാന്‍ �.. ഓക്കാനമേകുന്ന മീനുമിറച്ചിയും'' എന്ന് അക്കിത്തം എഴുതിയകാലം.
ഇതേ കാലഘട്ടത്തിലാണ് സൈലന്റ് വാലി പോലുള്ള പ്രകൃതി സംരക്ഷണത്തിനും മറ്റുമുള്ള ജനകീയ സമരങ്ങള്‍ വന്‍ വിജയങ്ങളായതും, അതും തുടങ്ങിയത് വിദ്യാലയങ്ങളില്‍ നിന്നായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരോക്ഷമായെങ്കിലും ഇതിനെല്ലം പിന്‍തുണ നല്‍കിവന്നു. നവോദ്ധാനത്തിന്റെ ഈ കാലം അവസാനിച്ചത് തികച്ചും വ്യത്യസ്തമായ ഒരു പറ്റം മാറ്റങ്ങള്‍ മൂലമായിരുന്നു. മാറ്റങ്ങളുടെയല്ലാം ലഷണം ഒന്നായിരുന്നു - സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടം. പലരും പറയുന്നതുപോലെ അത് ഗള്‍ഫ് പണത്തിന്റെ ഒഴുക്കുകൊണ്ടു മാത്രമായിരുന്നില്ല ആഗോളീകരണം, സാങ്കേതികവും അല്ലാത്തതുമായ ഉന്നത വിദ്യാഭ്യാസത്തിന് , ഒരു ജോലി നേടുക എന്നതിലുപരി ധാരാളം പണം സമ്പാതിക്കാനുള്ള സാദ്ധ്യതകള്‍ തുറന്നിട്ടു. പ്രതിഭയുടെ വളര്‍ച്ചയേക്കാള്‍ മധ്യവര്‍ഗ്ഗ രക്ഷിതാക്കള്‍ ഇംങ്ക്‌ളീഷ് മീഡിയം സ്കൂളൂകളില്‍ നിന്നും നല്ലമാര്‍ക്കുവാങ്ങി തങ്ങളുടെ മക്കള്‍ പാസാവുന്നതിന് പ്രാമുഖ്യം നല്‍കി . വിദ്യാര്‍ത്ഥി സമൂഹം ഒരല്‍പ്പം മടിച്ചായിരുനു ഈ മാറ്റത്തെ സ്വീകരിച്ചത്. പക്ഷേ തൊണൂറുകളുടെ അവസാനമാവുമ്പോഴേക്കും ഏകദേശം 99 ശതമാനം വിദ്യാര്‍ത്ഥികളും, തങ്ങള്‍ക്കുചുറ്റും നന്നായി പഠിച്ചവര്‍ കെട്ടിപ്പൊക്കിയ സൗധങ്ങളും, അവര്‍ കൊണ്ടുനടക്കുന്ന ആഡം ബര വസ്തുക്കളും കണ്ട് പുസ്തകങ്ങളിലേക്കു മുഖം പൂഴ്ത്തി. അവര്‍ പൊതുസമൂഹത്തെ അവഗണിച്ചു. വലിയവരെ മാറാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന തലമുറയുടെ കുറ്റിയറ്റു. ആകസ്മികതകളും അനിശ്ചിതത്വവും നിറഞ്ഞ ജീവിതത്തിലേക്ക് ഭക്തി സാന്ത്വനമായി കടന്നുവന്നു.
മറ്റൊരുവശത്ത് ഇടതുപക്ഷം ഹിന്ദു വര്‍ഗ്ഗീയ ശക്തികളെ തങ്ങളുടെ മുഖ്യ എതിരാളികളായി തിരിച്ചറിഞ്ഞു. ക്ഷയിച്ച അമ്പലങ്ങള്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരുന്നു. ഭക്തിയിലാസക്തമായിക്കൊണ്ടിരുന്ന മലയാളി വീണ്ടും അമ്പലങ്ങളിലേക്കെത്തിത്തുടങ്ങി. ഇടതുപക്ഷത്തിനുവേണ്ടി ഇത്തരം സാഹചര്യങ്ങളെ വിശകലനം ചെയ്തുിരുന്ന ഈ എം എസ് ന്റെ ചെറിയ ശരീരം തിരുവനന്തപുരത്തെ വൈദ്യുത ശ്മശാനത്തില്‍ അപ്പോഴേക്കും എരിഞ്ഞടങ്ങിയിരുന്നു. ഹിന്ദുത്വ ശക്തികളുടെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലേക്ക് ഒരുവലിയ വിഭാഗം ജനങ്ങള്‍ നീങ്ങുന്ന പ്രത്യേക സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് മനസിലാവാതെ കേരളത്തിലെ ഇടതുപക്ഷം പകച്ചുനിന്നു. പിന്നീട് ചരിത്രപരമായ മറ്റൊരുതെറ്റായ തീരുമാനം അവരെടുക്കുകയും ചെയ്തു - ക്ഷേത്ര ഭരണസമിതികളില്‍ പാര്‍ട്ടി നുഴഞ്ഞുകയരാന്‍ തീരുമാനിച്ചു. ഫലത്തില്‍ അനുഭാവിയും പാര്‍ട്ടി മെമ്പറും രഹസ്യമായി കയരിയിരുന്ന ക്ഷേത്ര നടകള്‍ അവര്‍ക്ക് നിഷിദ്ധമല്ലാതായി കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ രാഷ്ട്രീയത്തിന്റെ സം രക്ഷണയില്‍ ബ്രാഹ്മണ്യം പൂണൂലില്‍ കൈയ്യോടിച്ച് ഞെളിഞ്ഞു നിന്നു. യുക്തിവാദികളുടെയും പരിഷത്തിന്റെയും മറ്റും ദിവ്യാദ്ഭുത രഹസ്യങ്ങള്‍ വെളിവാകുന്ന പ്രകടനങ്ങള്‍ അവസാനിക്കുകയും ചെയ്തു. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ ബ്രാഹ്മണന്‍ വിഷമെടുപ്പിച്ചു.
