ഹൈപ്പര്‍ലിങ്കുകള്‍ ആയിരിക്കണമെന്ന് പറഞ്ഞത് മേതില്‍ രധാകൃഷ്ണനാണ്. പക്ഷെ ഇവിടെ പ്രശ്‌നം ഒരു ഹൈപ്പര്‍ ലിങ്ക് എന്താണെന്നതാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒഞ്ചിയം സഖാക്കള്‍ സി പി എം വിമതര്‍ എന്നതിലുപരി അവരുടെ രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ചു - യു ഡി എഫിനോടോ ബി ജെ പി യോടോ കൂട്ടുകൂടാത്ത ഒരു ഇടതുപക്ഷനിലപാടായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ സാക്ഷരതയുടെ കാര്യത്തില്‍ ഉഗാണ്ടയെ പിന്‍തുടരുന്ന സാക്ഷരകേരളത്തില്‍ ഈ പ്രഖ്യാപനത്തിന് വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷത്തുനിന്ന് വലിയവായില്‍ ആദര്‍ശം പറഞ്ഞ് പുറത്തുവന്ന പലരും തങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ അധികാരമെന്ന അപ്പക്കഷ്ണത്തിന് വേണ്ടി അവരില്‍ പ്രത്യാശയര്‍പ്പിച്ച അതിന്യൂനപക്ഷത്തിനോട് ഒരുദയയും കാട്ടാതെ യു ഡി എഫിന്റെയൊ ബി ജെ പിയുടെയൊ കോട്ടയില്‍ തളച്ചിടുകയായിരുന്നു ഇതുവരെ. ഒരു സാമാന്യ രാഷ്ട്രീയ നിരീക്ഷണത്തില്‍ ഒഞ്ചിയം സഖാക്കളുടെ ഈ പ്രവൃത്തി പുഛംകലര്‍ന്ന ഒരു പുഞ്ചിരിക്കുമാത്രമേ വക നല്‍കുന്നുള്ളൂ. ജനിക്കുമ്പോള്‍ തന്നെ ചരമക്കുറിപ്പെഴുതിയ ഒരുരാഷ്ട്രീയ സംഘടനയെന്ന വിലയിരുത്തലിന്റെ ആംഗിക ഭാഷ. പക്ഷെ അധികാരത്തിലേക്കുള്ള ഹൈപ്പര്‍ലിങ്കുകളായ കായിക ശേഷിയൊ, സംഘബലമോ, ധനശക്തിയോ, പ്രാമാണിത്തമോ, ജാതിമത പിന്തുണയോ ഒന്നുമില്ലാതെ നിത്യ ജീവിതത്തില്‍ അവഗണനക്കും പരിഹാസത്തിനും അഴിമതിക്കും ഇരയാക്കപ്പെട്ട് ഒരിക്കലെങ്കിലും ഈ നശിച്ച നാടെന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടന്ന ഒരോകേരളീയനും ഒരു ഞെട്ടലോടെ പ്രത്യാശയുടെ പുരികങ്ങളുയര്‍ത്തിക്കൊണ്ടാണ് ഈ പ്രസ്താവന കേട്ടത്. ഒറ്റയടിക്ക് ഈ പ്രസ്താവനകളെ വോട്ടുകളാക്കി മാറ്റാന്‍ മാത്രം വേണ്ട രാഷ്ട്രീയ ബോധം മലയാളിക്കുണ്ടായിരിക്കില്ല. ഒരുതരത്തില്‍ അങ്ങിനെയൊന്ന് ഇല്ലാത്തതല്ല അമ്പതു വര്‍ഷത്തെ ഇടം വലം തിരിഞ്ഞുള്ള അധികാര രാഷ്ട്രീയം അതിനെ മരവിപ്പിച്ചതാണ്. ഈ അബോധത്തിന്റെ ഞരമ്പുകളില്‍ രക്തമോടിക്കുവാന്‍ അതിന്ചൂടുപിടിപ്പിക്കുവാന്‍ അത്യധ്വാനം തന്നെ നടത്തേണ്ടിവരും ഒരു കേരള വിപ്‌ളവം, അതായത് ഒഞ്ചിയത്തുനിന്നും തുടങ്ങുന്ന ഈ പടപ്പുറപ്പാടിനെ വിജയിപ്പിക്കാന്‍. വിശ്രമത്തിന്റെ ഒരു നിമിഷം പോലുമില്ലാത്ത പ്രവര്‍ത്തനം - അതാണാവശ്യം. വരാനിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ പാതയില്‍ പ്രലോഭനത്തിന്റെ വിശ്രമ സങ്കേതങ്ങളും വ്യക്തിലാഭത്തിന്റെ തണല്‍മരങ്ങളും, അധികാര ലബ്ധിയിലേക്കുള്ള കുറുക്കുവഴികളും