കേരളത്തില്‍ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിനായി തയ്യാറെടുക്കുമ്പോള്‍ ഭൂമിയുടെ മറുവശത്ത് ഫിദലും ചെഗുവേരയും മര്‍ദ്ദിതരുടെ മോചനത്തിനായി ഗറില്ലാ യുദ്ധം നയിക്കുകയായിരുന്നു. പിന്നീടിതിനകം ഭൂമിയില്‍ പല പാലങ്ങള്‍ക്കടിയിലൂടെ പല പുഴകളിലായി വെള്ളമൊരുപാട് ഒഴുകിപ്പോയി. ലോകമാകെ വീശിയടിച്ച സുഖസൗകര്യങ്ങളുടെ മദിപ്പിക്കുന്ന ഗന്ധമുള്ള, മുതലാളിത്തത്തിന്റെ കൊടുങ്കാറ്റില്‍ (വസന്തതിന്റെ ഇടിമുഴക്കം പോലൊരു.............) കമ്മ്യൂണിസത്തിന്റെ നെടുംകോട്ടകള്‍ തകര്‍ന്നു, ചൈന ഒരു തകര്‍ച്ചയൊഴിവാക്കാന്‍, കമ്മ്യൂണിസ്റ്റ് വന്‍മതിലില്‍ മുതലാളിത്തത്തിന്റെ സിമന്റ് പൂശി. ചെ യുടെ സമര വീര്യം പക്ഷെ ഈ കാറ്റിനെതിരെ അത്ര തലയുയര്‍ത്തിയല്ലെങ്കിലും, ബുഷിനെ ചെകുത്താനെന്നു പരസ്യമായി വിളിക്കാവുന്നിടത്തോളം ഇക്കാലമത്രയും വളരുകയായിരുന്നു. 1961-ല്‍ സന്താ ളാരയിലെ പഞ്ചസാര തൊഴിലാളികള അഭിസമ്പോധന ചെയ്തുകൊണ്ട് ചെ പറഞ്ഞു ``ഒരിക്കലും ഒരടി പോലും പിന്നോട്ടു പോകരുത്, ക്ഷീണത്തിന്റെ ഒരു നിമിഷം പോലുമരുത്, സമരം (യുദ്ധം) ചെയ്യാതിരിക്കുകയാണ് ഉചിതമെന്ന് നമ്മെ പ്രലോഭിപ്പിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാവും പരിപൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് ചെന്നെത്തുവാന്‍ ഈ ജനത കടന്നു പോയ പീഢനങ്ങളുടെ കാലഘട്ടത്തെ കുറിച്ചോര്‍ക്കുക, ഈ രാജ്യത്ത് നടമാടിയിരുന്ന കൊടിയ മര്‍ദ്ദനങ്ങളുടെ കഥളോര്‍ക്കുക................''.
ചെ ഇങ്ങനെ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് 1953 - ലെ മൊങ്കാഡ അക്രമണം - ക്യൂബന്‍ വിപ്‌ളവത്തിന്റെ ആദ്യ പടി - ഒരുപരാജയമായിരുന്നു. 56 - ല്‍ അറുപത് അടി നീളമുണ്ടായിരുന്ന ഗ്രാന്മ എന്ന പായ്ക്കപ്പലില്‍ 82 ഗറില്ലകളുമായി ഒരു വന്‍യുദ്ധത്തിനിറങ്ങുമ്പോള്‍ തോല്‍വിയില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരിക്കില്ല സഖാക്കള്‍. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം മര്‍ദ്ദിതരുടെ സമര വീര്യം ഉണരുകയായിരുന്നു. അതുകൊണ്ടായിരുന്നു ഓരോ വയലേലകളും തോക്കേന്തി യുദ്ധത്തിനിറങ്ങിയ ആ ദിവസങ്ങള്‍ക്കു ശേഷം ചെ എഴുതിയത് - തങ്ങള്‍ പൂര്‍ണമായും ക്യൂബന്‍ ജനതയെ മനസിലാക്കിയില്ലായിരുനു എന്ന്. പക്ഷെ ഇത്തരം ഒരവസ്ഥയിലേക്ക് ഫിദലിനെയും ചെ യെയും പോലുള്ള നേതാക്കളെ എത്തിച്ച ഘടകങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ അചഞ്ചലമായ വിശ്വാസവും മര്‍ദ്ദിതരും ചൂഷിതരുമായ ജനതയോടുള്ള അടങ്ങാത്ത സേ്‌നഹവും വ്യക്തിയേക്കാളുപരി ആശയങ്ങളുടെ വിജയത്തിനായുള്ള ത്യാഗമനസ്ഥിതിയും തന്നെയായിരുന്നു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനുണ്ടായിരിക്കേണ്ട, രാഷ്ട്രീയമായ അതിരുകളെ അവഗണിച്ചുകൊണ്ട് മര്‍ദ്ദിതനായ മനുഷ്യന്റെ രക്ഷക്ക് വേണ്ടി ആയുധമെടുക്കാനുള്ള കര്‍മ്മനിരത ഈ ഗുണങ്ങളോടൊപ്പം ഉണ്ടായിരുന്നതൊന്നുകൊണ്ടു മാത്രമാണ് യുനൈറ്റെഡ് നാഷന്‍സിന്റെ ജെനറല്‍ അസ്സം ബ്ലിയില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച വിപ്‌ളവകാരി ബൊളീവിയയിലെ ഒരുനാട്ടിന്‍പുറത്ത് പട്ടിയെ പോലെ തല്ലിക്കൊല്ലപ്പെട്ടത്. വിജയ പരാജയങ്ങളൊന്നും ചെ യ്ക്ക് ചിന്താവിഷയമായിരുന്നില്ല, വിട്ടുവീഴ്ച്ചയില്ലാത്ത കമ്മ്യൂണിസം. ദല്‍ഹി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ചോരയൊലിക്കുന്ന കല്‍ക്കത്തയുടെ കണ്ണീരൊപ്പാന്‍ യാത്രയാരം ഭിച്ച മഹാത്മാവിനെപ്പോലെ ഓരൊ യുദ്ധത്തിനും ശേഷം അധികാരത്തിന്റെ മത്തു രുചിക്കാന്‍ നില്‍ക്കാതെ പുതിയ യുദ്ധത്തിനായിറങ്ങിയ മനുഷ്യ സേ്‌നഹി. ഫിദെലിന് ചെ എഴുതിയ കത്തുകള്‍ ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കയിലെ മര്‍ദ്ദിതരായ ജനസമൂഹത്തിന് തങ്ങളെ മോചിപ്പിക്കാന്‍ വന്ന രക്ഷകനായിരുന്നു ചെ, അവന്റെ മതമായിരുന്നു കമ്മ്യൂണിസം, അതവരുടെ മതമായി.
മര്‍ദ്ദിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഓരോ ജനസമൂഹവും ഒരു രക്ഷകനെ തിരയുന്നു, പ്രതീക്ഷിക്കുന്നു. അമ്പതുകളിലെ കേരള സമൂഹത്തിലെ മര്‍ദ്ദിതരായ തിഴിലാളികളുടെ ഇടയില്‍ വിപ്‌ളവ വീര്യവുമായെത്തിയ ഓരോ സഖാവിലും അവര്‍ ഓരോ ചെഗുവേരയെ ദര്‍ശിച്ചു. സഖാവ് കൃഷ്ണപ്പിള്ളയെ പോലെ വിപ്‌ളവത്തിന്റെ നൈരന്തര്യത്തില്‍ മാത്രം വിശ്വസിച്ച് വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക്, ജീവനുപോലും വിലകല്‍പ്പിക്കാതെ യധാര്‍ഥ കമ്മ്യൂണിസ്റ്റുകളായി ചെ യെ പോലെ ജീവിച്ച സഖാക്കളുടെ മതമായിത്തന്നെയാണ്് കേരളത്തിലും കമ്മ്യൂണിസം വളര്‍ന്നത്. കാലം വല്ലാത്ത ഒരു പ്രഹേളികയാണ്, തുറന്നിട്ട ജനലുകളിലൂടെയും വാതിലുകളിലൂടെയും കടന്നുവന്ന കാറ്റും വെളിച്ചവും ഇന്ത്യന്‍ - പ്രത്യേകിച്ച് കേരള കമ്മ്യൂണിസ്റ്റുകളെ വല്ലാതെ മാറ്റിമറിച്ചു. ഇമ്പീരിയലിസവും മുതലാളിത്തവും നടത്തുന്ന ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും പുത്തന്‍ മേഖലകളെ കണ്ടുപിടിച്ച് നശിപ്പിക്കെണ്ടവര്‍ - ആ സംഘടന തന്നെ കേരളത്തില്‍ ഒരു കോര്‍പ്പറേറ്റ് ഭീമനായി മാറി. ഇതിന്റെ പരിണിതഫലം വളരെ ഭീകരമായിരുന്നു. നമ്മുടെ സമൂഹത്തിലെ യധാര്‍ഥ മര്‍ദ്ദിത വിഭാഗത്തിന് അവരുടെ ആശയും ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ടു, മാത്രമല്ല രക്ഷകന്‍ കൂറുമാറിയപ്പോള്‍ അവസ്ഥ വളരെ പരിതാപകരവുമായി. ജെ സി ബിയുടെ യന്ത്രക്കൈക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ സന്ഥിബന്ധങ്ങളില്‍ കെട്ടിപ്പിടിച്ച് വിലപിച്ച മൂലമ്പള്ളിയിലെ മനുഷ്യരെ നക്‌സലൈറ്റുകള്‍ എന്ന് ഉള്ളതില്‍ കൊള്ളാവുന്ന സഖാവുതന്നെ വിളിച്ചപ്പോള്‍ ചിത്രം പൂര്‍ണം. ഒരുപറ്റം അധികാര കൊതിയന്മാരുടെയും മുതലാളിത്തത്തിന് വിടുപണിചെയ്യുന്ന ഗുണ്ടാപ്പടയുടെ നേതാക്കന്മാരുടെയും തമ്മില്‍ത്തല്ലിലുപരി മറ്റൊരു പ്രത്യശാജനകമായ ആശയ സംഘര്‍ഷങ്ങളും കേരളത്തില്‍ കമ്മ്യൂണിസ്റ്റു സംഘടനകളില്‍ നടക്കുന്നില്ല. ഒരു തലമുറ നേതൃ- അനുയായി വ്യത്യാസമില്ലാതെ ചോരയിലും മാംസത്തിലും പടുത്ത സംഘബലം പണക്കാരന്റെ വ്യവസായം കാക്കാനുള്ള ഗുണ്ടാപ്പണിക്കും, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അക്രമികളെ പോലീസ് സ്റ്റേഷനില്‍നിന്നിറക്കാനും, മണല്‍ വ്യവസായം നടത്താനും, പലിശപ്പണവ്യവസായം നടത്താനുമൊക്കെ ഉപയോഗിക്കപ്പെടുമ്പോള്‍ ചൂഷണത്തിന്റെ പുത്തന്‍ സ്ഥാപനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മാറിക്കഴിഞ്ഞു
മെല്ലെ മെല്ലെ നടന്ന ഈ മാറ്റത്തിനിടയിലെല്ലാം ആശയപരമായ സംഘട്ടനത്തിന്റെ ഭാഗമായെന്ന വ്യാജേന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിനും പലരും പുറത്താക്കപ്പെടുകയോ പുറത്തു പോകുകയോ ചെയ്തു. അവരെല്ലാം തന്നെ പില്‍കാലത്ത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടു - ഗൗരിയമ്മയും എം വി ആരുമൊഴിച്ച്. ഇതില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു പുറത്തുപോകലാണ് ഈയടുത്ത് ഷൊര്‍ണൂരിലും ഒഞ്ചിയത്തും നടന്നത്. മുന്‍കാല അച്ചടക്കനടപടികളെക്കാളേറെ നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഇനിയും മരിച്ചിട്ടില്ലാത്ത യധാര്‍ഥ കമ്മ്യൂണിസ്റ്റുകളുടെ കലാപമായി ഇവ ചിത്രീകരിക്കപ്പെട്ടു. ഷൊര്‍ണൂര്‍ നഗരസഭ തിരഞ്ഞെടുപ്പിന് ഒരുപക്ഷെ ഒരു അസ്സംബ്‌ളി ഉപ തിരഞ്ഞെടുപ്പിനേക്കാളേറെ മാധ്യമ ശ്രദ്ധയും ലഭിച്ചു. ബി മുരളി നയിക്കുന്ന വിമത കമ്മ്യൂണിസ്റ്റുകളുടെ വിജയാഹ്‌ളാദങ്ങള്‍ക്കിടയില്‍ പക്ഷെ സഖാവ് പിണറായി യുടെ പ്രസക്തമായ ചോദ്യം മുങ്ങിപ്പോയി ''ഷൊര്‍ണൂരില്‍ യു ഡി എഫ് എവിടെപ്പോയി''. സത്യത്തില്‍ സമകാലിക കേരള കമ്മ്യൂണിസ്റ്റ് സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഒരുയധാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ജീവിതവുമായി താരതമ്മ്യം ചെയ്യപ്പെടുമ്പോള്‍. പരിപ്പുവടയെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ചിട്ടയായി കാണുന്ന പുതിയ കമ്മ്യൂണിസ്റ്റുകാര്‍ ദയവായി ഇതിനപ്പുറം വായിച്ച് സമയം കളയണമെന്നില്ല, പലരും പണവുമായി കാതിരിക്കുന്നുണ്ടാവും, പവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്തുകൊടുക്കുന്ന ജോലിയിലേക്ക് ദയവായി തിരികെ പോവുക.
