Saturday, June 6, 2009

ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം

എന്നെ വായിക്കാറുള്ളവര്‍ ക്ഷമിക്കുക. ഇതൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്‌ളോഗായതുകാരണം എല്ലാവരും രാഷ്ട്രീയം പറയുന്ന കാലത്ത് മിണ്ടാതിരിക്കാം എന്നു കരുതി കുറചുനാള്‍ എഴുതാതിരുന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു കോണ്‍ഗ്രസ്സ് നേതൃത്വമോ, ഇടതുപക്ഷ നേതൃത്വമോ എന്തിന് പി ഡി പി യുടേയോ ജനതാ ദളിന്റെയോ നേതൃത്വങ്ങളോ പോലും സന്തുഷ്ടരല്ല.

ഇത്തവണ പറയാന്‍ ഉദ്ദേശിക്കുന്നത് പക്ഷേ ഇതൊന്നുമല്ല. ഇന്ത്യന്‍ പാര്‍ളിമെന്റിലെ മൊത്തം അങ്ഗ സംഖ്യയുടെ പത്തു ശതമാനത്തിലേറെ പേര്‍ മുതിര്‍ന്നതും, സഹയും, അസ്വതന്ത്രരും, സ്വതന്ത്രരുമൊക്കെയായ മന്ത്രിമാരാവാന്‍ പോവുന്നു. ഇന്ത്യന്‍ ജനതയുടെ മേല്‍ ഇവരുടെയൊക്കെ സെക്യൂരിറ്റിയുടേതുമുതല്‍ നൂറുകണക്കിന് ഭാരിച്ചപോറ്റുചിലവിന് വഴിവച്ചത് തെന്നിന്ത്യയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലെ അടുക്കളയില്‍ അച്ചികള്‍ തമ്മില്‍ നടന്ന പോരും. മൂന്ന് ഭാര്യമാരില്‍ പിറന്ന മക്കള്‍ക്ക് മന്ത്രിസ്ഥാനം വീതം വെക്കാനാകാതെ നേതാവ് കുഴഞ്ഞപ്പോള്‍ നശിച്ചത് ജനം മനസറിഞ്ഞ് അധികാരത്തിലേറ്റിയ രണ്ടാം മന്‍മോഹന്‍ സര്‍കാരിന്റെ ൈശ്വര്യമായ തുടക്കം. നൂറുകോടി വരുന്ന ജനതയുടെ സ്വയം ഭരണാവകാശത്തിനു മേല്‍ ഒരു നേതാവിന്റെ അച്ചിമാര്‍ അഹങ്കാരത്തോടെ മുറുക്കിത്തുപ്പി എന്നിട്ടു മുഖം കോട്ടി അവരുടെ വഴക്കുകളിലേക്ക് തിരിച്ചു പോയി. കാത്തിരിക്കട്ടെ ഒരു രാഷ്ട്രത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും പരിവാരങ്ങളും. എന്തൊരു നാണക്കേട്.

ഭാഷയുടെ പേരില്‍ വിഭജിക്കപ്പെട്ട ഒരു ജനതയെ കൈയ്യടക്കി വച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം അറുപതുകളിലുടെ അവസാനത്തോടെ അപക്വവും, അധികാര മോഹം ഭരിക്കുന്നതുമായ മനസ്സുകളുടെ ഉടമസ്ഥരിലേക്ക് എത്തിപ്പെട്ടതിന്റെ ദീര്‍ഘകാല ഫലങ്ങളാണിവയെല്ലാം. അധികാര ലഭ്യതക്കുള്ള കുറുക്കുവഴികള്‍ അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴികളിലേക്ക് നീങ്ങി. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രം വീണ്ടും ഇന്ത്യയില്‍ നടപ്പാക്കപ്പെട്ടു.തൊണ്ണൂറുകളില്‍ താരതമ്യേന അഭ്യാസമറിയാത്ത രജീവ് ഗാന്ധിക്കെതിരെ വി പി സിങ്ങ് അടക്കമുള്ളവര്‍ ജാതി കാര്‍ഡ് പുറത്തെടുത്തു. മറ്റു പിന്നോക്ക വിഭാഗവും, ദളിതരും, സവര്‍ണ്ണരും തമ്മില്‍ നിലനിന്നിരുന്ന ജാതിവൈരത്തെ ആളിക്കത്തിക്കാന്‍ പുത്തന്‍ ജാതി രാഷ്ട്രീയ നേതാക്കള്‍ ഉദയം ചെയ്തു. ഈ യുദ്ധത്തില്‍ ഒരു പതിറ്റാന്റിനു ശേഷം മായാവതി കൈപിടിച്ചുയര്‍ത്തും വരെ ബ്രാഹ്മണര്‍ പുറത്തിരുന്നു നിസ്സഹായരായി കളികണ്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവോദയങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷിയായി. ഛിദ്ര ഗ്രഹങ്ങള്‍ രഷ്ട്രീയ ഗ്രഹനില നിശ്ചയിച്ച ഈ കടുംകാലത്തിലാണ് ഇതിനെയെല്ലാം തോല്‍പ്പിക്കാനും മതവൈരമെന്ന പഴയ ആയുധം മൂര്‍ച്ചകൂട്ടി കളത്തിലിറങ്ങാനും അദ്വാനി രഥമുരുട്ടുകയും ഒരു ചരിത്ര സ്മാരകം നിര്‍ല്ലജ്ജം തകര്‍ത്ത് (താലിബാനും മുമ്പ്) ഹൈന്ദവ വോട്ടുകളെ സംഘടിപ്പിക്കുകയും ചയ്തത്.

