Saturday, July 4, 2009

ജാതി ചോദിക്കരുതെന്ന് പറഞ്ഞതിന് സതയെ തെറിവിളിക്കുന്ന ബ്‌ളൂലോകവാസികള്‍ തീര്‍ച്ചയായും വായിക്കാന്‍

ജാതിസംവരണം എന്ന വ്യവസ്ഥിതി പുനഃപരിശോധിക്കണമെന്ന അഭിപ്രായത്തോടെ സത തന്റെ ബ്‌ളോഗിലൊരു പോസ്റ്റിട്ടൂ. സതയുടെ വായനയേയും, സ്ഥിരബുദ്ധിയേയും എന്തിന് കുടുംബ പശ്ചാത്തലം പോലും പലരും ചോദ്യം ചെയ്തുകളഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു സവിശേഷ സാഹചര്യത്തിന്റെ പരിഛേദമാണിത്. ന്യൂനപക്ഷത്തിനെ അവരുടെ സവിശേഷ അവകാശങ്ങളെ ഒരു നോക്കുകൊണ്ട് പോലും വിമര്‍ശിച്ചാല്‍ തല്ലു കിട്ടുന്ന അവസ്ഥ. പാര്‍ട്ടി ജില്ലാ നേതൃത്വം മുതല്‍ നിയമസഭ, ലോകസഭ, രാജ്യസഭ, മന്ത്രിസഭ - കളിലേക്കെല്ലാം ജാതി മതാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്ന നാട്ടില്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെക്കിട്ടിയില്ലെന്ന് എന്‍ എസ് എസ് പറഞ്ഞപ്പോള്‍ നാട്ടിലെല്ലാവര്‍ക്കും പരിഹാസം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് സഖാവ് നായനാരുടെ കൂടെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് യാത്രചെയ്ത ഒരുപത്ര പ്രവര്‍ത്തകന്‍ ഓരോ പ്രസംഗസ്ഥലത്ത് ചെല്ലുമ്പോഴും സഖാവ് ആ നാട്ടിലെ ജാതി തിരിച്ചുള്ള ജനസംഘ്യ കണക്കുകള്‍ വ്യക്തമായി പരിശോധിച്ച ശേഷമാണ് പ്രസംഗം എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജാതിവ്യവസ്ഥ നിലവില്‍വന്ന പുരാതന ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥകളെ ആധുനീകകാലത്തെ സാഹചര്യങ്ങള്‍ വച്ച് വിലയിരുത്തരുതെന്നായിരുന്നു സതയുടെ ആദ്യ പരാമര്‍ശം. തൊഴില്‍ അടിസ്ഥാനമായ ഉഛഃനീചത്വങ്ങളാണ് പില്‍ക്കാലത്ത് ജാതിവ്യവസ്ഥയിലേക്ക് നയിച്ചതെന്നും അത്തരം തൊഴില്‍ അടിസ്ഥാനമാക്കിയുള്ള തൊട്ടുകൂടായ്മകള്‍ മറ്റൊരു തലത്തിലായാലും ഇന്നും നിലനില്‍ക്കുന്നു എന്നുമായിരുന്നു അടുത്ത വീക്ഷണം. വ്യക്തമായ പഠനങ്ങളുടെ പിന്‍ ബലമില്ലാതെ വല്ലതും വിളിച്ചു പറയുന്നു എന്നായിരുന്നു ഇതിനെതിരേയുണ്ടായ ആദ്യത്തെ പ്രതികരണം അമേരിക്കന്‍ എകണോമിക് റിവ്യൂയില്‍ 2000 - ത്തില്‍ അശ്വിനി ദേശ്പാണ്‍ഢെ എഴുതിയ ലേഖനത്തില്‍ വര്‍ണ വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തെപ്പറ്റി സൂചക ലേഖനങ്ങള്‍ ഉദാഹരിച്ച് വിവരിക്കുന്നുണ്ട്. സതയുടെ പ്രസ്താവനക്ക് റഫറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇത്തരം ലേഖനങ്ങള്‍ വായിക്കാവുന്നതേയുള്ളൂ. സത്യത്തില്‍ ജാതിവ്യവസ്ഥ എതിര്‍ക്കപ്പെടുമ്പോള്‍ അതിലേക്കുനയിച്ച തൊഴില്‍പരമായ തൊട്ടുകൂടായ്മകള്‍ നിലനില്‍ക്കുന്നതായുള്ള സതയുടെ പരാമര്‍ശം ഒരു നൂതനാശയമാണ്. ആശയങ്ങള്‍ എന്നും കടമെടുക്കപ്പെടേണ്ടതാണെന്ന് ആരയാലും നിര്‍ബന്ധബുദ്ധി കാണിക്കരുത്.