യു ഡി എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് കേരളത്തില്‍ എത്രയോ വര്‍ഷങ്ങളായി ഉപരി മദ്ധ്യവര്‍ഗ്ഗത്തിനുമാത്രമായി ഭരിക്കുന്നു. ദരിദ്രനില്‍ നിന്നും ജീവിതം തടിപ്പറിച്ച് പണക്കാരന് കൊടുക്കുന്ന ഭരണ സംവിധാനം. ഇത്രയുകാലം റിയല്‍ എസ്റ്റേറ്റ് അടക്കം കേരളത്തിലെ പല ബിസിനസ്സുകാരും പറയുന്ന ഒരു സ്ഥിരം വാചകമുണ്ട് ''ബിസിനസ്സ് നടക്കണമെങ്കില്‍ കോണ്‍ഗ്രസ്സ് (കരുണാകരന്‍) ഭരിക്കണം''. അതുകൊണ്ടാണ് ഒരു ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാന്‍ പറ്റാത്ത രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവാസനയും ഉണ്ടായിട്ടും, യു ഡി എഫ് ഭരണത്തിന്റെ ഇടവേളകളില്‍ ജനം എല്‍ ഡി എഫ് നെ തിരഞ്ഞെടുക്കുന്നത് - നിവൃത്തികേടുകൊണ്ട്. പക്ഷെ ഇത്തവണ കളി വല്ലാതെ മാറി. മാറുമെന്ന് ആദ്യമേ അറിയാമായിരുന്നു അതുകൊണ്ടാണ് ഉള്ളതില്‍ നല്ല സഖാവിനെ മല്‍സരിപ്പിക്കാന്‍ ജനം തെരുവിലിറങ്ങിയത്. അവസാനം ടോം ആന്റ് ജെറി കളിച്ച് നല്ല സഖാവും മോശം സഖാവും ജനങ്ങളെ പറ്റിച്ചു. എങ്ങനെയെങ്കിലും ആ കസേരയിലൊന്ന് ഇരുന്നുകിട്ടാന്‍ സ്വന്തം പാര്‍ട്ടിയില്‍ അനുയായികളില്ലാത്ത നേതാവിന്റെ വിദഗ്ധമായ രാഷ്ട്രീയ കളിയില്‍ ജനം പിന്നെയും തോറ്റു തൊപ്പിയിട്ടു. റിയല്‍ എസ്റ്റേറ്റുകാര്‍ സജീവമായെന്നു മാത്രമല്ല ഏതവന്റെയും കിടപ്പാടം ശക്തിയൊ, ബുദ്ധിയോ, വിലക്കുവാങ്ങാവുന്ന അധികാരമോ ഉപയോഗിച്ച് സ്വന്തമാകാന്‍ ശേഷിയും ശേമുഷിയുമുള്ള ഭൂ മാഫിയയായി അതു വളര്‍ന്നു.
വനം, വ്യവസായം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി മിക്ക വകുപ്പുകളും കാര്യമായ പങ്കുവഹിക്കുന്ന ഈ പുത്തന്‍ ഇടതുപക്ഷ സാഹചര്യത്തിലാണ് ഒഞ്ചിയത്തും ഷൊര്‍ണൂരിലും കലാപം പൊട്ടിപ്പുറപ്പെടുന്നത്. വി ബി ചെറിയാന് ശേഷം താത്വീകമായ പ്രഴ്‌നങ്ങള്‍ മൂലമല്ലാതെ, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തായി. കുലമാകെ സമൂഹത്തില്‍ നാശം വിതക്കാന്‍ തുടങ്ങിയാല്‍ കുലംകുത്താതെ വയ്യെന്നായിരുന്നു കുലംകുത്തികളുടെ നിലപാട്. ''പിണറായി കുലം കുത്തിയെന്നു വിളിച്ചാള്‍ പിന്നെ അവര്‍ക്ക് കുലം കുത്തലുമാത്രമേ മര്‍ഗ്ഗമുള്ളൂ'' എന്ന അയാം ദ സ്റ്റേറ്റ് പോലൊരു പ്രഖ്യപനവും കേള്‍ക്കേണ്ടിവന്നു കേരളത്തിന്. കുലംകുത്തികള്‍ സത്യത്തില്‍ ഒരുപ്രത്യാശയായി മറുകയായിരുന്നു. ഒരുതരത്തില്‍ കേരളത്തിന്റെ വിപ്‌ളവ മനസാക്ഷി ഉണരുന്നു എന്നു തോന്നിച്ച നാളുകളായിരുന്നു അത്. റെവല്യൂഷനറി ഇടതുപക്ഷ സംഘടനകള്‍ നാമ്പെടുത്തു. അധികാരത്തിന്റെ സുഖ വിസ്മയങ്ങള്‍ കണ്ട് മതിമറന്ന ഒരു പഴയ സൊവിയറ്റ് നേതാവിന്റെ അമ്മ മകനോട് ''ബോള്‍ഷെവിക്കുകള്‍ വന്നാല്‍ നിനക്കിതൊക്കെ നഷ്ടപ്പെടില്ലേ മോനേ?'' എന്ന് വിലപിച്ചപ്പോള്‍ അനുഭവിച്ചതുപോലൊരു ഭയം സി പി എം നേതൃത്വത്തിനുള്ളില്‍ ഉടലെടുത്തു. സാമ ദാന ഭേദ ദണ്ഢങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു. പക്ഷെ ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പു വന്നതോടെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ആധി തീരുകയായിരുന്നു. വിമത സഖാക്കള്‍ യു ഡി എഫ് ന്റെ ചിറകിനടിയില്‍ അഭയം തേടി, എം വി ആറിനപ്പുറം പോകാത്തൊരു പ്രശ്‌നമേയുള്ളൂവെന്ന് ഇടത് നേതൃത്വം ഇതിനെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചത് ''ഷൊര്‍ണൂരില്‍ യു ഡി എഫ് ഇല്ലെ?''.
