Saturday, October 10, 2009

ദുരന്തങ്ങള്‍ക്കായ് കാത്തിരിക്കുന്നവര്‍

ദുരന്തങ്ങള്‍ ദുസ്വപ്നങ്ങളായി മറന്നുകളയേണ്ടവയാണ്. എത്രയും നേരത്തെ പറ്റുമോ അത്രയും നേരത്തെ തന്നെ. പക്ഷെ ഭരണാധികാരികള്‍ക്ക് അവ പാഠങ്ങളാവണം. ഇനിയൊരിക്കലും അത്തരമൊന്ന് ആവര്‍ത്തിക്കതിരിക്കപ്പെടാതിരിക്കാന്‍ സത്വരമായ നടപടികള്‍ വേണം. തേക്കടി അപകടം മാധ്യമങ്ങള്‍ ഒരാഘോഷമാകി മാറ്റി. തങ്ങള്‍ കാണിക്കുന്നതാണ് ഏറ്റവും പുതിയ ദൃശ്യങ്ങള്‍ എന്ന് വാര്‍ത്താ അവതാരകര്‍ അലറി വിളിച്ചു. ബോട്ട് കാണിക്കാന്‍ പറ്റാത്തവര്‍ കുമളി ടൗണില്‍ ലൈറ്റിട്ട പോലീസ് ജീപ്പ് അഞ്ഞൂറു മീറ്റര്‍ ഓടിക്കുന്നത് ആയിരം തവണ കാണിച്ച് സാന്നിധ്യം നിലനിര്‍ത്തി. പീപ്പിള്‍ ടി വി ഒരിക്കല്‍ ജയ്ഹിന്ദിന്റെ വിഷ്വത്സ് കടപ്പാടോടെ കാണിക്കുന്ന മാധ്യമ അത്ഭുതത്തിനും ജനം സാക്ഷിയായി. പക്ഷെ ചെറിയാന്‍ ഫിലിപ്പെന്ന കേളന് ഒരു കുലുക്കവുമില്ലായിരുന്നു. റേഷനരിയില്‍ കല്ലുകടിച്ചാല്‍ രാജിവെക്കുന്ന ഗുരുവിന്റെ ശിഷ്യന്‍ അത്രയൊന്നും എത്തില്ലെന്ന് ജനത്തിന് അറിയാമായിരുന്നു. എങ്കിലും..............

തേക്കടിയില്‍ മാത്രമല്ല തട്ടേക്കാടും, ചോര ചിന്തുന്ന കേരളത്തിലെ റോടുകളിലും, എല്ലായിടങ്ങളിലും അധികാരികള്‍ തന്നെയാണ് കുറ്റക്കാര്‍. തൃശ്ശൂര്‍ രൗണ്ടിലൂടെ യാത്ര ചെയ്യുന്ന കളക്റ്ററടക്കം ഏതൊരു ഭരണാധികാരിക്കും റൗണ്ടിനുചുറ്റും ജനങ്ങളുടെ നടപ്പാതയില്‍ നടക്കാന്‍ പോയിട്ട് നില്‍ക്കാന്‍ കഴിയാത്തവിധം രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റു സംഘടനകളുടേയും ബോര്‍ഡുകള്‍ നാട്ടിയിരിക്കുന്നത് കാണാന്‍ സാധിക്കാത്തതല്ല. കോഴിക്കോട് ത്രിശ്ശൂര്‍, ത്രിശ്ശൂര്‍ പാലക്കാട് റോഡുകളിലും കൊച്ചി ടൗണിലും ഏതെങ്കിലും ഒരു ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ വെറുതേ നിന്നാല്‍ എല്ലാ റോഡുനിയമങ്ങളും ലന്‍ഘിച്ച് ചീരിപ്പായുന്ന നൂറു വാഹനങ്ങളെയും അതു നോക്കി നില്‍ക്കുന്ന പോലീസിനേയും കാണാം. കലൂരില്‍ അപകടത്തില്‍ പെട്ട യാത്രക്കാരന്‍ അനാസ്ഥകാരണം മരിച്ചതിനെ ചോദ്യം ചെയ്ത ഒരു സാധാരണക്കാരനെ മാധ്യമക്കണ്ണുകളെ പോലും കൂസാതെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വണ്ടിയില്‍ കയറ്റിയ പോലീസിന്റെ മനുഷ്യവകാശ ധ്വംസനം എല്ലാവരും കണ്ടതാണ്. കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍റുകളിലും ജനങ്ങള്‍ക്ക് നില്‍ക്കാനുള്ള ഇടങ്ങള്‍ കടക്കാര്‍ കൈയ്യേറുന്നതും അവിടെ നില്‍ക്കുന്നവരേ പോലും മാറ്റിനിര്‍ത്താന്‍ കണ്ണുരുട്ടുന്നതും കാണാന്‍ ദിവ്യ ദൃഷ്ടികള്‍ ആവശ്യമില്ല. തേക്കടി ബോട്ടിന്റെ കാര്യം പോലെ കേരളത്തിലെ എത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് യധാര്‍ഥത്തില്‍ ഫിറ്റ്‌നെസ്സിന് അവകാശമുണ്ട്. ഇതൊക്കെ നോക്കാനാണ് ഇവിടെ മന്ത്രിമാരടക്കമുള്ള അധികാരികള്‍. അടച്ചിട്ട ഏസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നും കറുത്ത ചില്ലിട്ട ഏസി കാറിനകത്തേക്ക് കയറി ഒന്നും കാണാതെ ചീറിപ്പായുന്ന ജന പ്രതിനിധികളും, അഞ്ചുവര്‍ഷം തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മ്മാര്‍ അനുവദിച്ചു തന്ന അധികാരത്തിന്റെ മത്തുപിടിച്ച് സുഖിച്ചിരിക്കുകയോ, അല്ലെങ്കില്‍ പരമാവധി സമ്പാദിക്കാന്‍ ഓടിനടക്കുകയോ ചെയ്യുന്ന ചെയര്‍മാന്‍മാരും, എം ഡി മാരും, ഉന്ന ഉദ്യോഗസ്ഥ പ്രമാണിമാരും ചെയ്യുന്നത് തങ്ങള്‍ക്കുചുറ്റും ഒന്നും കാണാതിരിക്കാണ്‍ ഇരുട്ടുണ്ടാക്കുക മാത്രമല്ല ദുരന്തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയുംകൂടിയാണ്. കെവിന്‍ കാര്‍ട്ടറുടെ പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ സുപ്രസിദ്ധമായ ആ സുഡാന്‍ ചിത്രത്തെ എന്നും ഓര്‍മ്മിപ്പിക്കുന്നവര്‍.

വിശന്ന് അവശനായ കുരുന്ന് ഭക്ഷണം കൊടുക്കുന്നിടത്തെത്താന്‍ ഇഴയുംന്നതും നോക്കി ക്ഷമയോടെ കുഞ്ഞ് മരിക്കുന്നതും കാത്ത് നോക്കിയിരിക്കുന്ന കഴുകന്റെ ചിത്രം



ഈ ജനത ഇനിയും ഒരു നേതാവിനെ അന്വേഷിക്കേണ്ടിയിരിക്കുന്നു. വി എസ്സില്‍ ഇനി രക്ഷയില്ല

കേരള രാഷ്ട്രീയം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഇടതുപക്ഷം എന്ന രീതിയില്‍ കേരളത്തിലെകമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംഘടനകളുടെ രാഷ്ട്രീയ പ്രസക്തി നഷ്ട്ടപ്പെട്ടിട്ട് കുറച്ചു നാളായി. മറ്റേതൊരുപാര്‍ട്ടിയേയും പോലെ സമകാലിക സംഭവങ്ങള്‍, അവയെന്തായാലും ഒരു തത്വദീക്ഷയില്ലാതെ ഒരു രാഷ്ട്രീയപ്രത്യയ ശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാതെയും ഭരണം നിലനിര്‍ത്താനായി ഒന്നുകില്‍ ന്യായീകരിക്കുകയൊഅല്ലെങ്കില്‍ എതിര്‍ക്കുകയോ ചെയ്യുകയെന്ന ഒരു നയം കേരളത്തിലെ ഇടതുപക്ഷം തുടങ്ങിയിട്ട് നാളുകുറച്ചായി. ഇതിനൊരപവാദമായി ഉണ്ടായിരുന്ന നേതാവായിരുന്നു വി എസ്.

വി എസ് എന്നാല്‍ കേരള രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം നന്നായി തിരിച്ചരിഞ്ഞ അഭിനവ വി എസ്; ഓരോപരാജയങ്ങള്‍ക്കു ശേഷവും പാര്‍ട്ടിയുടെ ``പാവങ്ങളില്‍ നിന്നകലുന്ന'' പ്രവണതക്കെതിരെ ഒളിഞ്ഞും മറിഞ്ഞുംഅക്രമണം തുടര്‍ന്ന വി എസ്. തന്റെ ഭരണത്തിന് കീഴിലും ഭൂമാഫിയ തഴക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി. കേരളത്തിലെ ബസ്റ്റാന്‍റുകളില്‍ ആളുകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം കൈയ്യേറിയവരെ പോലും താല്‍ക്കാലികമായിപിന്‍മാറ്റിയ ശക്തന്‍. അധികാരം എന്നും കാത്തു സുക്ഷിക്കേണ്ട ``കുടുമ്പ മഹിമ''യൊന്നുമല്ലെന്ന രീതിയില്‍ തന്റെകൂടെ നിന്ന ഓരോ ജില്ലാ കമ്മിറ്റിയും കൊഴിഞ്ഞു പോവുമ്പോഴും തന്റെ ശക്തമായ നയങ്ങളുമായി മുന്നോട്ടുപോയകരുത്തന്‍. ഭൂരിപക്ഷം എന്നും ശരിയല്ലെന്ന കരളുറപ്പിന്‍മേല്‍ പി ബി ഉയര്‍ത്തിയ കൊടുംകാറ്റിനു നേരെ പോലുംഅക്ഷോഭ്യനായ പരുക്കന്‍. ചെങ്ങറയില്‍ ളാഹ ഗോപാലനുമായുള്ള സൗന്ദര്യ പിണക്കവും മൂലമ്പള്ളിയില്‍സോളിഡാരിറ്റിയുടെ ഇടപെടലിനോടുള്ള അഭിപ്രായ വ്യത്യാസവുമാണെന്നൊക്കെ കേരള ജനത വിശ്വസിച്ചജനനേതാവ്.

ഇന്ന് പക്ഷെ കേരളം കാണുന്നത് പഴയ വി എസ്സിന്റെ നിഴലുമാത്രം. ഒരു ശിക്ഷാനടപടിക്കുംമുഖ്യമന്ത്രിക്കസേര തെറിപ്പിക്കല്‍ ഭീഷണിക്കും നിശ്ശബ്ദനാകാന്‍ പറ്റുന്നത്രയും ദുര്‍ബ്ബലനായൊരു നേതാവണ് വിഎസ്സ് എന്നത് ഒരുതരം നിരാശയോടെയാണ് ജനത തിരിച്ചറിയുന്നത്. കുറച്ചു വര്‍ഷങ്ങളായുള്ള ഒരു കാത്തിരിപ്പ്‌ വൃഥാവിലായതിന്റെ നിരാശയോടെ. ഇടതിനെയും വലതിനെയും മാറി മാറി ജയിപ്പിക്കുന്ന ജനാധിപത്യ കഴുതക്കൂട്ടമായി വേദനയോടെ അവര്‍ സ്വയം പിന്‍വാങ്ങുന്നു - ഒരിക്കല്‍ വി എസ്സിനെ പാര്‍ട്ടി തഴഞ്ഞപ്പോള്‍തെരുവുലിറങ്ങിയ ജനം.

പോലീസും ഗുണ്ടകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും, ദിനം പത്തു ജീവനെന്ന കനക്കിന് ര്തോടുകളില്‍ പൊലിയുമ്പോഴും, അഴിമതിയെ തടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ തോമസ് ഐസക്കിനെ പാര്‍ട്ടിപിന്നില്‍ നിന്നു കുത്താന്‍ തുടങ്ങുമ്പോഴുമെല്ലാംസ്വന്തം കസേരയോടുള്ള സേനഹമ് കൊണ്ടുമാത്രംനിശ്ശബ്ദനായിരിക്കുന്ന വി എസ് കേരളജനത ക്ക് അവിശ്വസനീയമായ ഒരു കാഴ്ചയാണ്.

കേരളത്തില്‍ ഒരു ഇടതുപക്ഷ ബദലിനുള്ള സാധ്യത ഏറ്റവും സജീവമായി നിലനില്‍ക്കുന്ന ഒരു കാലമാണിത്. രാഷ്ട്രീയപരമായ സ്വാധീനമോ ധനശക്തിയോ കൈയ്യിലില്ലാത്തസധാരണക്കാരന്റെ ജീവിതം ഒരുതരം അടിമത്തത്തിലേക്ക് നീങ്ങുന്നു. ഛത്തീസ്ഗഡിനെയൊ ബീഹാറിനേയോതാരതമ്യപ്പെടുത്താതെ ഇരുപതു വര്‍ഷം മുമ്പുള്ള ഒരു മലയാളി സാധാരണക്കരന്റെ ജീവിതവുമായി താരതമ്യംചെയ്യുകയാണെങ്കില്‍ മാത്രമേ വ്യത്യാസം മനസിലാവുകയുള്ളൂ. ഗുണ്ടകള്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പണംപിരിക്കുന്നു, ചോദ്യം ചെയ്ത പോലീസുകാരനെ മര്‍ദ്ദിക്കുന്നു, മുണ്ട് മടക്കിക്കുത്തിയതിന് വഴിയാത്രക്കാരനെ തല്ലുന്നു, പോലീസുകാരന്‍ വഴിയാത്രക്കാരന്റെ പണവും മാലയും തട്ടിപ്പറിക്കുന്നു മൂന്നുദിവസത്തെ പത്രങ്ങളില്‍ വന്നചിലവാര്‍ത്തകള്‍ മാത്രം. കോടികള്‍ മുടക്കിയ തട്ടേക്കാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കാറ്റില്‍ പറക്കുമ്പോള്‍തേക്കടി തടാകത്തില്‍ തല്ലികൂട്ടിയ ബോട്ടില്‍ മരണം യാത്രക്കാരുമായി ഉല്ലാസയാത്രപോവുന്നു. ചാനല്‍ വാര്‍ത്തകലാപരിപാടികളിള്‍ ഭരണകക്ഷി സഖാക്കള്‍ വായില്‍തോന്നിയ ന്യായീകരണങ്ങള്‍ നിരത്തുന്നു. കാസറഗോഡുമുതല്‍ പാറശ്ശാലവരെ ഇരുന്നൂറു കിലോമീറ്റര്‍ വേഗതയില്‍ ഒരാള്‍ കാറോടിച്ചാല്‍ പോലും ഒരുപെറ്റികേസുപോലും ഉണ്ടാവാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത പോലീസിങ്. ഭരിക്കുന്നത് സഖാവ് വിഎസ്.

വി എസ്സിനോട് മലയാളിക്ക് ആരാധനയായിരുന്നില്ല. പ്രത്യയശാസ്ത്ര കുരുക്കില്‍ കുടുക്കി തോല്‍പ്പിക്കാന്‍ വേണ്ടിഅങ്ങനെയാണെന്നു വരുത്തി തീര്‍ത്തത് എതിരാളികളാണ്. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ജയിക്കുകയും പാര്‍ട്ടിജയിക്കുമ്പോള്‍ തോല്‍ക്കുകയും ചെയ്യുന്ന ഒരു സാധാരണ പാര്‍ട്ടി നേതാവില്‍ നിന്നും ഇന്നത്തെ വി എസ്സിലേക്കുള്ളവളര്‍ച്ച ഒരു ജനതയുടെ മോഹങ്ങളുടെ മുകളില്‍ ചവിട്ടിയായിരുന്നു. ജനതയുടെ പ്രതീക്ഷയെ ചവിട്ടിയുണര്‍ത്തിവാനോളം വളര്‍ത്തുമ്പോള്‍ അതുനുമുകളിള്‍ വി എസ്സും വാനോളം വളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അഹിംസയില്‍വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയൊന്നുമല്ല. ബലം വേണ്ടിടത്ത് അത് പ്രയോഗിക്കുക തന്നെ ചെയ്യുന്ന ഒരു സംഘടനതന്നെയാണത്. അതങ്ങിനെതന്നെ ആവുകയും വേണം. പോലീസിനെ പോലും കൈകാര്യം ചെയ്യുന്നവര്‍ പക്ഷെഅതൊക്കെ ഉദ്ദേശ ശുദ്ധിയോടെയായിരുന്നു. പാവങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. വടക്കന്‍ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കള്ളുകുടിച്ചു ബഹളമുണ്ടാകുന്നവനെപോലും വിരട്ടിവീട്ടിലേക്കോടിക്കുമായിരുന്നു പാര്‍ട്ടിക്കാര്‍. അവര്‍ കോണ്‍ഗ്രസ്സുകാരെ മാത്രമല്ല ഗുണ്ടകളെയും കൈകാര്യംചെയ്യുമായിരുന്നു. ഇന്നും ഡി വൈ എഫ് ക്കാര്‍ തുനിഞ്ഞിറങ്ങിയാല്‍ ഇരുപത്തിനാലു മണിക്കൂറുകൊണ്ട്ഒതുക്കാവുന്ന ഗുണ്ടകളേ കേരളത്തിലുള്ളൂ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ എന്നുംപ്രവര്‍ത്തിക്കുമായിരുന്നു പാര്‍ട്ടിയുടെ യുവജനങ്ങള്‍. തെയ്യങ്ങളെ അമ്പലങ്ങളില്‍ നിന്നുംതെരുവിലേക്കിറക്കിയവര്‍. പാര്‍ട്ടിയുടെ മൂല്യച്ച്യുതി ഇത്തരം നടപടികള്‍ക്കു പകരം പ്രതിലോമ ശക്തികളെകൂട്ടുപിടിക്കുന്നതിലെത്തിച്ചു. അമ്പലക്കമ്മിറ്റികള്‍ പാര്‍ട്ടി ഭരിച്ചു. തെരുവില്‍ നിനും തെയ്യത്തെ ദൈവമാക്കി വീണ്ടുംകുടിയിരുത്തി കലശം നടത്തി. രാഷ്ട്രീയ ബലപ്രയോഗങ്ങള്‍ക്കുമറവില്‍ ഗുണ്ടകളെ വളര്‍ത്തി. അതോടെ മര്‍ദ്ദിതനുവേണ്ടി ഉപയോഗിച്ചിരുന്ന ശക്തി ഇല്ലാതായി. പാര്‍ട്ടിയിലെ അപചയത്തെ അധികാരം കൊണ്ട്ഒതുക്കാനായിരുന്നു വി എസ്സിന്റെ ശ്രമം ജനങ്ങളും അതുതന്നെ പ്രതീക്ഷിച്ചു. പക്ഷേ കാലം തെളിയിച്ചത്മറ്റൊന്നാണ്. പരുക്കന്‍ മുഖത്തിനു പിന്നിലുള്ള വി ഏസ്സ് ഒരു ദുര്‍ബ്ബലനാണ്. പൊതുജനത്തിനെ വിശ്വാസമില്ലാത്തഒരു രാഷ്ട്രീയക്കാരന്‍. വി എസ്സിനെ വെട്ടിമാറ്റാന്‍ പാര്‍ട്ടിതന്നെ തീരുമാനിച്ചപ്പോള്‍. ജനം ഒരു ഇടതു ബദല്‍രൂപീകരണം പ്രതീക്ഷിച്ചു. കേരളത്തിലെ ബദല്‍ ഇടതുപക്ഷ നേതാക്കളെല്ലാം തന്നെ എന്തിനും തയ്യാറായി നിന്നു. ഒരു ജനതയുടെ പ്രതീക്ഷക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി വി എസ് നല്ലകുട്ടിയായി ഭരിക്കാന്‍ തീരുമാനിച്ചു.

