Tuesday, February 17, 2009

യു ഡി എഫും എല്‍ ഡി എഫും അറിഞ്ഞിരിക്കുക - ഒഞ്ചിയത്ത് ജനിച്ചത് ആങ്കുട്ടിയാണ്.

ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുക മാര്‍ക്‌സിയന്‍ പുരുഷാധിപത്യത്തിന്റെ ഭാഗമായി കൊടുത്ത തലക്കെട്ടല്ല പറഞ്ഞു പഴക്കം വന്ന ഒരു വാമൊഴിവഴക്കം അത്രമാത്രം. ഒരു കമ്യൂണിസ്റ്റ്കാരന്‍ അവസരവാദത്തിന് അടിമപ്പെടാന്‍ പാടില്ല. ചെ പറഞ്ഞതു പോലെ പ്രലോഭനങ്ങള്‍ അവന്റെ പിന്നാലെയുണ്ടാവും എങ്കിലും. നഗരസഭാ ഇലക്ഷനില്‍ ഷൊര്‍ണൂരിലെ മുരളി സഖാവിനെ ചാക്കിട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച യു ഡി എഫിന് വടകരയില്‍ അടിതെറ്റി. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയും ഉണ്ടാവുന്നത് അധികാരത്തിനായുള്ള അതിമോഹം കൊണ്ടാണെന്ന് തങ്ങളെ വച്ച് ഒഞ്ചിയത്തെ സഖാക്കളെ അളന്നു യു ഡി എഫ്. ഏത് വിമതര്‍ തുള്ളിയാലും ഷൊര്‍ണൂരിലെ മുരളിയോളം അല്ലെങ്കില്‍ ഗോരിയമ്മയോളം അല്ലെങ്കില്‍ എം വി ആറിനോളം എന്നായിരുന്നു എല്‍ ഡി എഫ് കരുതിയത്. വലിയ ഒരു ജനമുന്നേറ്റത്തെ, നാളെയുടെ ജനമുന്നേറ്റത്തെ ഒരു വടകര സീറ്റ് വിലകൊടുത്ത് വാങ്ങി കൊല്ലുകയായിരുന്നു യു ഡി എഫിന്റെ ലക്ഷ്യം. ഇതൊരു താത്ക്കാലിക രാഷ്ട്രീയ തീരുമാനമായിരുന്നില്ല. കുറെക്കാലമായി കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ വളര്‍ത്തുന്ന അരാഷ്ട്രീയതക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യു ഡി എഫ് സ്വീകരിച്ച നയം. ഏത് രാഷ്ട്രീയ പാര്‍ടിയുടേയും ലക്ഷ്യം അധികാരമാണെന്നും മുന്നണി സം വിധാനത്തിന് പുറത്ത് ഒരുകക്ഷിക്കും നിലനില്‍പ്പില്ലെന്നും കുറെക്കാലമായി ഇവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. ഇതൊരുതരം ഭീഷണി കൂടിയാണ് ഞങ്ങളല്ലാതെ നിങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ലെന്ന ധാര്‍ഷ്ട്യം. ഈ ധാര്‍ഷ്ട്യത്തിന്റെ വിടര്‍ന്ന ഫണത്തിന്റെ മേലെയാണ് ഒഞ്ചിയത്തെ സഖാക്കള്‍ ആഞ്ഞടിച്ചത് . ഇടതും വലതും മറിഞ്ഞ് ജനവഞ്ചന നടത്തിയ മുന്നണി നേതാക്കള്‍ ഒന്നുമനസിലാക്കണം ഒഞ്ചിയത്ത് കുട്ടി പിറന്ന ഉടനെ കല്യാണമാലോചിക്കണ്ട, അത് ഒന്നന്തരമൊരു ആങ്കുട്ടിയാണ്, അല്ലെങ്കില്‍ നാദാപുരത്തെ തെമ്മാടികളെ ഉറുമികൊണ്ട് നേരിട്ട ആര്‍ച്ചയുടെ വംശത്തില്‍ ഒരു പെണ്ണ്. ലാല്‍ സലാം സഖാക്കളെ, ഇനി ഈ ജനതക്ക് സ്വപ്നം കാണുകയെങ്കിലും ചെയ്യാം.