കേരളത്തില്‍ ഇന്നും മര്‍ദ്ദിത വിഭാഗങ്ങളുണ്ട് - ചെങ്ങറയില്‍ മാത്രമല്ല. രണ്ടായിരാമണ്ടുകളുടെ തുടക്കത്തില്‍ ഗവേഷണത്തിന്റെ ഭാഗമായുള്ള നീണ്ട യാത്രക്കിടയിലെ വിശന്നു പൊരിഞ്ഞ ഒരുച്ച നേരത്ത് ബോണക്കാട് ചായത്തോട്ടത്തിലെത്തിയിരുന്നു. ചായത്തോട്ടത്തിലെ കടയില്‍നിന്നും എന്തെങ്കിലുമാവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് മുറുക്കും പഞ്ചസാരയില്ലാത്ത കട്ടനും. മുറുക്കു കടിച്ചപ്പോള്‍ മുഖം ചുളിഞ്ഞുപോയി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ സാധനം. ചുളിഞ്ഞ എന്റെ മുഖത്തെ നോക്കി വെറുപ്പോടെ ഒരു സ്ത്രീ പറഞ്ഞതോര്‍ക്കുന്നു "നിങ്ങള്‍ക്കിതെങ്കിലും തിന്നാമല്ലൊ ഞങ്ങളുടെ മക്കള്‍ക്കിതുപോലും തിന്നാനില്ല വേണ്ടെങ്കില്‍ വച്ചിട്ട് കാശുതന്ന് പൊയെ്ക്കാ''. വണ്ടിപ്പെരിയാറില്‍, മൂന്നാറില്‍, വയനാട്ടില്‍, നെല്ലിയാമ്പതിയില്‍ അങ്ങിനെ പലയിടത്തും പിന്നീട് ഈ സ്ത്രീയെ കണ്ടിരുന്നു, തൃശ്ശൂരുമുതല്‍ തെക്കോട്ട് കേരളത്തിലെ റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്കുകളിലെ വീടുകള്‍ കാശുകൊടുത്തു വാങ്ങി താമസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. സഖാക്കള്‍ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന നഗരത്തിന്റെ എച്ചില്‍ കഴുകുകയും, തറ തുടക്കുകയും, കക്കൂസ് വൃത്തിയാക്കുകയും, തൂക്കുകയും, കെട്ടിടം കെട്ടുകയും മറ്റും ചെയ്യുന്ന ഒരുവര്‍ഗ്ഗം. പുരമ്പോക്കിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് വെള്ളവും വെളിച്ചവുമെത്തിക്കാനും, കുടിയിറക്കപ്പെടാതിരിക്കാനും വരുമാനത്തിന്റെ സിംഹഭാഗം ചെലവാകുന്നവര്‍. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടം സമ്മാനിച്ചതാരണെന്ന് ആരും പഠിച്ചിട്ടുണ്ടാവില്ല, മാസം ആയിരത്തഞ്ഞൂറു രൂപ ശമ്പളത്തിന് സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്ന നഴ്‌സുമാരില്ലെങ്കില്‍ കേരളത്തിലെ ബഹുഭൂരിപക്ഷവും ചികില്‍സയ്ക്ക് പണമില്ലാതെ മരിച്ചുപോവും. ഈ ലിസ്റ്റിങ്ങനെ ഒരുപാടു നീട്ടാം. മൂന്നു നേരം ഉണ്ടുകഴിഞ്ഞാല്‍, പരമാവധി വൈകുന്നേരം ഒരു നില്‍പ്പന്‍ കൂടി അടിച്ചുകഴിഞ്ഞാല്‍ പിന്നെയൊന്നും ബാക്കിവെക്കാനില്ലാത്തവര്‍ മുതല്‍ മുഴുപ്പട്ടിണിക്കാര്‍ വരെ. ഒരു നേരത്തെ കഞ്ഞിക്കുള്ളത് കൃഷിചെയ്യാന്‍ കമ്മ്യൂനിസ്റ്റുകാര്‍ സം രക്ഷിക്കുന്ന ഇഷ്ടികക്കളക്കാരെ തോല്‍പ്പിക്കാന്‍ സമരം ചയ്യുന്നവര്‍, കുടിവെള്ളത്തിനായി സമരം ചെയ്ത് മടുത്ത വൈപ്പിന്‍. വന്‍ കിടകാര്‍കായി, വികസനത്തിനെന്ന പേരില്‍ എല്ലാം സ്റ്റേറ്റ്‌ന്റെ കൈകൊണ്ട് തന്നെ കൊള്ളയടിക്കപ്പെട്ടവര്‍. യു ഡി എഫ് ലെ ഏതെങ്കിലും കക്ഷികള്‍ തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നില്ല, മുഖം മാറിയ ഇടത് പാര്‍ട്ടികളോട് പോരാടനുള്ള ശക്തിയും ഒറ്റക്കൊറ്റക്ക് ഇവര്‍ക്കില്ല. ഇവര്‍ ഒരു ചെ യെ കാത്തിരിക്കുന്നു, ഒരു അഴീക്കൊടനെ കാതിരിക്കുന്നു ഒരു ഏ കെ ജി യെ കാത്തിരിക്കുന്നു.
വലിയവായില്‍ വിപ്‌ളവം പറഞ്ഞ് ആരെങ്കിലും ഇടത് പാര്‍ട്ടികളില്‍നിന്നിറങ്ങുമ്പോള്‍ ഇവര്‍ എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. പോരാട്ടത്തിനിറങ്ങുന്നു അവസാനം അധികാര ലബ്ധിമാത്രം ലക്ഷ്യമാക്കി അവര്‍ കോണ്‍ഗ്രസ്സു പോലൊരു ബൂര്‍ഷ്വയൊടും, ലീഗുപോലൊരു അര്‍ധമതമൗലിക വാദികളോടും മട്ടും കൂട്ടുകൂടി ഒരു മന്ത്രിസ്ഥാനവും, ഒരു കോര്‍പറേഷനും, ഒരു പെരിയാരവും മറ്റും കൊണ്ട് തൃപ്തരാവുമ്പോള്‍ വീണ്ടും അറുപതടി നീളമുള്ള ഒരു ഗ്രാന്‍മയ്ക്കായി ജീവിതത്തിന്റെ കടലോരത്ത് തഴമ്പിച്ച കൈകള്‍ മങ്ങിത്തുടങ്ങിയ കണ്ണിനുമുകളില്‍ ചേര്‍ത്തുവച്ച് കടലിലേക്കുനോക്കിക്കൊണ്ട് കാത്തിരിക്കുന്നു. ഷൊര്‍ണൂരില്‍ അധികാരം മാത്രം ലക്ഷ്യമാക്കി യു ഡി എഫിനോട് സന്ധിചെയ്ത ബി മുരളിയും ഹാരീസുമാര്‍ക്ക് പാര്‍ട്ടിയെ പണയം വച്ച പിണറായിയും തമ്മില്‍ വ്യത്യാസമുണ്ടോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല.
ചെ ഗുവെരയെ (മോട്ടോര്‍ സൈക്കിള്‍ ഡയറി മുതല്‍) പുതു വിപ്‌ളവകാരികള്‍ ഷൊര്‍ണൂര്‍ പിണറായി - മുരളി സഖാവടക്കം തിരക്കിനിടയില്‍ സമയം കിട്ടുമ്പോള്‍ അല്പാല്‍പ്പമായി വായിക്കേണ്ടതുണ്ട്. തങ്ങളുടെ യുവ രക്തത്തിനൊരിക്കല്‍ തിളക്കാന്‍ ചൂട്ടുകത്തിച്ച ആ പഴയ പുസ്തകങ്ങളുടെ ഒരു പുനര്‍വായന. എന്നിട്ടൊന്നിരുത്തി ചിന്തിക്കൂ സഖാക്കളെ, തമ്മിലടിപ്പിച്ചും, തമ്മിലടിച്ചും, തെറ്റിദ്ധരിപ്പിച്ചും, അധികാര ലബ്ധിക്കായി നിങ്ങള്‍ നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ ചരിത്രത്തില്‍ ജനവഞ്ചകരുടെ താളുകളിലേ നിങ്ങളെ എത്തിക്കൂ. നിങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കുകയല്ല, ഈ ജനതയിലെ ബഹുഭൂരിപക്ഷം മര്‍ദ്ദിതരും കാത്തിരിക്കുന്ന രക്ഷകന് നിങ്ങളാരുടെയും മുഖമല്ലെന്ന് തിരിച്ചറിയുകയാണ്.