ഒരു ചെങ്കൊടി പുതച്ച് അവസാനത്തെ ഇങ്ക്വിലാബും വിളിച്ചു കഴിഞ്ഞാല്‍ താങ്കളൊന്നും ബാക്കിയാകില്ലല്ലോസഖാവേ. ഒരു ജനത ഇനിയും കാതിരിക്കേണ്ടിയിരിക്കുന്നു.

Friday, July 17, 2009

അച്യുതാനന്തനെ പുറത്താക്കിയതെന്തിനെന്ന് പറഞ്ഞത് കൃഷ്ണന്‍ നായര്‍ - നമ്മുടെ ''ലീലാ'' കൃഷ്ണന്‍നായര്‍

അവസാനം എ കെ ജി ഭവനില്‍ നിന്നും ആ വാര്‍ത്ത പുറത്തുവന്നു - വി എസ് പി ബിക്കു പുറത്ത്. പലരും പലതും പറഞ്ഞു. ``പുന്നപ്ര സമര വീരന്മാരടക്കം പാര്‍ട്ടിയിലെ പലരേയും വെട്ടിനിരത്താന്‍ വാളെടുത്തവന്‍ വാളാലെ'' എന്നും കേട്ടു. സത്യത്തില്‍ വല്ലാതെ പിന്നോട്ടു നോക്കിയാല്‍ വി എസ്സിനും അത്ര നല്ല ഭൂതകാലമല്ല ഉള്ളത്. പക്ഷെ സമീപകാലത്ത് വി എസ് കേരളത്തിന്റെ ഇടത്തോട്ടു ചരിഞ്ഞ രാഷ്ട്രീയ മനസാക്ഷിയുടെ ആശയും അവേശവുമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അഴിമതിക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, പ്രകൃതിവിഭവങ്ങളുടെ നാശത്തിനെതിരെ, പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കായി ഒക്കെ പോരാടുന്ന പഴയ സി പിഐ (പുതിയ സി പി എം) എന്ന പാര്‍ട്ടി അക്രമ രാഷ്ട്രീയമടക്കം അതിന്റെ എല്ലാ ദൂഷ്യങ്ങള്‍ക്കുമതീതമായി പൊതു സമൂഹത്തിന്റെ, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു ഘടകമായിരുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷം സുഖലോലുലതയില്‍ രമിച്ച് വലതു പക്ഷ ചിന്തയിലേക്കും, മുതലാളിത്ത വികസന നയങ്ങളിലേക്കും മാറുന്ന വര്‍ത്തമാനകാലത്തിന്റെ സമീപ ഭൂതത്തിലാണ് സഖാവ് അച്ച്യുതാനന്തന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ വിപ്‌ളവകരമായ പുനരവതാരം നടത്തുന്നത്. പരിപ്പുവടയേയും കട്ടന്‍ചായയേയും ഓര്‍മ്മിപ്പിക്കുന്ന പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നത്. അതും കിഴക്കന്‍ മലകയറി മതികെട്ടാനിലെ, ആനയുടെ മസ്തകത്തിന് വെടിയുതിര്‍ക്കുന്ന അച്ചായന്‍മാരുടെ മൂക്കില്‍ തൊട്ട്. തകരുന്ന ഇടതുപക്ഷത്തിനെ നോക്കി തലയില്‍കൈവച്ച സാധാരണക്കാരന്‍ ആദ്യം ആശ്വസിച്ചു സഖാവിനെ പാര്‍ട്ടി ഒതുക്കാന്‍ ശ്രമിച്ചപ്പോളെല്ലാം മുണ്ടും മടക്കിക്കുത്തി തെരുവിലിറങ്ങി മുദ്രവാക്യം വിളിച്ചു. കോടിയേരി സഖാവ് ക്ഷമിക്കണം അതിനിടയില്‍ അവരിലാരെങ്കിലും ഷാപില്‍ കയറി ഒരുകുപ്പി അടിച്ചുകാണും, സേ്കാച്ചൊന്നും അടിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളാ.

പിന്നീടങ്ങോട്ട് ചിലപ്പോളൊക്കെ അടിപതറിയെങ്കിലും മിക്കപ്പോഴും സഖാവ് അച്ച്യുതാനന്തന്റെ രാഷ്ട്രീയം മുതലാളിത്തത്തിനെതിരേയും, അഴിമതിക്കെതിരേയും ഒക്കെയുള്ള ഒരു സമരം തന്നെയായിരുന്നു. കേരളമെന്ന മുതലാളിത്തത്തിന് വളക്കൂറുള്ള കമ്പോളത്തില്‍ കൊതിപൂണ്ടിരുന്ന പലര്‍ക്കും അദ്ദേഹം കണ്ണിലെ കരടായിമാറി. ഇത്തവണ പിണറായിയെ രക്ഷിച്ച് അച്യുതാനന്തനെ തളക്കാന്‍ കുറച്ചൊന്നുമല്ല കാരാട്ട് വിയര്‍പ്പൊഴുക്കിയത്. സത്യത്തില്‍ വിധിദിവസത്തിനോടടുത്ത് കാരാട്ട് നടത്തിയ അണിയറക്കളികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മലയാളികളില്‍ പലരും അത്ഭുതപ്പെട്ടിരുന്നു. വളരെ ആകസ്മികമായിട്ടായിരുന്നു വി എസ്സിന്റെ പ്രതികരണങ്ങള്‍ക്കിടയില്‍, ഏഷ്യനെറ്റില്‍ ലീലാ ഗ്രൂപ്പിന്റെ തലവന്‍ ക്യാപ്റ്റന്‍ കൃ്ഷ്ണന്‍ നായര്‍ പ്രത്യക്ഷപ്പെട്ടത്. ദല്‍ഹി ഗുര്‍ഗാവോന്‍ റോഡില്‍ പുതുതായി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്ഘാടനത്തിന്, ഒട്ടുമിക്ക രാഷ്ട്രീയക്കാരെയും വരുത്തി ഊട്ടിയ ശേഷം ഊണും കഴിഞ്ഞ് ഇരിക്കവേ കൃ്ഷ്ണന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താനുള്ള സാഹചര്യമില്ലെന്ന്. ഈ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ കാരാട്ടിനൊക്കെ ചില പദ്ധതികളൊക്കെ മനസിലുണ്ടായിരുന്നു, എന്നാലൊന്നും നടത്താന്‍ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കോവളം ഹോട്ടല്‍ കേസില്‍ ഗവര്‍മെന്റ് തന്നെ സഹായിച്ചില്ലെന്നും കൂടി പറഞ്ഞപ്പോള്‍ ചിത്രം പൂര്‍ണമായി. വലിയ വലിയ മുതലാളിമാര്‍ക്കൊക്കെ വിടുപണി ചെയ്യാന്‍ പലരും പലതും മനസ്സില്‍ കരുതിയിരുന്നു (ഇനി അച്ചാരം കൂടി വാങ്ങിയിരുന്നെന്ന് കേട്ടാല്‍ മതി). അതൊന്നും നടന്നില്ല. - ശകുനം മുടക്കിയായ ഒരുകിളവന്റെ മുടിഞ്ഞ കമ്മ്യൂണിസം കാരണം.

ഇവര്‍ക്കൊക്കെ വേണ്ടിയാണോ സഖാവേ സി സിക്കും പിബിക്കും ഇടയില്‍ ഫയലുമായി താങ്കള്‍ വിയര്‍ത്തോടിയത്. അങ്ങിനെയൊന്നുമല്ലെങ്കില്‍കൂടി സി പി എമ്മിന്റെ ദേശീയ സെക്രട്ടറിയുടെ മനസിലെന്തുണ്ടായിരുന്നെന്ന് തനിക്കറിയാമെന്ന് പരസ്യമായി ഒരു മാധ്യമത്തോട് കൃ്ഷ്ണന്‍ നായരെപ്പോലൊരാള്‍ പറയുന്നത് കമ്യൂണിസത്തിനൂതന്നെ നാണക്കേടാണ്. വടക്കോട്ട് യാത്രചെയ്യുമ്പോള്‍ പയ്യാമ്പലം കടപ്പുറത്തിനടുത്തൊന്നും പോകാതിരിക്കൂ സഖാവേ. നെഞ്ചില്‍, കത്തുന്ന വിപ്‌ളവ പന്തങ്ങളുമായി വലിയ ചുടുകാട്ടില്‍ പലരും വിശ്രമത്തിലാണ്, അവര്‍ കമ്യൂണിസ്റ്റുകാരുമാണ് കല്ലറതകര്‍ത്ത് വന്ന് ``വെട്ടിക്കളയും''.

Saturday, July 4, 2009

ചാര്‍വാകന്‍, അം ബേദ്കറിന്റെ രീതിശാസ്ത്രം ഇപ്പോള്‍ ഇടതുപക്ഷത്തിന് മനസിലായിട്ടുണ്ട്.

ജാതിയും ജാതിവ്യവസ്ഥയും എന്ന തലക്കെട്ടില്‍ കാളിദാസന്‍ അവതരിപ്പിച്ച ബ്‌ളോഗ് പോസ്റ്റും അതിന് ചാര്‍വാകന്‍ പോസ്റ്റ് ചെയ്ത അഭിപ്രായവുമാണ് ഇത് എഴുതാന്‍ കാരണം. ബ്രാഹ്മണിക്കല്‍ പ്രത്യയ ശാസ്ത്രവും അംബേദ്കര്‍ തുടങ്ങിവച്ച രീതിശാസ്ത്രവും എന്ന രണ്ടുകാര്യങ്ങള്‍ ചാര്‍വാകന്റെ അഭിപ്രായത്തില്‍ വായിക്കാന്‍ കഴിഞ്ഞു. ഹിന്ദു മതത്തിന്റെ ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം എന്നതുകൊണ്ട് ഒരുപക്ഷെ അദ്ദേഹം ഉദ്ദേശിക്കുന്നത് ജാതിപരമായ തരം തിരിവുകളില്‍ ബ്രാഹ്മണനെ ഉയര്‍ന്ന തലത്തില്‍ സ്ഥാപിച്ച് ക്ഷത്രിയന് ആയുധവും ഭരിക്കാനുള്ള അവകാശവും നല്‍കി മറ്റുള്ളവരെ അടിച്ചമര്‍ത്തുന്ന തന്ത്രമായിരിക്കണം. ആദിവാസികളൊഴിച്ചുള്ള ദളിതരുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാനകാരണം ഇതുതന്നെയാണ്. ഇത് ഇന്ത്യയിലെ ഏത് രാഷ്ട്രീയ ചിന്തകനും മനസിലാക്കിയ ഒരുകാര്യം മാത്രമാണ്. ഇതിനേ നേരിടാന്‍ അംബേദ്കര്‍ രുപീകരിച്ച രീതിശാസ്ത്രം (മേതോടോലോഗി) ചാര്‍വാകന്‍ പറയുന്നതു പോലെ ആര്‍ക്കും മനസിലാവാത്തതുകൊണ്ടൊന്നുമല്ല, എല്ലാവരും മനസിലാവാത്തതുപോലെ നടിച്ചതാണ്. കാരണം അം ബേദ്കറിന്റെ ഉദ്ദേശ്ശ്യം ജാതിവ്യവസ്ഥയുടെ വേരറുക്കലെന്നതിലുപരി ബ്രാഹ്മണ്യത്തോടുള്ള പകപോക്കലായിരുന്നു, അല്ലെങ്കില്‍ അധഃകൃതന്റെ സംഘടിത മുന്നേറ്റമായിരുന്നു. അല്ലാതെ ജാതീയമായ തരം തിരിവുകളെ നിര്‍മാര്‍ജനം ചെയ്യലായിരുന്നില്ല. ഈ പറഞ്ഞത് എന്റെ അഭിപ്രായമല്ല, ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ, സ്വാതന്ത്ര്യത്തിന്റെ പടിവാതിലില്‍ ഒരു കറിവേപ്പില പോലെ നാമുപേക്ഷിച്ച മഹാത്മാവിന്റെ വിലയിരുത്തലാണ്. ഈ കാര്യം വ്യക്തമായി മനസിലാക്കിയത് കൊണ്ടാണ് ഇടതുപക്ഷം അം ബേദ്കറിനു നേരെ കണ്ണടച്ചത്.
1931 ല്‍ ബോംബേയിലേക്ക് ഗാന്ധിജി അംബേദ്കറിനെ ഒരു കൂടിക്കാഴ്ച്ചക്കു ക്ഷണിക്കുകയുണ്ടായി. അംബേദ്കര്‍ ജനിക്കുന്നതിനുമുമ്പുതന്നെ താന്‍ തുടങ്ങിയ തൊട്ടുകൂടായ്മക്കെതിരായ സമരത്തെ ഓര്‍മ്മിപ്പിച്ച മഹാത്മാവ് അധഃകൃതരെ രാഷ്ട്രീയമായി മറ്റു ഹിന്ദുക്കളില്‍ നിന്നും വേറിട്ടൊരു ശക്തിയായി മാറ്റുന്നത് ജാതി വ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പുനല്‍കി. അധഃകൃതരും മറ്റു ഹിന്ദുക്കളും തമ്മില്‍ നിലനില്‍ക്കുന്ന ഉഛനീചത്വമാണ് നശിപ്പിക്കേണ്ടതെന്നും അതുവഴി ഹിന്ദുമതത്തിന്റെ ശുദ്ദീകരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വാദിച്ചു. പക്ഷെ അംബേദ്കറാകട്ടെ ഇത് ചെവിക്കൊള്ളാതെ യോഗത്തില്‍ നിന്നും പിന്‍വാങ്ങി. ഗാന്ധിജി ഇതേ നയം തന്നെയാണ് വൈക്കം സത്യാഗ്രഹം പോലുള്ള മുന്നേറ്റങ്ങളിലും സ്വീകരിച്ചിരുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ ഹിന്ദുക്കളല്ലാത്തവരുടെ നേരിട്ടുള്ള പങ്കെടുക്കലിനേയും അദ്ദേഹം യങ്ങ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനത്തില്‍ എതിര്‍ത്തിരുന്നു. ഹിന്ദുക്കളെ അവരുടെ അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് ശുദ്ധരാവാന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പക്ഷെ അധകൃതരുടെ സംഘടിത രാഷ്ട്രീയമായിരുന്നു അം ബേദ്കറിന്റെ ലക്ഷ്യം. ജാതിവ്യവസ്ഥയെന്ന സാമൂഹ്യ വിപത്തിനെ ഒരിക്കലും അവസാനിപ്പിക്കന്‍ ഉതകാത്ത ഈ രീതി ശാസ്ത്രമാണ് പട്ടികജാതി കണ്‍ വെന്‍ഷനുകളും മറ്റും നടത്തി ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് (മതം ഒരു രാഷ്ട്രീയ ഘടകമായി അംഗീകരിച്ചിരുന്നുവെങ്കിലും ഈ എം എസ് ഒരിക്കലും ജാതിപരമായ രാഷ്ട്രീയ മുതലെടുപ്പിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല). അത്രയൊന്നും ഭീകരമായ പ്രത്യയശാസ്ത്രപ്രശ്‌നങ്ങളൊന്നും ഇതിലില്ല. അംബേദ്കറിന്റെ രീതിശാസ്ത്രം ഉപയോഗിക്കാന്‍ ഇടതുപക്ഷം ഇതുവരെ മടിച്ചുനിന്നതാണ്. ബ്രാഹ്മണ മേധാവിത്തം മൂലം തന്റെ സമൂഹം അനുഭവിക്കേണ്ടിവന്ന പീഢനങ്ങളുടെ വേദനയില്‍ അംബേദ്കറിന് വിവേകത്തിന്റെ മൂന്നാംകണ്ണ് നഷ്ടപ്പെട്ടിരുന്നു എന്നാണ് സത്യത്തില്‍ ഗാന്ധിജി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.
താനടങ്ങുന്ന ഒരു സമൂഹത്തെ മാറ്റാന്‍ മിനക്കെടാതെ എളുപ്പത്തില്‍ ബുദ്ധമതത്തിന്റെ തണലില്‍ രക്ഷപ്രാപിക്കാന്‍ പലായനം ചെയ്യുന്നതും ഒരു ജന്‍മം കൊണ്ടും സ്വന്തം ജീവിതമുപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കൊണ്ടും ഹിന്ദുത്വത്തെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിച്ച ധീരതയും തമ്മില്‍ ഒരുപാട് അന്തരമുള്ളതു കൊണ്ടാണ് ചാര്‍വാകന്‍ പറഞ്ഞ പൊതുസമൂഹത്തിലെ അദൃശ്യത ഉണ്ടാവുന്നത്.
തെറ്റിദ്ധരിക്കരുത് ഞാനിന്നും അം ബേദ്കറിനെ ഒരു രാഷ്ട്ര ശില്‍പിയായി ബഹുമാനിക്കുന്ന വ്യക്തിയാണ്. വ്യക്തമാക്കിയത് ഒരു രീതിശാസ്ത്രത്തിനോടുള്ള ചില അഭിപ്രായ ഭിന്നതകള്‍.

ജാതി ചോദിക്കരുതെന്ന് പറഞ്ഞതിന് സതയെ തെറിവിളിക്കുന്ന ബ്‌ളൂലോകവാസികള്‍ തീര്‍ച്ചയായും വായിക്കാന്‍

ജാതിസംവരണം എന്ന വ്യവസ്ഥിതി പുനഃപരിശോധിക്കണമെന്ന അഭിപ്രായത്തോടെ സത തന്റെ ബ്‌ളോഗിലൊരു പോസ്റ്റിട്ടൂ. സതയുടെ വായനയേയും, സ്ഥിരബുദ്ധിയേയും എന്തിന് കുടുംബ പശ്ചാത്തലം പോലും പലരും ചോദ്യം ചെയ്തുകളഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു സവിശേഷ സാഹചര്യത്തിന്റെ പരിഛേദമാണിത്. ന്യൂനപക്ഷത്തിനെ അവരുടെ സവിശേഷ അവകാശങ്ങളെ ഒരു നോക്കുകൊണ്ട് പോലും വിമര്‍ശിച്ചാല്‍ തല്ലു കിട്ടുന്ന അവസ്ഥ. പാര്‍ട്ടി ജില്ലാ നേതൃത്വം മുതല്‍ നിയമസഭ, ലോകസഭ, രാജ്യസഭ, മന്ത്രിസഭ - കളിലേക്കെല്ലാം ജാതി മതാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്ന നാട്ടില്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെക്കിട്ടിയില്ലെന്ന് എന്‍ എസ് എസ് പറഞ്ഞപ്പോള്‍ നാട്ടിലെല്ലാവര്‍ക്കും പരിഹാസം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് സഖാവ് നായനാരുടെ കൂടെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് യാത്രചെയ്ത ഒരുപത്ര പ്രവര്‍ത്തകന്‍ ഓരോ പ്രസംഗസ്ഥലത്ത് ചെല്ലുമ്പോഴും സഖാവ് ആ നാട്ടിലെ ജാതി തിരിച്ചുള്ള ജനസംഘ്യ കണക്കുകള്‍ വ്യക്തമായി പരിശോധിച്ച ശേഷമാണ് പ്രസംഗം എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജാതിവ്യവസ്ഥ നിലവില്‍വന്ന പുരാതന ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥകളെ ആധുനീകകാലത്തെ സാഹചര്യങ്ങള്‍ വച്ച് വിലയിരുത്തരുതെന്നായിരുന്നു സതയുടെ ആദ്യ പരാമര്‍ശം. തൊഴില്‍ അടിസ്ഥാനമായ ഉഛഃനീചത്വങ്ങളാണ് പില്‍ക്കാലത്ത് ജാതിവ്യവസ്ഥയിലേക്ക് നയിച്ചതെന്നും അത്തരം തൊഴില്‍ അടിസ്ഥാനമാക്കിയുള്ള തൊട്ടുകൂടായ്മകള്‍ മറ്റൊരു തലത്തിലായാലും ഇന്നും നിലനില്‍ക്കുന്നു എന്നുമായിരുന്നു അടുത്ത വീക്ഷണം. വ്യക്തമായ പഠനങ്ങളുടെ പിന്‍ ബലമില്ലാതെ വല്ലതും വിളിച്ചു പറയുന്നു എന്നായിരുന്നു ഇതിനെതിരേയുണ്ടായ ആദ്യത്തെ പ്രതികരണം അമേരിക്കന്‍ എകണോമിക് റിവ്യൂയില്‍ 2000 - ത്തില്‍ അശ്വിനി ദേശ്പാണ്‍ഢെ എഴുതിയ ലേഖനത്തില്‍ വര്‍ണ വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തെപ്പറ്റി സൂചക ലേഖനങ്ങള്‍ ഉദാഹരിച്ച് വിവരിക്കുന്നുണ്ട്. സതയുടെ പ്രസ്താവനക്ക് റഫറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇത്തരം ലേഖനങ്ങള്‍ വായിക്കാവുന്നതേയുള്ളൂ. സത്യത്തില്‍ ജാതിവ്യവസ്ഥ എതിര്‍ക്കപ്പെടുമ്പോള്‍ അതിലേക്കുനയിച്ച തൊഴില്‍പരമായ തൊട്ടുകൂടായ്മകള്‍ നിലനില്‍ക്കുന്നതായുള്ള സതയുടെ പരാമര്‍ശം ഒരു നൂതനാശയമാണ്. ആശയങ്ങള്‍ എന്നും കടമെടുക്കപ്പെടേണ്ടതാണെന്ന് ആരയാലും നിര്‍ബന്ധബുദ്ധി കാണിക്കരുത്.

ജാതിവ്യവസ്ഥ അത്ര പെട്ടെന്ന് നിര്‍മാര്‍ജ്ജനം ചെയ്യാനാവുന്നതല്ലെന്നതും ഒട്ടനേകം സമൂഹ്യ ശാസ്ത്രജ്ഞര്‍ പഠനം നടത്തി പറഞ്ഞ കാര്യങ്ങള്‍ മാത്രം. ഒരുകാര്യം സത്യമാണ് - സതയുടെ അഭിപ്രായപ്രകടനം കേരളത്തിലെ സാഹചര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാവര്‍ക്കും വളരാനുള്ള സാഹചര്യങ്ങള്‍ എല്ലായിടത്തും നിലനില്‍ക്കുന്നില്ല. തമിഴ് നാട്ടില്‍ പോലും പലയിടങ്ങളിലും കീഴാള സമൂഹത്തിന് ഇന്നും പഠനവും മറ്റും അപ്രാപ്യമാണ്. ഉത്തരേന്ത്യയിലെ സാഹചര്യങ്ങള്‍ ഇതിലും മോശമാണ്. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍, നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ പല പിന്നോക്ക വിഭാഗങ്ങളും കുറഞ്ഞത് സാമ്പത്തികമായ മെച്ചമെങ്കിലും നേടിയെടുത്തിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യഭ്യാസവും മറ്റും ഇന്നും അവരില്‍നിന്നുമെത്രയോ അകലെയാണ്. ഇന്ത്യയിലെമ്പാടും ഞാന്‍ സന്ദര്‍ശിച്ച ആദിവാസിഗ്രാമങ്ങളിലെങ്ങും സംവരണമടക്കം നിലവിലുള്ള പിന്നോക്ക വികസന സാഹചര്യങ്ങള്‍ വഴി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കെത്തിപ്പെട്ട ആരും തന്നെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകുന്നതായോ അവര്‍ വളര്‍ന്നുവന്ന സമൂഹത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യുന്നതായോ കണ്ടെത്തിയിട്ടില്ല. പകരം പുറം ലോകത്തെത്തിപ്പെട്ട ഈ സമൂഹം അവര്‍ക്കു ലഭിച്ച മെച്ചപ്പെട്ട സാഹചര്യങ്ങള്‍ മുതലാക്കി യധാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുലഭിക്കേണ്ടുന്ന സാഹചര്യങ്ങള്‍ നേടിയെടുക്കുന്നതായാണ് കാണുന്നതും. സാമ്പത്തിക സംവരണത്തിനാകട്ടെ യധാര്‍ത്ഥ വരുമാന വിവരങ്ങള്‍ മറച്ചുവെക്കാന്‍ ധാരാളം സാധ്യതകളുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുമാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നുവച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നവരെ ന്യൂനപക്ഷത്തിന്റെ സഘടിതശക്തിയുടെ ബലത്തിലും ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തിലും അടിച്ചിരുത്താന്‍, നിലവിലുള്ള സംവരണ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുകയും, അതിന്റെ ബലത്തില്‍ സ്വന്തം സമൂഹത്തിലെ യധാര്‍ത്ഥ പിന്നോക്കക്കാരനെ സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മത്സരിച്ച് തോള്‍പ്പിക്കുകയും ചെയ്യുന്ന മധ്യ-ഉപരിമധ്യവര്‍ത്തികള്‍ നടത്തുന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രവണതയാണ്. ഇവര്‍ ജാതിവ്യവസ്ഥ നിലനില്‍ക്കാനാഗ്രഹിക്കുന്നവരും അതിന്റെ വക്താക്കളുമാണ്. പറയുന്നതാകട്ടെ സവര്‍ണ ഫാസിസത്തെപ്പറ്റിയും. സവരണ നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. ജാതിവ്യവസ്ഥയെ നിലനിര്‍ത്താത്ത അതിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഒരു സംവിധാനം നിലവില്‍വരേണ്ടതുണ്ട്. ജാതിവ്യവസ്ഥ നിലനിര്‍ത്തി ഈ രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ഇടത്, വലത്, ബൂര്‍ഷ്വ പാര്‍ട്ടികളെല്ലാം തന്നെ ഈ കാര്യത്തില്‍ ഒരേ നിലപാടെടുക്കുന്നു. ജാതി മത ഛിഃഹ്നങ്ങളെയെല്ലാം പൊതുസമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളാവണം ഇതില്‍ നമുക്ക് മാതൃക. സ്വന്തം ഭരണഘടന പോലും പല രാജ്യങ്ങളുടെ നിയമസംഹിതകളില്‍ നിന്നും മെച്ചപ്പെട്ട വ്യവസ്ഥകളെ ദത്തെടുത്ത് രൂപപ്പെടുത്തിയ ഒരു രാജ്യത്തിന് ഫ്രാന്‍സിനെപ്പോലൊരു രാജ്യത്തെ മാതൃകയാകുന്നതില്‍ ഒരു തെറ്റുമില്ല. സതയുടെ എഴുത്തിനെതിരായുള്ള ആക്രമണം ഒരു ഒറ്റപ്പെട്ട സം ഭവമല്ല - വലിയൊരു തെറ്റിന്റെ ചെറിയ നേര്‍പകര്‍പ്പ് ബ്‌ളൂലോകത്തിലും

Friday, July 3, 2009

ആ അഭിമുഖം ഒന്നുകൂടി വായിച്ചു നോക്കൂ - മാധ്യമ സിണ്ടിക്കേറ്റിന്റെ ഒരു നിഴല്‍ കാണുന്നില്ലേ?

''മാധ്യമ സിന്റിക്കേറ്റ് '' ഒരു വെറുക്കപ്പെട്ടവന്റെ പ്രയോഗമാണ്. അസത്യവും, അബദ്ധവും അതെത്ര മാത്രം അതിശയോക്തി കലര്‍ന്നതായാലും എതിരാളികളെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാനും, പ്രചരിപ്പിക്കുനതില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള കഴിവ് അസൂയാവഹമാണ്. അതുകൊണ്ടാണ് പിണറായിക്കെതിരായ ലാവഌന്‍ കേസില്‍ ഒബാമയുടെ പങ്കിനെപറ്റി ഒരു ജാള്യവുമില്ലാതെ അവര്‍ കവലപ്രസംഗങ്ങള്‍ നടത്തുന്നത്. പിണറായിയുടെ എതിര്‍ചേരിയില്‍ മാധ്യമങ്ങള്‍ വന്നുപെട്ടത് അങ്ങേരുടെതന്നെ കൈയ്യിലിരിപ്പുകൊണ്ടാണ്. ഏന്നാല്‍ മറ്റൊരഴിമതിക്കേസിലും, അധികാര ദുര്‍വിനിയോഗ കേസിലും കാണാത്തത്ര വീറോടെയും വാശിയോടെയും മാധ്യമങ്ങള്‍ പിണറായിയെ പിന്‍തുടരുന്നതെന്തുകൊണ്ട് എന്നൊരന്യേഷണം മുന്‍വിധികളില്ലാതെ പ്രബുദ്ധകേരളം നടത്തേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ കമ്യൂണിസത്തിന്റെ അഥവാ ഇടതു ഭരണത്തിന്റെ സ്വാധീനം അവഗണിക്കാനാവാത്തതാണ്. അടിയാളന്റെ ഉന്നമനത്തിനായി പോരാടിയ ആദ്യകാല കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തന ഫലമായി അധികാരവും ധനവും സാമൂഹ്യ മേല്‍കോയ്മയും നഷ്ടപ്പെട്ടവര്‍ - സവര്‍ണ സമുദായങ്ങള്‍, സമ്പന്ന കൃസ്ത്യന്‍ വിഭാഗങ്ങള്‍, ദൈവവും കമ്യൂണിസവും ഒരിക്കലുമൊന്നിച്ചു പോവില്ലെന്ന് ധരിച്ചു വശായ വിപ്ലവകാരിയായ ഇടയന്റെ പിന്‍മുറക്കാര്‍, ഇവരൊക്കെ ഒന്നിച്ച് നടത്തിയ വിമോചനസമരത്തിന്റെ കൊടുങ്കാറ്റിനെപ്പോലും അതിജീവിക്കാന്‍ കമ്യൂണിസത്തിന് കേരളത്തില്‍ സാധിച്ചത് മലയാളിയുടെ സമൂഹമനസാക്ഷി രാഷ്ട്രീയമായി ഇടതുപക്ഷമായതിനാലാണ്. ഇതേകാരണം കൊണ്ടുതന്നെയാണ് ഇടതുപക്ഷത്തെ, ബൂര്‍ഷ്വകളുടെ തൊഴുത്തില്‍ മുപ്പത് വെള്ളിക്കാശിന് കൊണ്ടുകെട്ടാന്‍ തയ്യാറായ പിണറായി (സി പി എമ്മിന്റെ പാര്‍ട്ടി കോമരങ്ങളുടെയൊഴിച്ച് ) മലയാളിയുടെ പൊതു ശത്രുവായത്. പിണറായിയെ അക്രമിക്കുന്നത് അതേതുതരത്തിലായാലും ആസ്വദിക്കുന്നതരത്തിലേക്ക് ജനങ്ങളും പിണറായിയും തമ്മിലുള്ള അകല്‍ച്ച വളര്‍ന്നുകഴിഞ്ഞു. ഇതിനിടയില്‍ പഴയ വിമോചനസമര ഭൂതങ്ങള്‍ പുതിയ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിണറായിക്കു സമ്മാനിച്ച പരാജയം തങ്ങളുടെ വിജയമായി കണക്കാക്കി ആഹ്‌ളാദചിത്തരാണ് ഇവരെല്ലാവരും തന്നെ.
ഞങ്ങളെ പിണക്കിയാല്‍ കാണിച്ചുതരാം എന്നൊരു ഭീഷണിയുടെ സ്വരം മാധ്യമങ്ങളുടെ 'പിണറായി ആക്രമണത്തിന് ' പിന്നില്‍ കേള്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഇതോടൊപ്പം എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയാകുമ്പോള്‍ ആക്രമണത്തിന് ശക്തി കൂടുന്നു.
ജൂണ്‍ ഏഴാംതീയതി പ്രസിധീകരിച്ച മാതൃ്ഭൂമി ആഴചപ്പതിപ്പിലാണ് പ്രൊഫ സുകുമാര്‍ അഴീക്കോടിന്റെ ''ആയിരം പൂര്‍ണചന്ദ്രന്മാര്‍ എന്നെക്കണ്ടു''എന്ന അഭിമുഖം അച്ചടിച്ചുവന്നത്.
ഈ വാരികയുടെ പതിമൂന്നാം പുറത്തില്‍ പിണറായിക്കെതിരെ അതി നിശിതമായ വിമര്‍ശനങ്ങളാണ് അഴീക്കോട് മാഷ് നടത്തുന്നത് അതും വി എസ് പക്ഷത്തിനെ വെട്ടിനിരത്തിയതിനെ പറ്റി. മാത്രവുമല്ല തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനായും പിണറായിയുടെ മേല്‍ അദ്ദേഹം കെട്ടി വെക്കുകയും ചെയ്യുന്നു. ലാവഌന്‍ കേസില്‍ പിണറായി കാണിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനു ചേരാത്ത വൈയക്തികമായ ഭീരുത്വമാണെന്നും ഇതേ പുറത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പ്രധാനമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വി എസ്സിന്റെ വിധ്വംസക പ്രവര്‍ത്തനം ഉണ്ടായിട്ടുമില്ല. പിണറായി അടക്കമുള്ള ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വാദികളുടെ ചെയ്തികള്‍ തെറ്റാണെന്ന് നന്ദിഗ്രാമും, സിംഗൂരും, മൂലമ്പള്ളിയുമെല്ലാം ഉദാഹരിച്ച് ദ്ദേഹം അഭിപ്രായപ്പെടുന്നുമുണ്ട്. എന്നിട്ടും ഈ അഭിമുഖത്തില്‍ പറഞ്ഞ താരതമ്യേന നിസ്സാരമായ ഒരു അഭിപ്രായം വാര്‍ത്തയായി. അഴീക്കോട് മാഷ് പിണറായിയുടെ വക്കീലായി മുദ്രകുത്തപ്പെട്ടു. ഈ നീക്കം തികച്ചും ബുദ്ധിപരമാണ്. സത്യത്തില്‍ ഇത് അഴീക്കോട് മാഷിനെതിരായ അക്രമമല്ല പകരം പിണരായിക്കെതിരായ നീക്കമാണ്. കേരളത്തിലെ ബുദ്ധിജീവികളെ മുഴുവന്‍ വിലക്കെടുക്കുന്ന നികൃ്ഷ്ടനായി പിണറായിയെ ചിത്രീകരിക്കനുള്ള നീക്കം, ചക്രവ്യൂഹത്തില്‍പെട്ട നിസ്സഹായന്റെ ഭാഗം വി എസ്സിന് നല്‍കുമ്പോള്‍ രാഷ്ട്രീയ നിഷ്ഠൂരതയുടെ പര്യയമായി പിണറായി മറുന്നു. അസത്യം പറഞ്ഞിട്ടല്ല പകരം സത്യം മുഴുവനായി പറയാതിരുന്നും, പറഞ്ഞതില്‍ചിലതുമാത്രം എടുത്തുപറഞ്ഞും നടത്തുന്ന തെറ്റിദ്ധരിപ്പിക്കല്‍. വിശദമായ വാര്‍ത്താ വായനയില്‍നിന്നും സംഗീതത്തിന്റെയും, അതിവിദഗ്ധമായ ചിത്രസംയോജനത്തിന്റെയും, വാക്ചാതുരിയുടെയും അകമ്പടിയോടെയുള്ള വാര്‍ത്താ പ്രദര്‍ശനങ്ങളിലേക്ക് മാറിയ സാഹചര്യങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചു നടത്തുന്ന ഒരു പകപോക്കലിന്റെ ഉദാഹരണമാണിത്.
വാര്‍ത്തകളുടെ അവതരണം നിഷ്പക്ഷമായിരിക്കണം അതല്ലാതാവുമ്പോള്‍ , സംഘടിതമായി ഒരു വ്യക്തിക്കുനേരെ നടത്തുന്ന പകപോക്കലായും, രാഷ്ട്രീയ വൈരം ആസ്പദമാക്കിയുള്ള ചതുരംഗക്കളികളായും അവ തരം താഴുമ്പോള്‍ വ്യക്തമായി പറഞ്ഞാല്‍ ദേശാഭിമാനിയും, മനോരമയും, മാത്രുഭൂമിയും, ഏഷ്യാനെറ്റും, കൈരളിയും �ഒരേനിലവാരം'' പുലര്‍ത്തുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റെന്ന് ഒന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പിണറായിയായാലും ചരിത്രം ശരിവെക്കും സുഹൃത്തുക്കളെ

Saturday, June 6, 2009

ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം

എന്നെ വായിക്കാറുള്ളവര്‍ ക്ഷമിക്കുക. ഇതൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്‌ളോഗായതുകാരണം എല്ലാവരും രാഷ്ട്രീയം പറയുന്ന കാലത്ത് മിണ്ടാതിരിക്കാം എന്നു കരുതി കുറചുനാള്‍ എഴുതാതിരുന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു കോണ്‍ഗ്രസ്സ് നേതൃത്വമോ, ഇടതുപക്ഷ നേതൃത്വമോ എന്തിന് പി ഡി പി യുടേയോ ജനതാ ദളിന്റെയോ നേതൃത്വങ്ങളോ പോലും സന്തുഷ്ടരല്ല.