ജാതിവ്യവസ്ഥ അത്ര പെട്ടെന്ന് നിര്‍മാര്‍ജ്ജനം ചെയ്യാനാവുന്നതല്ലെന്നതും ഒട്ടനേകം സമൂഹ്യ ശാസ്ത്രജ്ഞര്‍ പഠനം നടത്തി പറഞ്ഞ കാര്യങ്ങള്‍ മാത്രം. ഒരുകാര്യം സത്യമാണ് - സതയുടെ അഭിപ്രായപ്രകടനം കേരളത്തിലെ സാഹചര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാവര്‍ക്കും വളരാനുള്ള സാഹചര്യങ്ങള്‍ എല്ലായിടത്തും നിലനില്‍ക്കുന്നില്ല. തമിഴ് നാട്ടില്‍ പോലും പലയിടങ്ങളിലും കീഴാള സമൂഹത്തിന് ഇന്നും പഠനവും മറ്റും അപ്രാപ്യമാണ്. ഉത്തരേന്ത്യയിലെ സാഹചര്യങ്ങള്‍ ഇതിലും മോശമാണ്. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍, നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ പല പിന്നോക്ക വിഭാഗങ്ങളും കുറഞ്ഞത് സാമ്പത്തികമായ മെച്ചമെങ്കിലും നേടിയെടുത്തിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യഭ്യാസവും മറ്റും ഇന്നും അവരില്‍നിന്നുമെത്രയോ അകലെയാണ്. ഇന്ത്യയിലെമ്പാടും ഞാന്‍ സന്ദര്‍ശിച്ച ആദിവാസിഗ്രാമങ്ങളിലെങ്ങും സംവരണമടക്കം നിലവിലുള്ള പിന്നോക്ക വികസന സാഹചര്യങ്ങള്‍ വഴി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കെത്തിപ്പെട്ട ആരും തന്നെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകുന്നതായോ അവര്‍ വളര്‍ന്നുവന്ന സമൂഹത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യുന്നതായോ കണ്ടെത്തിയിട്ടില്ല. പകരം പുറം ലോകത്തെത്തിപ്പെട്ട ഈ സമൂഹം അവര്‍ക്കു ലഭിച്ച മെച്ചപ്പെട്ട സാഹചര്യങ്ങള്‍ മുതലാക്കി യധാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുലഭിക്കേണ്ടുന്ന സാഹചര്യങ്ങള്‍ നേടിയെടുക്കുന്നതായാണ് കാണുന്നതും. സാമ്പത്തിക സംവരണത്തിനാകട്ടെ യധാര്‍ത്ഥ വരുമാന വിവരങ്ങള്‍ മറച്ചുവെക്കാന്‍ ധാരാളം സാധ്യതകളുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുമാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നുവച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നവരെ ന്യൂനപക്ഷത്തിന്റെ സഘടിതശക്തിയുടെ ബലത്തിലും ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തിലും അടിച്ചിരുത്താന്‍, നിലവിലുള്ള സംവരണ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുകയും, അതിന്റെ ബലത്തില്‍ സ്വന്തം സമൂഹത്തിലെ യധാര്‍ത്ഥ പിന്നോക്കക്കാരനെ സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മത്സരിച്ച് തോള്‍പ്പിക്കുകയും ചെയ്യുന്ന മധ്യ-ഉപരിമധ്യവര്‍ത്തികള്‍ നടത്തുന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രവണതയാണ്. ഇവര്‍ ജാതിവ്യവസ്ഥ നിലനില്‍ക്കാനാഗ്രഹിക്കുന്നവരും അതിന്റെ വക്താക്കളുമാണ്. പറയുന്നതാകട്ടെ സവര്‍ണ ഫാസിസത്തെപ്പറ്റിയും. സവരണ നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. ജാതിവ്യവസ്ഥയെ നിലനിര്‍ത്താത്ത അതിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഒരു സംവിധാനം നിലവില്‍വരേണ്ടതുണ്ട്. ജാതിവ്യവസ്ഥ നിലനിര്‍ത്തി ഈ രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ഇടത്, വലത്, ബൂര്‍ഷ്വ പാര്‍ട്ടികളെല്ലാം തന്നെ ഈ കാര്യത്തില്‍ ഒരേ നിലപാടെടുക്കുന്നു. ജാതി മത ഛിഃഹ്നങ്ങളെയെല്ലാം പൊതുസമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളാവണം ഇതില്‍ നമുക്ക് മാതൃക. സ്വന്തം ഭരണഘടന പോലും പല രാജ്യങ്ങളുടെ നിയമസംഹിതകളില്‍ നിന്നും മെച്ചപ്പെട്ട വ്യവസ്ഥകളെ ദത്തെടുത്ത് രൂപപ്പെടുത്തിയ ഒരു രാജ്യത്തിന് ഫ്രാന്‍സിനെപ്പോലൊരു രാജ്യത്തെ മാതൃകയാകുന്നതില്‍ ഒരു തെറ്റുമില്ല. സതയുടെ എഴുത്തിനെതിരായുള്ള ആക്രമണം ഒരു ഒറ്റപ്പെട്ട സം ഭവമല്ല - വലിയൊരു തെറ്റിന്റെ ചെറിയ നേര്‍പകര്‍പ്പ് ബ്‌ളൂലോകത്തിലും

