Saturday, July 4, 2009

ചാര്‍വാകന്‍, അം ബേദ്കറിന്റെ രീതിശാസ്ത്രം ഇപ്പോള്‍ ഇടതുപക്ഷത്തിന് മനസിലായിട്ടുണ്ട്.

ജാതിയും ജാതിവ്യവസ്ഥയും എന്ന തലക്കെട്ടില്‍ കാളിദാസന്‍ അവതരിപ്പിച്ച ബ്‌ളോഗ് പോസ്റ്റും അതിന് ചാര്‍വാകന്‍ പോസ്റ്റ് ചെയ്ത അഭിപ്രായവുമാണ് ഇത് എഴുതാന്‍ കാരണം. ബ്രാഹ്മണിക്കല്‍ പ്രത്യയ ശാസ്ത്രവും അംബേദ്കര്‍ തുടങ്ങിവച്ച രീതിശാസ്ത്രവും എന്ന രണ്ടുകാര്യങ്ങള്‍ ചാര്‍വാകന്റെ അഭിപ്രായത്തില്‍ വായിക്കാന്‍ കഴിഞ്ഞു. ഹിന്ദു മതത്തിന്റെ ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം എന്നതുകൊണ്ട് ഒരുപക്ഷെ അദ്ദേഹം ഉദ്ദേശിക്കുന്നത് ജാതിപരമായ തരം തിരിവുകളില്‍ ബ്രാഹ്മണനെ ഉയര്‍ന്ന തലത്തില്‍ സ്ഥാപിച്ച് ക്ഷത്രിയന് ആയുധവും ഭരിക്കാനുള്ള അവകാശവും നല്‍കി മറ്റുള്ളവരെ അടിച്ചമര്‍ത്തുന്ന തന്ത്രമായിരിക്കണം. ആദിവാസികളൊഴിച്ചുള്ള ദളിതരുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാനകാരണം ഇതുതന്നെയാണ്. ഇത് ഇന്ത്യയിലെ ഏത് രാഷ്ട്രീയ ചിന്തകനും മനസിലാക്കിയ ഒരുകാര്യം മാത്രമാണ്. ഇതിനേ നേരിടാന്‍ അംബേദ്കര്‍ രുപീകരിച്ച രീതിശാസ്ത്രം (മേതോടോലോഗി) ചാര്‍വാകന്‍ പറയുന്നതു പോലെ ആര്‍ക്കും മനസിലാവാത്തതുകൊണ്ടൊന്നുമല്ല, എല്ലാവരും മനസിലാവാത്തതുപോലെ നടിച്ചതാണ്. കാരണം അം ബേദ്കറിന്റെ ഉദ്ദേശ്ശ്യം ജാതിവ്യവസ്ഥയുടെ വേരറുക്കലെന്നതിലുപരി ബ്രാഹ്മണ്യത്തോടുള്ള പകപോക്കലായിരുന്നു, അല്ലെങ്കില്‍ അധഃകൃതന്റെ സംഘടിത മുന്നേറ്റമായിരുന്നു. അല്ലാതെ ജാതീയമായ തരം തിരിവുകളെ നിര്‍മാര്‍ജനം ചെയ്യലായിരുന്നില്ല. ഈ പറഞ്ഞത് എന്റെ അഭിപ്രായമല്ല, ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ, സ്വാതന്ത്ര്യത്തിന്റെ പടിവാതിലില്‍ ഒരു കറിവേപ്പില പോലെ നാമുപേക്ഷിച്ച മഹാത്മാവിന്റെ വിലയിരുത്തലാണ്. ഈ കാര്യം വ്യക്തമായി മനസിലാക്കിയത് കൊണ്ടാണ് ഇടതുപക്ഷം അം ബേദ്കറിനു നേരെ കണ്ണടച്ചത്.
1931 ല്‍ ബോംബേയിലേക്ക് ഗാന്ധിജി അംബേദ്കറിനെ ഒരു കൂടിക്കാഴ്ച്ചക്കു ക്ഷണിക്കുകയുണ്ടായി. അംബേദ്കര്‍ ജനിക്കുന്നതിനുമുമ്പുതന്നെ താന്‍ തുടങ്ങിയ തൊട്ടുകൂടായ്മക്കെതിരായ സമരത്തെ ഓര്‍മ്മിപ്പിച്ച മഹാത്മാവ് അധഃകൃതരെ രാഷ്ട്രീയമായി മറ്റു ഹിന്ദുക്കളില്‍ നിന്നും വേറിട്ടൊരു ശക്തിയായി മാറ്റുന്നത് ജാതി വ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പുനല്‍കി. അധഃകൃതരും മറ്റു ഹിന്ദുക്കളും തമ്മില്‍ നിലനില്‍ക്കുന്ന ഉഛനീചത്വമാണ് നശിപ്പിക്കേണ്ടതെന്നും അതുവഴി ഹിന്ദുമതത്തിന്റെ ശുദ്ദീകരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വാദിച്ചു. പക്ഷെ അംബേദ്കറാകട്ടെ ഇത് ചെവിക്കൊള്ളാതെ യോഗത്തില്‍ നിന്നും പിന്‍വാങ്ങി. ഗാന്ധിജി ഇതേ നയം തന്നെയാണ് വൈക്കം സത്യാഗ്രഹം പോലുള്ള മുന്നേറ്റങ്ങളിലും സ്വീകരിച്ചിരുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ ഹിന്ദുക്കളല്ലാത്തവരുടെ നേരിട്ടുള്ള പങ്കെടുക്കലിനേയും അദ്ദേഹം യങ്ങ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനത്തില്‍ എതിര്‍ത്തിരുന്നു. ഹിന്ദുക്കളെ അവരുടെ അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് ശുദ്ധരാവാന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പക്ഷെ അധകൃതരുടെ സംഘടിത രാഷ്ട്രീയമായിരുന്നു അം ബേദ്കറിന്റെ ലക്ഷ്യം. ജാതിവ്യവസ്ഥയെന്ന സാമൂഹ്യ വിപത്തിനെ ഒരിക്കലും അവസാനിപ്പിക്കന്‍ ഉതകാത്ത ഈ രീതി ശാസ്ത്രമാണ് പട്ടികജാതി കണ്‍ വെന്‍ഷനുകളും മറ്റും നടത്തി ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് (മതം ഒരു രാഷ്ട്രീയ ഘടകമായി അംഗീകരിച്ചിരുന്നുവെങ്കിലും ഈ എം എസ് ഒരിക്കലും ജാതിപരമായ രാഷ്ട്രീയ മുതലെടുപ്പിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല). അത്രയൊന്നും ഭീകരമായ പ്രത്യയശാസ്ത്രപ്രശ്‌നങ്ങളൊന്നും ഇതിലില്ല. അംബേദ്കറിന്റെ രീതിശാസ്ത്രം ഉപയോഗിക്കാന്‍ ഇടതുപക്ഷം ഇതുവരെ മടിച്ചുനിന്നതാണ്. ബ്രാഹ്മണ മേധാവിത്തം മൂലം തന്റെ സമൂഹം അനുഭവിക്കേണ്ടിവന്ന പീഢനങ്ങളുടെ വേദനയില്‍ അംബേദ്കറിന് വിവേകത്തിന്റെ മൂന്നാംകണ്ണ് നഷ്ടപ്പെട്ടിരുന്നു എന്നാണ് സത്യത്തില്‍ ഗാന്ധിജി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.
താനടങ്ങുന്ന ഒരു സമൂഹത്തെ മാറ്റാന്‍ മിനക്കെടാതെ എളുപ്പത്തില്‍ ബുദ്ധമതത്തിന്റെ തണലില്‍ രക്ഷപ്രാപിക്കാന്‍ പലായനം ചെയ്യുന്നതും ഒരു ജന്‍മം കൊണ്ടും സ്വന്തം ജീവിതമുപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കൊണ്ടും ഹിന്ദുത്വത്തെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിച്ച ധീരതയും തമ്മില്‍ ഒരുപാട് അന്തരമുള്ളതു കൊണ്ടാണ് ചാര്‍വാകന്‍ പറഞ്ഞ പൊതുസമൂഹത്തിലെ അദൃശ്യത ഉണ്ടാവുന്നത്.
തെറ്റിദ്ധരിക്കരുത് ഞാനിന്നും അം ബേദ്കറിനെ ഒരു രാഷ്ട്ര ശില്‍പിയായി ബഹുമാനിക്കുന്ന വ്യക്തിയാണ്. വ്യക്തമാക്കിയത് ഒരു രീതിശാസ്ത്രത്തിനോടുള്ള ചില അഭിപ്രായ ഭിന്നതകള്‍.

