Friday, July 3, 2009

ആ അഭിമുഖം ഒന്നുകൂടി വായിച്ചു നോക്കൂ - മാധ്യമ സിണ്ടിക്കേറ്റിന്റെ ഒരു നിഴല്‍ കാണുന്നില്ലേ?

''മാധ്യമ സിന്റിക്കേറ്റ് '' ഒരു വെറുക്കപ്പെട്ടവന്റെ പ്രയോഗമാണ്. അസത്യവും, അബദ്ധവും അതെത്ര മാത്രം അതിശയോക്തി കലര്‍ന്നതായാലും എതിരാളികളെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാനും, പ്രചരിപ്പിക്കുനതില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള കഴിവ് അസൂയാവഹമാണ്. അതുകൊണ്ടാണ് പിണറായിക്കെതിരായ ലാവഌന്‍ കേസില്‍ ഒബാമയുടെ പങ്കിനെപറ്റി ഒരു ജാള്യവുമില്ലാതെ അവര്‍ കവലപ്രസംഗങ്ങള്‍ നടത്തുന്നത്. പിണറായിയുടെ എതിര്‍ചേരിയില്‍ മാധ്യമങ്ങള്‍ വന്നുപെട്ടത് അങ്ങേരുടെതന്നെ കൈയ്യിലിരിപ്പുകൊണ്ടാണ്. ഏന്നാല്‍ മറ്റൊരഴിമതിക്കേസിലും, അധികാര ദുര്‍വിനിയോഗ കേസിലും കാണാത്തത്ര വീറോടെയും വാശിയോടെയും മാധ്യമങ്ങള്‍ പിണറായിയെ പിന്‍തുടരുന്നതെന്തുകൊണ്ട് എന്നൊരന്യേഷണം മുന്‍വിധികളില്ലാതെ പ്രബുദ്ധകേരളം നടത്തേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ കമ്യൂണിസത്തിന്റെ അഥവാ ഇടതു ഭരണത്തിന്റെ സ്വാധീനം അവഗണിക്കാനാവാത്തതാണ്. അടിയാളന്റെ ഉന്നമനത്തിനായി പോരാടിയ ആദ്യകാല കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തന ഫലമായി അധികാരവും ധനവും സാമൂഹ്യ മേല്‍കോയ്മയും നഷ്ടപ്പെട്ടവര്‍ - സവര്‍ണ സമുദായങ്ങള്‍, സമ്പന്ന കൃസ്ത്യന്‍ വിഭാഗങ്ങള്‍, ദൈവവും കമ്യൂണിസവും ഒരിക്കലുമൊന്നിച്ചു പോവില്ലെന്ന് ധരിച്ചു വശായ വിപ്ലവകാരിയായ ഇടയന്റെ പിന്‍മുറക്കാര്‍, ഇവരൊക്കെ ഒന്നിച്ച് നടത്തിയ വിമോചനസമരത്തിന്റെ കൊടുങ്കാറ്റിനെപ്പോലും അതിജീവിക്കാന്‍ കമ്യൂണിസത്തിന് കേരളത്തില്‍ സാധിച്ചത് മലയാളിയുടെ സമൂഹമനസാക്ഷി രാഷ്ട്രീയമായി ഇടതുപക്ഷമായതിനാലാണ്. ഇതേകാരണം കൊണ്ടുതന്നെയാണ് ഇടതുപക്ഷത്തെ, ബൂര്‍ഷ്വകളുടെ തൊഴുത്തില്‍ മുപ്പത് വെള്ളിക്കാശിന് കൊണ്ടുകെട്ടാന്‍ തയ്യാറായ പിണറായി (സി പി എമ്മിന്റെ പാര്‍ട്ടി കോമരങ്ങളുടെയൊഴിച്ച് ) മലയാളിയുടെ പൊതു ശത്രുവായത്. പിണറായിയെ അക്രമിക്കുന്നത് അതേതുതരത്തിലായാലും ആസ്വദിക്കുന്നതരത്തിലേക്ക് ജനങ്ങളും പിണറായിയും തമ്മിലുള്ള അകല്‍ച്ച വളര്‍ന്നുകഴിഞ്ഞു. ഇതിനിടയില്‍ പഴയ വിമോചനസമര ഭൂതങ്ങള്‍ പുതിയ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിണറായിക്കു സമ്മാനിച്ച പരാജയം തങ്ങളുടെ വിജയമായി കണക്കാക്കി ആഹ്‌ളാദചിത്തരാണ് ഇവരെല്ലാവരും തന്നെ.
ഞങ്ങളെ പിണക്കിയാല്‍ കാണിച്ചുതരാം എന്നൊരു ഭീഷണിയുടെ സ്വരം മാധ്യമങ്ങളുടെ 'പിണറായി ആക്രമണത്തിന് ' പിന്നില്‍ കേള്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഇതോടൊപ്പം എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയാകുമ്പോള്‍ ആക്രമണത്തിന് ശക്തി കൂടുന്നു.
ജൂണ്‍ ഏഴാംതീയതി പ്രസിധീകരിച്ച മാതൃ്ഭൂമി ആഴചപ്പതിപ്പിലാണ് പ്രൊഫ സുകുമാര്‍ അഴീക്കോടിന്റെ ''ആയിരം പൂര്‍ണചന്ദ്രന്മാര്‍ എന്നെക്കണ്ടു''എന്ന അഭിമുഖം അച്ചടിച്ചുവന്നത്.
ഈ വാരികയുടെ പതിമൂന്നാം പുറത്തില്‍ പിണറായിക്കെതിരെ അതി നിശിതമായ വിമര്‍ശനങ്ങളാണ് അഴീക്കോട് മാഷ് നടത്തുന്നത് അതും വി എസ് പക്ഷത്തിനെ വെട്ടിനിരത്തിയതിനെ പറ്റി. മാത്രവുമല്ല തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനായും പിണറായിയുടെ മേല്‍ അദ്ദേഹം കെട്ടി വെക്കുകയും ചെയ്യുന്നു. ലാവഌന്‍ കേസില്‍ പിണറായി കാണിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനു ചേരാത്ത വൈയക്തികമായ ഭീരുത്വമാണെന്നും ഇതേ പുറത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പ്രധാനമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വി എസ്സിന്റെ വിധ്വംസക പ്രവര്‍ത്തനം ഉണ്ടായിട്ടുമില്ല. പിണറായി അടക്കമുള്ള ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വാദികളുടെ ചെയ്തികള്‍ തെറ്റാണെന്ന് നന്ദിഗ്രാമും, സിംഗൂരും, മൂലമ്പള്ളിയുമെല്ലാം ഉദാഹരിച്ച് ദ്ദേഹം അഭിപ്രായപ്പെടുന്നുമുണ്ട്. എന്നിട്ടും ഈ അഭിമുഖത്തില്‍ പറഞ്ഞ താരതമ്യേന നിസ്സാരമായ ഒരു അഭിപ്രായം വാര്‍ത്തയായി. അഴീക്കോട് മാഷ് പിണറായിയുടെ വക്കീലായി മുദ്രകുത്തപ്പെട്ടു. ഈ നീക്കം തികച്ചും ബുദ്ധിപരമാണ്. സത്യത്തില്‍ ഇത് അഴീക്കോട് മാഷിനെതിരായ അക്രമമല്ല പകരം പിണരായിക്കെതിരായ നീക്കമാണ്. കേരളത്തിലെ ബുദ്ധിജീവികളെ മുഴുവന്‍ വിലക്കെടുക്കുന്ന നികൃ്ഷ്ടനായി പിണറായിയെ ചിത്രീകരിക്കനുള്ള നീക്കം, ചക്രവ്യൂഹത്തില്‍പെട്ട നിസ്സഹായന്റെ ഭാഗം വി എസ്സിന് നല്‍കുമ്പോള്‍ രാഷ്ട്രീയ നിഷ്ഠൂരതയുടെ പര്യയമായി പിണറായി മറുന്നു. അസത്യം പറഞ്ഞിട്ടല്ല പകരം സത്യം മുഴുവനായി പറയാതിരുന്നും, പറഞ്ഞതില്‍ചിലതുമാത്രം എടുത്തുപറഞ്ഞും നടത്തുന്ന തെറ്റിദ്ധരിപ്പിക്കല്‍. വിശദമായ വാര്‍ത്താ വായനയില്‍നിന്നും സംഗീതത്തിന്റെയും, അതിവിദഗ്ധമായ ചിത്രസംയോജനത്തിന്റെയും, വാക്ചാതുരിയുടെയും അകമ്പടിയോടെയുള്ള വാര്‍ത്താ പ്രദര്‍ശനങ്ങളിലേക്ക് മാറിയ സാഹചര്യങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചു നടത്തുന്ന ഒരു പകപോക്കലിന്റെ ഉദാഹരണമാണിത്.
വാര്‍ത്തകളുടെ അവതരണം നിഷ്പക്ഷമായിരിക്കണം അതല്ലാതാവുമ്പോള്‍ , സംഘടിതമായി ഒരു വ്യക്തിക്കുനേരെ നടത്തുന്ന പകപോക്കലായും, രാഷ്ട്രീയ വൈരം ആസ്പദമാക്കിയുള്ള ചതുരംഗക്കളികളായും അവ തരം താഴുമ്പോള്‍ വ്യക്തമായി പറഞ്ഞാല്‍ ദേശാഭിമാനിയും, മനോരമയും, മാത്രുഭൂമിയും, ഏഷ്യാനെറ്റും, കൈരളിയും �ഒരേനിലവാരം'' പുലര്‍ത്തുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റെന്ന് ഒന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പിണറായിയായാലും ചരിത്രം ശരിവെക്കും സുഹൃത്തുക്കളെ