14 comments:

  1. ഹരി,

    നന്ദി സുഹൃത്തേ.. താങ്കള്‍ എങ്കിലും ഞാന്‍ എഴുതിയത് അതെ അര്‍ഥത്തില്‍ വായിച്ചു എന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം.. സത്യത്തില്‍ കാളിദാസന്റെ എന്ന പോസ്റ്റിനു മറുപടി എഴുതാന്‍ തുടങ്ങുകയായിരുന്നു.. ഇനി അതിന്റെ ആവശ്യം തന്നെ ഇല്ല എന്ന് തോന്നുന്നു.. മുന്‍വിധികളും രാഷ്ട്രീയവും ഒക്കെ എങ്ങനെ ആണ് മനുഷ്യരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നത് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു എന്തായാലും.
    അതുപോലെ താങ്കളുടെ സ്വതന്ത്ര ചിന്തയും.. നന്ദി..

    ReplyDelete
  2. ക്ഷമിക്കുക, ഇതാണ് കാളിദാസന്റെ പോസ്റ്റ്‌.. ജാതിയും ജാതിവ്യവസ്ഥയും

    വായിക്കുമല്ലോ..

    ReplyDelete
  3. ജാതിയതയുടെ വേരുകളും, അതിന്റെ ശിഖരങ്ങളും,
    വ്യക്തിവിരോധങ്ങള്‍ക്കിട നല്‍കാതെ വസ്തുതാപരമായി വ്യത്യസ്തരായ ബ്ലോഗര്‍മാരുടെ കാഴ്ച്ചാപ്പാടുകള്‍ പങ്കുവക്കുന്നത് ഒരു സമഗ്ര ദര്‍ശനം സാധ്യമാക്കുമെന്നതിനാല്‍ സ്വാഗതാര്‍ഹമാണ്.
    തുടരുക. ആശംസകള്‍ !!!

    ReplyDelete
  4. ഹരി,
    അഭിനന്ദനങ്ങള്‍, ഈ പോസ്റ്റ് ഇട്ടതിനു.ജാതി വിളിച്ചു പറഞ്ഞു കൊണ്ടു തന്നെ ജാതിവ്യവസ്ത ഇല്ലാതെയാക്കാം എന്നു പറഞ്ഞു നടക്കുന്നവരെ ഇതൊന്നു ചിന്തിപ്പിച്ചിരുന്നെങ്കില്‍..

    ReplyDelete
  5. ജാതി മാത്രമേ ചോദിക്കാന്‍ പാടില്ലാതെയുള്ളൂ? മതം ചോദിക്കാമോ ?