17 comments:

  1. ഹരി,

    ഗാന്ധിജിക്ക് ഗാന്ധിജിയുടേതായ കാഴ്ചപ്പാടുണ്ടായിരുന്നു. അംബേദ്ക്കര്‍ ജനിക്കുന്നതിനും മുമ്പ് ജാതിക്കെതിരെ ഗാന്ധിജി പലതും ചെയ്തിട്ടുണ്ടാവം. പക്ഷെ ഇന്‍ഡ്യയേപ്പോലുള്ള ഒരു രാജ്യത്ത് , സമൂഹത്തിലെ ഭൂരിപക്ഷത്തിനും അധികാരത്തിന്റെ ഏഴയലത്തുപോലും എത്തിനോക്കാന്‍ സാധിക്കാതിരുന്ന ഒരു രാഷ്ട്രീയ ഭൂമികയില്‍ നിന്നാണ്| അംബേദ്ക്കര്‍ പ്രവര്‍ത്തിച്ചത്. അതദ്ദേഹത്തെ പലതും പഠിപ്പിച്ചു. മറ്റുള്ളവര്‍ എറിഞ്ഞു തരുന്ന നക്കാപ്പിച്ചയേക്കാളും, തീരുമാനങ്ങളെടുക്കാനുള്ള അധികാരസ്ഥാനങ്ങളില്‍ അധസ്ഥിതര്‍ എത്തേണ്ടതാണെന്ന തിരിച്ചറിവ് അനുഭവത്തില്‍ നിന്നും അദ്ദേഹം പഠിച്ചു.

    ഗന്ധിജിയുടെ ഈ നിലപാടിനോടെനിക്കു യോജിക്കാനാകില്ല. കോണ്‍ഗ്രസില്‍ പല നേതാക്കളെയും ഉയര്‍ത്തികൊണ്ടു വന്ന അദേഹം , അധസ്ഥിതരില്‍ നിന്നാരെയും ഉയര്‍ത്തിക്കൊണ്ടു വന്നില്ല. അധസ്ഥിതര്‍ക്കുവേണ്ടി സഹസ്രാബ്ദങ്ങളയി മറ്റുള്ളവര്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് തുടര്‍ന്നു കൊണ്ടുപോകാനാണ്, ഗാന്ധിജി തീരുമാനിച്ചതും. ബെദ്ക്കറിനതംഗീകരിക്കാനായില്ല. ഞാന്‍ അതില്‍ അംബേദ്ക്കറിനെ കുറ്റപ്പെടുത്തില്ല.

    ജാതീയമായ തരം തിരുവുകള്‍ നിര്‍മാര്‍ജനം ചെയ്യലായിരുന്നു അംബേദ്ക്കര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് ഹരി നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്? അത് ചെയ്യേണ്ടിയിരുനത് അംബേദ്കറല്ല. അതുണ്ടാക്കുകയും നില നിര്‍ത്തുകയും ചെയ്തവരാണ്. ജാതി ഹിന്ദുമതത്തിനുള്ളിലെ പ്രശ്നമയിരുന്നു. അത് നിര്‍മാര്‍ജ്ജനം ചെയ്യേണ്ടത് ഹിന്ദു മത നേതാക്കളായിരുന്നു. അംബേദ്ക്കര്‍ ഒരു മത നേതാവായിരുന്നില്ല. ഗാന്ധിജി പറഞ്ഞിട്ട് ഒരു ഉയര്‍ന്ന ഹിന്ദുവും ജാതി ഉപേക്ഷിച്ചില്ല. പിന്നല്ലേ ഒരു തോട്ടിയായി ജാനിച്ച അം ബെദ് ക്കര്‍ പറഞ്ഞാല്‍ അവര്‍ കേള്‍ ക്കുന്നു. മാത്രമല്ല ഗാന്ധിജി പോലും ജാതി ഉപേക്ഷിച്ചില്ല. അവിടെ ഹരി കുറ്റപ്പെടുത്തേണ്ടത്, ഉയര്‍ന്ന ജാതിയില്‍ ജനിച്ച് ഉയര്‍ന്ന ജാതിയില്‍ ജീവിച്ച്, ഉയര്‍ന്ന ജാതിയില്‍ തന്നെ മരിച്ച ഗാന്ധിജിയെ അല്ലേ?


    ഇവിടെ നമുക്ക് ഗന്ധിജിയോട് സഹതപിക്കാം . ദളിതന്റെ തോളില്‍ കയ്യിട്ടും, ദളിതന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചും, അന്തിയുറങ്ങിയും ദളിതനെ ഉദ്ധരിക്കാം എന്നു വിശ്വസിച്ച ഗാന്ധിജിയേക്കാളും, ഞന്‍ അംഗീകരിക്കുന്നത് അംബേദ്ക്കറിന്റെ ക്രാന്ത ദര്‍ശിത്വത്തെയാണ്. ഇങ്ങനെയുള്ള പൂതപ്പാട്ടുകളൊന്നും ദളിതനെ സഹായിക്കില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് ഗാന്ധിജിയുടെ യോഗത്തില്‍ നിന്നും പിന്‍വാങ്ങി.

    ReplyDelete
  2. ആശയപരമായ വ്യത്യസ്തകാഴ്ച്ചപ്പടുകള്‍ അത്രമാത്രം. എന്നെ സമ്പന്ധിച്ചടുത്തോളം ദലിതരെ സഘടിപ്പിച്ച് രഷ്ട്രീയമായി ഒറ്റപ്പെടുത്തി സവര്‍ണരോടുള്ള തന്റെ പക തീര്‍ക്കാനുള്ള ശ്രമമെന്നതിലുപരി ഒരു ക്രാന്ത ദര്‍ശിത്വവും അം ബേദ്കറില്‍ കാണാന്‍ കഴിയുന്നില്ല. അവസാനം ഒരുതരത്തിലും ലക്ഷ്യം പ്രാപിക്കാത്ത ബുദ്ധമതത്തിലേക്കുള്ള പലായനവും മറ്റും അപക്വവും ഭീരുത്വം നിറഞ്ഞതുമായ നടപടികളായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. വിയോജിപ്പുകളെ ബഹുമാനപുരസരം സ്വാഗതം ചെയ്യുന്നു.

