Monday, March 7, 2011

അരുത് സഖാവേ ഇനി കൊല്ലരുത് - ഒരു ജനതയുടെ പ്രതീക്ഷകളെ....

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഴിമതിയും സ്വജനപക്ഷപാതവും കണ്ടു മടുത്ത, തങ്ങളുടെ പ്രതിപക്ഷ നേതാവില്‍ ചുവന്ന സ്വപ്നങ്ങള്‍ കണ്ട, ശരാശരി മലയാളി (പലരും മനസ്സുകൊണ്ടും പലരും ശരീരം കൊണ്ടും) വി എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങിയ ഒരു സന്ധ്യയുണ്ടായിരുന്നു. ഇന്ത്യന്‍ കമ്യുണിസ്റ്റ്‌ ചരിത്രത്തില്‍ പോളിറ്റ്ബ്യൂറോവിനെ - പാര്‍ട്ടി മെമ്പര്‍മാരല്ല, പകരം രാഷ്ട്രീയ ഭേദമില്ലാതെ ഒരുജനത തിരുത്തിയ സന്ധ്യ. കേരള ചരിത്രത്തിലെ സര്‍വ്വകാല റിക്കാര്‍ഡ്‌ ഭൂരിപക്ഷമാണ് ആ ജനത പോളിറ്റ്ബ്യൂറോവിന്‍റെ തിരുത്തലിന് പകരം നല്‍കിയത്. മലയാളിമനസ്സില്‍ വി എസ്സ് വിതച്ച സ്വപനങ്ങള്‍ക്ക് അത്ര ശക്തിയുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം എന്നും വി എസ്സിനെ തള്ളിപ്പറയുകയും തരം താഴ്ത്തുകയും ചെയ്ത പാര്‍ട്ടി ഇന്ന് വി എസ്സിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം കൂടുമ്പോള്‍, കഴിഞ്ഞ തവണത്തെ പോലെ പാലോ വെള്ളമോ എന്ന ആകാംക്ഷ നിറഞ്ഞ സാഹചര്യമില്ല. കാരണം കേവലമൊരു രാഷ്ട്രീയ പരിണാമഗുപ്തിക്കപ്പുറം വി എസ്സിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഒന്നുമില്ലാതായിരിക്കുന്നു.

കോഴിക്കോട് നിന്ന് അടിക്കാന്‍ തുടങ്ങിയ കേരള രാഷ്ട്രീയത്തിലെ അവസാനത്തെ കാറ്റിന് വല്ലാത്ത ശക്തിയായിരുന്നു. തൊട്ടിടത്തു നിന്നെല്ലാം ഇരട്ടിക്കുന്ന അണുസ്ഫോടനത്തിന്‍റെ ചങ്ങല-പ്രതിപ്രവര്‍ത്തനം പോലെ അത് ഒരുപാട് ഊര്‍ജ്ജം കേരള രാഷ്ട്രീയരംഗത്ത്‌ വിസര്‍ജ്ജിച്ചു. കൂടെ ടി കെ ഹംസയുടെ ഹരജിയും, ബാലകൃഷ്ണ പിള്ളയുടെ ജയിലിലേക്കുള്ള യാത്രയും ചേര്‍ന്നു, ക്ഷണ നേരം കൊണ്ട് തിരഞ്ഞെടുപ്പരിസ്ഥാനപ്പെടുത്തി നടന്ന രാഷ്ട്രീയ ചര്‍ച്ചകളെ തികച്ചും വ്യക്ത്യാധിഷ്ടിതമാക്കി. പരസ്പരം വാരിയെറിയുന്ന ചെളിയുടെ കലക്കത്തില്‍ ബാക്കിയെല്ലാം മറഞ്ഞു. ഇരു മുന്നണികള്‍ക്കും തികച്ചും താല്‍പര്യമുള്ള കാര്യമാണിത്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇനി തമസ്കരിക്കാം, ഗോദയില്‍ തുടക്കടിച്ച് ഗ്വാ ഗ്വാ വിളിച്ച് ഭല്‍സിക്കാം. അവസാനം എതിരാളിയെ ഉത്തരം മുട്ടിച്ച് നാണം കെടുത്തി ജയിച്ചു ഭരിക്കുകയുമാവാം.

പക്ഷെ ഇതിനിടയില്‍ കേരളത്തിന്‍റെ പ്രിയപ്പെട്ട സഖാവിലുണ്ടായ മാറ്റം ചെറുതല്ല. തന്‍റെ മകന് ഗോള്‍ഫ്‌ ക്ലബ്ബിലുള്ള അംഗത്വത്തെ കുറിച്ച് അവസാനം അദ്ദേഹം നടത്തിയ പരാമര്‍ശം ഒരു സഖാവിന്‍റെതായിരുന്നില്ല, പകരം ഒരു ബൂര്‍ഷ‌‍്വയുടേതായിരുന്നു. അവസാനം അദ്ദേഹം പാര്‍ട്ടിയിലും പാര്‍ട്ടി അദ്ദേഹത്തിലും പൂര്‍ണ-വിശ്വാസം അര്‍പ്പിച്ചു തുടങ്ങി. അഴിമതിക്കഥകള്‍ മറനീക്കി പുറത്ത് വന്നപ്പോള്‍ പാര്‍ട്ടിക്കും സഖ: അച്ചുതാനന്തനും ഒരേ സ്വരം, സൗഹൃദം, വിശ്വാസം.