ഇത്തവണ പറയാന്‍ ഉദ്ദേശിക്കുന്നത് പക്ഷേ ഇതൊന്നുമല്ല. ഇന്ത്യന്‍ പാര്‍ളിമെന്റിലെ മൊത്തം അങ്ഗ സംഖ്യയുടെ പത്തു ശതമാനത്തിലേറെ പേര്‍ മുതിര്‍ന്നതും, സഹയും, അസ്വതന്ത്രരും, സ്വതന്ത്രരുമൊക്കെയായ മന്ത്രിമാരാവാന്‍ പോവുന്നു. ഇന്ത്യന്‍ ജനതയുടെ മേല്‍ ഇവരുടെയൊക്കെ സെക്യൂരിറ്റിയുടേതുമുതല്‍ നൂറുകണക്കിന് ഭാരിച്ചപോറ്റുചിലവിന് വഴിവച്ചത് തെന്നിന്ത്യയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലെ അടുക്കളയില്‍ അച്ചികള്‍ തമ്മില്‍ നടന്ന പോരും. മൂന്ന് ഭാര്യമാരില്‍ പിറന്ന മക്കള്‍ക്ക് മന്ത്രിസ്ഥാനം വീതം വെക്കാനാകാതെ നേതാവ് കുഴഞ്ഞപ്പോള്‍ നശിച്ചത് ജനം മനസറിഞ്ഞ് അധികാരത്തിലേറ്റിയ രണ്ടാം മന്‍മോഹന്‍ സര്‍കാരിന്റെ ൈശ്വര്യമായ തുടക്കം. നൂറുകോടി വരുന്ന ജനതയുടെ സ്വയം ഭരണാവകാശത്തിനു മേല്‍ ഒരു നേതാവിന്റെ അച്ചിമാര്‍ അഹങ്കാരത്തോടെ മുറുക്കിത്തുപ്പി എന്നിട്ടു മുഖം കോട്ടി അവരുടെ വഴക്കുകളിലേക്ക് തിരിച്ചു പോയി. കാത്തിരിക്കട്ടെ ഒരു രാഷ്ട്രത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും പരിവാരങ്ങളും. എന്തൊരു നാണക്കേട്.

ഭാഷയുടെ പേരില്‍ വിഭജിക്കപ്പെട്ട ഒരു ജനതയെ കൈയ്യടക്കി വച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം അറുപതുകളിലുടെ അവസാനത്തോടെ അപക്വവും, അധികാര മോഹം ഭരിക്കുന്നതുമായ മനസ്സുകളുടെ ഉടമസ്ഥരിലേക്ക് എത്തിപ്പെട്ടതിന്റെ ദീര്‍ഘകാല ഫലങ്ങളാണിവയെല്ലാം. അധികാര ലഭ്യതക്കുള്ള കുറുക്കുവഴികള്‍ അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴികളിലേക്ക് നീങ്ങി. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രം വീണ്ടും ഇന്ത്യയില്‍ നടപ്പാക്കപ്പെട്ടു.തൊണ്ണൂറുകളില്‍ താരതമ്യേന അഭ്യാസമറിയാത്ത രജീവ് ഗാന്ധിക്കെതിരെ വി പി സിങ്ങ് അടക്കമുള്ളവര്‍ ജാതി കാര്‍ഡ് പുറത്തെടുത്തു. മറ്റു പിന്നോക്ക വിഭാഗവും, ദളിതരും, സവര്‍ണ്ണരും തമ്മില്‍ നിലനിന്നിരുന്ന ജാതിവൈരത്തെ ആളിക്കത്തിക്കാന്‍ പുത്തന്‍ ജാതി രാഷ്ട്രീയ നേതാക്കള്‍ ഉദയം ചെയ്തു. ഈ യുദ്ധത്തില്‍ ഒരു പതിറ്റാന്റിനു ശേഷം മായാവതി കൈപിടിച്ചുയര്‍ത്തും വരെ ബ്രാഹ്മണര്‍ പുറത്തിരുന്നു നിസ്സഹായരായി കളികണ്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവോദയങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷിയായി. ഛിദ്ര ഗ്രഹങ്ങള്‍ രഷ്ട്രീയ ഗ്രഹനില നിശ്ചയിച്ച ഈ കടുംകാലത്തിലാണ് ഇതിനെയെല്ലാം തോല്‍പ്പിക്കാനും മതവൈരമെന്ന പഴയ ആയുധം മൂര്‍ച്ചകൂട്ടി കളത്തിലിറങ്ങാനും അദ്വാനി രഥമുരുട്ടുകയും ഒരു ചരിത്ര സ്മാരകം നിര്‍ല്ലജ്ജം തകര്‍ത്ത് (താലിബാനും മുമ്പ്) ഹൈന്ദവ വോട്ടുകളെ സംഘടിപ്പിക്കുകയും ചയ്തത്.

ജാതി ഭൂതവും മത ഭൂതവും ഒന്നിച്ച് താന്ധവം നടത്തിയ ഈ കാലത്തിനും മുമ്പ് തെന്നിന്ത്യയില്‍ കലൈഞ്ഞര്‍ പ്രാദേശികത ഒരായുധമാകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ അന്‍ചുകൊല്ലത്തിനിടയില്‍ റെയില്‍ വികസന കാര്യങ്ങളില്‍ ലാലുവും വേലുവും നടത്തിയ പ്രദേശിക വികസനം മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍ മാത്രം മതി ഇന്ത്യന്‍ രാഷ്ഠി്രയത്തില്‍ പ്രാദേശികത അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളുടെ വരവിന് തെളിവായി. താക്കറെയുടെ മറാത്ത രാഷ്ട്രീയവും, കലൈഞ്ഞറുടെ തമിഴ് ദേശീയതയും അവസാനമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് നിതീഷ് കുമാര്‍ പുറത്തെടുത്ത ബീഹാര്‍ രാഷ്ട്രീയവും മറ്റും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായകത നിശ്ചയിക്കുന്ന മേഖലയിലേക്ക് മറ്റേതിനേക്കാളും അപകടകാരിയായ പ്രദേശികതയെന്ന ദുര്‍ഭൂതത്തിന്റെ വരവറിയിച്ചു. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി യു പി യില്‍ നടത്തിയ ചില ശ്രമങ്ങളൊഴിച്ചാല്‍ മൊറ്റൊരു നേരിട്ടുള്ള പരിശ്രമവും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിലും എങ്ങിനെയോ മറ്റുപല കാരണങ്ങള്‍ കൊണ്ട് പ്രാദേശിയതക്ക് ഇത്തവണ കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ട് അച്ചിമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തി.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല . ഭാഗ്യം, ഇടതുപക്ഷത്തിന്റെ ജനങ്ങളെ അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന ധാര്‍ഷ്ട്യപ്രകടനം, മായാവതിയുടെ അഴിമതിയില്‍ കുതിര്‍ന്ന ഭരണം, അധികാരത്തിന്റെ സുഖലോലുപതയില്‍ ഇനി ജനങ്ങളെ കാണേണ്ടിവരുമെന്ന് മറന്ന ഒരുകൂട്ടം നേതാക്കള്‍ �� ഇവരെല്ലാം ചേര്‍ന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ്സ് സാധ്യമായിരുന്നിട്ടും ജനാധിപത്യത്തെ പുറം കാലുകൊണ്ട് തൊഴിച്ച ഈ പത്‌നിമാരുടെ ഭര്‍ത്താവിനെ നിലക്കു നിര്‍ത്താതിരുന്നതെന്തുകൊണ്ട്? ഉത്തരം ലളിതമാണ് സ്വസ്ഥമായി ഭരിക്കാനുള്ള തിടുക്കത്തിനിടയില്‍ ചരിത്രത്തില്‍ നിന്നു മാത്രമല്ല വര്‍ത്തമാനത്തില്‍ നിന്നുകൂടി പാഠങ്ങള്‍ പഠിക്കാന്‍ മറന്നു പോവുന്നതുകൊണ്ട്. നമുക്കെന്ത് പ്രതീക്ഷിക്കാന്‍ കഴിയും? ഇനിയൊരന്‍ചുകൊല്ലം മറ്റൊരു വോട്ട്കുത്ത് പെരുന്നളുണ്ടാവില്ല എന്നതല്ലാതെ? ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം. നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. അവസരം വന്ന് വാതില്‍ക്കല്‍ നിന്നാല്‍ പോലും.

Tuesday, February 17, 2009

യു ഡി എഫും എല്‍ ഡി എഫും അറിഞ്ഞിരിക്കുക - ഒഞ്ചിയത്ത് ജനിച്ചത് ആങ്കുട്ടിയാണ്.

ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുക മാര്‍ക്‌സിയന്‍ പുരുഷാധിപത്യത്തിന്റെ ഭാഗമായി കൊടുത്ത തലക്കെട്ടല്ല പറഞ്ഞു പഴക്കം വന്ന ഒരു വാമൊഴിവഴക്കം അത്രമാത്രം. ഒരു കമ്യൂണിസ്റ്റ്കാരന്‍ അവസരവാദത്തിന് അടിമപ്പെടാന്‍ പാടില്ല. ചെ പറഞ്ഞതു പോലെ പ്രലോഭനങ്ങള്‍ അവന്റെ പിന്നാലെയുണ്ടാവും എങ്കിലും. നഗരസഭാ ഇലക്ഷനില്‍ ഷൊര്‍ണൂരിലെ മുരളി സഖാവിനെ ചാക്കിട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച യു ഡി എഫിന് വടകരയില്‍ അടിതെറ്റി. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയും ഉണ്ടാവുന്നത് അധികാരത്തിനായുള്ള അതിമോഹം കൊണ്ടാണെന്ന് തങ്ങളെ വച്ച് ഒഞ്ചിയത്തെ സഖാക്കളെ അളന്നു യു ഡി എഫ്. ഏത് വിമതര്‍ തുള്ളിയാലും ഷൊര്‍ണൂരിലെ മുരളിയോളം അല്ലെങ്കില്‍ ഗോരിയമ്മയോളം അല്ലെങ്കില്‍ എം വി ആറിനോളം എന്നായിരുന്നു എല്‍ ഡി എഫ് കരുതിയത്. വലിയ ഒരു ജനമുന്നേറ്റത്തെ, നാളെയുടെ ജനമുന്നേറ്റത്തെ ഒരു വടകര സീറ്റ് വിലകൊടുത്ത് വാങ്ങി കൊല്ലുകയായിരുന്നു യു ഡി എഫിന്റെ ലക്ഷ്യം. ഇതൊരു താത്ക്കാലിക രാഷ്ട്രീയ തീരുമാനമായിരുന്നില്ല. കുറെക്കാലമായി കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ വളര്‍ത്തുന്ന അരാഷ്ട്രീയതക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യു ഡി എഫ് സ്വീകരിച്ച നയം. ഏത് രാഷ്ട്രീയ പാര്‍ടിയുടേയും ലക്ഷ്യം അധികാരമാണെന്നും മുന്നണി സം വിധാനത്തിന് പുറത്ത് ഒരുകക്ഷിക്കും നിലനില്‍പ്പില്ലെന്നും കുറെക്കാലമായി ഇവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. ഇതൊരുതരം ഭീഷണി കൂടിയാണ് ഞങ്ങളല്ലാതെ നിങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ലെന്ന ധാര്‍ഷ്ട്യം. ഈ ധാര്‍ഷ്ട്യത്തിന്റെ വിടര്‍ന്ന ഫണത്തിന്റെ മേലെയാണ് ഒഞ്ചിയത്തെ സഖാക്കള്‍ ആഞ്ഞടിച്ചത് . ഇടതും വലതും മറിഞ്ഞ് ജനവഞ്ചന നടത്തിയ മുന്നണി നേതാക്കള്‍ ഒന്നുമനസിലാക്കണം ഒഞ്ചിയത്ത് കുട്ടി പിറന്ന ഉടനെ കല്യാണമാലോചിക്കണ്ട, അത് ഒന്നന്തരമൊരു ആങ്കുട്ടിയാണ്, അല്ലെങ്കില്‍ നാദാപുരത്തെ തെമ്മാടികളെ ഉറുമികൊണ്ട് നേരിട്ട ആര്‍ച്ചയുടെ വംശത്തില്‍ ഒരു പെണ്ണ്. ലാല്‍ സലാം സഖാക്കളെ, ഇനി ഈ ജനതക്ക് സ്വപ്നം കാണുകയെങ്കിലും ചെയ്യാം.

Sunday, February 15, 2009

വി എസ് ആരുടെപക്ഷത്ത്? മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു

വലിയ തമാശയായിരുന്നു എ കെ ജി ഭവനു മുന്നില്‍ രണ്ടു ദിവസമായിട്ട്. യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം അധികമാരും തിരിഞ്ഞു നോക്കാതിരുന്ന ഇന്ത്യന്‍ വിപ്‌ളവത്തിന്റെ പണിശാലയിലേക്ക് ഒരിക്കല്‍ കൂടി രാജ്യം ഉറ്റുനോക്കി, പക്ഷേ ഈയടുത്ത് എന്നുമെന്നതുപോലെ നിരാശാജനകമായ വര്‍ത്തക്കായി മാത്രമായിപ്പോയി ഈ കാത്തിരിപ്പും എന്നായിരുന്നു മാധ്യമ വിലയിരുത്തലുകള്‍. സത്യത്തില്‍ ലാവ്‌ലിന്‍ ചര്‍ച്ചയും അനുബന്ധ കാര്യങ്ങളും ഒരു ഒറ്റപ്പെട്ട സം ഭവമല്ല. ഈ അടുത്തകാലത്ത് ഇന്ത്യന്‍ ഇടതുപക്ഷം അനുഭവിക്കുന്ന ധൈഷണികമായ ദിശാബോധമില്ലായ്മയും, ധൈര്യമില്ലായ്മയും, നയപരമായ തീരുമാനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് - മാര്‍ക്‌സിയന്‍ താത്വീക പിന്തുണ നല്‍കാനുള്ള കഴിവുകേടും ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേരളജനതയും വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചാ വിചക്ഷണരുമൊക്കെ വല്ലാതെ തെറ്റിദ്ധരിച്ച ഒരു നേതാവാണ് വി എസ് അച്ചുതാനന്തന്‍ എന്നും ഈ അവസാന രാഷ്ട്രീയ നാടക രംഗങ്ങള്‍ തെളിയിച്ചിരിക്കുന്നു.

വലിയ ആകാംക്ഷയും വികാര വിക്ഷോഭവും താരാരാധനയുമൊഴിവാക്കി ഇടത് ലാവ് ലിന്‍ നാടകത്തിലെ ഇതുവരെ കഴിഞ്ഞതില്‍ അവസാന രംഗങ്ങള്‍ ഒന്നുകൂടി സീന്‍ ബൈ സീന്‍ ആയി പരിശോധിച്ചാല്‍ എല്ലാം സുവ്യക്തമാണ്. വി എസ് ഒരു അടിമുടി കമ്യൂണിസ്റ്റ് കാരനാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ സി പി എം രാഷ്ട്രീയത്തില്‍ പല മലക്കം മറിച്ചിലുകളും നടത്തിയ നേതാവാണ് വി എസ്. പക്ഷേ കഴിഞ്ഞ പത്തു വര്‍ഷത്തോളം വി എസ് ജനപക്ഷത്തു നിന്ന് നടത്തിയ സമരങ്ങള്‍ വി എസ്സിന് നല്‍കിയ പുത്തന്‍ മുഖം മാത്രമേ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ (അതു മാത്രമേ ചര്‍ച്ച ചെയ്യപ്പെടേണ്ടതുള്ളൂ). കഴിഞ്ഞ പതുവര്‍ഷങ്ങളില്‍ വി എസ്സിനെ തിരിച്ചറിവുള്ള നേതാവാക്കിയ പ്രതിഭാസം എന്തുതന്നെയയാലും അതുവഴി കേരളത്തിന് ലഭിച്ചത് ജനപക്ഷത്ത് ഒരു നേതാവായിരുന്നു. സത്യത്തില്‍ ഇത്തരമൊരു നേതാവിനു വേണ്ടി കാത്തിരുന്ന ജനത ഒരു വല്ലാത്ത അവേശത്തോടെ പുതിയ വി എസ്സിനെ സ്വീകരിച്ചു. നീതിപൂര്‍വ്വതയുടെയും, മനുഷ്യസേ്‌നഹത്തിന്റെയും, അഴിമതിരാഹിത്യത്തിന്റെയും രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു വി എസ്. മുന്‍ കാലത്ത് ചെയ്തുപോയ രാഷ്ട്രീയവും വ്യക്തിപരവുമായ തെറ്റുകള്‍ പോലും തിരുത്തി, വി എസ് പുതിയ നേതാവായി മാറി. പക്ഷെ താനടങ്ങുന്ന പാര്‍ട്ടിയെയും ഈ വഴിയിലേക്കു തിരിക്കാതെ പൂര്‍ണമായ മാറ്റം സാദ്ധ്യമല്ലെന്നും വി എസ് തിരിച്ചറിഞ്ഞു - പ്രധാനകാരണം മറ്റൊരു ഇടതുപക്ഷ ബദല്‍ രുപീകരിക്കാനുള്ള രാഷ്ട്രീയ യൗവ്വനമില്ലെന്നതുതന്നെ. താനടങ്ങുന്ന നേതൃത്വം നടന്നു തുടങ്ങിയ തെറ്റായ വഴിയില്‍ നിന്നും പാര്‍ട്ടിയെ പാര്‍ട്ടിയെ ജനപക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരലാണ് വി എസ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പിണറായിയെ പുറത്താക്കലല്ല ലക്ഷ്യം അതൊരു മാര്‍ഗ്ഗം മാത്രം. സ്വയം തിരുത്താന്‍ തയ്യാറായാല്‍ പിണറായിക്കും തുടരാം. ഒരുപക്ഷെ അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് വളരെ തല മുതിര്‍ന്ന നേതാവ് താരതമ്യേന ചെറുപ്പമായ ദേശീയ നേതൃത്വത്തിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതായിരിക്കണം. പുസ്തകപ്പുഴുക്കളായ ജെ എന്‍ യുവിന്റെ സന്തതികള്‍ക്ക് തലനരച്ച അനുഭവപാരമ്പര്യം വഴികാണിക്കുന്നു. ഇത് വെറുതേ ഊഹിക്കുന്നതല്ല തെളിവുകളുണ്ട്.