    ReplyDelete
  3. ഹരി,


    വൈക്കം സത്യഗ്രഹം ഗന്ധിജിയുടെ മറ്റൊരു മുഖം തുറന്നുകാട്ടി. ഇന്‍ഡ്യയിലെ ഒരമ്പലത്തിലും അധസ്ഥിതരെ പ്രവേശിപ്പിച്ചിരുന്നില്ല എന്ന കാര്യം ​ഗന്ധിജിക്കറിവുള്ളതായിരുന്നു. ലക്ഷക്കണക്കിനായ ആ അമ്പലങ്ങളിലൊന്നും ദളിതനെ പ്രവേശിപ്പിക്കണമെന്നു പറഞ്ഞദ്ദേഹം സത്യഗ്രഹമിരുന്നില്ല. വൈക്കം സത്യഗ്രഹം തുടങ്ങിയത് ഗാന്ധിജി ആയിരുന്നില്ല. മറ്റുള്ളവര്‍ തുടങ്ങി വച്ച സത്യഗ്രഹത്തിലേക്ക് അദ്ദേഹം വന്നു ചേര്‍ന്നതായിരുന്നു.

    ഹിന്ദുക്കളെ അവരുടെ അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് ശുദ്ധരാവാന്‍ അനുവദിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കില്‍ വൈക്കം സത്യഗ്രഹത്തിനു പ്രസക്തിയില്ല. സത്യഗ്രഹം ഒരു സമരമുറയായിട്ടാണദ്ദേഹം ഉപയോഗിച്ചത്. സ്വയം വലിച്ചെറിയാന്‍ അനുവദിക്കുന്നതിനു സമരം ആവശ്യമില്ല, ഉപദേശം നല്‍കിയാല്‍ മതിയായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വയം ഇന്‍ഡ്യ വിട്ടുപോകുനതു വരെ അദ്ദേഹം കാത്തിരുന്നില്ല. അതിനെതിരെ സമരം ചെയ്തു. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യക്കാരെ അടിച്ചമര്‍ത്തി ഭരിച്ചതു പോലെതന്നെയായിരുനു ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെയും അടിച്ചമര്‍ത്തിയത്. രണ്ടിനെയും രണ്ടു രീതിയില്‍ കണ്ടത് ഗാന്ധിജിയുടെ ആര്‍ജ്ജവമില്ലായ്മയാണു സൂചിപ്പിക്കുന്നത്.

    ഗാന്ധിജിയുടെ ഉപദേശം അംബേദ്ക്കര്‍ സ്വീകരിച്ചിരുന്നെങ്കില്‍, ഉത്തര്‍ പ്രദേശില്‍ ഇന്നും ദളിതര്‍ കന്നുകാലികളേപ്പോലെ ജീവിക്കുമായിരുന്നു. അംബേദ്ക്കറില്‍ നിന്നും ​ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്, മായാവതിയേപ്പോലുള്ള നേതാക്കള്‍, ദളിതര്‍ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്. അതൊന്നും അയുധമെടുത്ത് യുദ്ധം ചെയ്തല്ല. തികച്ചും ജനാധിപത്യ രീതിയില്‍ തന്നെയാണ്.

    ReplyDelete
  4. ഹരി,

    ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ യതൊരു കഴമ്പുമില്ല.

    ഹിന്ദുക്കള്‍ അവരുടെ അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് ശുദ്ധരാവണമെന്നാണ്, ഹരിയുടെയും അഭിപ്രയമെങ്കില്‍, ഈ കുറ്റപ്പെടുത്തല്‍ ഒരു വൃത്തികേടായിട്ടേ എനിക്ക് തോന്നുന്നുള്ളു. അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞു ശുദ്ധരാകേണ്ടതാണ്, ഹിന്ദു മതമെങ്കില്‍, അതിനെ ഇടതുപക്ഷമുള്‍പ്പടെ മറ്റാരെങ്കിലും പരിഷ്ക്കരിക്കണമെന്നാഗഹിക്കരുത്.

    ജാതി വ്യവസ്ഥ എന്ന വിപത്ത് ഇപ്പോഴില്ല. ജാതികളേയുള്ളു. ജാതി വേണോ വേണ്ടയോ എന്ന ഹിന്ദു മത വിശ്വാസികള്‍ക്ക് തീരുമാനിക്കാം . പട്ടിക ജാതി കണ്‍വെന്‍ഷന്‍ നടത്തുന്നത്, പട്ടിക ജാതികളുടെ ജാതിക്ക് അംഗീകാരം ​കൊടുക്കാനല്ല. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും , അവരുടെ പക്ഷത്തു നിന്ന് അതിനൊക്കെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാനുമാണ്. നമ്പൂതിരിയും, നായരും, ഈഴവനും സംഘടിച്ചും സമ്മേളനങ്ങള്‍ നടത്തിയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹരിയൊക്കെ എവിടെയായിരുന്നു? ഇടതുപക്ഷം പട്ടിക ജാതി കണ്‍വെന്‍ഷന്‍ നടത്തിയപ്പോള്‍ മാത്രം പെട്ടെന്ന് ജാതി ചിന്ത കടന്നു വന്നതെവിടെ നിന്നാണ്?

    ReplyDelete
  5. ആര്‍ക്കും ഒന്നും മനസിലാകുന്നില്ലെന്ന താങ്കളുടെ മറ്റുള്ളവരെ വിലകുറച്ചുകാണുന്ന പ്രസ്താവനകളോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. ഇത് താങ്കള്‍ ഈ പോസ്റ്റില്‍ സതക്കുള മറുപടിയായും സതയുടെ പോസ്റ്റില്‍ ഭിപ്രായമായും എഴുതിക്കണ്ടു. ഞാന്‍ വിവശനായെങ്കില്‍ അത് അത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങളെപ്പറ്റിയാണ്. പിന്നെ വൈക്കം സത്യഗ്രഹത്തിലേക്ക് ഗാന്ധിജി വന്നു ചേര്‍ന്നതൊന്നും ആയിരുന്നില്ല. ടി കെ മാധവന്‍ തിരുനെല്‍വേലിയില്‍ പോയി ഗാന്ധിജിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സത്യഗ്രഹത്തിലേക്കാകര്‍ഷിക്കുകയായിരുന്നു. മാത്രവുമല്ല കാക്കിനാഡ എ ഐ സി സി സമ്മേളനത്തില്‍ ടി കെ മാധവന്‍ ഇതേ ആവശ്യവുമായി പങ്കെടുക്കുകയും ചെയ്യുകയായിരുന്നു.

    ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഇന്നും കേരളത്തിന് പുറത്ത് നിലനില്‍ക്കുന്നു. ജാതിയല്ല ജാതി വ്യവസ്ഥതന്നെ. മതില്‍കെട്ടി ദളിത വാസസ്ഥലങ്ങള്‍ തിരിച്ച് വച്ചിരിക്കുന്നതും പൊതു വഴികളില്‍ ദളിതര്‍ക്ക് യാത്ര നിഷേധിക്കുന്നതും കാണാന്‍ തമിഴ് നാടുവരെ പോയാല്‍ മതി സുഹൃത്തെ. മായവതിയുടെ യു പി യില്‍ ഇന്നും കോരന് കുമ്പിളിലാണ് കഞ്ഞി. കവലയില്‍ പ്രസങ്ങിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ദലിത് രാഷ്ട്രീയ നേതക്കള്‍ക്ക് ദളിത് സേ്‌നഹം. താങ്കളെവിടെയാണ് ജീവിക്കുന്നത്.