    ചുമ്മാ ഒരു സംശയം :)

    ReplyDelete
  6. ചിലപ്പോ ഒന്ന് രണ്ടു തലമുറ കഴിയുമ്പോള്‍ കുറെ ഒക്കെ മാറ്റം വന്നേക്കാം... ഇത്രയും ഒക്കെ തന്നെ മാറിയില്ലേ

    ReplyDelete
  7. "ന്യൂനപക്ഷത്തിനെ അവരുടെ സവിശേഷ അവകാശങ്ങളെ ഒരു നോക്കുകൊണ്ട് പോലും വിമര്‍ശിച്ചാല്‍ തല്ലു കിട്ടുന്ന അവസ്ഥ."
    ന്യായമായ കാര്യങ്ങളില്‍ ഇതു നല്ലതാണ്‌. പക്ഷേ ഈയ്യിടെയായി അന്യായമായ കാര്യങ്ങളിലും ഈ പ്രവണത കാണാം.

    അതതു കാലങ്ങളിലെ ഭരണകൂടങ്ങളും ഷണ്ഡന്‍മാരായി നില്‍ക്കുന്നതോ കൂടെ കൂടുന്നതു കാണാം. അല്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ അവര്‍ക്കും കിട്ടും ബാലറ്റ്‌ പേപ്പര്‍ കൊണ്ടുള്ള തല്ല്. എനിക്കിട്ട്‌ തല്ല് വരുന്നതിനു മുമ്പ്‌ ഞാന്‍ ഒാടി.

    ReplyDelete
  8. ഹരി,പോസ്റ്റു കലക്കി,ഒരു സം ശയം പിന്നേയും ബാക്കി.നൂറ്റാണ്ടുകളോളം നിലനിന്ന ജാതിവ്യവസ്ഥയുടെ ഫലമല്ലേ ചിലമനുഷ്യരെ(?)എല്ലാതരം അവകാശങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയത്?ജനാധിപത്യം ആ മനുഷ്യരില്‍ ചെറിയൊരു ശതമാനത്തിന്‌ നിവര്‍ന്നുനില്കാനുള്ള കെല്പുനല്കിയതിനു സം വരണത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നത് ശരിയോ..?സം വരണം അടുത്ത മഹാപ്രളയം വരേ തുടരണമെന്ന് ആരുപറഞ്ഞു.സാമൂഹീകവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടുപോയൊരു ജനതയെ പൊതുസമൂഹത്തിലേക് ആഗിരണം ചെയ്യാനുള്ള ഒരേ ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ്,സം വരണം വിഭാവനചെയ്യുന്നത്.പിന്നോക്ക സമുദായത്തിലെ ചുരുക്കം ചിലവ്യക്തികളെ ചൂണ്ടി ,സം വരണാവകാശത്തെ പരിഹസിക്കുമ്പോള്‍ ,കഥമാറുകയാണ്.ആദ്യമായി സം വരണ വാദമുന്നയിച്ച നായര്‍ സമുദായമാണ്-സം വരണ വിരുദ്ധരാകുന്നതെന്ന ഐറണികൂടി കാണൂ.

    ReplyDelete
  9. @ഹരി,
    ആരും ഒന്നും ചോദിക്കരുത്, പറയരുത് എന്നൊക്ക വിചാരമുള്ളവർ, തങ്ങളുടെ ചിന്തകളെ പൊതുജന മധ്യത്തിൽ വയ്ക്കരുത്, ഇനി വയ്ക്കാതെ ഉറക്കം വരില്ല എങ്കിൽ കമന്റ് ഓപ്ഷൻ എടുത്തുകളയരുതോ, സത ഇടുന്ന പോസ്റ്റിന് മറുപടി ഇട്ടാലെ ഉറക്കം വരു എന്നൊന്നുമില്ല. പിന്നെ ദഹിക്കാത്തത് തികട്ടി വരുക സ്വാഭാവികമല്ലെ, അതിന് മറ്റൊരു കാര്യം കൂടെ ഉണ്ട്, ചിലപ്പോൾ സത തെറ്റിദ്ധരിക്കാൻ കാരണമാകും, താൻ പറയുന്നതും വിശ്വസിക്കുന്നതും ഒക്കെ ശരി ആണെന്ന് അതുവേണോ, ഒരു മനുഷ്യനെ വഴിപിഴപ്പിക്കണോ ?