പി ബി യോഗത്തിനൂ ശേഷം രണ്ടുകാര്യങ്ങളാണ് കാരാട്ട് പറഞ്ഞത്. അന്ന് പിണറായി ലവ് ലിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമായിരുന്നു. അതായത് വി എസ് അടങ്ങുന്ന സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി. മാത്രവുമല്ല പിണറായി വ്യക്തിപരമായി ഒരു രൂപയുടെ എങ്കിലും ലാഭം ഈ കാര്യത്തില്‍ നിന്നുമുണ്ടാക്കി എന്നു തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. സെന്‍സേഷന്‍ നോക്കിനടക്കുന്ന മാധ്യമപ്പട ഇതിനെ വി എസ്സിനോടുള്ള വെല്ലുവിളിയായി ചിത്രീകരിച്ചു. ചിത്രം വ്യക്തം - ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു - പണം പാര്‍ട്ടിക്കുതന്നെയായിരുന്നു. പാര്‍ട്ടിവളര്‍ത്താന്‍, ചാനല്‍ തുടങ്ങാന്‍ തുടങ്ങി പലതിനും പണം വന്ന വഴിയില്‍ ഇടനിലക്കാരായിരുന്നു പിണറായിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയവും. ചെയ്തുപോയ തെറ്റുകള്‍ക്ക് കൂട്ടുനിന്ന തന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയത്തിനെ അത്രപെട്ടെന്ന് മാറ്റിനിര്‍ത്താന്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. സുദീര്‍ഘമായ ഒരു ഉഛാടനകര്‍മ്മം ആവിഷ്കരിക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞ രണ്ടാമത്തെ കാര്യം - വി എസ് ചെയ്തതും ശരിയായിരുന്നു എന്നാണ്. ഒരുതരത്തിലും വി എസ്സിനെ വിമര്‍ശിക്കാതെയുള്ള പി ബി യുടെ നിലപാട്, ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ല പകരം തിരിച്ചറിവാണ്. തെളിവുകള്‍ ഇനിയുമുണ്ട്. പി ബി ക്കു ശേഷം ആദ്യത്തെ പത്ര സമ്മേളനത്തില്‍ യു ഡി എഫിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ വി എസ് പറയാതെ പറഞ്ഞതിനെയും മാധ്യമപ്പട തെറ്റിദ്ധരിച്ചു. യു ഡി എഫിന്റെ അഴിമതി അക്കമിടുക വഴി വി എസ് പറഞ്ഞത് ലാവ് ലിന്‍ ഒരു ഒറ്റപ്പെട്ട സം ഭവമല്ല എന്നു തന്നെയാണ്. യു ഡി എഫിന് അട്ടഹസിക്കാനുള്ള കാര്യമൊന്നുമില്ല ഇതില്‍ കാരണം താന്‍ പോരാടുന്ന അഴിമതി വിരുദ്ധ സമരങ്ങളില്‍ മിക്കതും യു ഡി എഫിന്റെതു തന്നെയാണ് എന്നാണ് . അതിനോടൊക്കെ കോടതിയിലും പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പാര്‍ട്ടിക്കകത്തും താന്‍ പോരാടുമെന്നാണ് വി എസ് ഉദ്ധേശ്ശിച്ചത്. വി എസ്സിലെവിടെയോ ശരിയുണ്ടെന്ന തിരിച്ചറിവാണ് പി ബിക്കും അടുത്തിടെ ഉണ്ടായിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വി എസ്സിനെതിരെയും പരസ്യ വിമര്‍ശനം പാടില്ലെന്ന് പി ബി പറഞ്ഞത്. ഒരു തിരുത്തല്‍ വാദിയാവനുള്ള സ്വാതന്ത്ര്യത്തിന് വലിയ കത്തി വെക്കപ്പെട്ടിട്ടില്ല ഇത്തവണ. അതായത് ചെയ്തുപോയതൊക്കെ എന്തുവിലകൊടുത്തും ന്യായീകരിക്കാനുള്ള തയ്യാറെടുപ്പുിനോടൊപ്പം വി എസ് പറഞ്ഞതിലെ ശരികളെയും പി ബി വിലയിരുത്തുന്നു. ഒരു പി ബി അംഗം എന്നനിലയില്‍ ഒരു തിരുത്തല്‍ വാദിയായിരിക്കെ തന്നെ നവകേരളയാത്രയിലും പങ്കെടുക്കാനുള്ള വി എസ്സിന്റെ ഉത്തരവാദിത്വം പി ബി ഓര്‍മ്മിപ്പിച്ചിരിക്കണം. ഈ വലിയൊരു സം രം ഭത്തിനിടെ ഭാഗമായി ഇനി നവകേരള യാത്രയില്‍ വി എസ്സിന് ചിലപ്പോള്‍ പങ്കെടുക്കേണ്ടതായി വരും. അതുപക്ഷെ ഒരു പരാജയമോ പിന്‍ വങ്ങലോ അല്ല, ഒരു കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വം അത്രമാത്രം. വി എസ്സിനെ മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു.


Sunday, February 1, 2009

മൗനത്തിന്റെ മഹാസാഗരം സാക്ഷിയാക്കി എന്തിനിങ്ങനൊരു മുഖ്യമന്ത്രി?

ഏറ്റവും വലിയ പരീകഷണശാല - തികച്ചും ആശാവഹമല്ലാത്ത പരീക്ഷണ ഫലങ്ങളാണ് കുറെക്കാലമായി പുറത്തുവിടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയം, ബ്യൂറോക്രസി, അഴിമതി തീണ്ടിത്തുടങ്ങിയ നീതിന്യായവ്യവസ്ഥ. അവഗണിക്കപ്പെടുന്ന മധ്യ - അധോ മധ്യവര്‍ഗ്ഗ ജനത. പ്രകാശ് കാരാട്ട് ഇന്ന് പ്രസംഗിച്ചിരിക്കുന്നു ``വര്‍ഗ്ഗസമരമെന്ന ആശയം കാലഹരണപ്പെട്ടിട്ടില്ല'' എന്ന്. (സത്യമാണ് - ഈ തിരിച്ചറിവാണ് ഇന്ത്യയിലെ ഇടതുപക്ഷത്തെ ഈ വര്‍ഗ്ഗസമരത്തില്‍ ഉള്ളവനു വേണ്ടി ഇല്ലാത്തവനെതിരെ പോരാടാനുള്ള പുത്തന്‍ തീരുമാനത്തിലെത്തിച്ചത്. കാലഹരണപ്പെടാത്ത സമരത്തില്‍ ഒരു കൂറുമാറ്റം). സാധാരണ പൗരന് ജീവിതം ഒട്ടും ആശാവഹമല്ലാത്ത ഈ കടുംകാലത്ത് ഒന്നു നിശ്വസിക്കാനെങ്കിലും പ്രതീക്ഷയുടെ ചില തിളങ്ങുന്ന നക്ഷത്രങ്ങള്‍ ഒരു ജനതക്ക് ആവശ്യമാണ്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രീ എ കെ ആന്റണിയുടേയും, വി എസ് അച്യുതാനന്തന്റെയും, സോണിയാ ഗാന്ധിയുടേയുമൊക്കെ പ്രസക്തി ഇവിടെയാണ്. സംശുദ്ധരാഷ്ട്രീയത്തിന്റെ കറകളഞ്ഞ ഭൂതകാലം ആന്റണിക്കും, ആരെകൊന്നിട്ടും ഒരുപഞ്ചായത്ത് പ്രസിഡന്റ് പോലുമാവാന്‍ ആരും മടിക്കാത്ത സാഹചര്യത്തില്‍ സിംഹാസനം ത്യജിച്ച ത്യഗസന്നദ്ധത സോണിയാ ഗാന്ധിക്കും, അഞ്ചുകൊല്ലം ഒരുജനതയുടെ ആത്മാവ് തൊട്ടറിഞ്ഞു പ്രവര്‍ത്തിച്ച സമീപ ഭൂതകാലം അച്ച്യുതാനന്ദനും രാഷ്ട്രീയത്തില്‍ താര ശോഭ പകരുന്നു. ഇത്തരം താരങ്ങളെ ഒരിക്കലും ജനോപകാരപ്രദമായ ഒന്നും ചെയ്യാന്‍ ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങള്‍ അനുവദിക്കാറില്ല പകരം വ്യവസ്ഥിതിയോട് ഇവര്‍ നടത്തുന്ന കലഹങ്ങള്‍ അതിലവര്‍ അടയുന്ന പരാജയം, സ്ഥാനത്യാഗാം - ഒരുവലിയ ജനസമൂഹത്തിന് സനാഥത്വമെന്ന സുരക്ഷിതത്വ ബോധം നല്‍കുന്ന ഘടകങ്ങളാണ് ഇവ. ഇവരുടെ വിജയങ്ങളെക്കാള്‍ ജനം വിലകല്‍പ്പിക്കുന്നത് അവര്‍വടത്തുന്ന കലാപങ്ങള്‍ക്കാണ് - അവ എത്ര വലിയ പരാജയങ്ങളായാലും. ഒട്ടനവധി രാഷ്ട്രീയവും ചരിത്രപരവുമായ വിഡ്ഡിത്തങ്ങള്‍ക്കുശേഷവും എ കെ ആന്റണി രാഷ്ട്രീയത്തില്‍ തുടരുന്നത് ഈ ഒരൊറ്റക്കാരണം കൊണ്ടാണ്.

ലാവ്‌ലിന്‍ കേരളം കണ്ട ആദ്യത്തെ രാഷ്ട്രീയ അഴിമതിയല്ല. വലുപ്പത്തിന്റെ കാര്യത്തില്‍ വലുതായിരിക്കാം പക്ഷെ പക്ഷെ അത് കാലത്തിനനുസരിച്ച് പണത്തിന്റെ മൂല്യം കുറയുന്നതുകൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടടുത് പക്ഷെ സി പി എമ്മിന് ഇതിനെ നേരിട്ടെ പറ്റു. വ്യക്തികള്‍ക്ക് പ്രസക്തിയില്ലാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പിണറായിയുടെ കുറച്ചുനാളത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള മാറിനില്‍ക്കല്‍ കൊണ്ട് നേരിടാവുന്ന ഒരു പ്രശ്‌നം. പക്ഷെ ഒരു കള്ളം ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമാക്കാമെന്ന പഴയ തന്ത്രം കൊണ്ട് സി പി എം പിന്നെയും ലാവ്‌ലിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നോക്കുന്നു. സത്യത്തില്‍ പിണറായിയെന്ന ഒരു വ്യക്തിയല്ല, സി പി എമ്മിനകത്ത് വളര്‍ന്നുവരുന്ന മുതലാളിത്ത താത്പര്യങ്ങളാണ് പ്രശ്‌നമെന്ന് തെളിയിക്കുന്ന മറ്റൊരുദാഹരണം കൂടിയാണ് ലാവ്‌ലിന്‍ കേസ്. ഒരേ കാരണങ്ങള്‍കൊണ്ടാണ് കൊണ്ടാണ് നന്ദിഗ്രാമിലും മൂലമ്പള്ളിയിലും സമാന സംഭവങ്ങള്‍ നടക്കുന്നതും ലാവഌന്‍ കേസില്‍ പാര്‍ട്ടി പിണറായിയെ പിന്‍തുണക്കുന്നതും. അടുത്തകാലത്ത് മലയാളി, പ്രശ്‌നങ്ങളെ താത്വീകമെന്നതിലുപരി വൈയ്യക്തികമായി കാണുന്നതിനാലാണ് പിണറായി, കപീഷിന്റെ കഥയിലെ ദുഷ്ടമൃഗം പോലെ ചിത്രീകരിക്കപ്പെടുന്നത്, കോടതി മുറികളില്‍ നടക്കുന്നത് ജസ്റ്റീസ് ഹേമയും ബസന്തും തമ്മിലുള്ള തമ്മിലടികളായി വാര്‍ത്തകളാവുന്നത് അങ്ങിനെ പലതും.

സി പി എമ്മിനകത്തെ ഈ മുതലാളിത്തവല്‍ക്കരണത്തിനോട് കഴിഞ്ഞ പത്തുകൊല്ലങ്ങള്‍ ഒരുതരത്തില്‍ ദേശീയതലത്തില്‍ ജനപക്ഷത്തുനിന്ന് കലഹിക്കുകയായിരുന്നു വി എസ്. പക്ഷെ മുഖ്യമന്ത്രിയായതിനു ശേഷം അദ്ദേഹം പ്രവര്‍ത്തിക്കുന്ന ശൈലി സാധാരണക്കാരെ വല്ലാതെ സംശയാലുക്കളാക്കുന്നു. എത്ര അവസരങ്ങള്‍ കിട്ടിയാലും ഗോളടിക്കാതെ ഒരേസമയം മുന്നേറ്റങ്ങളിലൂടെ കൈയ്യടിവാങ്ങുകയും എതിര്‍ടീമിനെ പരാജയപ്പെടുത്താതിരിക്കുകയും ചെയ്യുന്ന കോഴവാങ്ങിക്കളിക്കുന്ന ഒരു കളിക്കാരന്റെ ശൈലി. ലാവ്‌ലിന്‍ കേസിലെ മൗനം ഈ തരത്തിലുള്ള അവസാനത്തെ പ്രകടനമാണ്. മൂന്നാറില്‍ മൂന്നു പൂച്ചകള്‍ കാണിച്ച വീര സാഹസിക കൃത്യങ്ങള്‍, അതിനുപിന്നാലെ നടന്ന പിന്‍മാറ്റം - (മൂന്നാറിലിപ്പൊഴും കൈയ്യേറ്റങ്ങള്‍ സജീവമാണ്) വി എസിന്റെ പൊളിറ്റികല്‍ ഇമേജ് കളര്‍ ഫുള്ളാക്കിയതല്ലാതെ മറ്റൊരു മാറ്റവും സംഭവിപ്പിച്ചില്ല. ശ്രീമതി ടീച്ചറെന്ന മന്ത്രി പത്തുപതിനജ് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ കേരളത്തിലെങ്ങും പാഞ്ഞു നടക്കുമ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം അനുദിനം തകരുകയായിരുന്നു. കേരളത്തില്‍ പനിയൊഴിഞ്ഞൊരു നേരമില്ല. പൊടികലര്‍ന്നതും നാറുന്നതുമായ മരുന്നും സിറിഞ്ചും മാത്രം വിതരണം ചെയ്യുന്നൊരു മെഡിക്കള്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അങ്ങിനെ നൂറു കാര്യങ്ങള്‍. ശ്രീമതി സഖാവിനെതിരെ വളരെ നല്ലൊരായുധം വി എസ്സിന്റെ കൈയ്യില്‍ കിടക്കുന്നു അതും താനൊരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വി എസ് ആണയിടുന്ന പീഢന കേസ്. എന്നിട്ടും കിളിരൂര്‍ കേസിലെ സഖാവ് ശ്രീമതിയുടെ ഫയല്‍ മുഖ്യമന്ത്രി പൂഴ്ത്തിവെക്കുന്നത് എന്ത് രാഷ്ട്രീയ വിലപേശലിനാണ്? മൂലമ്പള്ളിക്കുപിന്നാലെ ഇടപ്പള്ളിയില്‍ ഒരിക്കല്‍ ദേശീയ പാതക്കായി കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കാന്‍ പോകുന്നു അതിലും വി എസ്സിന് വാക്കുകളില്ല - വി എസ്സിന് ഭല്‍സിക്കാന്‍ വീണ്ടും നക്‌സലൈറ്റുകള്‍ ജനിക്കുന്നു. ഐസ്ക്രീം കേസിന്റെ ഫയലെവിടെ? ഇങ്ങനെ ചോദ്യങ്ങളും കുഴപ്പങ്ങളും ഒരുപാടുണ്ട്.

വി എസ്സിന്റെ മൗനത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. പക്ഷെ അതൊന്നും അദ്ദേഹം പണ്ട് പ്രസംഗിച്ചതുപോലെയും, ഇപ്പൊ മൂകാഭിനയത്തിലൂടെ ധ്വനിപ്പിക്കുന്നതു പോലെയും അഴിമതിക്കെതിരേയുള്ള സമരത്തിന്റെ ഭാഗമൊന്നുമല്ല. സാധാരണക്കാരന്റെ പ്രത്യാശയിലും, പെണ്ണിന്റെ കണ്ണീരിലും, നിരപരാധിയുടെ ചോരയിലും ചവുട്ടി മുഖ്യമന്ത്രിയായതിനു ശേഷം വി എസ്സ് `പറഞ്ഞ' കാര്യങ്ങള്‍ വളരെ കുറവാണ്, ചെയ്തു `തീര്‍ത്ത' കാര്യങ്ങളും. മിക്ക സമയവും അദ്ദേഹം മൗനത്തിലായിരുന്നു എന്തിനൊ വേണ്ടി പലതും തുടങ്ങിവെക്കുക മാത്രമായിരുന്നു. രാഷ്ട്രീയ വിലപേശലുകള്‍ നടത്തി കസേരയുറപ്പിക്കാനും, ജനങ്ങളെ പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കാനും ഉതകുന്ന മൗനം. കിളിരൂര്‍ കേസിലെ മൗനം ശ്രീമതി ടീച്ചറേയും കോടിയേരിയേയും വിരട്ടിനിര്‍ത്തി, മൂന്നാറിന്റെ കാര്യത്തില്‍ അവസാനം ദീക്ഷിച്ച മൗനം സി പി ഐയെ വിലക്കെടുത്തു, മൂലമ്പള്ളിയിലെ മൗനം ഹാരീസ്സുമാരെ വിലക്കെടുത്തു, അവസാനം തനിക്കെതിരെ കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും അന്തിമയുദ്ധത്തിനിറങ്ങിയ പിണറായിയെ അവിടെല്ലാം ആത്മരക്ഷക്ക് പോരാടുന്നതില്‍ മാത്രം തളച്ചിടാന്‍ പ്രാപ്തനാക്കി തന്ത്രം മെനഞ്ഞു വി എസ്, അതിനായി തെളിവുകള്‍ ഹാജരാക്കി. കേരളരക്ഷാ യാത്രയില്‍ ഇനിയൊരക്ഷരമ്പോലും തനിക്കെതിരേ പിണറായി സംസാരിക്കില്ലെന്നുറപ്പുവരുത്തി. ഇതിനെല്ലാമുതകുന്ന തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ജനങ്ങള്‍ക്കുമുന്നില്‍ മൗനം ദിക്ഷിച്ചു. ഈ മൗനം, കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം - കസേരക്കളിയില്‍ ജയിക്കാനുള്ള നാടകമായിരുന്നു ഇതെല്ലാം എന്ന് ഈ അവസാന പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ജന വഞ്ചനയുടെ ആള്‍ രൂപമായിട്ടായിരിക്കും ചരിത്രത്തിലെ വി എസിന്റെ സ്ഥാനം. ഇല്ല സഖാവെ ഈ ജനതക്കത് തങ്ങാനാവില്ല, അങ്ങിനെ സംഭവിക്കാതിരിക്കടെ.


