Friday, July 17, 2009

അച്യുതാനന്തനെ പുറത്താക്കിയതെന്തിനെന്ന് പറഞ്ഞത് കൃഷ്ണന്‍ നായര്‍ - നമ്മുടെ ''ലീലാ'' കൃഷ്ണന്‍നായര്‍

അവസാനം എ കെ ജി ഭവനില്‍ നിന്നും ആ വാര്‍ത്ത പുറത്തുവന്നു - വി എസ് പി ബിക്കു പുറത്ത്. പലരും പലതും പറഞ്ഞു. ``പുന്നപ്ര സമര വീരന്മാരടക്കം പാര്‍ട്ടിയിലെ പലരേയും വെട്ടിനിരത്താന്‍ വാളെടുത്തവന്‍ വാളാലെ'' എന്നും കേട്ടു. സത്യത്തില്‍ വല്ലാതെ പിന്നോട്ടു നോക്കിയാല്‍ വി എസ്സിനും അത്ര നല്ല ഭൂതകാലമല്ല ഉള്ളത്. പക്ഷെ സമീപകാലത്ത് വി എസ് കേരളത്തിന്റെ ഇടത്തോട്ടു ചരിഞ്ഞ രാഷ്ട്രീയ മനസാക്ഷിയുടെ ആശയും അവേശവുമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അഴിമതിക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, പ്രകൃതിവിഭവങ്ങളുടെ നാശത്തിനെതിരെ, പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കായി ഒക്കെ പോരാടുന്ന പഴയ സി പിഐ (പുതിയ സി പി എം) എന്ന പാര്‍ട്ടി അക്രമ രാഷ്ട്രീയമടക്കം അതിന്റെ എല്ലാ ദൂഷ്യങ്ങള്‍ക്കുമതീതമായി പൊതു സമൂഹത്തിന്റെ, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു ഘടകമായിരുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷം സുഖലോലുലതയില്‍ രമിച്ച് വലതു പക്ഷ ചിന്തയിലേക്കും, മുതലാളിത്ത വികസന നയങ്ങളിലേക്കും മാറുന്ന വര്‍ത്തമാനകാലത്തിന്റെ സമീപ ഭൂതത്തിലാണ് സഖാവ് അച്ച്യുതാനന്തന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ വിപ്‌ളവകരമായ പുനരവതാരം നടത്തുന്നത്. പരിപ്പുവടയേയും കട്ടന്‍ചായയേയും ഓര്‍മ്മിപ്പിക്കുന്ന പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നത്. അതും കിഴക്കന്‍ മലകയറി മതികെട്ടാനിലെ, ആനയുടെ മസ്തകത്തിന് വെടിയുതിര്‍ക്കുന്ന അച്ചായന്‍മാരുടെ മൂക്കില്‍ തൊട്ട്. തകരുന്ന ഇടതുപക്ഷത്തിനെ നോക്കി തലയില്‍കൈവച്ച സാധാരണക്കാരന്‍ ആദ്യം ആശ്വസിച്ചു സഖാവിനെ പാര്‍ട്ടി ഒതുക്കാന്‍ ശ്രമിച്ചപ്പോളെല്ലാം മുണ്ടും മടക്കിക്കുത്തി തെരുവിലിറങ്ങി മുദ്രവാക്യം വിളിച്ചു. കോടിയേരി സഖാവ് ക്ഷമിക്കണം അതിനിടയില്‍ അവരിലാരെങ്കിലും ഷാപില്‍ കയറി ഒരുകുപ്പി അടിച്ചുകാണും, സേ്കാച്ചൊന്നും അടിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളാ.