    ReplyDelete
  10. 1.ജാതിസംവരണം എന്ന വ്യവസ്ഥിതി പുനഃപരിശോധിക്കണമെന്ന അഭിപ്രായത്തോടെ സത തന്റെ ബ്‌ളോഗിലൊരു പോസ്റ്റിട്ടൂ. സതയുടെ വായനയേയും, സ്ഥിരബുദ്ധിയേയും എന്തിന് കുടുംബ പശ്ചാത്തലം പോലും പലരും ചോദ്യം ചെയ്തുകളഞ്ഞു.
    അദ്ദേഹത്തിന്റെ കുടുംബ പച്ഛാത്തലം അന്വേഷിച്ചത് “ ഈ അനോണി ജീവി “ ആയിരുന്നു, അത് സതയ്ക്ക് കല്ല്യാണം ആലോചിക്കാനായിരുന്നില്ല. അല്ലെങ്കിൽ വീട്ടിലുള്ളവരെ പുലഭ്യം പറയാനും ആയിരുന്നില്ല. സത മുന്നോട്ട് വച്ച ( അത് സതയുടെ ആശയമല്ല സതയും, ഹരിയും പ്രതിനിധീകരിക്കുന്ന “ജാതി” സംഘടനയുടെ ആശയമായിരുന്നു) ആശയത്തിന്റെ അപ്രായോഗികത സ്വന്തം ജീവിത ചുറ്റുപാടിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിക്കൊടുക്കാൻ വേണ്ടി ആയിരുന്നു. പക്ഷേ സതയ്ക്ക് അതിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

    2. ജാതിവ്യവസ്ഥ നിലവില്വയന്ന പുരാതന ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥകളെ ആധുനീകകാലത്തെ സാഹചര്യങ്ങള്‍ വച്ച് വിലയിരുത്തരുതെന്നായിരുന്നു………ഹരി ഞങ്ങളും ഒക്കെ ഈ സമൂഹത്തിൽ തന്നെ വളർന്നവരാണ്, തൊഴിൽ പരമായ വേർതിരിവ് ഇന്നും നിലനിൽക്കുന്നു അത് എല്ലാ മനുഷ്യർക്കും അറിയാവുന്ന കാര്യമാണ് ലോകത്ത് നിന്നിരുന്ന ഈ ഉച്ച നീചത്വങ്ങൾ വർണ്ണ വ്യത്യാസത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോഒക്കെ ആയിരുന്നു എങ്കിൽ, പ്രാചീന ഇന്ത്യയിൽ അത് മതവുമായി കൂട്ടിബന്ധിപ്പിച്ചു, അതുകൊണ്ടാണ് അത് ഇന്നും ഇന്ത്യയിൽ നിന്നും തൂത്തെറിയാനാവാതെ നിലനിൽക്കുന്നത്. തൊഴിൽ‌പരമായ വേർതിരിവുകൾക്ക് മേലെ ഋഗ്വേദത്തിലെ പുരുഷ സുക്ത ആണ് കാസ്റ്റ് സിസ്റ്റത്തിന്റെ തിയറി അവതരിപ്പിക്കുന്നത് അതിന് ശെഷം വന്ന പുരാണങ്ങൾ എല്ലാം മനുസ്മൃതി വരെ അതിന്റെ അൾവുകൾ രേഖപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണ മേധാവിത്വമുള്ള ഒരു ജീവിത സംസ്കാരത്തിൽ തൊഴിലധിഷ്ടിത ജീവിതരീതി ജാതി അടിസ്ഥാനമാക്കി ലയിപ്പിക്കുക ആയിരുന്നു “ഋഗ്വേദത്തിലെ പുരുഷ സുക്തം ചെയ്തത്, ഈ സംസ്കാരം ഹിന്ദുമതമായി പരിണമിക്കാൻ പിന്നേയും നൂറ്റാണ്ടുകളെടുത്തു.
    സത തന്റെ പോസ്റ്റിൽ ഉയർത്തുന്ന ചോദ്യങ്ങൾക്ക് കാളിദാസൻ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. ഹരിയുടെ കണ്ടെത്തലായ സതയുടെ നൂതന ആശയം പണ്ട് നിലനിന്നിരുന്നതും, ഇന്ന് നിലനിൽക്കുന്നതും, നാളെ നിലനിൽക്കപ്പെടുന്നതുമാണ്. അത് തൊഴിലിൽ നിന്നും ജീവിതത്തിലേയ്ക്ക് പറിച്ച് നടുമ്പോൾ ആണ് വർണ്ണവെറിയായി (ജാതി, മത, ഭാഷ) അളക്കപ്പെടുന്നത്. “പ്യൂണിനെ വീട്ടിൽ വിളിച്ച് സൽക്കരിക്കണോ “( ****** കടപ്പാട് സത)