    ReplyDelete
  6. എന്നെ സമ്പന്ധിച്ചടുത്തോളം ദലിതരെ സഘടിപ്പിച്ച് രഷ്ട്രീയമായി ഒറ്റപ്പെടുത്തി സവര്‍ണരോടുള്ള തന്റെ പക തീര്‍ക്കാനുള്ള ശ്രമമെന്നതിലുപരി ഒരു ക്രാന്ത ദര്‍ശിത്വവും അം ബേദ്കറില്‍ കാണാന്‍ കഴിയുന്നില്ല. അവസാനം ഒരുതരത്തിലും ലക്ഷ്യം പ്രാപിക്കാത്ത ബുദ്ധമതത്തിലേക്കുള്ള പലായനവും മറ്റും അപക്വവും ഭീരുത്വം നിറഞ്ഞതുമായ നടപടികളായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.


    ഹരിയുടെ വക്കുകള്‍ കേട്ടാല്‍ തോന്നും അതു വരെ ദളിതരൊന്നും ഒറ്റപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ അയിരുന്നെന്ന്. അവര്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ആയിരുന്നു എന്നും ഹരിക്കു വിശ്വസിക്കാന്‍ അവകാശമുണ്ട്.


    ഹിന്ദു മതത്തിന്റെ അനാചാരങ്ങളില്‍ മനം മടുത്താണദ്ദേഹം ബുദ്ധമത്തില്‍ ചേര്‍ന്നത്. മതം മാറുന്ന മിക്കവരും അങ്ങനെതന്നെയാണ്. അത് പലായനമെന്നോ മറ്റെന്തെങ്കിലുമെന്നോ ഹരിക്ക് വിശേഷിപ്പിക്കാം .

    ReplyDelete
  7. 1920 കളിലെ ഗാന്ധിയുടെ നിലപാടുകള്‍ കടുത്ത ഹിന്ദുത്വവാദിയുടെ ചാതുര്‍വര്‍ണ്യത്തെ പിന്താങ്ങുന്ന ബ്രാഹ്മണിസ്റ്റിക്ക് നിലപാടുകള്‍ തന്നെയായിരുന്നു.

    Caste is but an extension of the principle of the family. Both are governed by blood and heredity. - Gandhi

    കടുത്ത ഹിന്ദുവാദിയായിരുന്ന ഗാന്ധി പക്ഷെ 1930 കളില്‍ എത്തുമ്പോഴേക്കും ജാതിയിലെ തിന്മയെ അംഗീകരിക്കുകയും അതുപേക്ഷിക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തിരുന്നു (ആഹ്വാനം ചെയ്തിരുന്നില്ല).ഗാന്ധിയിലെ ഈ മാറ്റത്തിനു പിന്നില്‍ ഗോറയേയും അംബെദ്കറെപ്പോലുള്ളവരുടെയും സ്വാധീനം ചെറുതല്ല. 1931 ല്‍ അംബെദ്കറെ കാണുന്നതിനു ശേഷമാണു ഗാന്ധി ജാതിയെ തള്ളിപ്പറയുന്നത്. അപ്പോഴും അദ്ദേഹം വര്‍ണ്ണത്തെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.

    [13] 1932: “If eradication of castes means the abolition of varna I do not approve of it. But I am with you if your aim is to end the innumerable caste distinctions.” (The collected works of Mahatma Gandhi (Delhi, 1958- 94), LI, 264)

    എന്നാല്‍ 1945 എത്തുമ്പോഴേക്കും ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ അംബദ്കറോടടുത്തു നില്‍ക്കുന്നതായിരുന്നു.

    1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost”

    അതുപോലെ ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് മ്യാരേജുകളെ എതിര്‍ത്തിരുന്ന ഗാന്ധി മുപ്പതുകളോടെ അതിനെ അനുകൂലിക്കുകയും, നാല്പതുകളോടേ മിശ്രവിവാഹങ്ങളെ (ഹിന്ദു-അഹിന്ദു) അംഗീകരിക്കുകയും ചെയ്യുന്നതുകാണാം.
    1945: “If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community.” (The collected works of Mahatma Gandhi (Delhi, 1958-94), LXXX, 99) “

    അംബെദ്കറോടൊപ്പമെത്താന്‍ ഗാന്ധിക്കു രണ്ടു മൂന്നു ദശാബ്ദങ്ങള്‍ തന്നെ വേണ്ടിവന്നു

    ReplyDelete
  8. ഹരി,

    ആര്‍ക്കും ഒന്നും മനസിലാകുന്നില്ല എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഹരിക്ക് ജാതിയും ജാതിവ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അത് തെളിയിക്കുന്നതാണ്, ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഇന്നും കേരളത്തിന് പുറത്ത് നിലനില്‍ക്കുന്നു. എന്നൊക്കെ പറയുന്നത്. ജാതി വ്യവസ്ഥ എന്തായിരുന്നു എന്ന് ഇനിയും ഹരിക്കു മാനസിലായില്ല എന്നത് ഇപ്പോള്‍ വളരെ സ്പഷ്ടമായി. ഞാന്‍ പറയാത്ത കാര്യങ്ങള്‍ , പറഞ്ഞു എന്നതല്ലെ മറ്റുള്ളവരെ വിലകുറച്ചു കാണുന്ന സമീപനം ?


    ഹരി പറഞ്ഞ ജാതി വ്യവസ്ഥയുടെ ഭീകരത, ദളിതരെ വഴി നടക്കാന്‍ അനുവദികാത്തതും, ദളിത് വാസസ്ഥലങ്ങള്‍ മതില്‍ കെട്ടി തിരിച്ചിരിക്കുന്നതിലും ഒതുങ്ങുന്നത് എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ഞാന്‍ പഠിച്ച ഭീകരത ഇതിനും അപ്പുറമാണ്. അത് മനസിലാകണമെങ്കില്‍ മനുവിന്റെ നിയമ സംഹിത വായിച്ചാല്‍ മതി. ഇന്റര്‍ നെറ്റില്‍ അത് ലഭ്യമാണ്.

    മായാവതി എന്ന ദളിത് സ്ത്രീ യു പിയുടെ മുഖ്യമന്ത്രിയാണ്. അവിടെ ഇപ്പോഴും ചില കോരന്‍മാര്‍ക്ക് കുമ്പിളില്‍ കഞ്ഞി കിട്ടുന്നും ഉണ്ട്. പണ്ട് യു പിയില്‍ എല്ലാ കോരന്‍ മാര്‍ക്കും കുമ്പിളിലായിരുന്നു കഞ്ഞി. പക്ഷെ ഇന്ന് മായവതി എന്ന കോരിയും, കുറെയേറെ കോരന്‍ മാരും ഭരണയന്ത്രം തിരിക്കുന്ന സ്ഥാനത്ത് എത്തി. അതില്‍ അസഹിഷ്ണുകളായ ജാതിക്കോമരങ്ങള്‍ ഇപ്പോഴും അവിടങ്ങളില്‍ ഉണ്ട്. പണ്ടും കേരളത്തില്‍ എല്ലാ കോരന്‍മാര്‍ക്കും കുമ്പിളില്‍ കഞ്ഞി കൊടുത്തിരുന്നു. ഇപ്പോള്‍ ഏതെങ്കിലും ജാതിക്കോമരം കോരനു കുമ്പിളില്‍ കഞ്ഞിയുമായി ചെന്നാല്‍, ആ കോമരത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പും എല്ലാ കോരന്‍ മാരും. ഈ മാറ്റങ്ങളൊന്നും ഹരിക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന് മനസിലായി. പക്ഷെ എന്തു ചെയ്യാം ? തിളച്ച എണ്ണ പ്രയോഗമൊന്നും ഇനി നടക്കാന്‍ പോകുന്നില്ല.

    ഹരിയൊക്കെ എന്താണ്, സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജതി വ്യവസ്ഥ മാറിയിട്ടില്ല എന്നാണോ അതോ മാറ്റാനാവില്ല എന്നാണോ?