Sunday, January 25, 2009

പിണറായിക്കെതിരെ സമരം ചെയ്യുമ്പോള്‍ ബി ജെ പി ഇന്ത്യന്‍ താലിബാനെ വളര്‍ത്തുന്നു - അഴിമതിയല്ല ഈ ഹിന്ദുവര്‍ഗ്ഗീയതയാണ് അത്യാപത്ത്

മാസങ്ങള്‍ക്കുമുമ്പ് വഴിതെറ്റി പറന്ന് കേരളത്തിലിറങ്ങിയ അദ്വാനി വരച്ചുവച്ച ഒരു പാതയുണ്ട്. ഗുജറാത്തില്‍ നിന്നും കര്‍ണാടകവഴി കാസറഗോഡ് കടന്ന് കേരളത്തിലേക്ക്. കോടികള്‍ അട്ടിമറിച്ച് കളംഗിതരായും, കടുത്ത ദാര്‍ഷ്ഠ്യത്തില്‍ മുങ്ങിയും, മുതലാളിത്തത്തിന്റെ സുഖ ശീതളിമ കൈവിടാന്‍ മടിച്ചും മറ്റും ജനങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിച്ച് ഇടതുപക്ഷവും, അരമനയില്‍ കിടക്കവിരിയുടെ ചുളിവു നേരയാക്കുന്ന പണിഭംഗിയായി ചെയ്യുന്ന ഒരുഗുണവുമില്ലാത്ത കുറ്റിച്ചൂലുകളെയും, മടിശീലക്ക് വല്ലാത്ത ഘനമുള്ളവരേയും മറ്റും ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂലസാഹചര്യം വച്ച് ജയിപ്പിച്ചെടുക്കാമെന്ന അഹങ്കാരവുമായി കോണ്‍ഗ്രസ്സ് മുന്നണിയും ചെയ്യുന്നത് ഫലത്തില്‍ ഈ വഴി വെട്ടിത്തെളിക്കുകയാണ്. ഇതെഴുതുന്നതിന് കുറച്ചു മണിക്കൂറുക്കള്‍ക്കുമുമ്പ് ഈ വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന കര്‍ണാടക അതിര്‍ത്തിയില്‍ - മംഗലാപുരത്ത്, പബ്ബുകളില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശ്രീരാമസേന നിഷ്കരുണം തല്ലി ഒടിച്ചു. സ്ത്രീകള്‍ക്കു നേരെ തെന്നിന്ത്യയില്‍ ഈ അടുത്തുനടന്ന ഏറ്റവും പൈശാചികമായ അക്രമം.

ശ്രീരാമസേനയും ബി ജെ പിയുമൊക്കെ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട .......... എന്നു പാടിയപോലെയാണ്. രാഷ്ട്രീയപരമായ ഒരു ചതിക്കെതിരെയും, മക്കള്‍ രാഷ്ട്രീയത്തിനെതിരെയും ഉണ്ടായ ജനവികാരം മുതലാക്കി നിലവില്‍ വന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ മംഗലാപുരത്ത് അക്രമത്തിന് കൂട്ടുനില്‍ക്കുന്നത് ഇത് രണ്ടാംതവണ. ആദ്യം കൃസ്ത്യന്‍ പള്ളികള്‍, പിന്നെ പെണ്‍കുട്ടികള്‍, ഇനി സന്ധ്യക്ക് രാമ നാമം ചൊല്ലാത്ത ഹിന്ദുക്കള്‍ായിരിക്കും മര്‍ദ്ദനം. നല്ല ഭൂരിപക്ഷവുമായി വലിയ സഖ്യകക്ഷി പ്രശ്‌നങ്ങളില്ലാതെ ബി ജെ പി ഭരിച്ച ഗുജറാത്, ജൂതന്‍മാരുടെതിനെക്കാളും മൃഗീയമായ വംശഹത്യക്ക് സാക്ഷ്യം വഹിച്ചു. ഒരൊറ്റകലാപം കൊണ്ട് വര്‍ഗ്ഗീയ വികാരത്തിന്റെ വേരുകള്‍ ആഴത്തില്‍ ആഴ്ത്തി ഇനി പറിച്ചെറിയാന്‍ വയ്യാത്തവണ്ണം അധികാരമുറപ്പിച്ചുകഴിഞ്ഞു മോഡി. കഥയറിയാത്ത അബ്ദുള്ളക്കുട്ടിമാരെപോലും ചിരിപ്പിക്കുന്ന ആട്ടം. ഇത്തരം ശിലായുഗ സംസ്കാരം തിരിച്ചുകൊണ്ടുവരുവാന്‍ നടത്തുന്ന കര്‍ണാടകത്തിലെ ശ്രമങ്ങളെ ഗുജറാത് കലാപത്തിന്റെ മറ്റു പതിപ്പുകളായി കാണണം. ഹിന്ദുക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നുന്ന ദുഷിച്ച വര്‍ഗ്ഗീയതയില്‍ പുഴുത്ത, കപട മൊറാലിറ്റികള്‍. ഇവര്‍ ഇന്ത്യന്‍ താലിബാനുകളാണെന്ന തിരിച്ചറിവ് ഒരു അവശ്യ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണ്. പര്‍ദ്ദ ധരിക്കാത്ത പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിനെക്കാള്‍ ഭീകരമാണ് മതപരമായ അളവറ്റ അവാതന്ത്ര്യം അനുവദിക്കുന ഹിന്ദുമതത്തിന്റെ പേരില്‍ നടന്ന ഈ കൈയ്യേറ്റം. താലീബാണ്‍ ബുദ്ധപ്രതിമ തകര്‍ത്തതിന് തുല്യമാണ് കപ്പേളകള്‍ തകര്‍ക്കപ്പെടുന്നത്.

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയുടെ തണലില്‍ അവഗണിക്കപ്പെട്ട സിഖ് ഭീകരത ഒരു ന്യൂനപക്ഷ ഭീകരപ്രസ്ഥാനമായിരുന്നിട്ടുപോലും വര്‍ഷങ്ങളോളം ഒരുഹൃദ്രോഗമായി ഇന്ത്യയെ വേദനിപ്പിച്ചു. ഒട്ടനേകം നിരപരാധികളായ സാധാരണക്കാരുടേയും, പട്ടാളക്കാരുടേയും അവസാനം ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെയും മരണത്തിന് അത് കാരണമായി . വര്‍ഷങ്ങളെടുത്തു അതിനെ തളക്കാന്‍. ഈ വളരുന്ന ഹിന്ദു വര്‍ഗ്ഗീയതയെ രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ടതുണ്ട്. പുതുതായി രൂപീകരിക്കുന്ന ഫെഡറല്‍ ഏജന്‍സിയുടെ ശ്രദ്ദ ഇതിന്റെ വേരുകള്‍ അറുക്കുന്നതിനുകൂടിയായിരിക്കണം, കൂടാതെ ഈ ഏജന്‍സിക്ക് അത് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ബി ജെ പിയെ കേന്ദ്ര അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയും വേണം.

ഈ ശക്തികളെ മുളയില്‍ നുള്ളിയില്ലെങ്കില്‍ ഇന്ത്യന്‍ മണ്ണ് പാകിസ്ഥാന് സമമായി ഭീകരതയൂടെ വിളനിലമാവും. ഒരു രാജ്യത്തിനേറ്റവും അപകടമായേക്കാവുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയത വിളയുന്ന വയലൂകള്‍. താലിബാനും ശ്രീരാമ സേനയും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. മോറല്‍ പോലീസിങ് - അതാണ് ആദ്യത്തെ അടവ് എല്ലാ ഭീകരര്‍ക്കും. പിണറായിയെയും, കാന്തപുരത്തിനെയും, മതമുള്ള ജീവനു വേണ്ടി സമരം നടത്തുന്നവരേയും നമുക്ക് പിന്നീട് നേരിടാം. ഇവരേക്കാള്‍ വലിയ വിപത്തുക്കള്‍ തൊട്ടുമുന്നില്‍ ഇരുട്ടില്‍ കാത്തിരിക്കുന്നു. വിവാദങ്ങളുണര്‍ത്തിവിടുന്ന വാചാടോപത്തിന്റെ ശബ്ദഘോഷത്തില്‍ നിലവിളികള്‍ കേള്‍ക്കപ്പെടാതെ പോകരുത്.

Wednesday, January 21, 2009

അല്ല ബെര്‍ളീ........... ചിത്രകാരന്‍ കേസ് നമുക്കിനിയും ചര്‍ച്ചചെയ്യണം അതിന് കാരണമുണ്ട്

കുറച്ചു നാളുകള്‍ മുമ്പ് കേരള സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വം തിരിച്ചുവരുന്ന പ്രവണതയില്‍ ഇടതുപക്ഷത്തിന്റെ പങ്കിന്നെ കുറിച്ച് ഈ ബ്‌ളോഗില്‍ ഞാനൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിന് കിട്ടിയ ഒരു കമന്റ് ഞാനൊരു ഈഴവനാണ് എന്നും ഈഴവന്മാര്‍ മാത്രമേ ഇത്തരം വിഡ്ഡിത്തം എഴുതുകയുള്ളൂ എന്നുമായിരുന്നു. ഞാന്‍ പറഞ്ഞത് വിഡ്ഡിത്തമായിരിക്കാം അല്ലെങ്കില്‍ അത് വിഡ്ഡിത്തമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് തുറന്നടിച്ച് പറയുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്നെ ഈഴവനെന്ന് ബ്രാന്റ് ചെയ്യുന്ന മനോഭാവം ഒരു സമൂഹത്തെ ബാധിച്ച മനോരോഗമാണ്. ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മലയാളം ബ്‌ളോഗ് ചര്‍ച്ചയുടെ പ്രസക്തിയും ഇവിടെയാണ്.

ചിത്രകാരന്‍ കേസിന് തികച്ചും സാമുദായികവും (പൊതു സമൂഹത്തിന്റെ എന്നാണുദ്ദേശ്ശിച്ചത് ജാതി സമുദായമല്ല), നിയമ പരവുമായ ചില പ്രസക്തികളുണ്ട്. ബ്‌ളോഗുകള്‍ ആഗോളതലത്തില്‍ ഒരു സമാന്തര പ്രസിദ്ധീകരണ മേഘലയുടെ നിലവാരത്തിലേക്കുയര്‍ന്നിട്ട് നാളുകളൊരുപാടായി. പലരാജ്യങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍പോലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെക്കാള്‍ ബ്‌ളോഗുകള്‍ സ്വാധീനം ചെലുത്തുന്നതായി കണ്ടുകഴിഞ്ഞു. തീവ്ര മുസ്‌ളീം വാദികളും സയണിസ്റ്റുകളും മറ്റും ഇതിനെ നന്നായി ആശയ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ നാളിതുവരെ ഒരു ക്രിമിനല്‍ കേസ് ബ്‌ളോഗ് എഴുതിയന്റെ പേരില്‍ ആരും നേരിട്ടതായി അറിവില്ല - ചിത്രകാരനൊഴിച്ച്. ചിത്രകാരനെതിരെ കേസുകൊടുത്തിട്ടില്ലെന്നും എന്നാല്‍ താനിനി കേസുകൊടുക്കാന്‍ തന്നെ പോകുകയാണെന്നുമൊക്കെ പലരും എഴുതിക്കണ്ടൂ. എന്തുകൊണ്ടിത്തരമൊരു വ്യത്യസ്ത സംഭവം മലയാളത്തില്‍ ആദ്യമായി സംഭവിച്ചു എന്നത് സത്യത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടുന്ന ഒരുകാര്യമാണ്.

ബ്‌ളോഗെഴുത്തുകാര്‍ക്ക് സൈബര്‍ ലോകത്തെ നിലനില്‍പ്പുമാത്രമേ ഉള്ളുവെങ്കിലും അവര്‍ജീവിക്കുന്ന സമൂഹത്തിന്റെ പൊതുമനശ്ശാസ്ത്രത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് പ്രത്യേകിച്ചും മലയാളം പോലൊരു ബ്‌ളോഗ് ലോകത്തെ ഭൂരിപക്ഷത്തിനും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍, ചിത്രകാരന്‍ കേസും നമ്മുടെ മനസില്‍ രൂഢമൂലമായിരിക്കുന്ന ജാതി ഭ്രാന്തിനെ പുറത്തുകൊണ്ടുവരുന്നു. ഒരു വിവാദമെന്നതിലുപരി ഇതിനെ ആ നില്ലയ്ക്ക് വേണം കാണുവാന്‍. ഒരു മതത്തിന്റെ ദൈവത്തെ അപമാനിച്ചു എന്ന നിയമപരമായ വിലക്കുകളുടെ പരിധിയില്‍ വരാവുന്ന പ്രത്യക്ഷമായ കാരണത്തില്‍ നിന്നും, ജാതിസ്പര്‍ദ്ദയുടെ അടിയൊഴുക്കുകളാണ് യധാര്‍ത്ഥ പ്രശ്‌നമെന്ന തിരിച്ചറിവിലേക്കെത്തിച്ചത് ഈ ചര്‍ച്ചകളാണ് (തെറിവിളികളും). സരസ്വതിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസ്സൈന്‍ ഇന്നും വരക്കുന്ന ഇന്ത്യയില്‍ ചിത്രകാരനെ ആരും തൂക്കിക്കൊല്ലില്ല എന്നിരിക്കെ പ്രശ്‌നം ഒരു കേസല്ല. പുരികപ്പനും ബെര്‍ളിയും മറ്റുപലരും കരുതുന്നതു പോലെ ഇത് വെറും ഒരു വിവാദവുമല്ല. പൂര്‍ണ്ണ സാക്ഷരരെന്നും, സ്വന്തമായി ഒരു സാംസ്കാരിക തലസ്ഥാനമുള്ളവരെന്നുമൊക്കെ സ്വയം അഹങ്കരിക്കുന്ന മലയാളി സമൂഹത്തെ ബാധിച്ചിരിക്കുന്ന ജാതി സ്പര്‍ദ്ദയെന്ന മാലിഗ്നന്‍സി (ക്യാന്‍സര്‍ ബാധ) യുടെ ബാഹ്യ രോഗലക്ഷണമാണിത്. അതുകൊണ്ട് നമുക്കിത് ചര്‍ച്ചചെയ്യാം ബെര്‍ളീ. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം പോലെ വരും തലമുറക്കു തെറ്റുകള്‍ തിരുത്താനുതകുന്ന സാമൂഹ്യ പാഠമവശേഷിപ്പിക്കാനെങ്കിലും. ഈ തലമുറയില്‍ നിന്നും ഇനി നമുക്കെന്തു പ്രതീക്ഷിക്കാന്‍.


Tuesday, January 20, 2009

അധികമാരും വായിക്കാത്ത ഈ ബ്‌ളോഗില്‍ ഒഞ്ചിയം സഖാക്കളുടെ വെബ്ബിലേക്കുള്ള ഹൈപ്പര്‍ ലിങ്ക് ഇട്ടതെന്തിന് ?