ധാരാളമുണ്ടായിരിക്കും, അവയെ അതിജീവിച്ച് ഒരു നവകേരള വിപ്‌ളവം എങ്ങനെ നടത്തുന്നു എന്നതായിരിക്കണം ഈ പുതിയ സംരംഭത്തിന്റെ അടുത്ത ചര്‍ച്ചാവിഷയം. ജനങ്ങളോടൊത്തുറങ്ങുന്ന ഒരു പുതുയ നേതൃനിര, ട്രാന്‍സേ്പാര്‍ട്ട് ബസ്സിന്റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്ര ചെയ്യുന്നവനു വേണ്ടിയുള്ള റോഡുകള്‍, പന്‍ചനക്ഷത്ര ജലധാര നിര്‍ത്തി വൈപ്പിനില്‍ കുടിവെള്ളം, പഠിച്ചവനെ പാടത്തിറക്കുന്ന കൃഷിനയം, വികസനം കൊണ്ടുവരുന്ന ജെ സി ബിക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ അവശേഷിക്കുന്ന അഴികളില്‍ കെട്ടിപ്പിടിച്ച് കൈക്കുഞ്ഞുമായി ഒരമ്മയും കരയേണ്ടിവരാത്ത വികസനനയം, പെരിയാറിലിത്തിരി തെളിനീര്‍, കത്തിയുമായി വന്ന് പൗരന്റെ അഭിമാനം ആരും കൊത്തിപ്പറിക്കാത്ത പോലീസ് നയം, പെണ്ണിന് മാനത്തിന്റെ വില കണ്ണീരുകൊണ്ട് പറയേണ്ടിവരാത്ത സാമൂഹ്യ വ്യവസ്ഥ അങ്ങിനെ പലതും എങ്ങിനെ നേടാമെന്ന വ്യക്തമായ ദര്‍ശനം, അതായിരിക്കണം ലക്ഷ്യം.
അധികമാരും കാണാത്ത ഈ ബ്ലോഗില്‍ ഒഞ്ചിയം സഖാക്കളുടെ വെബ്ബിലേക്കിട്ട ഹൈപ്പര്‍ ലിങ്ക് ഈ പ്രത്യാശയുടെ പ്രതീകമാണ്. സ്വന്തം വീട്ടിനുമുന്നില്‍ പാര്‍ട്ടിയുടെ കൊടിയുയര്‍ത്തുന്ന ഒരു പരിപ്പുവട - കട്ടന്‍ ചായ കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ രാഷ്ട്രീയ ബോധം. പ്രത്യയ ശാസ്ത്രങ്ങളുടെ യാഗാശ്വത്തെ ഒഞ്ചിയം സഖാക്കള്‍ മുതലാളിത്തത്തിന്റെ ലായത്തില്‍ കെട്ടാതിരിക്കുന്നിടത്തോളം കാലം അതവിടെയുണ്ടാവും. ആരും ചെന്നെത്താത്ത ഓണം കേറാമൂലകളില്‍ പട്ടിണിക്കാരന്റെ മുറ്റത്തുയര്‍ത്തിയ ചെങ്കൊടികളാണ് പാര്‍ട്ടിയുടെ അടിത്തറയെങ്കില്‍ ഈ ഹൈപ്പര്‍ ലിങ്കിനും തിന്റെ വിലയുണ്ട്. ഈ ബ്‌ളോഗ് അധികമാരും കാണാറില്ലെങ്കിലും.
ലാല്‍സലാം
പ്രത്യാശകളും പ്രതീക്ഷകളും പുലരട്ടേ എന്നാശംസിക്കുന്നു. പക്ഷേ മുന്നണിബന്ധങ്ങളുടെ ഊരാക്കുടുക്കില്‍ പെട്ടുഴലുന്ന കേരള രാഷ്ട്രീയ പരിതസ്ഥിതിയില്‍, മുഴക്കപ്പെടുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി എത്ര മഹനീയമെങ്കിലും, ഒറ്റയ്ക്ക് നിന്ന് കൊണ്ട് അധികാരത്തിന്റെ ചവിട്ടുപടികളിലേക്കെത്താന്‍ സാധ്യമാണോ സുഹൃത്തെ.
ReplyDeleteപ്രിയ കാസിം
ReplyDeleteകമ്മ്യൂണിസം നല്‍കുന്ന സാധ്യതകള്‍ ചെറുതല്ല. ഈ പറയുന്ന മുന്നണി ബന്ധങ്ങളെല്ലാം വിമോചനസമരത്തിന്റെ ഉത്പന്നങ്ങളാണ്. 56ല്‍ 82 ഗറില്ലകളുമായി യുദ്ധത്തിനിറങ്ങിയ ക്യൂബന്‍ സഖാക്കളുടെ ചരിത്രം ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിന് എന്നും ജ്വലിക്കുന്ന പാഠമാണ്. അവര്‍ നേരിട്ട കടമ്പകളിതിലെത്രയോ ചെറുതാണ് ഈ പറയുന്ന സങ്കീര്‍ണതകളെല്ലാം തന്നെ.
