Sunday, February 1, 2009

മൗനത്തിന്റെ മഹാസാഗരം സാക്ഷിയാക്കി എന്തിനിങ്ങനൊരു മുഖ്യമന്ത്രി?

ഏറ്റവും വലിയ പരീകഷണശാല - തികച്ചും ആശാവഹമല്ലാത്ത പരീക്ഷണ ഫലങ്ങളാണ് കുറെക്കാലമായി പുറത്തുവിടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയം, ബ്യൂറോക്രസി, അഴിമതി തീണ്ടിത്തുടങ്ങിയ നീതിന്യായവ്യവസ്ഥ. അവഗണിക്കപ്പെടുന്ന മധ്യ - അധോ മധ്യവര്‍ഗ്ഗ ജനത. പ്രകാശ് കാരാട്ട് ഇന്ന് പ്രസംഗിച്ചിരിക്കുന്നു ``വര്‍ഗ്ഗസമരമെന്ന ആശയം കാലഹരണപ്പെട്ടിട്ടില്ല'' എന്ന്. (സത്യമാണ് - ഈ തിരിച്ചറിവാണ് ഇന്ത്യയിലെ ഇടതുപക്ഷത്തെ ഈ വര്‍ഗ്ഗസമരത്തില്‍ ഉള്ളവനു വേണ്ടി ഇല്ലാത്തവനെതിരെ പോരാടാനുള്ള പുത്തന്‍ തീരുമാനത്തിലെത്തിച്ചത്. കാലഹരണപ്പെടാത്ത സമരത്തില്‍ ഒരു കൂറുമാറ്റം). സാധാരണ പൗരന് ജീവിതം ഒട്ടും ആശാവഹമല്ലാത്ത ഈ കടുംകാലത്ത് ഒന്നു നിശ്വസിക്കാനെങ്കിലും പ്രതീക്ഷയുടെ ചില തിളങ്ങുന്ന നക്ഷത്രങ്ങള്‍ ഒരു ജനതക്ക് ആവശ്യമാണ്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രീ എ കെ ആന്റണിയുടേയും, വി എസ് അച്യുതാനന്തന്റെയും, സോണിയാ ഗാന്ധിയുടേയുമൊക്കെ പ്രസക്തി ഇവിടെയാണ്. സംശുദ്ധരാഷ്ട്രീയത്തിന്റെ കറകളഞ്ഞ ഭൂതകാലം ആന്റണിക്കും, ആരെകൊന്നിട്ടും ഒരുപഞ്ചായത്ത് പ്രസിഡന്റ് പോലുമാവാന്‍ ആരും മടിക്കാത്ത സാഹചര്യത്തില്‍ സിംഹാസനം ത്യജിച്ച ത്യഗസന്നദ്ധത സോണിയാ ഗാന്ധിക്കും, അഞ്ചുകൊല്ലം ഒരുജനതയുടെ ആത്മാവ് തൊട്ടറിഞ്ഞു പ്രവര്‍ത്തിച്ച സമീപ ഭൂതകാലം അച്ച്യുതാനന്ദനും രാഷ്ട്രീയത്തില്‍ താര ശോഭ പകരുന്നു. ഇത്തരം താരങ്ങളെ ഒരിക്കലും ജനോപകാരപ്രദമായ ഒന്നും ചെയ്യാന്‍ ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങള്‍ അനുവദിക്കാറില്ല പകരം വ്യവസ്ഥിതിയോട് ഇവര്‍ നടത്തുന്ന കലഹങ്ങള്‍ അതിലവര്‍ അടയുന്ന പരാജയം, സ്ഥാനത്യാഗാം - ഒരുവലിയ ജനസമൂഹത്തിന് സനാഥത്വമെന്ന സുരക്ഷിതത്വ ബോധം നല്‍കുന്ന ഘടകങ്ങളാണ് ഇവ. ഇവരുടെ വിജയങ്ങളെക്കാള്‍ ജനം വിലകല്‍പ്പിക്കുന്നത് അവര്‍വടത്തുന്ന കലാപങ്ങള്‍ക്കാണ് - അവ എത്ര വലിയ പരാജയങ്ങളായാലും. ഒട്ടനവധി രാഷ്ട്രീയവും ചരിത്രപരവുമായ വിഡ്ഡിത്തങ്ങള്‍ക്കുശേഷവും എ കെ ആന്റണി രാഷ്ട്രീയത്തില്‍ തുടരുന്നത് ഈ ഒരൊറ്റക്കാരണം കൊണ്ടാണ്.

