കഴിഞ്ഞ ഓണത്തിന് കാസറഗോഡ് ജില്ലയില്‍ കയ്യില്‍ ആവശ്യത്തിന് പണമുണ്ടായിരുന്ന, ഒരു സുമനസ്സിന്‍റെ ഉടമ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ഒരു ഓണ-കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അരിയും മറ്റു ചില സാധനങ്ങളുമായിരുന്നു കിറ്റില്‍. വിവരമറിഞ്ഞ് ജനം തടിച്ചു കൂടി, നിയന്ത്രണാതീതമായ ജനത്തിരക്ക് നിയന്ത്രിക്കാന്‍ റേഷന്‍ കാര്‍ഡ് കൊണ്ടുവരണമെന്ന വ്യവസ്ഥയുണ്ടായി. വന്നവര്‍ക്ക് മുഴുവനും റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തി അദ്ദേഹം കിറ്റ് നല്‍കുകയും ചെയ്തു. ഭാഗ്യത്തിന് ഇലക്ഷന്‍ പ്രഖ്യാപിക്കാത്തതിനാലും ഈ വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനുള്ള ആഗ്രഹമുള്ളതായി ആര്‍ക്കും സംശയമില്ലാത്തതിനാലും ആരും അലങ്കൊലപ്പെടുത്താതെ വിതരണം നടന്നു. പാലക്കാട് പക്ഷെ കളി വല്ലാതെ മാറി. ബി ജെ പി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഒരാള്‍ നടത്തിയ സാരിവിതരണമായതിനാല്‍ സഖാക്കള്‍ രംഗത്തിറങ്ങി, പരിപാടി അടിച്ചു നശിപ്പിച്ചു, കുറച്ചു പെണ്ണുങ്ങള്‍ നാണം മറക്കുമായിരുന്ന സാരികള്‍ അനാഥമായി കണ്ണാടി പഞ്ചായത്ത് ഹാളിനു മുന്നില്‍ കിടന്നു.
കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്ത് എതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ടര്‍മാരെ സാരിയോ മറ്റോ കൊടുത്ത് സ്വാധീനിക്കാന്‍ കഴിയുമെന്ന് ആരും ചിന്തിക്കില്ല. പക്ഷെ എസ് എന്‍ ഡി പി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ സാരിവിതരണം, ഡി വൈ എഫ് ഐ യെപോലുള്ള ഒരു സംഘടനയെ ഇളക്കിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇന്നത്തെ ചുറ്റുപാടില്‍ ഒരു സാരിവിതരനത്തിന് സമ്മതി ദായകരില്‍ നേരിയതെങ്കിലും ഒരു ചലനമുണ്ടാക്കാന്‍ പറ്റും എന്ന് തന്നെയാണ്. എങ്കില്‍ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയുള്ളവരെന്ന്‍ അഭിമാനിക്കുന്ന ജനതക്ക് എന്ത് സംഭവിക്കുന്നു? അതും ഇടതുപക്ഷത്തെ കറകളഞ്ഞ നേതാവെന്ന് സ്വയം അഭിമാനിക്കുന്ന സഖ: വി എസ് ഭരിക്കുമ്പോള്‍. കാണാം വിറ്റും ഓണം ഉണ്ണുന്ന മലയാളി ഓണനാളില്‍ ഒരിറ്റ് പലവ്യഞ്ഞനത്തിനും അരിക്കുമായി തിക്കിത്തിരക്കിയതെന്തിന്? ഇന്ത്യയിലെ വിദ്യാഭ്യാസപരമായും, സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നടത്തുന്ന ഒരു ചാക്കിടല്‍ തന്ത്രം കേരളത്തിലും വിലപ്പോവുന്ന സാഹചര്യം ഉണ്ടായതെങ്ങിനെ?