1 comment:

  1. അഴീകൊടിനോട് ദേഷ്യം തോന്നിയിരുന്നു. ആ അഭിമുഖം വായിക്കാതെ വാര്‍ത്തകള്‍ മാത്രം വായിച്ചതിന്റെ ഫലം . ഇടതുപക്ഷം എന്നും ശക്തമായി കേരളത്തില്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്, ഇടതുപക്ഷത്തെ സത്യസന്ധമായി വിമര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ആ വിമര്‍ശനങ്ങള്‍ ഇടതുപക്ഷത്തെ കുടുതല്‍ ശക്തമാക്കുന്നുവെന്നു വിശ്വസിക്കുന്നു . പക്ഷെ , എല്ലാം മുടിവെച്ച് വെള്ള പുശുന്നവരോട് വെറുപ്പ്‌ തോന്നുന്നു . അതിന് കുട്ടു നില്‍ക്കുന്നവരോടും .

    മാധ്യമങ്ങള്‍ അവരുടെ നിലനില്‍പ്പിനായുള്ള നിലവിളികൊണ്ടു വ്യക്തികളെ ഇല്ലാതാക്കിയേക്കാം, പക്ഷെ ഒരു പ്രസ്ഥാനത്തെയാകെ ഇല്ലാതാക്കാന്‍ കഴിയില്ല . അവര്ക്കു തിരുത്തേണ്ടി വരും .

    ReplyDelete