ലാവ്‌ലിന്‍ കേരളം കണ്ട ആദ്യത്തെ രാഷ്ട്രീയ അഴിമതിയല്ല. വലുപ്പത്തിന്റെ കാര്യത്തില്‍ വലുതായിരിക്കാം പക്ഷെ പക്ഷെ അത് കാലത്തിനനുസരിച്ച് പണത്തിന്റെ മൂല്യം കുറയുന്നതുകൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടടുത് പക്ഷെ സി പി എമ്മിന് ഇതിനെ നേരിട്ടെ പറ്റു. വ്യക്തികള്‍ക്ക് പ്രസക്തിയില്ലാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പിണറായിയുടെ കുറച്ചുനാളത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള മാറിനില്‍ക്കല്‍ കൊണ്ട് നേരിടാവുന്ന ഒരു പ്രശ്‌നം. പക്ഷെ ഒരു കള്ളം ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമാക്കാമെന്ന പഴയ തന്ത്രം കൊണ്ട് സി പി എം പിന്നെയും ലാവ്‌ലിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നോക്കുന്നു. സത്യത്തില്‍ പിണറായിയെന്ന ഒരു വ്യക്തിയല്ല, സി പി എമ്മിനകത്ത് വളര്‍ന്നുവരുന്ന മുതലാളിത്ത താത്പര്യങ്ങളാണ് പ്രശ്‌നമെന്ന് തെളിയിക്കുന്ന മറ്റൊരുദാഹരണം കൂടിയാണ് ലാവ്‌ലിന്‍ കേസ്. ഒരേ കാരണങ്ങള്‍കൊണ്ടാണ് കൊണ്ടാണ് നന്ദിഗ്രാമിലും മൂലമ്പള്ളിയിലും സമാന സംഭവങ്ങള്‍ നടക്കുന്നതും ലാവഌന്‍ കേസില്‍ പാര്‍ട്ടി പിണറായിയെ പിന്‍തുണക്കുന്നതും. അടുത്തകാലത്ത് മലയാളി, പ്രശ്‌നങ്ങളെ താത്വീകമെന്നതിലുപരി വൈയ്യക്തികമായി കാണുന്നതിനാലാണ് പിണറായി, കപീഷിന്റെ കഥയിലെ ദുഷ്ടമൃഗം പോലെ ചിത്രീകരിക്കപ്പെടുന്നത്, കോടതി മുറികളില്‍ നടക്കുന്നത് ജസ്റ്റീസ് ഹേമയും ബസന്തും തമ്മിലുള്ള തമ്മിലടികളായി വാര്‍ത്തകളാവുന്നത് അങ്ങിനെ പലതും.