പിന്നീടങ്ങോട്ട് ചിലപ്പോളൊക്കെ അടിപതറിയെങ്കിലും മിക്കപ്പോഴും സഖാവ് അച്ച്യുതാനന്തന്റെ രാഷ്ട്രീയം മുതലാളിത്തത്തിനെതിരേയും, അഴിമതിക്കെതിരേയും ഒക്കെയുള്ള ഒരു സമരം തന്നെയായിരുന്നു. കേരളമെന്ന മുതലാളിത്തത്തിന് വളക്കൂറുള്ള കമ്പോളത്തില്‍ കൊതിപൂണ്ടിരുന്ന പലര്‍ക്കും അദ്ദേഹം കണ്ണിലെ കരടായിമാറി. ഇത്തവണ പിണറായിയെ രക്ഷിച്ച് അച്യുതാനന്തനെ തളക്കാന്‍ കുറച്ചൊന്നുമല്ല കാരാട്ട് വിയര്‍പ്പൊഴുക്കിയത്. സത്യത്തില്‍ വിധിദിവസത്തിനോടടുത്ത് കാരാട്ട് നടത്തിയ അണിയറക്കളികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മലയാളികളില്‍ പലരും അത്ഭുതപ്പെട്ടിരുന്നു. വളരെ ആകസ്മികമായിട്ടായിരുന്നു വി എസ്സിന്റെ പ്രതികരണങ്ങള്‍ക്കിടയില്‍, ഏഷ്യനെറ്റില്‍ ലീലാ ഗ്രൂപ്പിന്റെ തലവന്‍ ക്യാപ്റ്റന്‍ കൃ്ഷ്ണന്‍ നായര്‍ പ്രത്യക്ഷപ്പെട്ടത്. ദല്‍ഹി ഗുര്‍ഗാവോന്‍ റോഡില്‍ പുതുതായി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്ഘാടനത്തിന്, ഒട്ടുമിക്ക രാഷ്ട്രീയക്കാരെയും വരുത്തി ഊട്ടിയ ശേഷം ഊണും കഴിഞ്ഞ് ഇരിക്കവേ കൃ്ഷ്ണന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താനുള്ള സാഹചര്യമില്ലെന്ന്. ഈ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ കാരാട്ടിനൊക്കെ ചില പദ്ധതികളൊക്കെ മനസിലുണ്ടായിരുന്നു, എന്നാലൊന്നും നടത്താന്‍ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കോവളം ഹോട്ടല്‍ കേസില്‍ ഗവര്‍മെന്റ് തന്നെ സഹായിച്ചില്ലെന്നും കൂടി പറഞ്ഞപ്പോള്‍ ചിത്രം പൂര്‍ണമായി. വലിയ വലിയ മുതലാളിമാര്‍ക്കൊക്കെ വിടുപണി ചെയ്യാന്‍ പലരും പലതും മനസ്സില്‍ കരുതിയിരുന്നു (ഇനി അച്ചാരം കൂടി വാങ്ങിയിരുന്നെന്ന് കേട്ടാല്‍ മതി). അതൊന്നും നടന്നില്ല. - ശകുനം മുടക്കിയായ ഒരുകിളവന്റെ മുടിഞ്ഞ കമ്മ്യൂണിസം കാരണം.

ഇവര്‍ക്കൊക്കെ വേണ്ടിയാണോ സഖാവേ സി സിക്കും പിബിക്കും ഇടയില്‍ ഫയലുമായി താങ്കള്‍ വിയര്‍ത്തോടിയത്. അങ്ങിനെയൊന്നുമല്ലെങ്കില്‍കൂടി സി പി എമ്മിന്റെ ദേശീയ സെക്രട്ടറിയുടെ മനസിലെന്തുണ്ടായിരുന്നെന്ന് തനിക്കറിയാമെന്ന് പരസ്യമായി ഒരു മാധ്യമത്തോട് കൃ്ഷ്ണന്‍ നായരെപ്പോലൊരാള്‍ പറയുന്നത് കമ്യൂണിസത്തിനൂതന്നെ നാണക്കേടാണ്. വടക്കോട്ട് യാത്രചെയ്യുമ്പോള്‍ പയ്യാമ്പലം കടപ്പുറത്തിനടുത്തൊന്നും പോകാതിരിക്കൂ സഖാവേ. നെഞ്ചില്‍, കത്തുന്ന വിപ്‌ളവ പന്തങ്ങളുമായി വലിയ ചുടുകാട്ടില്‍ പലരും വിശ്രമത്തിലാണ്, അവര്‍ കമ്യൂണിസ്റ്റുകാരുമാണ് കല്ലറതകര്‍ത്ത് വന്ന് ``വെട്ടിക്കളയും''.

5 comments:

  1. വടക്കോട്ട് യാത്രചെയ്യുമ്പോള്‍ പയ്യാമ്പലം കടപ്പുറത്തിനടുത്തൊന്നും പോകാതിരിക്കൂ സഖാവേ. നെഞ്ചില്‍, കത്തുന്ന വിപ്‌ളവ പന്തങ്ങളുമായി വലിയ ചുടുകാട്ടില്‍ പലരും വിശ്രമത്തിലാണ്, അവര്‍ കമ്യൂണിസ്റ്റുകാരുമാണ് കല്ലറതകര്‍ത്ത് വന്ന് ``വെട്ടിക്കളയും''.