ഹരീ,
ReplyDeleteഞാനും കൂടുന്നു.
എന്താവും എന്ന് കണ്ടറിയണം, പ്രതീക്ഷകള്‍ ഇല്ല.
ലാല്‍ സലാം.
ഹരി,
ReplyDelete"ഒരു സാമാന്യ രാഷ്ട്രീയ നിരീക്ഷണത്തില്‍ ഒഞ്ചിയം സഖാക്കളുടെ ഈ പ്രവൃത്തി പുഛംകലര്‍ന്ന ഒരു പുഞ്ചിരിക്കുമാത്രമേ വക നല്‍കുന്നുള്ളൂ. ജനിക്കുമ്പോള്‍ തന്നെ ചരമക്കുറിപ്പെഴുതിയ ഒരുരാഷ്ട്രീയ സംഘടനയെന്ന വിലയിരുത്തലിന്റെ ആംഗിക ഭാഷ. പക്ഷെ അധികാരത്തിലേക്കുള്ള ഹൈപ്പര്‍ലിങ്കുകളായ കായിക ശേഷിയൊ, സംഘബലമോ, ധനശക്തിയോ, പ്രാമാണിത്തമോ, ജാതിമത പിന്തുണയോ ഒന്നുമില്ലാതെ നിത്യ ജീവിതത്തില്‍ അവഗണനക്കും പരിഹാസത്തിനും അഴിമതിക്കും ഇരയാക്കപ്പെട്ട് ഒരിക്കലെങ്കിലും ഈ നശിച്ച നാടെന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടന്ന ഒരോകേരളീയനും ഒരു ഞെട്ടലോടെ പ്രത്യാശയുടെ പുരികങ്ങളുയര്‍ത്തിക്കൊണ്ടാണ് ഈ പ്രസ്താവന കേട്ടത്. ഒറ്റയടിക്ക് ഈ പ്രസ്താവനകളെ വോട്ടുകളാക്കി മാറ്റാന്‍ മാത്രം വേണ്ട രാഷ്ട്രീയ ബോധം മലയാളിക്കുണ്ടായിരിക്കില്ല. ഒരുതരത്തില്‍ അങ്ങിനെയൊന്ന് ഇല്ലാത്തതല്ല.."
അതെ അതാണ് കാര്യം. നമ്മള്‍ മലയാളികള്‍ ആദര്‍ശം വലിയ വായില്‍ പ്രസംഗിക്കും. എന്നാല്‍ തരം കിട്ടുന്നിടെതെല്ലാം അത് ലന്ഗിക്കുക മാത്രമല്ല, ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം കുടുമ്പ സ്വത്തുപോലും ഇല്ലാതാക്കി ജീവിച്ചരെയും ജീവിക്കുന്നവരെയും നമുക്കു പുച്ചമാണ്. അവര്ക്കു ഒരു വോട്ടു പോലും നമ്മള്‍ കൊടുക്കില്ല. എന്നിട്ട് അഴിമതിയെ കുറിച്ചു വാതോരാതെ സംസാരിക്കും.
ഇതെഴുതുമ്പോള്‍ TV യില്‍ പിണറായിക്കെതിരെ കുറ്റപത്രം സമര്‍പിചെക്കും എന്നുള്ള വാര്‍ത്തയാണ്. ഇതും കൂടി ആവുമ്പോള്‍ ഒന്ചിയതെയും ശോര്നൂരിലെയും തളിക്കുളതെയും സഘാക്കള്‍ ഉയര്‍ത്തുന്ന ബദല്‍ പ്രാവര്‍ത്തികമാകാന്‍ അധികം താമസം വരില്ല എന്നൊക്കെ നമുക്കു പ്രതീക്ഷിക്കാം.
മലയാളിക്കു ഏതിനും എന്തിനും പക്ഷവും വിവാദവും മാത്രം മതി. അതിപ്പോ ബ്ലോഗിലും തുടങ്ങിയിരിക്കുന്നു. (ബെര്‍ളിയുടെ പോസ്റ്റ് ഇതിനെ കുറിച്ചു പറയുന്നു). വെറും അധരവ്യായാമം മാത്രം മതി എല്ലാവര്ക്കും. മലയാളിക്കു അവകാശങ്ങള്‍ മാത്രം, കടമ ഇല്ല. ഉത്തരവാദിത്വവുമില്ല...
ഹരിയുടെ പ്രതീക്ഷ പുലരട്ടെ, അതെന്ടേയും ആണ്..