    ReplyDelete
  9. ഹരി,

    വൈക്കം സത്യഗ്രഹത്തിലേക്ക് ഗാന്ധിജി വന്നു ചേര്‍ന്നതാണ്‌ എന്നു ഞാന്‍ പറഞ്ഞത്, അദ്ദേഹമല്ല അത് ആരംഭിച്ചത് എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ വഴി തെറ്റി വന്നു എന്ന അര്‍ത്ഥത്തിലല്ല.

    റ്റി കെ മാധവന്‍ ചെന്നു വിളിക്കുന്നതു വരെ, ക്ഷേത്ര പ്രവേശനത്തിനു വേണ്ടി ഒരു സത്യഗ്രഹം നടത്താന്‍ അദ്ദേഹത്തിനു തോന്നാത്തതിനെന്തെങ്കിലും കാരണമുണ്ടോ?

    ഗന്ധിജിയെ വിലകുറച്ചു കാണുന്നതല്ല. ദളിതര്‍ ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതിനു വേണ്ടി, വൈക്കം സത്യഗ്രഹം മറ്റുള്ളവര്‍ നടത്തുന്നതു വരെ, ഒരു സമരം നടത്താന്‍ ഗാന്ധിജിക്ക് തോന്നിയില്ല. അതാണു വാസ്തവം .

    രാഷ്ട്രീയ അധികാരത്തിനു മുന്നില്‍ നിയമലംഘനവും സത്യഗ്രഹവും നടത്താന്‍ മറക്കാതിരുന്ന ഗാന്ധിജി , ബ്രാഹ്മണരുടെ മുന്നിലും ദൈവങ്ങളുടെ മുന്നിലും ഒരു സത്യഗ്രഹവും നിയമ ലംഘനവും നടത്തിയിട്ടില്ല. അതില്‍ നിന്നും ഹരിക്ക് എന്തെങ്കിലും ഊഹിക്കാന്‍ കഴിയുമോ?

    ReplyDelete
  10. ഞാന്‍ സത്യത്തില്‍ ചര്‍ച്ച അവസാനിപ്പിക്കുകയണ്. പിന്നെ മനുവിന്റെ സംഹിത ``ഇന്റെര്‍നെറ്റി''ല്‍ നോക്കിയല്ല, ഞാന്‍ എഴുതുന്നത്, കപട മതേതരത്വത്തിന്റെ അപ്പോസ്തലന്‍മാര്‍ നടത്തുന്ന കവലപ്രസംഗങ്ങള്‍ കേട്ടിട്ടുമല്ല. യു പി ഛാര്‍ഖന്ധ്, അസ്സം, അരുണാചല്‍ തുടങ്ങി മിക്ക പിന്നോക്ക സംസ്ഥാനങ്ങളിലേയും പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ കുറച്ചുവര്‍ഷങ്ങളായി കുറേയൊക്കെ നേരില്‍ കാണുകയും അവരുമായി ഇടപെടുകയും അവരില്‍ അപുര്‍വം ചില സമൂഹങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. മാത്രവുമല്ല കേരളത്തിലെ തൊണ്ണൂറു ശതമാനം വനപ്രദേശങ്ങളും സന്ദര്‍ശിക്കുകയും ആദിവാസികളുമായി ചേര്‍ന്ന് ചില പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ദയവായി മനുസ്മൃതി എവിടെകിട്ടുമെന്നൊക്കെ പറയാതിരിക്കൂ. ആരും അത്ര അജ്ഞരല്ല സുഹൃത്തെ. ഇതൊക്കെ വളരെയധികം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. ``ഗാന്ധിയുടെ വായാടിത്ത''മെന്ന ലേഖനമെഴുതിയ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് പകര്‍ത്തിവച്ചതും കണ്ടിരുന്നു. ഏന്റെ അഭിപ്രായം ഇത്രമാത്രം ജാതിയെന്ന ഫാക്റ്ററിനെ ഉന്‍മൂലനം ചെയ്യാതെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹ്യ സമത്വത്തിലേക്ക് നീങ്ങാന്‍ പറ്റില്ല. അതിന് അംബേദ്കര്‍ സ്വീകരിച്ചതും ഇന്നും നാം തുടരുന്നതുമായ സംവരണ രീതിശാസ്ത്രം അപര്യാപ്തമാണ്.
    ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിക്കാരിയായ രാഷ്ട്രീയ നേതാവായ മായാവതി ഈ സിസ്റ്റത്തിന്റെ ഉല്‍പ്പന്നമാണ്. പക്ഷെ ഇന്ത്യയിലെ എക്കാലത്തെയും മാന്യനായ പൊതുപ്രവര്‍ത്തകരിലൊരാള്‍ - കെ ആര്‍ നാരായണന്‍ ഇതിന്റെ സൃഷ്ടിയല്ല. പഴയതാണ് നല്ലതെന്നല്ല പറയുന്നത്.

    ബ്രാഹ്മണ്യത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാന്‍ എന്റെ പഴയ പോസ്റ്റ് വായിച്ചാല്‍ മതി. ഇടതുപക്ഷത്തിന്റെ നയം മാറിയോ എന്നറിയാന്‍ ജെ എന്‍ യു വില്‍ ഇന്നും സൂക്ഷിക്കുന്ന ആരംഭം തൊട്ടിന്നുവരെ കമ്യൂണിസ്റ്റുപാര്‍ട്ടി അവതരിപ്പിച്ചംഗീകരിച്ച പ്രമേയങ്ങള്‍ വായിച്ചാല്‍ മതി ആല്‍പ്പം ചില പാര്‍ട്ടി പ്രസിദധീകരണങ്ങളും (നിങ്ങളൊരു സി പി എം ഔദ്യോഗിക പക്ഷപ്രവര്‍ത്തകനല്ലെങ്കില്‍) . പക്ഷെ വായിച്ച് തനിക്കാവശ്യമുള്ള വാചകങ്ങള്‍ പകര്‍ത്തി ഒന്നും വായിക്കതെ റഫറന്‍സ് കൊടുക്കുന്നു എന്നൊക്കെ പറയാതിരിക്കുക. പിന്നെ ഗാന്ധിയുടെ സമരത്തെക്കുറിച്ച് നിങ്ങള്‍ നവഖാലിയെക്കുറിച്ചു പഠിക്കൂ, ഇന്ത്യ സ്വാതന്ത്ര്യമാഘൊഷിക്കുമ്പോള്‍ ഗാന്ധി എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്കൂ, എന്നെ സംബന്ധിച്ചടുത്തോളം ജാതിനിലനില്‍ക്കുന്നതില്‍ നിന്നും ലഭിക്കുന്ന ലാഭം കൈവിടാന്‍ പേടിക്കുന്ന പിന്നോക്ക മധ്യവര്‍ത്തി കാഴ്ച്ചപ്പാടിന്റെ അന്ധത, ഗാന്ധിയെ ഇങ്ങനെയൊക്കെ അപമാനിക്കുന്നതിലെത്തിച്ചിരിക്കുന്നതിന്റെ ഉദാഹരണമാണിതൊക്കെ. ഗോഡ്‌സേ എത്ര മാന്യന്‍? മൂന്നു വെടിയുണ്ടയില്‍ തീര്‍ത്തു.