    ReplyDelete
  11. 3. തമിഴ് നാട്ടില്‍ പോലും പലയിടങ്ങളിലും കീഴാള സമൂഹത്തിന് ഇന്നും പഠനവും മറ്റും അപ്രാപ്യമാണ്.
    ഇതിലെ ഈ പോലും പ്രയോഗം കേട്ടാൽ അവിടെ യാതൊരു വേർതിരിവുമില്ലാതെ ജീവിക്കുന്ന ഒരു സമൂഹം ഉണ്ടെന്നു തോന്നും. ഹരി സംസ്കാരത്തിന്റെ കാര്യത്തിൽ തമിഴനും, ബീഹാറിയും തുല്ല്യനാ. ഉത്തരേന്ത്യയിലെ കാര്യങ്ങൾ ഇതിലും മോശമാണ് എന്ന് പറയുന്ന ഹരി, ഭജ്പ യ്ക്ക് ഈ ജാതി വ്യ്‌വസ്ഥയുടെ ഊനം കുറയ്ക്കാൻ അവർ ഭരിക്കുന്ന സംസ്ഥാനത്ത് എന്തെങ്കിലും ചെയ്തുകൂടേ (ഓഫ് ടോപ്പിക്ക് ആണേ)
    ഹരി ഇന്ത്യയിൽ എമ്പാടും താങ്കൾ സന്ദർശിച്ചു എന്ന് പറയുന്നുണ്ടല്ലോ, ബീഹാർ മൊത്തം ഒന്ന് കറങ്ങ്, യൂപ്പി, മധ്യപ്രദേശ്. ഇന്ത്യയെ ശരിക്ക് കാണാൻ ഇതുതന്നെ ധാരാളം ഇവിടൊക്കെ ഹരി എന്തിന്റെ പേരിൽ ആണ് കറങ്ങിയിട്ടുള്ളത് ( അതോ കേരളാ എക്സ്പ്രസ്സിലെ വിൻഡോ വ്യൂ മാത്രമോ) സാധാരണ ജനങ്ങൾക്ക് ഇവിടങ്ങളിൽ നീധി നിഷേധിക്കപ്പെടുമ്പോൾ ആദിവസികളുടെ കാര്യം എന്താവും? ഈ ലെഖനത്തിൽ മുന്നോട്ട് പോകുമ്പോൾ താങ്കൾ “ അനോണി ജീവി “ നടത്തിയ പരാമർശങ്ങൾ ശരിയാണ് എന്ന് സമ്മതിക്കുന്നു ഇത് താങ്കളുടെ തന്നെ വരികൾ ആണ് “ സാമ്പത്തിക സംവരണത്തിനാകട്ടെ യധാര്ത്ഥ വരുമാന വിവരങ്ങള്‍ മറച്ചുവെക്കാന്‍ ധാരാളം സാധ്യതകളുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുമാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. “ സതയുടെ പോസ്റ്റിന്റെ കാതൽ തന്നെ അതായിരുന്നു. സതയെ സംരക്ഷിക്കാൻ താങ്കൾ ശ്രമിക്കുന്നതിനിടയിലും സത്യം മൂടിവയ്ക്കാൻ ശ്രമിക്കാത്തത് അഭിനന്ദനാർഹമാണ്. തീർച്ചയായും പിന്നോക്കക്കാരിൻ മുന്നോക്കക്കരെ ഇതിന്റെ ആനുകൂല്ല്യം ആസ്വദിക്കാൻ അനുവദിക്കേണ്ടതില്ല. ഈ വെണ്ണപ്പാളിയെ നീക്കി നിർത്തേണ്ടതുതന്നെ ആണ്. പക്ഷേ അതിനായി സ്വീകരിക്കുന്ന വഴി ശാസ്ത്രീയമായിരിക്കണം എന്നു മാത്രം.
    ഹരി യാധാർത്ഥ്യങ്ങൾക്ക് പുറം തിരിഞ്ഞു നിന്നിട്ട് എന്ത് കാര്യം ? എന്തുകൊണ്ട് ഇന്ത്യയിൽ ജാതി സംവരണം തിരഞ്ഞെടുത്തു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തത് കാണുമ്പോൾ ദുഖം തോന്നുന്നു. അത് ജാതി നിലനിൽക്കണം എന്ന കർക്കശം കൊണ്ടല്ല, അർഹത ഉള്ളവരെ കണ്ടെത്താനുള്ള എളുപ്പ വഴി എന്ന നിലയിലാണ്. നായരായ ഹരിയോ, സതയോ സ്വജാതി വെടിഞ്ഞ് പുലയനായി സംവരണ ആനുകൂല്ല്യം തട്ടി എടുക്കാൻ പരസ്യമായി ശ്രമിക്കില്ല എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. സാമ്പത്തിക സംവരണമായാൽ എന്താവും അവസ്ഥ,