Sunday, February 15, 2009

വി എസ് ആരുടെപക്ഷത്ത്? മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു

വലിയ തമാശയായിരുന്നു എ കെ ജി ഭവനു മുന്നില്‍ രണ്ടു ദിവസമായിട്ട്. യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം അധികമാരും തിരിഞ്ഞു നോക്കാതിരുന്ന ഇന്ത്യന്‍ വിപ്‌ളവത്തിന്റെ പണിശാലയിലേക്ക് ഒരിക്കല്‍ കൂടി രാജ്യം ഉറ്റുനോക്കി, പക്ഷേ ഈയടുത്ത് എന്നുമെന്നതുപോലെ നിരാശാജനകമായ വര്‍ത്തക്കായി മാത്രമായിപ്പോയി ഈ കാത്തിരിപ്പും എന്നായിരുന്നു മാധ്യമ വിലയിരുത്തലുകള്‍. സത്യത്തില്‍ ലാവ്‌ലിന്‍ ചര്‍ച്ചയും അനുബന്ധ കാര്യങ്ങളും ഒരു ഒറ്റപ്പെട്ട സം ഭവമല്ല. ഈ അടുത്തകാലത്ത് ഇന്ത്യന്‍ ഇടതുപക്ഷം അനുഭവിക്കുന്ന ധൈഷണികമായ ദിശാബോധമില്ലായ്മയും, ധൈര്യമില്ലായ്മയും, നയപരമായ തീരുമാനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് - മാര്‍ക്‌സിയന്‍ താത്വീക പിന്തുണ നല്‍കാനുള്ള കഴിവുകേടും ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേരളജനതയും വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചാ വിചക്ഷണരുമൊക്കെ വല്ലാതെ തെറ്റിദ്ധരിച്ച ഒരു നേതാവാണ് വി എസ് അച്ചുതാനന്തന്‍ എന്നും ഈ അവസാന രാഷ്ട്രീയ നാടക രംഗങ്ങള്‍ തെളിയിച്ചിരിക്കുന്നു.

വലിയ ആകാംക്ഷയും വികാര വിക്ഷോഭവും താരാരാധനയുമൊഴിവാക്കി ഇടത് ലാവ് ലിന്‍ നാടകത്തിലെ ഇതുവരെ കഴിഞ്ഞതില്‍ അവസാന രംഗങ്ങള്‍ ഒന്നുകൂടി സീന്‍ ബൈ സീന്‍ ആയി പരിശോധിച്ചാല്‍ എല്ലാം സുവ്യക്തമാണ്. വി എസ് ഒരു അടിമുടി കമ്യൂണിസ്റ്റ് കാരനാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ സി പി എം രാഷ്ട്രീയത്തില്‍ പല മലക്കം മറിച്ചിലുകളും നടത്തിയ നേതാവാണ് വി എസ്. പക്ഷേ കഴിഞ്ഞ പത്തു വര്‍ഷത്തോളം വി എസ് ജനപക്ഷത്തു നിന്ന് നടത്തിയ സമരങ്ങള്‍ വി എസ്സിന് നല്‍കിയ പുത്തന്‍ മുഖം മാത്രമേ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ (അതു മാത്രമേ ചര്‍ച്ച ചെയ്യപ്പെടേണ്ടതുള്ളൂ). കഴിഞ്ഞ പതുവര്‍ഷങ്ങളില്‍ വി എസ്സിനെ തിരിച്ചറിവുള്ള നേതാവാക്കിയ പ്രതിഭാസം എന്തുതന്നെയയാലും അതുവഴി കേരളത്തിന് ലഭിച്ചത് ജനപക്ഷത്ത് ഒരു നേതാവായിരുന്നു. സത്യത്തില്‍ ഇത്തരമൊരു നേതാവിനു വേണ്ടി കാത്തിരുന്ന ജനത ഒരു വല്ലാത്ത അവേശത്തോടെ പുതിയ വി എസ്സിനെ സ്വീകരിച്ചു. നീതിപൂര്‍വ്വതയുടെയും, മനുഷ്യസേ്‌നഹത്തിന്റെയും, അഴിമതിരാഹിത്യത്തിന്റെയും രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു വി എസ്. മുന്‍ കാലത്ത് ചെയ്തുപോയ രാഷ്ട്രീയവും വ്യക്തിപരവുമായ തെറ്റുകള്‍ പോലും തിരുത്തി, വി എസ് പുതിയ നേതാവായി മാറി. പക്ഷെ താനടങ്ങുന്ന പാര്‍ട്ടിയെയും ഈ വഴിയിലേക്കു തിരിക്കാതെ പൂര്‍ണമായ മാറ്റം സാദ്ധ്യമല്ലെന്നും വി എസ് തിരിച്ചറിഞ്ഞു - പ്രധാനകാരണം മറ്റൊരു ഇടതുപക്ഷ ബദല്‍ രുപീകരിക്കാനുള്ള രാഷ്ട്രീയ യൗവ്വനമില്ലെന്നതുതന്നെ. താനടങ്ങുന്ന നേതൃത്വം നടന്നു തുടങ്ങിയ തെറ്റായ വഴിയില്‍ നിന്നും പാര്‍ട്ടിയെ പാര്‍ട്ടിയെ ജനപക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരലാണ് വി എസ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പിണറായിയെ പുറത്താക്കലല്ല ലക്ഷ്യം അതൊരു മാര്‍ഗ്ഗം മാത്രം. സ്വയം തിരുത്താന്‍ തയ്യാറായാല്‍ പിണറായിക്കും തുടരാം. ഒരുപക്ഷെ അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് വളരെ തല മുതിര്‍ന്ന നേതാവ് താരതമ്യേന ചെറുപ്പമായ ദേശീയ നേതൃത്വത്തിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതായിരിക്കണം. പുസ്തകപ്പുഴുക്കളായ ജെ എന്‍ യുവിന്റെ സന്തതികള്‍ക്ക് തലനരച്ച അനുഭവപാരമ്പര്യം വഴികാണിക്കുന്നു. ഇത് വെറുതേ ഊഹിക്കുന്നതല്ല തെളിവുകളുണ്ട്.