    ReplyDelete
  11. ഹരി,

    മനുവിന്റെ സംഹിത സ്കൂളിലും കോളേജിലും പഠിക്കാനുള്ള ഭാഗ്യം താങ്കള്‍ക്ക് കിട്ടിക്കാണും. എനിക്കതു കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ പല സ്ഥലത്തുനിന്നുമാണത് പഠിച്ചത്. ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഇന്റര്‍ നെറ്റില്‍ കിട്ടുന്നതെല്ലാം കപടമതേതരത്വത്തിന്റെ അപ്പോസ്തലന്‍ മാര്‍ എഴുതുന്നതാണെന്നും കവലപ്രസം ഗങ്ങള്‍ നടത്തുന്നവരെല്ലാം കള്ളം പറയുന്നവരാണെന്നും ഉള്ള മുന്‍ വിധി വച്ചുകൊണ്ട് താങ്കള്‍ എല്ലാറ്റിനേയും സമീപിക്കുന്നു.അതിനു താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ മറ്റുള്ളവരെല്ലാം അങ്ങനെ ആകണമെന്നില്ലല്ലോ

    ലോകം മുഴുവന്‍ ഹിന്ദു മത ഗ്രന്ധങ്ങളേക്കുറിച്ചും അവയില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെക്കുറിച്ചും അറിഞ്ഞത് എം മ്യൂളര്‍, ജി ബ്യൂഹ്ളര്‍ തുടങ്ങിയ പണ്ഠിതരായ ആളുകളുടെ വിവര്‍ത്തനങ്ങളിലൂടെ ആണ്. അതൊക്കെയേ ഞാന്‍ വായിച്ചിട്ടുള്ളു. ആ വിവര്‍ത്തനങ്ങള്‍ പലതും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ്,

    Sacred Texts of Hinduism


    സംസ് കൃതത്തിലുള്ള മനുവിന്റെ ചട്ടങ്ങളുടെ പദാനുപദ തര്‍ജ്ജമ

    ഇവിടെ

    ലഭ്യമാണ്.

    ഇതൊനും ആരുടെയും കവല പ്രസംഗമല്ല. ജാതികളെക്കുറിച്ച് മനു പറഞ്ഞത്

    ഇപ്രകരമാണ്.



    31. But for the sake of the prosperity of the worlds he caused the Brahmana, the Kshatriya, the Vaisya, and the Sudra to proceed from his mouth, his arms, his thighs, and his feet.

    87. But in order to protect this universe He, the most resplendent one, assigned separate (duties and) occupations to those who sprang from his mouth, arms, thighs, and feet.

    88. To Brahmanas he assigned teaching and studying (the Veda), sacrificing for their own benefit and for others, giving and accepting (of alms).

    89. The Kshatriya he commanded to protect the people, to bestow gifts, to offer sacrifices, to study (the Veda), and to abstain from attaching himself to sensual pleasures;

    90. The Vaisya to tend cattle, to bestow gifts, to offer sacrifices, to study (the Veda), to trade, to lend money, and to cultivate land.

    91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.

    ഇതിനു താഴോട്ടു വായിച്ചാല്‍ മനുവിന്റെ നിയമ സംഹിത മനസിലാക്കം. അതൊക്കെ കപടമതേതര വാദികളുടെ കവല പ്രംഗമാണെന്നു പറഞ്ഞ് സ്വയം അപഹസ്യനാകാതെ, ഇത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. അതല്ലെ ഹരി അന്തസുള്ള പ്രവര്‍ത്തി

    ReplyDelete
  12. ഹരി,

    ആരും അത്ര അജ്ഞരല്ല സുഹൃത്തെ.

    ഹരി അജ്ഞനാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ആരുടെയെങ്കിലും അജ്ഞത അളക്കലും എന്റെ ഉദ്ദേശ്യമല്ല.

    യു പി ഛാര്‍ഖന്ധ്, അസ്സം, അരുണാചല്‍ തുടങ്ങി മിക്ക പിന്നോക്ക സംസ്ഥാനങ്ങളിലേയും പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ മാനസിലാക്കിയത് നല്ല കാര്യമാണ്‌ . അവിടങ്ങളില്‍ മനുസ്മൃതി കിട്ടുമെന്ന് ഞാന്‍ ഇപ്പോഴാണറിഞ്ഞത്. അവിടങ്ങളില്‍ കിട്ടിയ മനുസ്മൃതി മറ്റുള്ളവരുമായി പങ്കു വക്കാന്‍ സന്‍മനസുണ്ടായാല്‍ വളരെ നല്ലത്. ഞാന്‍ മനസിലാക്കിയ മനുസ്മൃതി ഒരു ആദിവാസികളുടെ ഇടയിലും പഠനം നടത്തി കണ്ടുപിടിക്കാന്‍ പറ്റുന്നതല്ല.

    ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ മനസിലാക്കാന്‍ മനുസ്മൃതിയുടെ ആവശ്യമില്ല. ആ അവസ്ഥ എങ്ങനെയുണ്ടായി എന്നന്വേഷിച്ചു ചെന്നാല്‍ അത് മനുസ്മൃതിയില്‍ ചെന്നെത്തും . ശരിയായ അന്വേഷണം നടത്തിയവരൊക്കെ അവിടെ ചെന്നെത്തിയുട്ടുമുണ്ട്. ഇതൊക്കെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ്, അന്താരഷ്ട്ര തലത്തില്‍ ഇതിനൊക്കെ വലിയ പ്രാധാന്യം കൈ വന്നതും .

    അതംഗീകരിക്കാന്‍ മടിയുള്ളവര്‍ ഹരിയേപ്പോലെയാണു പ്രതികരിച്ചിട്ടുള്ളത്. എനിക്കതില്‍ യതൊരുവിധ അത്ഭുതവുമില്ല.

    ReplyDelete
  13. ``ഗാന്ധിയുടെ വായാടിത്ത''മെന്ന ലേഖനമെഴുതിയ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് പകര്‍ത്തിവച്ചതും കണ്ടിരുന്നു.


    ഇത് പുതിയ അറിവാണല്ലോ? ഏതാണാ വെബ് സൈറ്റ്?

    ഗന്ധിജിയെ വായാടിയെന്നും, രാജ്യദ്രോഹിയെന്നും വിലയിരുത്തുന്ന സംഘ പരിവാര്‍ വെബ് സൈറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവിടെയൊന്നും ഇല്ലത്ത എന്താണ്, ഈ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് സൈറ്റില്‍ ഉള്ളത്? അതിന്റെ ലിങ്ക് കിട്ടിയാല്‍ വായിച്ചുനോക്കാമായിരുന്നു.

    യഹൂദരെ ഹിറ്റ്ലര്‍ കൊന്നൊടുക്കിയതിനേക്കുറിച്ച് ഗാന്ധിജി ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ അന്തരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിനു വിധേയവുമായിട്ടുണ്ട്. അത് ഹരി വായിച്ചിട്ടുണ്ടോ?

    ജാതിയെന്ന ഫാക്റ്ററിനെ ഉന്‍മൂലനം ചെയ്യാതെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹ്യ സമത്വത്തിലേക്ക് നീങ്ങാന്‍ പറ്റില്ല.