“എരിഞ്ഞടങ്ങിയും, കത്തിജ്ജ്വലിച്ചതുമായ ഒരു പറ്റം കറയറ്റ സഖാക്കള്‍ക്ക്”
ReplyDeletehttp://nattapiranthukal.blogspot.com/2008/12/blog-post_18.html
സത്യസന്ധമായ ഭാഷണം.
ReplyDeleteനീതിക്കുവേണ്ടിയുള്ള, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യ സമൂഹത്തിന്റെ വ്യാഗ്രത നശിക്കാന്‍ പോവുന്നില്ല. ചില സ്വാര്‍ത്ഥതയില്‍ തല്‍ക്കാലം മറന്നാലും പിന്നീടും അത് ഉദിച്ചുയരും.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍, ചില വ്യക്തികളുടെ നന്മയുടെ തണല്‍ പറ്റി വലിയൊരു പ്രസ്ഥാനമായി മാറിയപ്പോള്‍ ചെയ്യേണ്ടിയിരുന്ന പലതും ചെയ്‌തിരുന്നില്ല. കേരളയീയനെ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനു പകരം സ്വാര്‍ത്ഥതയെ കത്തിക്കുകയാണ് ഇവര്‍ ചെയ്‌തത്. അങ്ങിനെയൊരു രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്ന ഭൂരിപക്ഷം ഇടതുപക്ഷചിന്താഗതിക്കാരായ സ്ഥിതിക്ക് ഇവിടെ അഴിമതി കാണില്ലായിരുന്നു.
മറ്റൊരു കോണ്‍ഗ്രസ്സാണ് കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകള്‍.
നല്ല കുറിപ്പ്.തീർച്ചയായും താങ്കളെ അഭിനന്ദിക്കുന്നു. കമ്യൂണിസം പണത്തിനും മതത്തിനും/സമുദായത്തിനും മുമ്പിൽ അടിയറവുപറയുകയും പഞ്ചനക്ഷത്രതലത്തിലേക്ക് “ഉയർത്തപ്പെടുകയും” ചെയ്യുമ്പോൾ അപസ്വരങ്ങളെ കുലംകുത്തികൾ,വലതിaന്റെ പിണിയാളന്മാർ എന്ന്നിങ്ങനെയുള്ള പദാവാലികൾകൊണ്ട് അപമാനിക്കുകയും താൽക്കാലികാശ്വാസം കൊള്ളുകയും ചെയ്യുന്ന സമകാലിക രാഷ്ടീയം സാധരണക്കാരെ നിരാശരാക്കുന്നു.ഷോർണ്ണൂർ ഒരു പാഠമായി ആരും ഉൾക്കൊള്ളൂവാൻ പോകുന്നില്ല.കാരണം അതിനെ തിരിച്ചറിയുവാൻ ഉള്ള ഉൾക്കാഴ്ച എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. അധികാരത്തിമിരം ബാധിച്ചവർക്ക് സാധരണക്കാരുടെ നിശ്ശബദമായതും എന്നാൽ ശക്തമായതുമായ മറ്റൊരു വിപ്ലവക്കൊടുങ്കാറ്റിനെ അതിജീവിക്കുവാൻ ആകില്ല.
ReplyDeleteരണഭൂമിയിൽ പിടഞ്ഞുവീണ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.(കൂലിത്തല്ലിനുപോയും, പിടിച്ചുപറിക്കാൻ പോയും,കള്ളുകുടിച്ച് കണ്ടോന്റെ മെക്കിട്ടുകയറിയും കേരളത്തിൽ വെട്ടുകൊണ്ടു ചാവുന്ന അലവലാതികൾക്കല്ല.അവരല്ല യദാർഥ കമ്യൂണീസ്റ്റ് സഖാക്കൾ.ചെയും,വർഗ്ഗീസും പോലുള്ള സമരവീര്യവും ആത്മാഭിമാനവും ഉള്ള ധീരന്മാരാണ് സഖാക്കൾ)
നമുക്ക് നന്നാക്കിയെടുക്കവുന്നതിനും അപ്പുറത്താണ് സഖാവേ പാര്‍ട്ടിയിലെ ജീര്‍ണത. ജീവനുള്ള ശംഖിന്റെ മാംസം മുഴുവന്‍ ഭക്ഷിച്ച ശേഷം അതിന്റെ പുറം തോടിനുള്ളില്‍ കുടി പാര്‍ക്കുന്ന ഞണ്ടുകളെ കണ്ടിട്ടുണ്ടോ? നമ്മുടെ നേതാക്കളെ കാണുമ്പോള്‍ അവയെയാണ് ഓര്‍മ വരുന്നത്. ഇവരെ ഇനി കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിക്കുന്നത് തന്നെ മഹാ അപരാധമാവും.