പി ബി യോഗത്തിനൂ ശേഷം രണ്ടുകാര്യങ്ങളാണ് കാരാട്ട് പറഞ്ഞത്. അന്ന് പിണറായി ലവ് ലിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമായിരുന്നു. അതായത് വി എസ് അടങ്ങുന്ന സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി. മാത്രവുമല്ല പിണറായി വ്യക്തിപരമായി ഒരു രൂപയുടെ എങ്കിലും ലാഭം ഈ കാര്യത്തില്‍ നിന്നുമുണ്ടാക്കി എന്നു തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. സെന്‍സേഷന്‍ നോക്കിനടക്കുന്ന മാധ്യമപ്പട ഇതിനെ വി എസ്സിനോടുള്ള വെല്ലുവിളിയായി ചിത്രീകരിച്ചു. ചിത്രം വ്യക്തം - ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു - പണം പാര്‍ട്ടിക്കുതന്നെയായിരുന്നു. പാര്‍ട്ടിവളര്‍ത്താന്‍, ചാനല്‍ തുടങ്ങാന്‍ തുടങ്ങി പലതിനും പണം വന്ന വഴിയില്‍ ഇടനിലക്കാരായിരുന്നു പിണറായിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയവും. ചെയ്തുപോയ തെറ്റുകള്‍ക്ക് കൂട്ടുനിന്ന തന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയത്തിനെ അത്രപെട്ടെന്ന് മാറ്റിനിര്‍ത്താന്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. സുദീര്‍ഘമായ ഒരു ഉഛാടനകര്‍മ്മം ആവിഷ്കരിക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞ രണ്ടാമത്തെ കാര്യം - വി എസ് ചെയ്തതും ശരിയായിരുന്നു എന്നാണ്. ഒരുതരത്തിലും വി എസ്സിനെ വിമര്‍ശിക്കാതെയുള്ള പി ബി യുടെ നിലപാട്, ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ല പകരം തിരിച്ചറിവാണ്. തെളിവുകള്‍ ഇനിയുമുണ്ട്. പി ബി ക്കു ശേഷം ആദ്യത്തെ പത്ര സമ്മേളനത്തില്‍ യു ഡി എഫിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ വി എസ് പറയാതെ പറഞ്ഞതിനെയും മാധ്യമപ്പട തെറ്റിദ്ധരിച്ചു. യു ഡി എഫിന്റെ അഴിമതി അക്കമിടുക വഴി വി എസ് പറഞ്ഞത് ലാവ് ലിന്‍ ഒരു ഒറ്റപ്പെട്ട സം ഭവമല്ല എന്നു തന്നെയാണ്. യു ഡി എഫിന് അട്ടഹസിക്കാനുള്ള കാര്യമൊന്നുമില്ല ഇതില്‍ കാരണം താന്‍ പോരാടുന്ന അഴിമതി വിരുദ്ധ സമരങ്ങളില്‍ മിക്കതും യു ഡി എഫിന്റെതു തന്നെയാണ് എന്നാണ് . അതിനോടൊക്കെ കോടതിയിലും പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പാര്‍ട്ടിക്കകത്തും താന്‍ പോരാടുമെന്നാണ് വി എസ് ഉദ്ധേശ്ശിച്ചത്. വി എസ്സിലെവിടെയോ ശരിയുണ്ടെന്ന തിരിച്ചറിവാണ് പി ബിക്കും അടുത്തിടെ ഉണ്ടായിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വി എസ്സിനെതിരെയും പരസ്യ വിമര്‍ശനം പാടില്ലെന്ന് പി ബി പറഞ്ഞത്. ഒരു തിരുത്തല്‍ വാദിയാവനുള്ള സ്വാതന്ത്ര്യത്തിന് വലിയ കത്തി വെക്കപ്പെട്ടിട്ടില്ല ഇത്തവണ. അതായത് ചെയ്തുപോയതൊക്കെ എന്തുവിലകൊടുത്തും ന്യായീകരിക്കാനുള്ള തയ്യാറെടുപ്പുിനോടൊപ്പം വി എസ് പറഞ്ഞതിലെ ശരികളെയും പി ബി വിലയിരുത്തുന്നു. ഒരു പി ബി അംഗം എന്നനിലയില്‍ ഒരു തിരുത്തല്‍ വാദിയായിരിക്കെ തന്നെ നവകേരളയാത്രയിലും പങ്കെടുക്കാനുള്ള വി എസ്സിന്റെ ഉത്തരവാദിത്വം പി ബി ഓര്‍മ്മിപ്പിച്ചിരിക്കണം. ഈ വലിയൊരു സം രം ഭത്തിനിടെ ഭാഗമായി ഇനി നവകേരള യാത്രയില്‍ വി എസ്സിന് ചിലപ്പോള്‍ പങ്കെടുക്കേണ്ടതായി വരും. അതുപക്ഷെ ഒരു പരാജയമോ പിന്‍ വങ്ങലോ അല്ല, ഒരു കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വം അത്രമാത്രം. വി എസ്സിനെ മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു.