ഹൈപ്പര്‍ലിങ്കുകള്‍ ആയിരിക്കണമെന്ന് പറഞ്ഞത് മേതില്‍ രധാകൃഷ്ണനാണ്. പക്ഷെ ഇവിടെ പ്രശ്‌നം ഒരു ഹൈപ്പര്‍ ലിങ്ക് എന്താണെന്നതാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒഞ്ചിയം സഖാക്കള്‍ സി പി എം വിമതര്‍ എന്നതിലുപരി അവരുടെ രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ചു - യു ഡി എഫിനോടോ ബി ജെ പി യോടോ കൂട്ടുകൂടാത്ത ഒരു ഇടതുപക്ഷനിലപാടായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ സാക്ഷരതയുടെ കാര്യത്തില്‍ ഉഗാണ്ടയെ പിന്‍തുടരുന്ന സാക്ഷരകേരളത്തില്‍ ഈ പ്രഖ്യാപനത്തിന് വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷത്തുനിന്ന് വലിയവായില്‍ ആദര്‍ശം പറഞ്ഞ് പുറത്തുവന്ന പലരും തങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ അധികാരമെന്ന അപ്പക്കഷ്ണത്തിന് വേണ്ടി അവരില്‍ പ്രത്യാശയര്‍പ്പിച്ച അതിന്യൂനപക്ഷത്തിനോട് ഒരുദയയും കാട്ടാതെ യു ഡി എഫിന്റെയൊ ബി ജെ പിയുടെയൊ കോട്ടയില്‍ തളച്ചിടുകയായിരുന്നു ഇതുവരെ. ഒരു സാമാന്യ രാഷ്ട്രീയ നിരീക്ഷണത്തില്‍ ഒഞ്ചിയം സഖാക്കളുടെ ഈ പ്രവൃത്തി പുഛംകലര്‍ന്ന ഒരു പുഞ്ചിരിക്കുമാത്രമേ വക നല്‍കുന്നുള്ളൂ. ജനിക്കുമ്പോള്‍ തന്നെ ചരമക്കുറിപ്പെഴുതിയ ഒരുരാഷ്ട്രീയ സംഘടനയെന്ന വിലയിരുത്തലിന്റെ ആംഗിക ഭാഷ. പക്ഷെ അധികാരത്തിലേക്കുള്ള ഹൈപ്പര്‍ലിങ്കുകളായ കായിക ശേഷിയൊ, സംഘബലമോ, ധനശക്തിയോ, പ്രാമാണിത്തമോ, ജാതിമത പിന്തുണയോ ഒന്നുമില്ലാതെ നിത്യ ജീവിതത്തില്‍ അവഗണനക്കും പരിഹാസത്തിനും അഴിമതിക്കും ഇരയാക്കപ്പെട്ട് ഒരിക്കലെങ്കിലും ഈ നശിച്ച നാടെന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടന്ന ഒരോകേരളീയനും ഒരു ഞെട്ടലോടെ പ്രത്യാശയുടെ പുരികങ്ങളുയര്‍ത്തിക്കൊണ്ടാണ് ഈ പ്രസ്താവന കേട്ടത്. ഒറ്റയടിക്ക് ഈ പ്രസ്താവനകളെ വോട്ടുകളാക്കി മാറ്റാന്‍ മാത്രം വേണ്ട രാഷ്ട്രീയ ബോധം മലയാളിക്കുണ്ടായിരിക്കില്ല. ഒരുതരത്തില്‍ അങ്ങിനെയൊന്ന് ഇല്ലാത്തതല്ല അമ്പതു വര്‍ഷത്തെ ഇടം വലം തിരിഞ്ഞുള്ള അധികാര രാഷ്ട്രീയം അതിനെ മരവിപ്പിച്ചതാണ്. ഈ അബോധത്തിന്റെ ഞരമ്പുകളില്‍ രക്തമോടിക്കുവാന്‍ അതിന്ചൂടുപിടിപ്പിക്കുവാന്‍ അത്യധ്വാനം തന്നെ നടത്തേണ്ടിവരും ഒരു കേരള വിപ്‌ളവം, അതായത് ഒഞ്ചിയത്തുനിന്നും തുടങ്ങുന്ന ഈ പടപ്പുറപ്പാടിനെ വിജയിപ്പിക്കാന്‍. വിശ്രമത്തിന്റെ ഒരു നിമിഷം പോലുമില്ലാത്ത പ്രവര്‍ത്തനം - അതാണാവശ്യം. വരാനിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ പാതയില്‍ പ്രലോഭനത്തിന്റെ വിശ്രമ സങ്കേതങ്ങളും വ്യക്തിലാഭത്തിന്റെ തണല്‍മരങ്ങളും, അധികാര ലബ്ധിയിലേക്കുള്ള കുറുക്കുവഴികളും ധാരാളമുണ്ടായിരിക്കും, അവയെ അതിജീവിച്ച് ഒരു നവകേരള വിപ്‌ളവം എങ്ങനെ നടത്തുന്നു എന്നതായിരിക്കണം ഈ പുതിയ സംരംഭത്തിന്റെ അടുത്ത ചര്‍ച്ചാവിഷയം. ജനങ്ങളോടൊത്തുറങ്ങുന്ന ഒരു പുതുയ നേതൃനിര, ട്രാന്‍സേ്പാര്‍ട്ട് ബസ്സിന്റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്ര ചെയ്യുന്നവനു വേണ്ടിയുള്ള റോഡുകള്‍, പന്‍ചനക്ഷത്ര ജലധാര നിര്‍ത്തി വൈപ്പിനില്‍ കുടിവെള്ളം, പഠിച്ചവനെ പാടത്തിറക്കുന്ന കൃഷിനയം, വികസനം കൊണ്ടുവരുന്ന ജെ സി ബിക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ അവശേഷിക്കുന്ന അഴികളില്‍ കെട്ടിപ്പിടിച്ച് കൈക്കുഞ്ഞുമായി ഒരമ്മയും കരയേണ്ടിവരാത്ത വികസനനയം, പെരിയാറിലിത്തിരി തെളിനീര്‍, കത്തിയുമായി വന്ന് പൗരന്റെ അഭിമാനം ആരും കൊത്തിപ്പറിക്കാത്ത പോലീസ് നയം, പെണ്ണിന് മാനത്തിന്റെ വില കണ്ണീരുകൊണ്ട് പറയേണ്ടിവരാത്ത സാമൂഹ്യ വ്യവസ്ഥ അങ്ങിനെ പലതും എങ്ങിനെ നേടാമെന്ന വ്യക്തമായ ദര്‍ശനം, അതായിരിക്കണം ലക്ഷ്യം.

അധികമാരും കാണാത്ത ഈ ബ്ലോഗില്‍ ഒഞ്ചിയം സഖാക്കളുടെ വെബ്ബിലേക്കിട്ട ഹൈപ്പര്‍ ലിങ്ക് ഈ പ്രത്യാശയുടെ പ്രതീകമാണ്. സ്വന്തം വീട്ടിനുമുന്നില്‍ പാര്‍ട്ടിയുടെ കൊടിയുയര്‍ത്തുന്ന ഒരു പരിപ്പുവട - കട്ടന്‍ ചായ കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ രാഷ്ട്രീയ ബോധം. പ്രത്യയ ശാസ്ത്രങ്ങളുടെ യാഗാശ്വത്തെ ഒഞ്ചിയം സഖാക്കള്‍ മുതലാളിത്തത്തിന്റെ ലായത്തില്‍ കെട്ടാതിരിക്കുന്നിടത്തോളം കാലം അതവിടെയുണ്ടാവും. ആരും ചെന്നെത്താത്ത ഓണം കേറാമൂലകളില്‍ പട്ടിണിക്കാരന്റെ മുറ്റത്തുയര്‍ത്തിയ ചെങ്കൊടികളാണ് പാര്‍ട്ടിയുടെ അടിത്തറയെങ്കില്‍ ഈ ഹൈപ്പര്‍ ലിങ്കിനും തിന്റെ വിലയുണ്ട്. ഈ ബ്‌ളോഗ് അധികമാരും കാണാറില്ലെങ്കിലും.

ലാല്‍സലാം


Wednesday, January 7, 2009

ഷൊര്‍ണൂരില്‍ സം ഭവിച്ചതും പിണറായിയുടെ സംശയവും അഥവാ ഒരേ മുഖങ്ങളുള്ള സഖാക്കള്‍

കേരളത്തില്‍ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിനായി തയ്യാറെടുക്കുമ്പോള്‍ ഭൂമിയുടെ മറുവശത്ത് ഫിദലും ചെഗുവേരയും മര്‍ദ്ദിതരുടെ മോചനത്തിനായി ഗറില്ലാ യുദ്ധം നയിക്കുകയായിരുന്നു. പിന്നീടിതിനകം ഭൂമിയില്‍ പല പാലങ്ങള്‍ക്കടിയിലൂടെ പല പുഴകളിലായി വെള്ളമൊരുപാട് ഒഴുകിപ്പോയി. ലോകമാകെ വീശിയടിച്ച സുഖസൗകര്യങ്ങളുടെ മദിപ്പിക്കുന്ന ഗന്ധമുള്ള, മുതലാളിത്തത്തിന്റെ കൊടുങ്കാറ്റില്‍ (വസന്തതിന്റെ ഇടിമുഴക്കം പോലൊരു.............) കമ്മ്യൂണിസത്തിന്റെ നെടുംകോട്ടകള്‍ തകര്‍ന്നു, ചൈന ഒരു തകര്‍ച്ചയൊഴിവാക്കാന്‍, കമ്മ്യൂണിസ്റ്റ് വന്‍മതിലില്‍ മുതലാളിത്തത്തിന്റെ സിമന്റ് പൂശി. ചെ യുടെ സമര വീര്യം പക്ഷെ ഈ കാറ്റിനെതിരെ അത്ര തലയുയര്‍ത്തിയല്ലെങ്കിലും, ബുഷിനെ ചെകുത്താനെന്നു പരസ്യമായി വിളിക്കാവുന്നിടത്തോളം ഇക്കാലമത്രയും വളരുകയായിരുന്നു. 1961-ല്‍ സന്താ ളാരയിലെ പഞ്ചസാര തൊഴിലാളികള അഭിസമ്പോധന ചെയ്തുകൊണ്ട് ചെ പറഞ്ഞു ``ഒരിക്കലും ഒരടി പോലും പിന്നോട്ടു പോകരുത്, ക്ഷീണത്തിന്റെ ഒരു നിമിഷം പോലുമരുത്, സമരം (യുദ്ധം) ചെയ്യാതിരിക്കുകയാണ് ഉചിതമെന്ന് നമ്മെ പ്രലോഭിപ്പിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാവും പരിപൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് ചെന്നെത്തുവാന്‍ ഈ ജനത കടന്നു പോയ പീഢനങ്ങളുടെ കാലഘട്ടത്തെ കുറിച്ചോര്‍ക്കുക, ഈ രാജ്യത്ത് നടമാടിയിരുന്ന കൊടിയ മര്‍ദ്ദനങ്ങളുടെ കഥളോര്‍ക്കുക................''.

ചെ ഇങ്ങനെ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് 1953 - ലെ മൊങ്കാഡ അക്രമണം - ക്യൂബന്‍ വിപ്‌ളവത്തിന്റെ ആദ്യ പടി - ഒരുപരാജയമായിരുന്നു. 56 - ല്‍ അറുപത് അടി നീളമുണ്ടായിരുന്ന ഗ്രാന്മ എന്ന പായ്ക്കപ്പലില്‍ 82 ഗറില്ലകളുമായി ഒരു വന്‍യുദ്ധത്തിനിറങ്ങുമ്പോള്‍ തോല്‍വിയില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരിക്കില്ല സഖാക്കള്‍. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം മര്‍ദ്ദിതരുടെ സമര വീര്യം ഉണരുകയായിരുന്നു. അതുകൊണ്ടായിരുന്നു ഓരോ വയലേലകളും തോക്കേന്തി യുദ്ധത്തിനിറങ്ങിയ ആ ദിവസങ്ങള്‍ക്കു ശേഷം ചെ എഴുതിയത് - തങ്ങള്‍ പൂര്‍ണമായും ക്യൂബന്‍ ജനതയെ മനസിലാക്കിയില്ലായിരുനു എന്ന്. പക്ഷെ ഇത്തരം ഒരവസ്ഥയിലേക്ക് ഫിദലിനെയും ചെ യെയും പോലുള്ള നേതാക്കളെ എത്തിച്ച ഘടകങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ അചഞ്ചലമായ വിശ്വാസവും മര്‍ദ്ദിതരും ചൂഷിതരുമായ ജനതയോടുള്ള അടങ്ങാത്ത സേ്‌നഹവും വ്യക്തിയേക്കാളുപരി ആശയങ്ങളുടെ വിജയത്തിനായുള്ള ത്യാഗമനസ്ഥിതിയും തന്നെയായിരുന്നു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനുണ്ടായിരിക്കേണ്ട, രാഷ്ട്രീയമായ അതിരുകളെ അവഗണിച്ചുകൊണ്ട് മര്‍ദ്ദിതനായ മനുഷ്യന്റെ രക്ഷക്ക് വേണ്ടി ആയുധമെടുക്കാനുള്ള കര്‍മ്മനിരത ഈ ഗുണങ്ങളോടൊപ്പം ഉണ്ടായിരുന്നതൊന്നുകൊണ്ടു മാത്രമാണ് യുനൈറ്റെഡ് നാഷന്‍സിന്റെ ജെനറല്‍ അസ്സം ബ്ലിയില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച വിപ്‌ളവകാരി ബൊളീവിയയിലെ ഒരുനാട്ടിന്‍പുറത്ത് പട്ടിയെ പോലെ തല്ലിക്കൊല്ലപ്പെട്ടത്. വിജയ പരാജയങ്ങളൊന്നും ചെ യ്ക്ക് ചിന്താവിഷയമായിരുന്നില്ല, വിട്ടുവീഴ്ച്ചയില്ലാത്ത കമ്മ്യൂണിസം. ദല്‍ഹി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ചോരയൊലിക്കുന്ന കല്‍ക്കത്തയുടെ കണ്ണീരൊപ്പാന്‍ യാത്രയാരം ഭിച്ച മഹാത്മാവിനെപ്പോലെ ഓരൊ യുദ്ധത്തിനും ശേഷം അധികാരത്തിന്റെ മത്തു രുചിക്കാന്‍ നില്‍ക്കാതെ പുതിയ യുദ്ധത്തിനായിറങ്ങിയ മനുഷ്യ സേ്‌നഹി. ഫിദെലിന് ചെ എഴുതിയ കത്തുകള്‍ ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കയിലെ മര്‍ദ്ദിതരായ ജനസമൂഹത്തിന് തങ്ങളെ മോചിപ്പിക്കാന്‍ വന്ന രക്ഷകനായിരുന്നു ചെ, അവന്റെ മതമായിരുന്നു കമ്മ്യൂണിസം, അതവരുടെ മതമായി.

മര്‍ദ്ദിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഓരോ ജനസമൂഹവും ഒരു രക്ഷകനെ തിരയുന്നു, പ്രതീക്ഷിക്കുന്നു. അമ്പതുകളിലെ കേരള സമൂഹത്തിലെ മര്‍ദ്ദിതരായ തിഴിലാളികളുടെ ഇടയില്‍ വിപ്‌ളവ വീര്യവുമായെത്തിയ ഓരോ സഖാവിലും അവര്‍ ഓരോ ചെഗുവേരയെ ദര്‍ശിച്ചു. സഖാവ് കൃഷ്ണപ്പിള്ളയെ പോലെ വിപ്‌ളവത്തിന്റെ നൈരന്തര്യത്തില്‍ മാത്രം വിശ്വസിച്ച് വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക്, ജീവനുപോലും വിലകല്‍പ്പിക്കാതെ യധാര്‍ഥ കമ്മ്യൂണിസ്റ്റുകളായി ചെ യെ പോലെ ജീവിച്ച സഖാക്കളുടെ മതമായിത്തന്നെയാണ്് കേരളത്തിലും കമ്മ്യൂണിസം വളര്‍ന്നത്. കാലം വല്ലാത്ത ഒരു പ്രഹേളികയാണ്, തുറന്നിട്ട ജനലുകളിലൂടെയും വാതിലുകളിലൂടെയും കടന്നുവന്ന കാറ്റും വെളിച്ചവും ഇന്ത്യന്‍ - പ്രത്യേകിച്ച് കേരള കമ്മ്യൂണിസ്റ്റുകളെ വല്ലാതെ മാറ്റിമറിച്ചു. ഇമ്പീരിയലിസവും മുതലാളിത്തവും നടത്തുന്ന ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും പുത്തന്‍ മേഖലകളെ കണ്ടുപിടിച്ച് നശിപ്പിക്കെണ്ടവര്‍ - ആ സംഘടന തന്നെ കേരളത്തില്‍ ഒരു കോര്‍പ്പറേറ്റ് ഭീമനായി മാറി. ഇതിന്റെ പരിണിതഫലം വളരെ ഭീകരമായിരുന്നു. നമ്മുടെ സമൂഹത്തിലെ യധാര്‍ഥ മര്‍ദ്ദിത വിഭാഗത്തിന് അവരുടെ ആശയും ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ടു, മാത്രമല്ല രക്ഷകന്‍ കൂറുമാറിയപ്പോള്‍ അവസ്ഥ വളരെ പരിതാപകരവുമായി. ജെ സി ബിയുടെ യന്ത്രക്കൈക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ സന്ഥിബന്ധങ്ങളില്‍ കെട്ടിപ്പിടിച്ച് വിലപിച്ച മൂലമ്പള്ളിയിലെ മനുഷ്യരെ നക്‌സലൈറ്റുകള്‍ എന്ന് ഉള്ളതില്‍ കൊള്ളാവുന്ന സഖാവുതന്നെ വിളിച്ചപ്പോള്‍ ചിത്രം പൂര്‍ണം. ഒരുപറ്റം അധികാര കൊതിയന്മാരുടെയും മുതലാളിത്തത്തിന് വിടുപണിചെയ്യുന്ന ഗുണ്ടാപ്പടയുടെ നേതാക്കന്മാരുടെയും തമ്മില്‍ത്തല്ലിലുപരി മറ്റൊരു പ്രത്യശാജനകമായ ആശയ സംഘര്‍ഷങ്ങളും കേരളത്തില്‍ കമ്മ്യൂണിസ്റ്റു സംഘടനകളില്‍ നടക്കുന്നില്ല. ഒരു തലമുറ നേതൃ- അനുയായി വ്യത്യാസമില്ലാതെ ചോരയിലും മാംസത്തിലും പടുത്ത സംഘബലം പണക്കാരന്റെ വ്യവസായം കാക്കാനുള്ള ഗുണ്ടാപ്പണിക്കും, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അക്രമികളെ പോലീസ് സ്റ്റേഷനില്‍നിന്നിറക്കാനും, മണല്‍ വ്യവസായം നടത്താനും, പലിശപ്പണവ്യവസായം നടത്താനുമൊക്കെ ഉപയോഗിക്കപ്പെടുമ്പോള്‍ ചൂഷണത്തിന്റെ പുത്തന്‍ സ്ഥാപനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മാറിക്കഴിഞ്ഞു

മെല്ലെ മെല്ലെ നടന്ന ഈ മാറ്റത്തിനിടയിലെല്ലാം ആശയപരമായ സംഘട്ടനത്തിന്റെ ഭാഗമായെന്ന വ്യാജേന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിനും പലരും പുറത്താക്കപ്പെടുകയോ പുറത്തു പോകുകയോ ചെയ്തു. അവരെല്ലാം തന്നെ പില്‍കാലത്ത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടു - ഗൗരിയമ്മയും എം വി ആരുമൊഴിച്ച്. ഇതില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു പുറത്തുപോകലാണ് ഈയടുത്ത് ഷൊര്‍ണൂരിലും ഒഞ്ചിയത്തും നടന്നത്. മുന്‍കാല അച്ചടക്കനടപടികളെക്കാളേറെ നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഇനിയും മരിച്ചിട്ടില്ലാത്ത യധാര്‍ഥ കമ്മ്യൂണിസ്റ്റുകളുടെ കലാപമായി ഇവ ചിത്രീകരിക്കപ്പെട്ടു. ഷൊര്‍ണൂര്‍ നഗരസഭ തിരഞ്ഞെടുപ്പിന് ഒരുപക്ഷെ ഒരു അസ്സംബ്‌ളി ഉപ തിരഞ്ഞെടുപ്പിനേക്കാളേറെ മാധ്യമ ശ്രദ്ധയും ലഭിച്ചു. ബി മുരളി നയിക്കുന്ന വിമത കമ്മ്യൂണിസ്റ്റുകളുടെ വിജയാഹ്‌ളാദങ്ങള്‍ക്കിടയില്‍ പക്ഷെ സഖാവ് പിണറായി യുടെ പ്രസക്തമായ ചോദ്യം മുങ്ങിപ്പോയി ''ഷൊര്‍ണൂരില്‍ യു ഡി എഫ് എവിടെപ്പോയി''. സത്യത്തില്‍ സമകാലിക കേരള കമ്മ്യൂണിസ്റ്റ് സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഒരുയധാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ജീവിതവുമായി താരതമ്മ്യം ചെയ്യപ്പെടുമ്പോള്‍. പരിപ്പുവടയെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ചിട്ടയായി കാണുന്ന പുതിയ കമ്മ്യൂണിസ്റ്റുകാര്‍ ദയവായി ഇതിനപ്പുറം വായിച്ച് സമയം കളയണമെന്നില്ല, പലരും പണവുമായി കാതിരിക്കുന്നുണ്ടാവും, പവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്തുകൊടുക്കുന്ന ജോലിയിലേക്ക് ദയവായി തിരികെ പോവുക.