ReplyDeleteനമുക്കിനി എല്ലാം പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. അതിനായി ഒരു കൂട്ടായ്മ ഉണ്ടാവേണ്ടിയിരിക്കുന്നു. കാത്തിരിക്കാം ഒരു ചെ ഗുവേരക്കായി.
സമാനമായ ഒരു വിഷയത്തില്‍, ഒരു നാട്ടുമ്പുറത്തുകാരന്റെ ആകുലത ഇതാ ഇവിടെ
ReplyDeletehttp://thekidshouts.blogspot.com/2008/08/blog-post.html
മര്‍ദ്ദിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഓരോ ജനസമൂഹവും ഒരു രക്ഷകനെ തിരയുന്നു, പ്രതീക്ഷിക്കുന്നു. അമ്പതുകളിലെ കേരള സമൂഹത്തിലെ മര്‍ദ്ദിതരായ തിഴിലാളികളുടെ ഇടയില്‍ വിപ്‌ളവ വീര്യവുമായെത്തിയ ഓരോ സഖാവിലും അവര്‍ ഓരോ ചെഗുവേരയെ ദര്‍ശിച്ചു
ReplyDeleteyou said it... Party did greatful things in the past. now that vision lost.
കള്ളപ്പണക്കാരുടെ മൂടുതാങ്ങികളായി അധപ്പതിച്ചിരിക്കുന്ന പുതിയ "പ്രൊഫഷനല്‍" നേതാക്കളുടെ സ്വാധീനത്തില്‍ പ്രാദേശിക പാര്‍ടി ഘടകങ്ങള്‍ പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. ചൂഷിതവര്ഗ്ഗത്തെ പെരുവഴിയിലുപെക്ഷിച്ചു മുതലാളിത്തത്തിന്റെ മധുരം നുണയന്‍ പോയ ഈ നയവഞ്ചകര്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ല. പാര്‍ട്ടിയെ ജീവനായി കണ്ടിരുന്ന ഒരു വലിയ സമൂഹം ഇന്ന് സംഘടനയിലെ കലാപങ്ങള്ക്കാണ് പ്രതീക്ഷയോടെ കാതോര്‍ക്കുന്നത്. ശക്തമായ നിരീക്ഷണങ്ങള്‍ക്ക് നന്ദിയും ആശംസകളും.
ReplyDeleteഹരീ, മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറയുന്നതിനു പകരം "അധികാരം നേതാക്കളെ മയക്കുന്ന കറുപ്പാണെന്ന്" പറയപ്പെടെണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല ബ്ലോഗിലും ചെറു ചെറു തീപ്പൊരികള്‍ എരിന്ചോടുങ്ങാന്‍ മനസ്സില്ലാതെ, ആളിക്കത്താന്‍ കാത്തിരിക്കുന്നുണ്ട്.
ReplyDeleteഎനിക്ക് പ്രത്യാശ ഉണ്ട്. സ്വാതന്ത്ര്യ സമരം നൂറ്റാണ്ടുകളിലൂടെ ആളിക്കതിയപോലെ, ഇനിയും ഒരു മഹാ വിപ്ലവം അല്ലെങ്കില്‍ പൊരുതല്‍ ഇടതു വലതു ജീര്‍ണകള്‍ക്ക് എതിരെ ഉണ്ടാവും തീര്‍ച്ച. നമുക്കു പ്രത്യാശിക്കാം. സ്വപ്നം കാണാം. ഒരു ചെയും, ഒരു എകെജിയും, അഴീക്കൊടനുമൊക്കെ ഇനിയും ഉണ്ടാവും. പിണരായിമാരും, ജയരാജന്മാരും, ശശിമാരും, ബെബിമാരുമൊക്കെ താല്‍കാലിക പ്രതിഭാസമാണെന്ന് നമുക്കാശ്വസിക്കാം. നല്ലത് മാത്രം സ്വപ്നം കാണാം.
ഇലെക്ട്രോനിക് മീഡിയകള്‍ അതിനുള്ള വേഗം കൂട്ടും. കാരണം ഇന്നു ഇരട്ടതാപ്പുകള്‍ അപ്പപ്പോ നാം തിരിച്ചറിയുന്നു.