സി പി എമ്മിനകത്തെ ഈ മുതലാളിത്തവല്‍ക്കരണത്തിനോട് കഴിഞ്ഞ പത്തുകൊല്ലങ്ങള്‍ ഒരുതരത്തില്‍ ദേശീയതലത്തില്‍ ജനപക്ഷത്തുനിന്ന് കലഹിക്കുകയായിരുന്നു വി എസ്. പക്ഷെ മുഖ്യമന്ത്രിയായതിനു ശേഷം അദ്ദേഹം പ്രവര്‍ത്തിക്കുന്ന ശൈലി സാധാരണക്കാരെ വല്ലാതെ സംശയാലുക്കളാക്കുന്നു. എത്ര അവസരങ്ങള്‍ കിട്ടിയാലും ഗോളടിക്കാതെ ഒരേസമയം മുന്നേറ്റങ്ങളിലൂടെ കൈയ്യടിവാങ്ങുകയും എതിര്‍ടീമിനെ പരാജയപ്പെടുത്താതിരിക്കുകയും ചെയ്യുന്ന കോഴവാങ്ങിക്കളിക്കുന്ന ഒരു കളിക്കാരന്റെ ശൈലി. ലാവ്‌ലിന്‍ കേസിലെ മൗനം ഈ തരത്തിലുള്ള അവസാനത്തെ പ്രകടനമാണ്. മൂന്നാറില്‍ മൂന്നു പൂച്ചകള്‍ കാണിച്ച വീര സാഹസിക കൃത്യങ്ങള്‍, അതിനുപിന്നാലെ നടന്ന പിന്‍മാറ്റം - (മൂന്നാറിലിപ്പൊഴും കൈയ്യേറ്റങ്ങള്‍ സജീവമാണ്) വി എസിന്റെ പൊളിറ്റികല്‍ ഇമേജ് കളര്‍ ഫുള്ളാക്കിയതല്ലാതെ മറ്റൊരു മാറ്റവും സംഭവിപ്പിച്ചില്ല. ശ്രീമതി ടീച്ചറെന്ന മന്ത്രി പത്തുപതിനജ് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ കേരളത്തിലെങ്ങും പാഞ്ഞു നടക്കുമ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം അനുദിനം തകരുകയായിരുന്നു. കേരളത്തില്‍ പനിയൊഴിഞ്ഞൊരു നേരമില്ല. പൊടികലര്‍ന്നതും നാറുന്നതുമായ മരുന്നും സിറിഞ്ചും മാത്രം വിതരണം ചെയ്യുന്നൊരു മെഡിക്കള്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അങ്ങിനെ നൂറു കാര്യങ്ങള്‍. ശ്രീമതി സഖാവിനെതിരെ വളരെ നല്ലൊരായുധം വി എസ്സിന്റെ കൈയ്യില്‍ കിടക്കുന്നു അതും താനൊരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വി എസ് ആണയിടുന്ന പീഢന കേസ്. എന്നിട്ടും കിളിരൂര്‍ കേസിലെ സഖാവ് ശ്രീമതിയുടെ ഫയല്‍ മുഖ്യമന്ത്രി പൂഴ്ത്തിവെക്കുന്നത് എന്ത് രാഷ്ട്രീയ വിലപേശലിനാണ്? മൂലമ്പള്ളിക്കുപിന്നാലെ ഇടപ്പള്ളിയില്‍ ഒരിക്കല്‍ ദേശീയ പാതക്കായി കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കാന്‍ പോകുന്നു അതിലും വി എസ്സിന് വാക്കുകളില്ല - വി എസ്സിന് ഭല്‍സിക്കാന്‍ വീണ്ടും നക്‌സലൈറ്റുകള്‍ ജനിക്കുന്നു. ഐസ്ക്രീം കേസിന്റെ ഫയലെവിടെ? ഇങ്ങനെ ചോദ്യങ്ങളും കുഴപ്പങ്ങളും ഒരുപാടുണ്ട്.

