Wednesday, January 21, 2009

അല്ല ബെര്‍ളീ........... ചിത്രകാരന്‍ കേസ് നമുക്കിനിയും ചര്‍ച്ചചെയ്യണം അതിന് കാരണമുണ്ട്

കുറച്ചു നാളുകള്‍ മുമ്പ് കേരള സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വം തിരിച്ചുവരുന്ന പ്രവണതയില്‍ ഇടതുപക്ഷത്തിന്റെ പങ്കിന്നെ കുറിച്ച് ഈ ബ്‌ളോഗില്‍ ഞാനൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിന് കിട്ടിയ ഒരു കമന്റ് ഞാനൊരു ഈഴവനാണ് എന്നും ഈഴവന്മാര്‍ മാത്രമേ ഇത്തരം വിഡ്ഡിത്തം എഴുതുകയുള്ളൂ എന്നുമായിരുന്നു. ഞാന്‍ പറഞ്ഞത് വിഡ്ഡിത്തമായിരിക്കാം അല്ലെങ്കില്‍ അത് വിഡ്ഡിത്തമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് തുറന്നടിച്ച് പറയുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്നെ ഈഴവനെന്ന് ബ്രാന്റ് ചെയ്യുന്ന മനോഭാവം ഒരു സമൂഹത്തെ ബാധിച്ച മനോരോഗമാണ്. ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മലയാളം ബ്‌ളോഗ് ചര്‍ച്ചയുടെ പ്രസക്തിയും ഇവിടെയാണ്.

ചിത്രകാരന്‍ കേസിന് തികച്ചും സാമുദായികവും (പൊതു സമൂഹത്തിന്റെ എന്നാണുദ്ദേശ്ശിച്ചത് ജാതി സമുദായമല്ല), നിയമ പരവുമായ ചില പ്രസക്തികളുണ്ട്. ബ്‌ളോഗുകള്‍ ആഗോളതലത്തില്‍ ഒരു സമാന്തര പ്രസിദ്ധീകരണ മേഘലയുടെ നിലവാരത്തിലേക്കുയര്‍ന്നിട്ട് നാളുകളൊരുപാടായി. പലരാജ്യങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍പോലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെക്കാള്‍ ബ്‌ളോഗുകള്‍ സ്വാധീനം ചെലുത്തുന്നതായി കണ്ടുകഴിഞ്ഞു. തീവ്ര മുസ്‌ളീം വാദികളും സയണിസ്റ്റുകളും മറ്റും ഇതിനെ നന്നായി ആശയ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ നാളിതുവരെ ഒരു ക്രിമിനല്‍ കേസ് ബ്‌ളോഗ് എഴുതിയന്റെ പേരില്‍ ആരും നേരിട്ടതായി അറിവില്ല - ചിത്രകാരനൊഴിച്ച്. ചിത്രകാരനെതിരെ കേസുകൊടുത്തിട്ടില്ലെന്നും എന്നാല്‍ താനിനി കേസുകൊടുക്കാന്‍ തന്നെ പോകുകയാണെന്നുമൊക്കെ പലരും എഴുതിക്കണ്ടൂ. എന്തുകൊണ്ടിത്തരമൊരു വ്യത്യസ്ത സംഭവം മലയാളത്തില്‍ ആദ്യമായി സംഭവിച്ചു എന്നത് സത്യത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടുന്ന ഒരുകാര്യമാണ്.

ബ്‌ളോഗെഴുത്തുകാര്‍ക്ക് സൈബര്‍ ലോകത്തെ നിലനില്‍പ്പുമാത്രമേ ഉള്ളുവെങ്കിലും അവര്‍ജീവിക്കുന്ന സമൂഹത്തിന്റെ പൊതുമനശ്ശാസ്ത്രത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് പ്രത്യേകിച്ചും മലയാളം പോലൊരു ബ്‌ളോഗ് ലോകത്തെ ഭൂരിപക്ഷത്തിനും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍, ചിത്രകാരന്‍ കേസും നമ്മുടെ മനസില്‍ രൂഢമൂലമായിരിക്കുന്ന ജാതി ഭ്രാന്തിനെ പുറത്തുകൊണ്ടുവരുന്നു. ഒരു വിവാദമെന്നതിലുപരി ഇതിനെ ആ നില്ലയ്ക്ക് വേണം കാണുവാന്‍. ഒരു മതത്തിന്റെ ദൈവത്തെ അപമാനിച്ചു എന്ന നിയമപരമായ വിലക്കുകളുടെ പരിധിയില്‍ വരാവുന്ന പ്രത്യക്ഷമായ കാരണത്തില്‍ നിന്നും, ജാതിസ്പര്‍ദ്ദയുടെ അടിയൊഴുക്കുകളാണ് യധാര്‍ത്ഥ പ്രശ്‌നമെന്ന തിരിച്ചറിവിലേക്കെത്തിച്ചത് ഈ ചര്‍ച്ചകളാണ് (തെറിവിളികളും). സരസ്വതിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസ്സൈന്‍ ഇന്നും വരക്കുന്ന ഇന്ത്യയില്‍ ചിത്രകാരനെ ആരും തൂക്കിക്കൊല്ലില്ല എന്നിരിക്കെ പ്രശ്‌നം ഒരു കേസല്ല. പുരികപ്പനും ബെര്‍ളിയും മറ്റുപലരും കരുതുന്നതു പോലെ ഇത് വെറും ഒരു വിവാദവുമല്ല. പൂര്‍ണ്ണ സാക്ഷരരെന്നും, സ്വന്തമായി ഒരു സാംസ്കാരിക തലസ്ഥാനമുള്ളവരെന്നുമൊക്കെ സ്വയം അഹങ്കരിക്കുന്ന മലയാളി സമൂഹത്തെ ബാധിച്ചിരിക്കുന്ന ജാതി സ്പര്‍ദ്ദയെന്ന മാലിഗ്നന്‍സി (ക്യാന്‍സര്‍ ബാധ) യുടെ ബാഹ്യ രോഗലക്ഷണമാണിത്. അതുകൊണ്ട് നമുക്കിത് ചര്‍ച്ചചെയ്യാം ബെര്‍ളീ. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം പോലെ വരും തലമുറക്കു തെറ്റുകള്‍ തിരുത്താനുതകുന്ന സാമൂഹ്യ പാഠമവശേഷിപ്പിക്കാനെങ്കിലും. ഈ തലമുറയില്‍ നിന്നും ഇനി നമുക്കെന്തു പ്രതീക്ഷിക്കാന്‍.


2 comments:

  1. വേണം വേണം ബര്‍ളി ചര്‍ച്ചിക്കണം

    ReplyDelete
  2. തല്ലുകൊള്ളി,ബര്‍ളി ചര്‍ച്ചക്ക് വരുമെന്നു തോന്നുന്നില്ല!വേണമെങ്കില്‍ ഛര്‍ദ്ദിക്കാന്‍ വിളിക്കാം!

    ReplyDelete