പരിസ്ഥിതി സം രക്ഷണ സം രം ഭങ്ങള്‍ പോലെതന്നെ പൈതൃക സം രക്ഷണ പ്രസ്ഥാനങ്ങളും ഈ കാലഘട്ടത്തിന്റെ മറ്റൊരു സൃഷ്ടിയായിരുന്നു. മിക്കവാറും ക്ഷേത്രങ്ങളോടും മറ്റു ഭക്തി മാര്‍ഗങ്ങളോടും ഒട്ടിനിന്നിരുന്നതായിരുന്നു നശിച്ചുകൊണ്ടിരുന്ന ഹൈന്ദവചാരാധിഷ്ടിതമായ പൈതൃകങ്ങളെല്ലാം തന്നെ. ഇത്തരം കലാ സാഹിത്യങ്ങളെ മഹാകവി വള്ളത്തോള്‍ ചെയ്തതു പോലെ, തികച്ചും മാറ്റി സ്ഥാപനവല്‍ക്കരിച്ച് സം രക്ഷിക്കുന്നതിന് പകരം ഇതിനകം പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങള്‍ പോലുള്ള തനത് ഹൈന്ദവ വ്യവസ്ഥകളില്‍ത്തന്നെ പുനസ്ഥാപിക്കപ്പെട്ടു. കടവല്ലൂര്‍ അനിയോന്യം, തിടമ്പു നൃത്തം, സപ്താഹം, യാഗം തുടങ്ങിയ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കു നിരത്താന്‍ കഴിയും. ഒരു പറവൂര്‍ ശ്രീധരന്‍ തന്ത്രിയെയല്ലാതെ മറ്റൊരു ബ്രാഹ്മണേതര തന്ത്രിയെയൊ, ഋക്കുകളെയൊ, സോമയജികളെയോ ഒന്നും നമുക്കു സൃഷ്ടിക്കാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെ. പൂണൂല്‍ച്ചരടുകളുടെ ബന്ധനത്തിനു പുറത്തേക്ക് അവയെ ഇന്നും കടത്തന്‍ കഴിയാതത്രയും ബ്രാഹ്മണ മേധാവിത്വം തിരിച്ചുവന്നു.
സമീപ കാലത്ത് മൂലധനത്തിന്റെ (പലിശയുടെ പോലും) മാസ്മരികതയില്‍ അഭിരമിച്ച ഇടതുപക്ഷത്തിന് വിപ്ലവകരമായി ചിന്തിക്കാനും, സാമൂഹിക മാറ്റത്തിന് തിരികൊളുത്താനും സമയവും, ശേഷിയും, സന്നദ്ധതയും, ചിന്താശക്തിയും ഉണ്ടായിരുന്നില്ല. ഫലം ആള്‍ ദൈവങ്ങളുടെ പറുദീസയായി ഇവിടം മാറുകയും ചെയ്തു. കോണ്‍ഗ്രസ് എന്നോ ഒരാള്‍ക്കൂട്ടമായി പരിണമിച്ചു കഴിഞ്ഞു. ആര്‍ക്കൊക്കെയോ പണവും അധികാരവും വിഭജിച്ചെടുക്കാന്‍ മാത്രമുള്ള തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വമുള്ള, ഒരാള്‍ക്കൂട്ടം. ഏതോ ഒരു ബ്ലോഗില്‍ വായിച്ചപോലെ ക്ഷേത്ര പ്രവേശന വിളമ്പരത്തില്‍ ഒപ്പിടും മുമ്പ് ദേവപ്രശ്‌നം നടത്തിയിരുന്നില്ല, ഗുരുവായൂര്‍ സത്യാഗ്രഹത്തിനെ ഭാഗമായി മണ്ഢപത്തില്‍ കയറി മണിയടിച്ച സഖാവിന്റെ പിന്‍മുറക്കാര്‍ ഭരിക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവസ്ത്രം ധരിച്ച് ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ തന്ത്രിയും പണിക്കരും കനിയണം. ഒന്നുകില്‍ അതിതീവ്രമായ അഗ്നിപരീക്ഷ അല്ലെങ്കില്‍ അതി പ്രക്ഷുബ്ധമായ ഒരു സാമൂഹിക വിപ്ലവം രണ്ടിലൊന്നിനുമാത്രമെ മലയാളി സമൂഹത്തിന്റെ ആത്മാവിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളു. ഇതു രണ്ടും നടക്കാത്തിടത്തോളം നമുക്കീ ചെളിക്കുഴിയില്‍ കാലുറപ്പിക്കാന്‍ പറ്റാതെ താഴ്ന്ന് താഴ്ന്ന് പോകാം. മക്ബത്തിലെ വരികള്‍ കടംകൊള്ളാം കേഴുക കേഴുക പ്രിയ രാജ്യമേ.............