Sunday, February 1, 2009

മൗനത്തിന്റെ മഹാസാഗരം സാക്ഷിയാക്കി എന്തിനിങ്ങനൊരു മുഖ്യമന്ത്രി?

ഏറ്റവും വലിയ പരീകഷണശാല - തികച്ചും ആശാവഹമല്ലാത്ത പരീക്ഷണ ഫലങ്ങളാണ് കുറെക്കാലമായി പുറത്തുവിടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയം, ബ്യൂറോക്രസി, അഴിമതി തീണ്ടിത്തുടങ്ങിയ നീതിന്യായവ്യവസ്ഥ. അവഗണിക്കപ്പെടുന്ന മധ്യ - അധോ മധ്യവര്‍ഗ്ഗ ജനത. പ്രകാശ് കാരാട്ട് ഇന്ന് പ്രസംഗിച്ചിരിക്കുന്നു ``വര്‍ഗ്ഗസമരമെന്ന ആശയം കാലഹരണപ്പെട്ടിട്ടില്ല'' എന്ന്. (സത്യമാണ് - ഈ തിരിച്ചറിവാണ് ഇന്ത്യയിലെ ഇടതുപക്ഷത്തെ ഈ വര്‍ഗ്ഗസമരത്തില്‍ ഉള്ളവനു വേണ്ടി ഇല്ലാത്തവനെതിരെ പോരാടാനുള്ള പുത്തന്‍ തീരുമാനത്തിലെത്തിച്ചത്. കാലഹരണപ്പെടാത്ത സമരത്തില്‍ ഒരു കൂറുമാറ്റം). സാധാരണ പൗരന് ജീവിതം ഒട്ടും ആശാവഹമല്ലാത്ത ഈ കടുംകാലത്ത് ഒന്നു നിശ്വസിക്കാനെങ്കിലും പ്രതീക്ഷയുടെ ചില തിളങ്ങുന്ന നക്ഷത്രങ്ങള്‍ ഒരു ജനതക്ക് ആവശ്യമാണ്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രീ എ കെ ആന്റണിയുടേയും, വി എസ് അച്യുതാനന്തന്റെയും, സോണിയാ ഗാന്ധിയുടേയുമൊക്കെ പ്രസക്തി ഇവിടെയാണ്. സംശുദ്ധരാഷ്ട്രീയത്തിന്റെ കറകളഞ്ഞ ഭൂതകാലം ആന്റണിക്കും, ആരെകൊന്നിട്ടും ഒരുപഞ്ചായത്ത് പ്രസിഡന്റ് പോലുമാവാന്‍ ആരും മടിക്കാത്ത സാഹചര്യത്തില്‍ സിംഹാസനം ത്യജിച്ച ത്യഗസന്നദ്ധത സോണിയാ ഗാന്ധിക്കും, അഞ്ചുകൊല്ലം ഒരുജനതയുടെ ആത്മാവ് തൊട്ടറിഞ്ഞു പ്രവര്‍ത്തിച്ച സമീപ ഭൂതകാലം അച്ച്യുതാനന്ദനും രാഷ്ട്രീയത്തില്‍ താര ശോഭ പകരുന്നു. ഇത്തരം താരങ്ങളെ ഒരിക്കലും ജനോപകാരപ്രദമായ ഒന്നും ചെയ്യാന്‍ ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങള്‍ അനുവദിക്കാറില്ല പകരം വ്യവസ്ഥിതിയോട് ഇവര്‍ നടത്തുന്ന കലഹങ്ങള്‍ അതിലവര്‍ അടയുന്ന പരാജയം, സ്ഥാനത്യാഗാം - ഒരുവലിയ ജനസമൂഹത്തിന് സനാഥത്വമെന്ന സുരക്ഷിതത്വ ബോധം നല്‍കുന്ന