ധനശക്തിയോ, രാഷ്ട്രീയ ബലമോ, സര്‍ക്കാരുദ്യോഗമോ ഇല്ലാത്ത സാധാരണക്കാരന്‍റെ ജീവിതവും, ആത്മാഭിമാനവും വല്ലാത്തൊരവസ്ഥയിലാണ് ഇന്ന്. നമ്മുടെ വാര്‍ത്താ ചാനലുകള്‍ ദിനവും വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രശ്നങ്ങളുടെ കണക്കുകള്‍ മാത്രം മതി ഇത് മനസ്സിലാക്കാന്‍. പെണ്‍ വാണിഭക്കാരെ കയ്യാമം വച്ചു നടത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പെണ്ണുങ്ങളുടെ കക്കൂസില്‍ ക്യാമറ വച്ചവനെ ചോദ്യം ചെയ്ത പൌരനെ പോലീസ് അവിടെ വച്ച് തന്നെ പട്ടിയെ പോലെ തല്ലി. ആ എസ് ഐ ക്ക് ഒന്നും സംഭവിച്ചതായി അറിയില്ല. പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന വീഡിയോ ലോകം മുഴുവനും കണ്ടിട്ടും കാണാത്ത പോലീസ്. കണ്ണൂര്‍ മാടായിപ്പാറയില്‍ നടന്നത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലും കണ്ടു എന്നിട്ടും പോലീസ് കണ്ടില്ല. ചുറ്റുപാടുമുള്ള ഭൂമി മുഴുവനും വാങ്ങിക്കൂട്ടിയ ഭൂമാഫിയ ഒരു കുടുംബത്തിന്റെ വഴിയടച്ച വാര്‍ത്തയും വന്നിട്ട് ഒരുപാടു നാളായില്ല. മന്ത്രി തോമസ് ഐസക്കിന്‍റെയും മറ്റും ആത്മാര്‍ഥമായ പല വികസന നയങ്ങളുടെ തിളക്കത്തെയോക്കെയും ഗ്രസിച്ചു നില്‍ക്കുന്ന അന്ധകാരമാണ് ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങള്‍.
ആരെന്തു തന്നെ പറഞ്ഞാലും റബ്ബര്‍ ഒഴിച്ച് മറ്റ് എല്ലാ കാര്‍ഷിക മേഖലകളും കൊടും നഷ്ടത്തിലാണ്. കര്‍ഷക ആത്മഹത്യ കുറഞ്ഞിട്ടുണ്ടാവാം എന്നാല്‍ അവരൊരിക്കലും കര കയറിയിട്ടില്ല. എന്തും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്ന നാട്ടില്‍ മനുഷ്യാവകാശ പ്രശ്നങ്ങളും ദാരിദ്രവും കുഴഞ്ഞു കിടക്കുന്നു. ഒരു രക്ഷയുമില്ലാത്ത ജനത മദ്യലഹരിയില്‍ ഉറങ്ങുന്നു. എന്തോരരക്ഷിതാവസ്ഥ? സാധാരണക്കാരന്റെ പ്രസ്ഥാനമായി ഒരിക്കലും കോണ്‍ഗ്രസോ മറ്റു ഇടത്പക്ഷ ഇതര പ്രസ്ഥാനങ്ങളോ പ്രവര്‍ത്തിച്ചിട്ടില്ല. അവരെന്നും പണത്തിന്റെ വഴിയില്‍ തന്നെയായിരുന്നു. ഒരുകാലത്ത് ആശക്തന്‍റെ രക്ഷകരായി നിലയുറപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തങ്ങളിനി പരിപ്പുവടയും ചായയും കഴിക്കാനില്ലെന്ന് പറഞ്ഞ് പണത്തിളക്കമുള്ള രമ്യ ഹര്‍മ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നഷ്ടപ്പെട്ടത് പാവപ്പെട്ടവന്‍റെ മാനവും ജീവിതവുമാണ്. മൂലംബിള്ളിയിലും കിനാലൂരിലും നടന്നത് സാധാരണക്കാരന്റെ കിടപ്പാടം പിടിച്ചെടുക്കലായിരുന്നു. ഇടതുപക്ഷം കൈവെടിഞ്ഞവരെ കൈയ്യേറ്റതോ, സോളിഡാരിറ്റിയും മറ്റു അനുബന്ധ പ്രസ്ഥാനങ്ങളും. വിപ്ലവത്തില്‍ വെള്ളം ചേര്‍ന്നപ്പോള്‍ കടന്നു വരുന്നത് വര്‍ഗ്ഗീയതയും, ദാരിദ്രവും തുടങ്ങി പലതും. വോട്ടു ചെയ്യാന്‍ പ്രപ്തമായൊരു ആശയമില്ലെങ്കില്‍ ജനങ്ങള്‍ സാരിക്കും വോട്ടുചെയ്യും. അത് നന്നായരിയുന്നതുകൊണ്ടാണ് സാരി വിതരണം നടക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത്.
The Magazin ennathinu pakaram, Anti communist ennu bloginte peru mattiyal pore? Ithraku budhimuttano?
ReplyDelete