ജാതി ഭൂതവും മത ഭൂതവും ഒന്നിച്ച് താന്ധവം നടത്തിയ ഈ കാലത്തിനും മുമ്പ് തെന്നിന്ത്യയില്‍ കലൈഞ്ഞര്‍ പ്രാദേശികത ഒരായുധമാകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ അന്‍ചുകൊല്ലത്തിനിടയില്‍ റെയില്‍ വികസന കാര്യങ്ങളില്‍ ലാലുവും വേലുവും നടത്തിയ പ്രദേശിക വികസനം മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍ മാത്രം മതി ഇന്ത്യന്‍ രാഷ്ഠി്രയത്തില്‍ പ്രാദേശികത അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളുടെ വരവിന് തെളിവായി. താക്കറെയുടെ മറാത്ത രാഷ്ട്രീയവും, കലൈഞ്ഞറുടെ തമിഴ് ദേശീയതയും അവസാനമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് നിതീഷ് കുമാര്‍ പുറത്തെടുത്ത ബീഹാര്‍ രാഷ്ട്രീയവും മറ്റും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായകത നിശ്ചയിക്കുന്ന മേഖലയിലേക്ക് മറ്റേതിനേക്കാളും അപകടകാരിയായ പ്രദേശികതയെന്ന ദുര്‍ഭൂതത്തിന്റെ വരവറിയിച്ചു. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി യു പി യില്‍ നടത്തിയ ചില ശ്രമങ്ങളൊഴിച്ചാല്‍ മൊറ്റൊരു നേരിട്ടുള്ള പരിശ്രമവും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിലും എങ്ങിനെയോ മറ്റുപല കാരണങ്ങള്‍ കൊണ്ട് പ്രാദേശിയതക്ക് ഇത്തവണ കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ട് അച്ചിമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തി.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല . ഭാഗ്യം, ഇടതുപക്ഷത്തിന്റെ ജനങ്ങളെ അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന ധാര്‍ഷ്ട്യപ്രകടനം, മായാവതിയുടെ അഴിമതിയില്‍ കുതിര്‍ന്ന ഭരണം, അധികാരത്തിന്റെ സുഖലോലുപതയില്‍ ഇനി ജനങ്ങളെ കാണേണ്ടിവരുമെന്ന് മറന്ന ഒരുകൂട്ടം നേതാക്കള്‍ �� ഇവരെല്ലാം ചേര്‍ന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ്സ് സാധ്യമായിരുന്നിട്ടും ജനാധിപത്യത്തെ പുറം കാലുകൊണ്ട് തൊഴിച്ച ഈ പത്‌നിമാരുടെ ഭര്‍ത്താവിനെ നിലക്കു നിര്‍ത്താതിരുന്നതെന്തുകൊണ്ട്? ഉത്തരം ലളിതമാണ് സ്വസ്ഥമായി ഭരിക്കാനുള്ള തിടുക്കത്തിനിടയില്‍ ചരിത്രത്തില്‍ നിന്നു മാത്രമല്ല വര്‍ത്തമാനത്തില്‍ നിന്നുകൂടി പാഠങ്ങള്‍ പഠിക്കാന്‍ മറന്നു പോവുന്നതുകൊണ്ട്. നമുക്കെന്ത് പ്രതീക്ഷിക്കാന്‍ കഴിയും? ഇനിയൊരന്‍ചുകൊല്ലം മറ്റൊരു വോട്ട്കുത്ത് പെരുന്നളുണ്ടാവില്ല എന്നതല്ലാതെ? ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം. നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. അവസരം വന്ന് വാതില്‍ക്കല്‍ നിന്നാല്‍ പോലും.

2 comments:

  1. അപ്പൊ കാര്യങ്ങള്‍ പറയുന്നവരും ബൂലോകത്തുണ്ട്‌.
    ദേശീയ രാഷ്ട്രീയം കീ ജയ്‌....

    ReplyDelete
  2. കാഴ്ചപ്പാടുകള്‍ ഇഷ്ടപ്പെട്ടു. എഴുത്തും..

    ReplyDelete