ഘടകങ്ങളാണ് ഇവ. ഇവരുടെ വിജയങ്ങളെക്കാള്‍ ജനം വിലകല്‍പ്പിക്കുന്നത് അവര്‍വടത്തുന്ന കലാപങ്ങള്‍ക്കാണ് - അവ എത്ര വലിയ പരാജയങ്ങളായാലും. ഒട്ടനവധി രാഷ്ട്രീയവും ചരിത്രപരവുമായ വിഡ്ഡിത്തങ്ങള്‍ക്കുശേഷവും എ കെ ആന്റണി രാഷ്ട്രീയത്തില്‍ തുടരുന്നത് ഈ ഒരൊറ്റക്കാരണം കൊണ്ടാണ്.

ലാവ്‌ലിന്‍ കേരളം കണ്ട ആദ്യത്തെ രാഷ്ട്രീയ അഴിമതിയല്ല. വലുപ്പത്തിന്റെ കാര്യത്തില്‍ വലുതായിരിക്കാം പക്ഷെ പക്ഷെ അത് കാലത്തിനനുസരിച്ച് പണത്തിന്റെ മൂല്യം കുറയുന്നതുകൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടടുത് പക്ഷെ സി പി എമ്മിന് ഇതിനെ നേരിട്ടെ പറ്റു. വ്യക്തികള്‍ക്ക് പ്രസക്തിയില്ലാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പിണറായിയുടെ കുറച്ചുനാളത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള മാറിനില്‍ക്കല്‍ കൊണ്ട് നേരിടാവുന്ന ഒരു പ്രശ്‌നം. പക്ഷെ ഒരു കള്ളം ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമാക്കാമെന്ന പഴയ തന്ത്രം കൊണ്ട് സി പി എം പിന്നെയും ലാവ്‌ലിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നോക്കുന്നു. സത്യത്തില്‍ പിണറായിയെന്ന ഒരു വ്യക്തിയല്ല, സി പി എമ്മിനകത്ത് വളര്‍ന്നുവരുന്ന മുതലാളിത്ത താത്പര്യങ്ങളാണ് പ്രശ്‌നമെന്ന് തെളിയിക്കുന്ന മറ്റൊരുദാഹരണം കൂടിയാണ് ലാവ്‌ലിന്‍ കേസ്. ഒരേ കാരണങ്ങള്‍കൊണ്ടാണ് കൊണ്ടാണ് നന്ദിഗ്രാമിലും മൂലമ്പള്ളിയിലും സമാന സംഭവങ്ങള്‍ നടക്കുന്നതും ലാവഌന്‍ കേസില്‍ പാര്‍ട്ടി പിണറായിയെ പിന്‍തുണക്കുന്നതും. അടുത്തകാലത്ത് മലയാളി, പ്രശ്‌നങ്ങളെ താത്വീകമെന്നതിലുപരി വൈയ്യക്തികമായി കാണുന്നതിനാലാണ് പിണറായി, കപീഷിന്റെ കഥയിലെ ദുഷ്ടമൃഗം പോലെ ചിത്രീകരിക്കപ്പെടുന്നത്, കോടതി മുറികളില്‍ നടക്കുന്നത് ജസ്റ്റീസ് ഹേമയും ബസന്തും തമ്മിലുള്ള തമ്മിലടികളായി വാര്‍ത്തകളാവുന്നത് അങ്ങിനെ പലതും.