    ReplyDelete
  12. ഹരിയുടെ സ്റ്റീയറിംഗ് തിരിഞ്ഞ് പൊളിറ്റിക്കൽ ട്രാക്കിൽ കയറി. ഇതെല്ലാം ഇനീ മാറ്റണമെങ്കിൽ ഹരിയുടെ വാക്കുകൾ തന്നെ പേസ്റ്റാം “ജാതിവ്യവസ്ഥ നിലനിര്ത്തിീ ഈ രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ഇടത്, വലത്, ബൂര്ഷ്വറ പാര്ട്ടി കളെല്ലാം തന്നെ ഈ കാര്യത്തില്‍ ഒരേ നിലപാടെടുക്കുന്നു “ ഇതിന് കടക വിരുദ്ധമായ നിലപാട് നമ്മുടെ “ രാമരാജ്യ” ക്കാർക്കാണ്. 5 വർഷം ഈ രാമരാജ്യഭരണം ഇന്ത്യ ആസ്വദിച്ചതാണ് വിടുമാഷെ വിടുവായ.
    4. . ജാതി മത ഛിഃഹ്നങ്ങളെയെല്ലാം പൊതുസമൂഹത്തില്‍ നിന്നും നിര്മ്മാ ര്ജ്ജജനം ചെയ്യുന്ന ഫ്രാന്സ് പോലുള്ള രാജ്യങ്ങളാവണം ഇതില്‍ നമുക്ക് മാതൃക. സ്വന്തം ഭരണഘടന പോലും പല രാജ്യങ്ങളുടെ നിയമസംഹിതകളില്‍ നിന്നും മെച്ചപ്പെട്ട വ്യവസ്ഥകളെ ദത്തെടുത്ത് രൂപപ്പെടുത്തിയ ഒരു രാജ്യത്തിന് ഫ്രാന്സി്നെപ്പോലൊരു രാജ്യത്തെ മാതൃകയാകുന്നതില്‍ ഒരു തെറ്റുമില്ല.
    ജനാധിപത്യ വിശ്വാസികൾ എന്നും സ്വാഗതം ചെയ്യുന്ന കാര്യമാണ് താങ്കൾ മുകളിൽ സൂചിപ്പിച്ചത്, സ്വന്തം റേഷൻ കാർഡിൽ സ്വന്തം വരുമാനം സത്യസന്തമായി രേഖപ്പെടുത്താത്ത രാജ്യസ്നേഹികൾ ആണ് ചാരിത്ര്യം വിളമ്പുന്നത്, ഛെ കഷ്ടം. ഹരി മുകളിൽ ഞാൻ പേസ്റ്റിയ വരികൾ താങ്കൾ ആത്മാർത്ഥമായി തന്നെ എഴുതിയതാണോ ? എങ്കിൽ എന്താണ് നാം സ്വീകരിക്കേണ്ടത് ???
    ഇവിടെ ഹരി ഉന്നം വയ്ക്കുന്നത് ഏകീകരണ സിവിൽ കോടും, സാമ്പത്തിക സംവരണവും ആണ് എന്ന് താങ്കളുടെ പോസ്റ്റ് വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ടാണല്ലോ ഫ്രാൻസ് കടന്നുവരുന്നത്. അവിടെ മുസ്ലീം പർദ്ദധരിക്കാൻ പാടില്ല, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മത