സഖ: അച്ചുതാനന്തന്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല, ഇരു മുന്നണികളും എന്തുകൊണ്ട് വ്യക്തി പരമായ ആരോപണങ്ങളില്‍ അതിഷ്ഠിതമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഭിരമിക്കുന്നു എന്നതാണ് ആദ്യത്തെ പ്രശ്നം. അതിനൊരു കാരണമേ ഉള്ളൂ, വാഗ്ദാനങ്ങളില്‍ നിന്നും, ഇലക്കും മുള്ളിനും കേടുവരുത്തുന്ന പ്രശ്നങ്ങളില്‍ നിന്നും സമര്‍ത്ഥമായ ഒളിച്ചോട്ടം സാധ്യമാവുന്നു എന്നതുതന്നെ. തങ്ങളുടെ ജനവാതിലുകളില്‍ അള്ളിപ്പിടിച്ച് പോലീസിന്‍റെ തല്ലു വാങ്ങി നിലവിളിച്ച മൂലമ്പിള്ളിക്കാരെ നാം വല്ലാര്‍പാടത്ത് നടന്ന ആഘോഷങ്ങള്‍ടയിലും, അവഗണനാ വിവാദങ്ങല്‍ക്കിടയിലും എത്ര നന്നായി മറന്നു? കിനാലൂരില്‍ അടിയേറ്റ് തല പൊട്ടിയ വൃദ്ധന്‍റെ നിലവിളി ആരേറ്റെടുത്തു? മുത്തങ്ങയില്‍ പണ്ട് യു ഡി എഫും ചെങ്ങറയില്‍ എല്‍ ഡി എഫും കളിച്ച നാടകങ്ങള്‍ ഒന്നായിരുന്നതിനാല്‍ ആര് ആരെ പഴിപറയും? അഞ്ചുകൊല്ലം എന്റൊസള്‍ഫാന്‍ ഇരകളെ അവഗണിച്ച്, തിരഞ്ഞെടുപ്പടുക്കുംപോള്‍ സ്നേഹവുമായി പോകുന്ന ഭരണപക്ഷവും, കേന്ദ്രത്തിലിരുന്ന് എന്റൊസള്‍ഫാന് സ്തുതിപാടുന്ന കോണ്ഗ്രസ്സും തമ്മിലെന്ത് വ്യത്യാസം? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ മറക്കാന്‍ വഴി ഒന്നേയുള്ളൂ, വിവാദലഹരി കോരിയൊഴിച്ച് ജനതയുടെ ചിന്താ ശക്തിയെ മയക്കുക.

വി എസ് എന്ന മാസ്മരികത അവസാന ആയുധമാക്കാന്‍ ഇടതും, വി എസ്സിന്റെ അഴിഞ്ഞു വീണ മുഖം മൂടി ആയുധമാക്കാന്‍ യു ഡിഎഫും കോപ്പ് കൂട്ടുമ്പോള്‍, ഒരുജനതയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പിന്നെയും പിന്നെയും അവഗണിക്കപ്പെടും. പക്ഷെ ഒന്നുണ്ട്... വരുന്നത് ചെന്നായാണെന്നു അറിഞ്ഞുകൊണ്ട് ഇരയാകുന്നതിലും എത്രയോ പരിതാപകരമാണ് ആട്ടിന്‍ തോലിട്ട ചെന്നായക്ക്‌ ഇരയാകുന്നത്. കാരണം ആട്ടിന്‍ തോലിട്ട ചെന്നായ കവരുന്നത് ജീവന്‍ മാത്രമല്ല "വിശ്വാസം" കൂടിയാണ്. അതിനാല്‍ മലയാള മനസ്സ്‌ ഒരിക്കല്‍ അകമഴിഞ്ഞ് സ്നേഹിച്ച വി എസ് സഖാവിനോട് ഒരപേക്ഷ... പാര്‍ടിക്ക് പല ഉദ്ദേശങ്ങളും ഉണ്ടാകാം, ഒരുതവണ കൂടി ഒരു ആദര്‍ശവാനായ പ്രതിപക്ഷ നേതാവിന്റെ വേഷം കെട്ടിച്ച്, പല നേതാക്കള്‍ക്കും അടുത്ത തവണ മന്ത്രിപദം ഉറപ്പിക്കല്‍ തുടങ്ങി പലതും.... പക്ഷെ അരുത് സഖാവേ.... ഒരു ജനതയെ വല്ലാതെ പറ്റിക്കരുത്....

No comments:

Post a Comment