യു ഡി എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് കേരളത്തില്‍ എത്രയോ വര്‍ഷങ്ങളായി ഉപരി മദ്ധ്യവര്‍ഗ്ഗത്തിനുമാത്രമായി ഭരിക്കുന്നു. ദരിദ്രനില്‍ നിന്നും ജീവിതം തടിപ്പറിച്ച് പണക്കാരന് കൊടുക്കുന്ന ഭരണ സംവിധാനം. ഇത്രയുകാലം റിയല്‍ എസ്റ്റേറ്റ് അടക്കം കേരളത്തിലെ പല ബിസിനസ്സുകാരും പറയുന്ന ഒരു സ്ഥിരം വാചകമുണ്ട് ''ബിസിനസ്സ് നടക്കണമെങ്കില്‍ കോണ്‍ഗ്രസ്സ് (കരുണാകരന്‍) ഭരിക്കണം''. അതുകൊണ്ടാണ് ഒരു ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാന്‍ പറ്റാത്ത രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവാസനയും ഉണ്ടായിട്ടും, യു ഡി എഫ് ഭരണത്തിന്റെ ഇടവേളകളില്‍ ജനം എല്‍ ഡി എഫ് നെ തിരഞ്ഞെടുക്കുന്നത് - നിവൃത്തികേടുകൊണ്ട്. പക്ഷെ ഇത്തവണ കളി വല്ലാതെ മാറി. മാറുമെന്ന് ആദ്യമേ അറിയാമായിരുന്നു അതുകൊണ്ടാണ് ഉള്ളതില്‍ നല്ല സഖാവിനെ മല്‍സരിപ്പിക്കാന്‍ ജനം തെരുവിലിറങ്ങിയത്. അവസാനം ടോം ആന്റ് ജെറി കളിച്ച് നല്ല സഖാവും മോശം സഖാവും ജനങ്ങളെ പറ്റിച്ചു. എങ്ങനെയെങ്കിലും ആ കസേരയിലൊന്ന് ഇരുന്നുകിട്ടാന്‍ സ്വന്തം പാര്‍ട്ടിയില്‍ അനുയായികളില്ലാത്ത നേതാവിന്റെ വിദഗ്ധമായ രാഷ്ട്രീയ കളിയില്‍ ജനം പിന്നെയും തോറ്റു തൊപ്പിയിട്ടു. റിയല്‍ എസ്റ്റേറ്റുകാര്‍ സജീവമായെന്നു മാത്രമല്ല ഏതവന്റെയും കിടപ്പാടം ശക്തിയൊ, ബുദ്ധിയോ, വിലക്കുവാങ്ങാവുന്ന അധികാരമോ ഉപയോഗിച്ച് സ്വന്തമാകാന്‍ ശേഷിയും ശേമുഷിയുമുള്ള ഭൂ മാഫിയയായി അതു വളര്‍ന്നു.

വനം, വ്യവസായം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി മിക്ക വകുപ്പുകളും കാര്യമായ പങ്കുവഹിക്കുന്ന ഈ പുത്തന്‍ ഇടതുപക്ഷ സാഹചര്യത്തിലാണ് ഒഞ്ചിയത്തും ഷൊര്‍ണൂരിലും കലാപം പൊട്ടിപ്പുറപ്പെടുന്നത്. വി ബി ചെറിയാന് ശേഷം താത്വീകമായ പ്രഴ്‌നങ്ങള്‍ മൂലമല്ലാതെ, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തായി. കുലമാകെ സമൂഹത്തില്‍ നാശം വിതക്കാന്‍ തുടങ്ങിയാല്‍ കുലംകുത്താതെ വയ്യെന്നായിരുന്നു കുലംകുത്തികളുടെ നിലപാട്. ''പിണറായി കുലം കുത്തിയെന്നു വിളിച്ചാള്‍ പിന്നെ അവര്‍ക്ക് കുലം കുത്തലുമാത്രമേ മര്‍ഗ്ഗമുള്ളൂ'' എന്ന അയാം ദ സ്റ്റേറ്റ് പോലൊരു പ്രഖ്യപനവും കേള്‍ക്കേണ്ടിവന്നു കേരളത്തിന്. കുലംകുത്തികള്‍ സത്യത്തില്‍ ഒരുപ്രത്യാശയായി മറുകയായിരുന്നു. ഒരുതരത്തില്‍ കേരളത്തിന്റെ വിപ്‌ളവ മനസാക്ഷി ഉണരുന്നു എന്നു തോന്നിച്ച നാളുകളായിരുന്നു അത്. റെവല്യൂഷനറി ഇടതുപക്ഷ സംഘടനകള്‍ നാമ്പെടുത്തു. അധികാരത്തിന്റെ സുഖ വിസ്മയങ്ങള്‍ കണ്ട് മതിമറന്ന ഒരു പഴയ സൊവിയറ്റ് നേതാവിന്റെ അമ്മ മകനോട് ''ബോള്‍ഷെവിക്കുകള്‍ വന്നാല്‍ നിനക്കിതൊക്കെ നഷ്ടപ്പെടില്ലേ മോനേ?'' എന്ന് വിലപിച്ചപ്പോള്‍ അനുഭവിച്ചതുപോലൊരു ഭയം സി പി എം നേതൃത്വത്തിനുള്ളില്‍ ഉടലെടുത്തു. സാമ ദാന ഭേദ ദണ്ഢങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു. പക്ഷെ ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പു വന്നതോടെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ആധി തീരുകയായിരുന്നു. വിമത സഖാക്കള്‍ യു ഡി എഫ് ന്റെ ചിറകിനടിയില്‍ അഭയം തേടി, എം വി ആറിനപ്പുറം പോകാത്തൊരു പ്രശ്‌നമേയുള്ളൂവെന്ന് ഇടത് നേതൃത്വം ഇതിനെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചത് ''ഷൊര്‍ണൂരില്‍ യു ഡി എഫ് ഇല്ലെ?''.

കേരളത്തില്‍ ഇന്നും മര്‍ദ്ദിത വിഭാഗങ്ങളുണ്ട് - ചെങ്ങറയില്‍ മാത്രമല്ല. രണ്ടായിരാമണ്ടുകളുടെ തുടക്കത്തില്‍ ഗവേഷണത്തിന്റെ ഭാഗമായുള്ള നീണ്ട യാത്രക്കിടയിലെ വിശന്നു പൊരിഞ്ഞ ഒരുച്ച നേരത്ത് ബോണക്കാട് ചായത്തോട്ടത്തിലെത്തിയിരുന്നു. ചായത്തോട്ടത്തിലെ കടയില്‍നിന്നും എന്തെങ്കിലുമാവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് മുറുക്കും പഞ്ചസാരയില്ലാത്ത കട്ടനും. മുറുക്കു കടിച്ചപ്പോള്‍ മുഖം ചുളിഞ്ഞുപോയി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ സാധനം. ചുളിഞ്ഞ എന്റെ മുഖത്തെ നോക്കി വെറുപ്പോടെ ഒരു സ്ത്രീ പറഞ്ഞതോര്‍ക്കുന്നു "നിങ്ങള്‍ക്കിതെങ്കിലും തിന്നാമല്ലൊ ഞങ്ങളുടെ മക്കള്‍ക്കിതുപോലും തിന്നാനില്ല വേണ്ടെങ്കില്‍ വച്ചിട്ട് കാശുതന്ന് പൊയെ്ക്കാ''. വണ്ടിപ്പെരിയാറില്‍, മൂന്നാറില്‍, വയനാട്ടില്‍, നെല്ലിയാമ്പതിയില്‍ അങ്ങിനെ പലയിടത്തും പിന്നീട് ഈ സ്ത്രീയെ കണ്ടിരുന്നു, തൃശ്ശൂരുമുതല്‍ തെക്കോട്ട് കേരളത്തിലെ റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്കുകളിലെ വീടുകള്‍ കാശുകൊടുത്തു വാങ്ങി താമസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. സഖാക്കള്‍ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന നഗരത്തിന്റെ എച്ചില്‍ കഴുകുകയും, തറ തുടക്കുകയും, കക്കൂസ് വൃത്തിയാക്കുകയും, തൂക്കുകയും, കെട്ടിടം കെട്ടുകയും മറ്റും ചെയ്യുന്ന ഒരുവര്‍ഗ്ഗം. പുരമ്പോക്കിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് വെള്ളവും വെളിച്ചവുമെത്തിക്കാനും, കുടിയിറക്കപ്പെടാതിരിക്കാനും വരുമാനത്തിന്റെ സിംഹഭാഗം ചെലവാകുന്നവര്‍. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടം സമ്മാനിച്ചതാരണെന്ന് ആരും പഠിച്ചിട്ടുണ്ടാവില്ല, മാസം ആയിരത്തഞ്ഞൂറു രൂപ ശമ്പളത്തിന് സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്ന നഴ്‌സുമാരില്ലെങ്കില്‍ കേരളത്തിലെ ബഹുഭൂരിപക്ഷവും ചികില്‍സയ്ക്ക് പണമില്ലാതെ മരിച്ചുപോവും. ഈ ലിസ്റ്റിങ്ങനെ ഒരുപാടു നീട്ടാം. മൂന്നു നേരം ഉണ്ടുകഴിഞ്ഞാല്‍, പരമാവധി വൈകുന്നേരം ഒരു നില്‍പ്പന്‍ കൂടി അടിച്ചുകഴിഞ്ഞാല്‍ പിന്നെയൊന്നും ബാക്കിവെക്കാനില്ലാത്തവര്‍ മുതല്‍ മുഴുപ്പട്ടിണിക്കാര്‍ വരെ. ഒരു നേരത്തെ കഞ്ഞിക്കുള്ളത് കൃഷിചെയ്യാന്‍ കമ്മ്യൂനിസ്റ്റുകാര്‍ സം രക്ഷിക്കുന്ന ഇഷ്ടികക്കളക്കാരെ തോല്‍പ്പിക്കാന്‍ സമരം ചയ്യുന്നവര്‍, കുടിവെള്ളത്തിനായി സമരം ചെയ്ത് മടുത്ത വൈപ്പിന്‍. വന്‍ കിടകാര്‍കായി, വികസനത്തിനെന്ന പേരില്‍ എല്ലാം സ്റ്റേറ്റ്‌ന്റെ കൈകൊണ്ട് തന്നെ കൊള്ളയടിക്കപ്പെട്ടവര്‍. യു ഡി എഫ് ലെ ഏതെങ്കിലും കക്ഷികള്‍ തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നില്ല, മുഖം മാറിയ ഇടത് പാര്‍ട്ടികളോട് പോരാടനുള്ള ശക്തിയും ഒറ്റക്കൊറ്റക്ക് ഇവര്‍ക്കില്ല. ഇവര്‍ ഒരു ചെ യെ കാത്തിരിക്കുന്നു, ഒരു അഴീക്കൊടനെ കാതിരിക്കുന്നു ഒരു ഏ കെ ജി യെ കാത്തിരിക്കുന്നു.

വലിയവായില്‍ വിപ്‌ളവം പറഞ്ഞ് ആരെങ്കിലും ഇടത് പാര്‍ട്ടികളില്‍നിന്നിറങ്ങുമ്പോള്‍ ഇവര്‍ എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. പോരാട്ടത്തിനിറങ്ങുന്നു അവസാനം അധികാര ലബ്ധിമാത്രം ലക്ഷ്യമാക്കി അവര്‍ കോണ്‍ഗ്രസ്സു പോലൊരു ബൂര്‍ഷ്വയൊടും, ലീഗുപോലൊരു അര്‍ധമതമൗലിക വാദികളോടും മട്ടും കൂട്ടുകൂടി ഒരു മന്ത്രിസ്ഥാനവും, ഒരു കോര്‍പറേഷനും, ഒരു പെരിയാരവും മറ്റും കൊണ്ട് തൃപ്തരാവുമ്പോള്‍ വീണ്ടും റുപതടി നീളമുള്ള ഒരു ഗ്രാന്‍മയ്ക്കായി ജീവിതത്തിന്റെ കടലോരത്ത് തഴമ്പിച്ച കൈകള്‍ മങ്ങിത്തുടങ്ങിയ കണ്ണിനുമുകളില്‍ ചേര്‍ത്തുവച്ച് കടലിലേക്കുനോക്കിക്കൊണ്ട് കാത്തിരിക്കുന്നു. ഷൊര്‍ണൂരില്‍ അധികാരം മാത്രം ലക്ഷ്യമാക്കി യു ഡി എഫിനോട് സന്ധിചെയ്ത ബി മുരളിയും ഹാരീസുമാര്‍ക്ക് പാര്‍ട്ടിയെ പണയം വച്ച പിണറായിയും തമ്മില്‍ വ്യത്യാസമുണ്ടോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല.

ചെ ഗുവെരയെ (മോട്ടോര്‍ സൈക്കിള്‍ ഡയറി മുതല്‍) പുതു വിപ്‌ളവകാരികള്‍ ഷൊര്‍ണൂര്‍ പിണറായി - മുരളി സഖാവടക്കം തിരക്കിനിടയില്‍ സമയം കിട്ടുമ്പോള്‍ അല്പാല്‍പ്പമായി വായിക്കേണ്ടതുണ്ട്. തങ്ങളുടെ യുവ രക്തത്തിനൊരിക്കല്‍ തിളക്കാന്‍ ചൂട്ടുകത്തിച്ച ആ പഴയ പുസ്തകങ്ങളുടെ ഒരു പുനര്‍വായന. എന്നിട്ടൊന്നിരുത്തി ചിന്തിക്കൂ സഖാക്കളെ, തമ്മിലടിപ്പിച്ചും, തമ്മിലടിച്ചും, തെറ്റിദ്ധരിപ്പിച്ചും, അധികാര ലബ്ധിക്കായി നിങ്ങള്‍ നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ ചരിത്രത്തില്‍ ജനവഞ്ചകരുടെ താളുകളിലേ നിങ്ങളെ എത്തിക്കൂ. നിങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കുകയല്ല, ഈ ജനതയിലെ ബഹുഭൂരിപക്ഷം മര്‍ദ്ദിതരും കാത്തിരിക്കുന്ന രക്ഷകന് നിങ്ങളാരുടെയും മുഖമല്ലെന്ന് തിരിച്ചറിയുകയാണ്.

Saturday, January 3, 2009

മമ്മൂട്ടിയുടെ ആദ്യ ബ്ലോഗും ഒരുചെറു മറുപടിയും: ഈ കടുംകടല്‍ കടക്കാന്‍ നിങ്ങള്‍ ആശിക്കുന്നതുപോലെ സുഗമമായ കുറുക്കുവഴികളില്ല

മമ്മൂട്ടിയുടെ ആദ്യ ബ്ലോഗ്: http://i-am-mammootty.blogspot.com/

പ്രിയ മമ്മൂട്ടി...... എന്നെങ്കിലും കൃഷി ഒന്നു ചെയ്തു നോക്കണം. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ഒരുരസത്തിന് എല്ലാം നല്ലതാണ്, പക്ഷെ രാഷ്ട്രീയ തൊഴിലാളികള്‍ക്കുപോലും ഗ്രാറ്റുവിറ്റിയുംപെന്‍ഷനും കൊടുക്കുന്ന നാട്ടില്‍ കര്‍ഷകന് കൊലക്കയര്‍ സമ്മാനിക്കുന്ന സമ്പത്തികസാഹചര്യങ്ങളെ വൈരുധ്യമെന്നു വിളിക്കാന്‍ താങ്കല്‍ക്കൊരു ബിദ്ധിമുട്ടുമില്ലേ? കര്‍ഷകന്റെസേവനത്തിനൊരു ഗുണനിലവാരപ്രശ്‌നം വന്നതല്ല കാര്‍ഷിക രംഗത്തെ പ്രശ്‌നം. കാലവസ്ഥാമാറ്റങ്ങളും, അഗോളവല്‍ക്കരണവും, ഉത്പാദനത്തിനു പകരം സേവനങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവികസന സങ്കല്‍പ്പങ്ങളും അഴിമതിയും തുടങ്ങി ഒട്ടനേകം കരണങ്ങളുണ്ട് കാര്‍ഷിക പ്രതിസന്ധിക്ക്. കര്‍ഷകനോടുള്ള സമീപനങ്ങളില്‍ പണക്കൊതിമൂത്ത, സുഖലോലുപതയില്‍ മുഴുകിഏതുകൊടുംകാറ്റിലും സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഒരിളവും കൊടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും പറ്റാത്ത സമൂഹവും ഭരണവര്‍ഗ്ഗവും കാണിച്ച അവഗണനയുടെ ബാക്കി പത്രമാണ് താങ്കളുടെഎഴുത്തുകൂടി. പശുവളര്‍ത്തുന്ന ഡാനിഷിനോട് ഒന്നു ബന്ധപ്പെട്ടു നോക്കൂ. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്നപഞ്ചായത്തിന്റെ അടച്ചുപൂട്ടല്‍ നോട്ടീസുകളുടെ ഒരുകെട്ട് കാണിച്ചുതരും ചെറുകര്‍ഷകന്‍. താങ്കള്‍ഇന്ത്യയിലെ വൈരുധ്യത്തിന്റെ ഭാഗമായി ലോകോത്തരമെന്ന് പുകഴ്ത്തിയ കൊച്ചിയാണ് പ്രശ്‌നം. നഗരം കര്‍ഷകന് കൊലക്കയര്‍ കൊടുക്കുന്നു, ഭൂപടത്തിലും ഭൂമിയിലും ഉള്ളതിനേക്കാള്‍ ചിലമനസുകളിലുള്ള കൊച്ചിയാണ് പ്രധാന പ്രശ്‌നം.

വേണം മമ്മൂട്ടി..... കര്‍ഷകനും വേണം ജീവിക്കാന്‍ പണം. എന്നും പണക്കാര്‍ക്ക് വിളമ്പാന്‍പട്ടിണികിടന്ന് അവന്‍ പണിയെടുത്തു തരില്ല. നിങ്ങള്‍ക്കൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തെനീന്തിക്കയറാന്‍ ഇനി അവന്‍ അവന്റെ കുടുമ്പത്തെ പട്ടിണിക്കിട്ട്, നിങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്ന പോലെഅവന്റെ സേവനത്തിന്റെ ഗുണനിലവാരം കൂട്ടില്ല. കാറില്‍നിന്നും ഇറങ്ങി നടക്കൂ മമ്മൂട്ടീ........ അതുതന്നെയാണ് വഴി. ലോകം മുഴുവനും വഴിയില്‍ത്തന്നെയാണ്. കടുംകടല്‍ കടക്കാന്‍നിങ്ങള്‍ ആശിക്കുന്നതുപോലെ സുഗമമായ കുറുക്കുവഴികളില്ല.