ചിഹ്നങ്ങളായ ഡ്രെസ്സ് കോഡുകൾ ഉപയോഗിക്കാൻ പാടില്ല എന്നത് വളരെ സ്വാഗതാർഹമായ ഒന്നാണ്, ഇനീ ഹരി ഇന്ത്യയിലേയ്ക്ക് തിരിഞ്ഞുനോക്കു നമുക്ക് അത് പ്രാപ്യമാണോ? അങ്ങനെ ആവണമെങ്കിൽ നാം ഒരു പുതിയ മതം സ്വീകരിക്കണം, ഇസ്ലാമിനേയും, കൃസ്ത്യാനിയേയും,ഹിന്ദുവിനേയും, സിക്ക് തുടങ്ങി എണ്ണീയാൽ തീരാത്തത്ര മതങ്ങളേയും പടി അടച്ച് പിണ്ഡം വയ്ക്കണം ഹരിക്കാകുമോ അത് ? അല്ലെങ്കിൽ ഏതെങ്കിലും ഇന്ത്യാക്കാരന് ആകുമോ അത് ? സതയും, ഹരിയും നിങ്ങളേ പോലുള്ളവരും സ്വപ്നം കാണുന്നത് സനാധന ധർമ്മത്തിൽ അധിഷ്ടിതമായ ഒരു സിവിൽകോഡ് ആയിരിക്കും, ഇനി അതല്ല കുറച്ചൂടെ വിശാലമനസ്കത കാണിച്ചാൽ എല്ലാ മതങ്ങളുടേയും ഗുണങ്ങൾ ഏകീകരിച്ച് ഒരു നിയമം. ഇന്ന് ഭാരതത്തിൽ നിലനിൽക്കുന്ന മത അടയാളങ്ങൾ പൊതു സമൂഹത്തിൽ നിന്നും മാറ്റണം എന്ന് ഹരി പറയുമ്പോൾ സ്വാഭാവികമായും മുസ്ലീമിന്റെ തൊപ്പിയും അതുപോലുള്ള മറ്റ് അടയാളങ്ങളും നീക്കം ചെയ്യണം എന്നാണല്ലോ. അതേപോലെ മുസ്ലീം ആവശ്യപ്പെടുക സ്ത്രീകളുടെ സീമന്ദരേഖയിലെ സിന്ദൂരം, വളകൾ, താലിമാല, ദൈവങ്ങളെ ആലേഖനം ചെയ്ത ലോക്കറ്റുകൾ, കളഭം, ചന്ദനകുറി, ചുവന്ന കുറി, കഷായവസ്ത്രം, കയ്യിൽ സതയൊക്കെ കെട്ടുന്ന ചരട് (ചുവപ്പ്. കറുപ്പ്..നിറത്തിലുള്ളവ) ഇതൊക്കെ നീക്കം ചെയ്യണം, ഇതുപോലെ തന്നെ മറ്റ് മതക്കാരും…
    സാമ്പത്തിക സംവരണം പോലെ മറ്റൊരു ഉടായിപ്പല്ലെ ഹരി ഈ ഏകീകൃത സിവിൽ കോഡ്. ചിന്തിക്കു പ്രാവർത്തിക മാക്കാൻ പറ്റിയ കാര്യങ്ങൾ, വെറുതെ ടൈപ്പി സമയം കളയുന്നതെന്തിനാ……..

    ReplyDelete
  13. കമന്റിന് നീളം കൂടിയതില്‍ ക്ഷമീര്..... ഈ വേര്ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല് നല്ലതായിരുന്നു

    ReplyDelete