നിങ്ങളെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന വലിയ ഒരു സമൂഹം പിന്നിലുണ്ട്. തളരാതെ തുടരുക. അഭിവാദ്യങ്ങള്‍.
ReplyDelete“അധികമാരും വായിക്കാത്ത/കാണാത്ത” എന്ന പരാതി വേണ്ട;)
ReplyDeleteകമന്റ് വീഴുന്നതും റീഡര്‍ഷിപ്പും തമ്മില്‍ വലിയ ബന്ധോന്നൂല്ല.
പരിപ്പുവട-കട്ടന്‍ ചായ രാഷ്ട്രീയം ലാളിത്യത്തെ സംബന്ധിച്ച ഒരു ആദര്‍ശമെന്ന നിലയ്ക്ക് സ്വീകര്യം,ആകര്‍ഷകം. പക്ഷേ ചര്‍ച്ചകള്‍ അതില്‍ ഒതുങ്ങിപ്പോകരുത്. ടോംയാം സൂപ്പ് ഊതിക്കുടിച്ചും കാഷ്യൂ നട്ട്സ് വറുത്തു കൊറിച്ചും ഇരിക്കുമ്പോഴും മാധ്യമസിങ്കങ്ങള്‍ക്ക് “കട്ടന്‍ ചായ-പരിപ്പുവട രാഷ്ട്രീയം” ചര്‍ച്ചിക്കാനാവും താല്പര്യം - തങ്ങളുടേതടക്കം സമൂഹത്തിന്റെ ഒരു മേഖലയിലും ഇല്ലാത്ത ആദര്‍ശവും സംശുദ്ധിയും പക്ഷേ രാഷ്ട്രീയക്കാരില്‍ ഉണ്ടായിരിക്കണം എന്ന “ഫന്റാസ്റ്റിക്” നിര്‍ബന്ധങ്ങള്‍.
അത് രാത്രി എട്ടര-ഒന്‍പതു മണിയാവുമ്പോള്‍ ആരംഭിക്കുന്ന മധ്യവര്‍ഗ്ഗ ന്യൂസ് റൂം വയറിളക്കം മാത്രമാണെന്നും രാഷ്ട്രീയം അതിനൊക്കെ അപ്പുറത്താണെന്നും തിരിച്ചറിഞ്ഞ് മുന്നേറാന്‍ ജനങ്ങളോടൊത്തുറങ്ങാന്‍ താല്പര്യപ്പെടുന്ന പുതുതലമുറ സഖാക്കള്‍ക്കാകട്ടെ.
-കമ്മ്യൂണിസം,പ്രോളിറ്റേറിയനിസം എന്നൊക്കെ പറയാന്‍ പോലും അര്‍ഹതയില്ലാത്ത ഒരുവന്‍.
ഈ പോസ്റ്റില്‍ വന്ന രണ്ട് കമന്‍റുകള്‍ കാസിം തങ്ങളുടെതും സൂരജിന്റെതും തികച്ചും ആരോഗ്യകരമായ വായനയായി ഞാന്‍ കാണുന്നു. ഒരു പക്ഷെ കമ്മ്യൂണിസ്റ്റ് കടും പിടുത്തങ്ങള്‍ തന്നെയാണ് കമ്യൂണിസത്തിന് ഭീഷണിയുയര്‍ത്തുന്നത് എന്ന സത്യസന്ധമായ വീക്ഷണം. ഒരുകാര്യം ശരിയാണ് ടോം യാം സൂപ്പ് കുടിക്കുന്ന വിഭാഗത്തെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയം ഇന്നത്തെ പരിതസ്ഥിതിയില്‍ സാദ്യമെന്ന് തോന്നുന്നില്ല. പക്ഷെമദ്ധ്യവര്‍ഗ്ഗത്തിനും അതിനുതാഴെയുള്ള സമൂഹത്തിനും ഗുണപരമായ കാര്യങ്ങള്‍ക്കായി അവര്‍ക്ക് ദോഷം വരാത്ത രീതിയില്‍ ഇവരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുമുണ്ട്. അവരോടൊപ്പമിരിക്കുമ്പോള്‍ ഒന്നോ രണ്ടോ കശുവണ്ടികൊറിക്കുന്നതും തെറ്റണെന്ന് തൊന്നുന്നില്ല. പക്ഷെ കട്ടം ചായോം പരിപ്പുവടയുമാണ് കേരളത്തിലെ ബഹു ഭൂരിപക്ഷവും കഴിക്കുന്നതെന്ന ഓര്‍മ്മയോടുകൂടി മാത്രം. സ്റ്റാര്‍ വിഭവങ്ങള്‍ക്കുമുന്നില്‍ അവ അവഗണിക്കപ്പെടരുതെന്നാണുദ്ദേശ്ശിച്ചത്.
ReplyDelete