സി പി എമ്മിനകത്തെ ഈ മുതലാളിത്തവല്‍ക്കരണത്തിനോട് കഴിഞ്ഞ പത്തുകൊല്ലങ്ങള്‍ ഒരുതരത്തില്‍ ദേശീയതലത്തില്‍ ജനപക്ഷത്തുനിന്ന് കലഹിക്കുകയായിരുന്നു വി എസ്. പക്ഷെ മുഖ്യമന്ത്രിയായതിനു ശേഷം അദ്ദേഹം പ്രവര്‍ത്തിക്കുന്ന ശൈലി സാധാരണക്കാരെ വല്ലാതെ സംശയാലുക്കളാക്കുന്നു. എത്ര അവസരങ്ങള്‍ കിട്ടിയാലും ഗോളടിക്കാതെ ഒരേസമയം മുന്നേറ്റങ്ങളിലൂടെ കൈയ്യടിവാങ്ങുകയും എതിര്‍ടീമിനെ പരാജയപ്പെടുത്താതിരിക്കുകയും ചെയ്യുന്ന കോഴവാങ്ങിക്കളിക്കുന്ന ഒരു കളിക്കാരന്റെ ശൈലി. ലാവ്‌ലിന്‍ കേസിലെ മൗനം ഈ തരത്തിലുള്ള അവസാനത്തെ പ്രകടനമാണ്. മൂന്നാറില്‍ മൂന്നു പൂച്ചകള്‍ കാണിച്ച വീര സാഹസിക കൃത്യങ്ങള്‍, അതിനുപിന്നാലെ നടന്ന പിന്‍മാറ്റം - (മൂന്നാറിലിപ്പൊഴും കൈയ്യേറ്റങ്ങള്‍ സജീവമാണ്) വി എസിന്റെ പൊളിറ്റികല്‍ ഇമേജ് കളര്‍ ഫുള്ളാക്കിയതല്ലാതെ മറ്റൊരു മാറ്റവും സംഭവിപ്പിച്ചില്ല. ശ്രീമതി ടീച്ചറെന്ന മന്ത്രി പത്തുപതിനജ് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ കേരളത്തിലെങ്ങും പാഞ്ഞു നടക്കുമ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം അനുദിനം തകരുകയായിരുന്നു. കേരളത്തില്‍ പനിയൊഴിഞ്ഞൊരു നേരമില്ല. പൊടികലര്‍ന്നതും നാറുന്നതുമായ മരുന്നും സിറിഞ്ചും മാത്രം വിതരണം ചെയ്യുന്നൊരു മെഡിക്കള്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അങ്ങിനെ നൂറു കാര്യങ്ങള്‍. ശ്രീമതി സഖാവിനെതിരെ വളരെ നല്ലൊരായുധം വി എസ്സിന്റെ കൈയ്യില്‍ കിടക്കുന്നു അതും താനൊരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വി എസ് ആണയിടുന്ന പീഢന കേസ്. എന്നിട്ടും കിളിരൂര്‍ കേസിലെ സഖാവ് ശ്രീമതിയുടെ ഫയല്‍ മുഖ്യമന്ത്രി പൂഴ്ത്തിവെക്കുന്നത് എന്ത് രാഷ്ട്രീയ വിലപേശലിനാണ്? മൂലമ്പള്ളിക്കുപിന്നാലെ ഇടപ്പള്ളിയില്‍ ഒരിക്കല്‍ ദേശീയ പാതക്കായി കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കാന്‍ പോകുന്നു അതിലും വി എസ്സിന് വാക്കുകളില്ല - വി എസ്സിന് ഭല്‍സിക്കാന്‍ വീണ്ടും നക്‌സലൈറ്റുകള്‍ ജനിക്കുന്നു. ഐസ്ക്രീം കേസിന്റെ ഫയലെവിടെ? ഇങ്ങനെ ചോദ്യങ്ങളും കുഴപ്പങ്ങളും ഒരുപാടുണ്ട്.