വി എസ്സിന്റെ മൗനത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. പക്ഷെ അതൊന്നും അദ്ദേഹം പണ്ട് പ്രസംഗിച്ചതുപോലെയും, ഇപ്പൊ മൂകാഭിനയത്തിലൂടെ ധ്വനിപ്പിക്കുന്നതു പോലെയും അഴിമതിക്കെതിരേയുള്ള സമരത്തിന്റെ ഭാഗമൊന്നുമല്ല. സാധാരണക്കാരന്റെ പ്രത്യാശയിലും, പെണ്ണിന്റെ കണ്ണീരിലും, നിരപരാധിയുടെ ചോരയിലും ചവുട്ടി മുഖ്യമന്ത്രിയായതിനു ശേഷം വി എസ്സ് `പറഞ്ഞ' കാര്യങ്ങള്‍ വളരെ കുറവാണ്, ചെയ്തു `തീര്‍ത്ത' കാര്യങ്ങളും. മിക്ക സമയവും അദ്ദേഹം മൗനത്തിലായിരുന്നു എന്തിനൊ വേണ്ടി പലതും തുടങ്ങിവെക്കുക മാത്രമായിരുന്നു. രാഷ്ട്രീയ വിലപേശലുകള്‍ നടത്തി കസേരയുറപ്പിക്കാനും, ജനങ്ങളെ പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കാനും ഉതകുന്ന മൗനം. കിളിരൂര്‍ കേസിലെ മൗനം ശ്രീമതി ടീച്ചറേയും കോടിയേരിയേയും വിരട്ടിനിര്‍ത്തി, മൂന്നാറിന്റെ കാര്യത്തില്‍ അവസാനം ദീക്ഷിച്ച മൗനം സി പി ഐയെ വിലക്കെടുത്തു, മൂലമ്പള്ളിയിലെ മൗനം ഹാരീസ്സുമാരെ വിലക്കെടുത്തു, അവസാനം തനിക്കെതിരെ കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും അന്തിമയുദ്ധത്തിനിറങ്ങിയ പിണറായിയെ അവിടെല്ലാം ആത്മരക്ഷക്ക് പോരാടുന്നതില്‍ മാത്രം തളച്ചിടാന്‍ പ്രാപ്തനാക്കി തന്ത്രം മെനഞ്ഞു വി എസ്, അതിനായി തെളിവുകള്‍ ഹാജരാക്കി. കേരളരക്ഷാ യാത്രയില്‍ ഇനിയൊരക്ഷരമ്പോലും തനിക്കെതിരേ പിണറായി സംസാരിക്കില്ലെന്നുറപ്പുവരുത്തി. ഇതിനെല്ലാമുതകുന്ന തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ജനങ്ങള്‍ക്കുമുന്നില്‍ മൗനം ദിക്ഷിച്ചു. ഈ മൗനം, കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം - കസേരക്കളിയില്‍ ജയിക്കാനുള്ള നാടകമായിരുന്നു ഇതെല്ലാം എന്ന് ഈ അവസാന പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ജന വഞ്ചനയുടെ ആള്‍ രൂപമായിട്ടായിരിക്കും ചരിത്രത്തിലെ വി എസിന്റെ സ്ഥാനം. ഇല്ല സഖാവെ ഈ ജനതക്കത് തങ്ങാനാവില്ല, അങ്ങിനെ സംഭവിക്കാതിരിക്കടെ.


3 comments:

  1. കക്ഷം, ഉത്തരം... എന്നൊക്കെ പറഞ്ഞു കൂടെ?
    :)

    ReplyDelete
  2. ഈ ലേഖനത്തോടൊപ്പം കൂട്ടിവായിക്കാന്‍ ഒരു കവിത ഇവിടെ വായിക്കുക!

    ReplyDelete
  3. തന്റെ ചിരകാല സ്വപ്നമായിരുന്ന മുഖ്യമന്ത്രി പദം ലഭിക്കാനുള്ള വേഷം കെട്ടലുകളാണ്‌ വി.എസ്‌ നടത്തികൊണ്ടിരുന്നത്‌ എന്ന് എതാണ്ട്‌ വ്യക്തമാണ്‌ എന്ന് തോന്നുന്നു. ഇപ്പോള്‍ എല്ലാം തച്ചുടക്കും എന്ന് പറഞ്ഞ്‌ വരികയും ഫാന്‍ ക്ലബ്‌ നേതാക്കള്‍ വ്യാഖ്യാനിച്ച്‌ പൊലിപ്പിക്കുകയും ചെയ്ത ഒറ്റക്കാര്യം പോലും വി.എസ്‌ ചെയ്തില്ല. മാത്രവുമല്ല എല്ലാം തള്ളിപ്പറഞ്ഞ്‌ പാര്‍ട്ടിക്കുട്ടിയായി മാറുകയും ചെയ്യുന്നത്‌ പലപ്പോഴായി നാം കണ്ടു. എന്നാല്‍ തനിക്ക്‌ അനുകൂലമെന്ന് വരുന്ന ഏത്‌ സാഹചര്യത്തെയും മുതലെടുക്കാനുള്ള വി.എസിന്റെ സ്ഥിരം പരിപാടി ലവ്‌ലിന്‍ കേസിലും തെളിയുന്നു. പക്ഷേ ലവലില്‍ കരാര്‍ ഒപ്പ്‌ വയ്ക്കുന്ന കാലത്തെ വി.എസ്‌ നിലപാടുകള്‍ എന്തെല്ലാമായിരുന്നു എന്ന് വിഖ്യാത സിന്റിക്കേറ്റ്‌ ലേഖകന്‍ പി.കെ പ്രകാശ്‌ മാധ്യമത്തില്‍ എഴുതിയിരുന്നത്‌ നോക്കൂ


    ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു
    30-jan-2009
    തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്


    ReplyDelete