    ഓ ! പിന്നെ !!!!എന്തൊരു വിപ്ലവ സ്വപ്നം...പറഞ്ഞത് ശരിയാ, വി.എസ് വെട്ടിനിരത്തിയ ഓ ഭരതനും, പി.വി കുഞ്ഞിക്കണ്ണനുമൊക്കെ അവിടെ ഉണ്ട്..പോകാതിരിയ്ക്കുന്നതാ ബുദ്ധി!

    പാർട്ടിയിലെ 3 ലക്ഷം പേരും അഴിമതിക്കാർ,വിഡ്ഡികൾ,വിവരമില്ലാത്തവർ...ഒരാളെങ്കിലും കൊള്ളാമല്ലോ.!

    ReplyDelete
  2. താങ്കളെ പോലൊരു "കമ്മ്യൂണിസ്റ്റ്" സ്നേഹിയെ കൊണ്ട് ഇതുപറയിപ്പിച്ചതിന് " സെക്രട്ടറിമാര്‍ക്ക്" സല്യൂട്ട്, സുനിലെ ഇപ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല, കുറച്ച് മുന്‍പേ ആകണമായിരുന്നു

    ReplyDelete
  3. അനോണി ജീവി,

    ഈ ഒരു കാര്യത്തിൽ മാത്രം താങ്കളോട് യോജിപ്പുണ്ട്.
    കുറഞ്ഞപക്ഷം കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പു കാലത്ത് സീറ്റിന്റെ പ്രശ്നത്തിൽ നാടിളക്കിയ സമയത്തെങ്കിലും ആവാമായിരുന്നു.

    Better Late than Never !!!

    ReplyDelete
  4. ഭരണകൂടവുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന്റെ കാഠിന്യം കല്‍ക്കത്താത്തീസിസിനു സമാനമായി നടത്തിയ സമരങ്ങള്‍ വഴി തിരിച്ചറിഞ്ഞ പാര്‍ട്ടി, സ്വന്തം അവസരവാദ ജനുസ്സുകല്‍ ഇനിയും കൈമോശം വന്നിട്ടില്ല എന്നു മുതലാളിത്ത വ്യവസ്ഥയോട് സന്ധി ചെയ്തു പണ്ടേ സ്ഥിതീകരിച്ചതാണ്. ആ നയത്തിലൂന്നി നിന്ന് പാര്‍ലമെന്റേറിയനിസം പയറ്റുകയും അതിന്റെ തന്നെ എല്ലാ ദുഷിപ്പുകള്‍ പുല്‍കുകയും ചെയ്തു. തന്മൂലം തിരഞ്ഞെടുപ്പുകളില്‍ ധനികവ്യവസ്ഥിതികളില്‍ നിന്നു സഹായം സ്വീകരിക്കല്‍, അഴിമതി, മുന്തിയ ജീവിതശൈലി എന്നിവയും പാര്‍ട്ടിയുടെ ഭാഗമായി. കലുഷിതമായ ഈ അന്തരീക്ഷത്തില്‍ വേറിട്ടു കേല്‍ക്കുന്ന ഏതു ശബ്ദത്തേയും അതേത് ഉദ്ദേശത്തോട് കുടിയായാലും മുടിവെക്കുക്ക എന്നുള്ളത് പാര്‍ട്ടിയുടെ ഒരു ആവശ്യമായി.

    ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി നമ്മുക്ക് പിബി യുടെ ഈ നടപടിയും കാണാം. പൊതുജനത്തിനു പിബിയോ സിസിയോ അല്ല വേണ്ടത് മറിച്ച് വികസനമാണ്, പടലപ്പിണക്കവും ഭരണസ്ഥംഭനവുമല്ല മറിച്ച് ഭരണസ്ഥിരതയാണ് എന്ന സത്യത്തെ പാര്‍ട്ടി അംഗീകരിച്ചാല്‍ ഇപ്പൊള്‍ നിലവിലുള്ള ജനകീയതയെങ്കിലും നില നിര്‍ത്താന്‍ സാധിക്കും.

    ReplyDelete