    ജാതി എന്ന ഫാക്റ്റിനെ ഉല്‍മൂനനം ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ഹിന്ദു മതിത്തിനുള്ളിലെ പ്രശ്നമാണ്. ജാതി വേണോ വേണ്ടയോ എന്ന് ഹിന്ദുക്കളാണു തീരുമാനിക്കേണ്ടത്. ബ്രഹമണന്‍ തന്നെ പൂജ ചെയ്താലേ അംഗീകരിക്കൂ എന്നു ശഠിക്കുന്ന ജാതിക്കോമരമായ നാരായണപ്പണിക്കരേപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ ജാതി ഇല്ലാതാവില്ല. നമ്പൂതിരിയും നായാരും ഉപേക്ഷിക്കാത്ത ജാതി മറ്റുള്ളവര്‍ ഉപേക്ഷിച്ചു എന്നു വരില്ല. മതാചാരങ്ങളില്‍ ജാതി കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നവര്‍ താഴ്ന്ന ജാതിക്കാരല്ല. ജാതി ഇല്ലാതാക്കല്‍ മുകളില്‍ നിന്നും ആണു വരേണ്ടത്


    സാമൂഹ്യ സമത്വത്തമുണ്ടാകാന്‍ ജാതി ഇല്ലാതാവേണ്ട ആവശ്യമില്ല. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും നീതി കിട്ടുക എന്നതാണ്, സാമൂഹിക സമത്വം കൊണ്ടുദ്ദേശിക്കുന്നത്. ഹരിയുടെ പിന്നില്‍ നായരെന്നോ നമ്പൂതിരിയെന്നോ പറയനെന്നോ ഒരു വാലുണ്ടോ ഇല്ലയോ എന്നതൊന്നും സാമൂഹിക സമത്വത്തിന്റെ പ്രശ്നമല്ല. നമ്പൂതിരിയും നായരും , പറയനെ താഴ്ന്ന ജാതിയായി കണ്ടിടത്താണ്, സാമൂഹിക അസമത്വം ഉണ്ടായത്. അതുണ്ടാക്കാതെ നോക്കുകയാണ്, രാഷ്ട്രീയ നേതൃത്വത്തിന്റെ കടമ. സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ ക്കുന്ന അസമത്വം ഇല്ലാതാക്കാനുള്ള ഒരുപാധിയാണ്, സംവരണം. ഇന്നത്തെ അവസ്ഥയില്‍ അതാണേറ്റവും പ്രായോഗികമായ രീതി. ഇതിലും നല്ല ഒരു രീതി ശാസ്ത്രം ഉരുത്തിരിഞ്ഞു വരുന്നതുവരെ ഇതാണ്, ഏറ്റവും അനുയോജ്യം.

    ഇന്‍ഡ്യയില്‍ നടന്ന അഴിമതികളേക്കുറിച്ച് യതൊരു ധാരണയുമില്ലാത്തതു കൊണ്ടാണ്, മായാവതി ഏറ്റവും വലിയ അഴിമതിക്കാരിയെന്ന് ഹരി പറയുന്നത്. ഉയര്‍ന്ന ജാതികാരായ എത്രയോ അഴിമതിക്കാരുണ്ട് ഇന്‍ഡ്യയില്‍. അഴിമതിക്കാരല്ലാത്ത എത്രയോ താഴന്ന ജാതിക്കാരുണ്ട്, സംവരണത്തിലൂടെ ഉയര്‍ന്നു വന്നവരായിട്ട് . ഒരു മായാവതിയെ ചൂണ്ടിക്കാണിച്ച് അതൊക്കെ തമസ് ക്കരിക്കുന്നത് ശരിയല്ല. സംവരണ രാഷ്ട്രീയത്തിന്റെ ഫലമാണ്, മായാവതിയിലെ അഴിമതി എങ്കില്‍ , അതില്ലാത്ത വ്യവസ്ഥിതിയുടെ ഫലമാണ്, മറ്റെല്ലാ അഴിമതിയും.

    കേരളത്തില്‍ ജാതിയടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കിയിട്ട് എത്ര പതിറ്റാണ്ടായി എന്ന് ഹരിക്കറിയമോ? തമിഴ് നാട്ടില്‍ നടപ്പിലാക്കിയിട്ട് എത്ര നാളായെന്നറിയാമോ? ഒരു മായാവതിയെ ചൂണ്ടികാട്ടി ജാതി സംവരണം മോശമാണെന്നൊക്കെ പറയുന്നത് അസംബന്ധമല്ലേ?

    ജാതി സംവരണം ഒട്ടും പഴുതില്ലാത്ത ഒന്നല്ല. അതില്‍ ചെറിയ പ്രശ്നങ്ങളുണ്ട്. അവ കണ്ടെത്തി പരിഹരിക്കണം. ഏത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത പതിന്‍മടങ്ങാണ്.

    ReplyDelete
  14. നിങ്ങള്‍ നവഖാലിയെക്കുറിച്ചു പഠിക്കൂ, ഇന്ത്യ സ്വാതന്ത്ര്യമാഘൊഷിക്കുമ്പോള്‍ ഗാന്ധി എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്കൂ,

    നവൊഖാലിയും ജാതി പ്രശ്നവും തമ്മില്‍ എന്താണു ബന്ധമെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാന്‍ അറിഞ്ഞിടത്തോളം നവൊഖാലി ഹിന്ദു മുസ്ലിം ലഹള കൊണ്ടാണ്, പ്രസിദ്ധമായത്. നവൊഖാലിയില്‍ ഗാന്ധിജി സത്യഗ്രഹമിരുന്നത്, ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാനായിരുന്നോ?

    ഗാന്ധിജിയെ അപമാനിച്ചു എന്നൊക്കെ ആക്ഷേപിച്ചാല്‍ അത് വിശ്വസികാനുള്ള വിവരകേട് ഇത് വായിക്കുന്ന ആര്‍ക്കും ഇല്ല. ഗാന്ധിജി അല്ല വൈക്കം സത്യഗ്രഹം ​തുടങ്ങിയതെന്നും അദ്ദേഹം അതിനു മുമ്പ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ലഭ്യമാക്കാന്‍ ഒരു സത്യഗ്രഹവും നടത്തിയിട്ടില്ല എന്നു പറഞ്ഞതും എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന സത്യങ്ങളാണ്. അത് ഞാന്‍ ചൂണ്ടിക്കാണിച്ചാല്‍ ആക്ഷേപിക്കുന്നതാണെന്നു ഹരി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

    ഹരിക്ക് മാനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടും പറയാം, ഗാന്ധിജി ചരിത്രത്തിലെ ഏറ്റവും മഹനായ ഇന്‍ഡ്യക്കരനായിരുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ജാതിയുടെയും മതത്തിന്റേയും കാര്യത്തില്‍ അദ്ദേഹം യാധാസ്ഥിതികനായിരുന്നു. ജാതി പാടില്ല എന്നു പറഞ്ഞ അദ്ദേഹം ജാതി ഉപേക്ഷിച്ചില്ല. തനിക്ക് ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കണം എന്നു പറഞ്ഞത് എനിക്ക് അംഗീകരിക്കാന്‍ ആവില്ല. ദളിതരുടെ ഉന്നതിക്കു വേണ്ടി അംബേദ്ക്കറോളം യാധാര്‍ ഥ്യബോധത്തോടെ അദ്ദേഹം കാര്യങ്ങളെ സമീപിച്ചില്ല. അത് ഗാന്ധിജിയെ അധിക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ അല്ല. അതിന്റെ പേരില്‍ എന്നെ ഗോഡ്സെയുടെ താഴെ നിര്‍ത്തിയാലും എനിക്ക് പരിഭവമില്ല.