വി എസ്സിന്റെ മൗനത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. പക്ഷെ അതൊന്നും അദ്ദേഹം പണ്ട് പ്രസംഗിച്ചതുപോലെയും, ഇപ്പൊ മൂകാഭിനയത്തിലൂടെ ധ്വനിപ്പിക്കുന്നതു പോലെയും അഴിമതിക്കെതിരേയുള്ള സമരത്തിന്റെ ഭാഗമൊന്നുമല്ല. സാധാരണക്കാരന്റെ പ്രത്യാശയിലും, പെണ്ണിന്റെ കണ്ണീരിലും, നിരപരാധിയുടെ ചോരയിലും ചവുട്ടി മുഖ്യമന്ത്രിയായതിനു ശേഷം വി എസ്സ് `പറഞ്ഞ' കാര്യങ്ങള്‍ വളരെ കുറവാണ്, ചെയ്തു `തീര്‍ത്ത' കാര്യങ്ങളും. മിക്ക സമയവും അദ്ദേഹം മൗനത്തിലായിരുന്നു എന്തിനൊ വേണ്ടി പലതും തുടങ്ങിവെക്കുക മാത്രമായിരുന്നു. രാഷ്ട്രീയ വിലപേശലുകള്‍ നടത്തി കസേരയുറപ്പിക്കാനും, ജനങ്ങളെ പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കാനും ഉതകുന്ന മൗനം. കിളിരൂര്‍ കേസിലെ മൗനം ശ്രീമതി ടീച്ചറേയും കോടിയേരിയേയും വിരട്ടിനിര്‍ത്തി, മൂന്നാറിന്റെ കാര്യത്തില്‍ അവസാനം ദീക്ഷിച്ച മൗനം സി പി ഐയെ വിലക്കെടുത്തു, മൂലമ്പള്ളിയിലെ മൗനം ഹാരീസ്സുമാരെ വിലക്കെടുത്തു, അവസാനം തനിക്കെതിരെ കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും അന്തിമയുദ്ധത്തിനിറങ്ങിയ പിണറായിയെ അവിടെല്ലാം ആത്മരക്ഷക്ക് പോരാടുന്നതില്‍ മാത്രം തളച്ചിടാന്‍ പ്രാപ്തനാക്കി തന്ത്രം മെനഞ്ഞു വി എസ്, അതിനായി തെളിവുകള്‍ ഹാജരാക്കി. കേരളരക്ഷാ യാത്രയില്‍ ഇനിയൊരക്ഷരമ്പോലും തനിക്കെതിരേ പിണറായി സംസാരിക്കില്ലെന്നുറപ്പുവരുത്തി. ഇതിനെല്ലാമുതകുന്ന തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ജനങ്ങള്‍ക്കുമുന്നില്‍ മൗനം ദിക്ഷിച്ചു. ഈ മൗനം, കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം - കസേരക്കളിയില്‍ ജയിക്കാനുള്ള നാടകമായിരുന്നു ഇതെല്ലാം എന്ന് ഈ അവസാന പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ജന വഞ്ചനയുടെ ആള്‍ രൂപമായിട്ടായിരിക്കും ചരിത്രത്തിലെ വി എസിന്റെ സ്ഥാനം. ഇല്ല സഖാവെ ഈ ജനതക്കത് തങ്ങാനാവില്ല, അങ്ങിനെ സംഭവിക്കാതിരിക്കടെ.