    ReplyDelete
  15. അയിത്തജാതികളുടെ നിര്‍ണ്ണായ വിഷയമായ കമ്മ്യുണല്‍ അവാര്‍ഡ് അട്ടിമറിക്കാനുള്ള ഗാന്ധിയുടെ കുടിലബുദ്ധി മനസ്സിലാക്കിയാണ്-അം ബേദക്കര്‍ ഗാന്ധിയുമായി ചര്‍ച്ചനടത്തിയത്.അല്ലങ്കില്‍ അവരനുഭവിക്കുമായിരുന്ന വം ശീയോന്മൂലനം മറ്റാരെക്കാളും അം ബെദ്ക്കറിനു ബോധ്യമുണ്ടായിരുന്നു.ഏതായാലും "പൂനാകരാറി"ലൂടെ പ്രത്യേക നിയോജകമണ്ടലം സ്ഥാപിച്ചെടുക്കാനെങ്കിലും കഴിഞ്ഞു.ഹിന്ദുമതത്തിന്റെ വാലുപോലെ ക്ഷിരാഷ്ട്രീയത്തിന്റെ വാലെങ്കിലുമാകാന്‍ കഴിഞ്ഞു.
    (3).ഗാന്ധിയുടെ ചിന്തയില്‍ ഹിന്ദുമതത്തിനെന്തെങ്കിലും പോരായ്മയുണ്ടങ്കില്‍ അത് അയിത്തം മാത്രമാണ്.അതുകൊണ്ടാണ്-ദേശീയപ്രസ്ഥാനത്തിന്റെ പരിപാടികളില്‍ അയിത്തോച്ചാടനം അജണ്ടയാവുന്നത്.മറിച്ച് അം ബേദ്ക്കര്‍ ഇതൊരു പ്രത്യശാസ്ത്ര പ്രശ്നമായാണുകണ്ടിരുന്നത്.സം ഹിതകള്‍/ബ്രാഹ്മണങ്ങള്‍/സ്മ്രിതികള്‍/സ്രുതികള്‍/ഉപനിഷ്തുകള്‍-എല്ലാം വിശകലന വിധേയമാക്കുന്നുണ്ട്.
    (4).വൈക്കം സത്യാഗ്രഹം ,ക്ഷേത്രപ്രവേശനത്തിനുവേണ്ടി യായിരുന്നുവെന്ന് പലരും ധരിച്ചതായി കാണുന്നു.അമ്പലത്തിന്റെ തെക്കേനടവഴി നടക്കനുള്ള സമരമാണ്,വൈക്കത്തു നടന്നത്.അയിത്തജാതികളുടെ അജണ്ടയില്‍ ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല.

    ReplyDelete
  16. ജാതിയുന്മൂലനം അമ്ബേദ്ക്കറുടെ ലക്ഷ്യമല്ലായിരുന്നുവെന്ന കണ്ടെത്തല്‍ വിചിത്രമായി.അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായപുസ്തകത്തിന്റെ പേരുതന്നെ അതാണ്.ഗാന്ധിയും അം ബേദ്ക്കറും ,കമ്മ്യുണിസ്റ്റുകളും തമ്മിലൂള്ള പ്രധാന ആശയവിത്യാസം ,ബ്രാഹ്മണിസം ഒരു രാഷ്ട്രീയപ്രത്യശാസ്ത്രമായി അം ബേദ്ക്കര്‍ കാണുന്നു.സാമൂഹ്യമായി വേര്‍തിരിക്കപ്പേട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിയേണ്ടതുണ്ടന്ന അടിസ്ഥാന രാഷ്ട്രീയകാഴ്ചപാട് വിഭവാധികാരത്തിലും ,ജ്ഞാനാധികാരത്തിലും കേന്ദ്രീകരിച്ചാണ്‍ രൂപപ്പേടുത്തിയത്.
    ഗാന്ധിസത്തേയും കമ്മ്യുണിസത്തേയും ഒരുപോലെ തള്ളികളയാനുള്ള കാരണം ,ജാതിവ്യവസ്ഥ ചിലസമൂഹങ്ങളെ എല്ലാ അധികാരസ്ഥലികളില്‍ നിന്നും തള്ളിമാറ്റുന്നത്,കാണുന്നില്ല.അല്ലങ്കില്‍ അവരുടെ രക്ഷകര്‍ത്ത്വത്തിലല്ലാതെ ഒരുധാരയും അം ഗീകരിക്കുന്നില്ല.ഗാന്ധിയും ,കമ്മ്യുണിസ്റ്റുകളും സന്ധിക്കുന്നതിവിടെയാണ്.
    ഹരി പറ്യുന്നപോലെ അയിത്തജാതികള്‍ ഒരുകാലത്തും ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ല.1911-എ ജനസം ഖ്യാകണക്കെടുപ്പു വരെ.,ആരുമൊട്ടുകരുതിയിരുന്നുമില്ല.പിന്നീട് ലേബല്‍ പതിച്ചുവെന്നല്ലാതെഹിന്ദുവിനുള്ള സ്വാതന്ത്ര്യമോ,അവകാശാധികാരങ്ങളോ നല്കപ്പെടിരുന്നില്ല.കോളനിഘട്ടത്തില്‍ ധാരാളം മതവ്ത്ക്കരണം നടന്നതിനു വ്യത്യസ്തമായി ബുദ്ധമതം സ്വീകരിക്കാനുണ്ടായകാരണം ,ഹിന്ദുമതം അധര്‍മ്മത്തിലും ,
    ബുദ്ധമതം ധര്‍മ്മത്തിലും രൂപപ്പെട്ടതുകൊണ്ടാണ്.

    ReplyDelete
  17. ഇടതുപക്ഷത്തിന്റെ പുതിയ പട്ടികജാതി സമ്മേളനത്തെ സൂചിപ്പിച്ചതുകൊണ്ട് ചിലതു പറയേണ്ടിവരുന്നു.കേരളത്തിലെ അധ്:സ്ഥിത ജനതയുടെ സാമൂഹ്യവും ,തൊഴില്‍ പരവുമായ ചെറുത്തുനില്പുകള്‍ക്ക് പിന്തുണനല്കിയ രാഷ്ട്രീയപ്രസ്ഥാനമാണ്-കമ്മ്യുണിസ്റ്റുപാര്‍ട്ടി.അതുകൊണ്ടാണ്,ദലിതുകള്‍ മഹാഭൂരിപക്ഷവും കമ്മ്യുണിസ്റ്റുകളായത്,പുസ്തകം വായിച്ചല്ലന്നു ചുരുക്കം .കമ്മ്യുണിസ്റ്റുപാര്‍ട്ടി രൂപപ്പെടുന്നതിനുമുമ്പ്,തിരുവിതാം കൂറില്‍ നിരവധി പ്രസ്ഥാനങ്ങള്‍ അവകാശപോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.വിശദമാക്കുന്നില്ല.തികച്ചും പാശ്ചാത്യമായപ്രത്യശാസ്ത്രമായ കമ്മ്യുണിസത്തില്‍ വര്‍ഗ്ഗങ്ങള്‍ക്കല്ലാതെ ജാതിക്ക് സ്ഥാനമില്ല.എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കഥവ്യത്യസ്തമാണ്.ഇത് പാര്‍്‌ട്ടിയുടെ നാലാം കോണ്‍ഗ്രസ്സില്‍ (1956-പാലക്കാട്)കെ.ദാമോദരന്‍ അവതരിപ്പിക്കയുണ്ടായി.എന്നാല്‍ ചര്‍ച്ചപോലും ചെയ്യാതെ തള്ളികളഞ്ഞ ആ വിഷയമാണ്-ആറുപതിറ്റാണ്ടായി ചലനരഹിതമായ ഒരു കമ്മ്യുണിസ്റ്റുപ്രസ്ഥാമായി നിലനില്കാന്‍ കാരണം .
    കാല്‍കീഴിലെ മണ്ണൊലിപ്പിനുള്ള ഒറ്റമൂലിയെന്ന നിലയില്‍ കണ്‍വന്‍ഷന്‍ നടത്തിയാലൊന്നും പരിഹരിക്കാവുന്നപ്രശ്നവുമല്ല.

    ReplyDelete