Friday, July 17, 2009
അച്യുതാനന്തനെ പുറത്താക്കിയതെന്തിനെന്ന് പറഞ്ഞത് കൃഷ്ണന് നായര്‍ - നമ്മുടെ ''ലീലാ'' കൃഷ്ണന്‍നായര്‍
പിന്നീടങ്ങോട്ട് ചിലപ്പോളൊക്കെ അടിപതറിയെങ്കിലും മിക്കപ്പോഴും സഖാവ് അച്ച്യുതാനന്തന്റെ രാഷ്ട്രീയം മുതലാളിത്തത്തിനെതിരേയും, അഴിമതിക്കെതിരേയും ഒക്കെയുള്ള ഒരു സമരം തന്നെയായിരുന്നു. കേരളമെന്ന മുതലാളിത്തത്തിന് വളക്കൂറുള്ള കമ്പോളത്തില്‍ കൊതിപൂണ്ടിരുന്ന പലര്‍ക്കും അദ്ദേഹം കണ്ണിലെ കരടായിമാറി. ഇത്തവണ പിണറായിയെ രക്ഷിച്ച് അച്യുതാനന്തനെ തളക്കാന്‍ കുറച്ചൊന്നുമല്ല കാരാട്ട് വിയര്‍പ്പൊഴുക്കിയത്. സത്യത്തില്‍ വിധിദിവസത്തിനോടടുത്ത് കാരാട്ട് നടത്തിയ അണിയറക്കളികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മലയാളികളില്‍ പലരും അത്ഭുതപ്പെട്ടിരുന്നു. വളരെ ആകസ്മികമായിട്ടായിരുന്നു വി എസ്സിന്റെ പ്രതികരണങ്ങള്‍ക്കിടയില്‍, ഏഷ്യനെറ്റില്‍ ലീലാ ഗ്രൂപ്പിന്റെ തലവന്‍ ക്യാപ്റ്റന്‍ കൃ്ഷ്ണന്‍ നായര്‍ പ്രത്യക്ഷപ്പെട്ടത്. ദല്‍ഹി ഗുര്‍ഗാവോന്‍ റോഡില്‍ പുതുതായി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്ഘാടനത്തിന്, ഒട്ടുമിക്ക രാഷ്ട്രീയക്കാരെയും വരുത്തി ഊട്ടിയ ശേഷം ഊണും കഴിഞ്ഞ് ഇരിക്കവേ കൃ്ഷ്ണന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്താനുള്ള സാഹചര്യമില്ലെന്ന്. ഈ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ കാരാട്ടിനൊക്കെ ചില പദ്ധതികളൊക്കെ മനസിലുണ്ടായിരുന്നു, എന്നാലൊന്നും നടത്താന്‍ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കോവളം ഹോട്ടല്‍ കേസില്‍ ഗവര്‍മെന്റ് തന്നെ സഹായിച്ചില്ലെന്നും കൂടി പറഞ്ഞപ്പോള്‍ ചിത്രം പൂര്‍ണമായി. വലിയ വലിയ മുതലാളിമാര്‍ക്കൊക്കെ വിടുപണി ചെയ്യാന്‍ പലരും പലതും മനസ്സില്‍ കരുതിയിരുന്നു (ഇനി അച്ചാരം കൂടി വാങ്ങിയിരുന്നെന്ന് കേട്ടാല്‍ മതി). അതൊന്നും നടന്നില്ല. - ശകുനം മുടക്കിയായ ഒരുകിളവന്റെ മുടിഞ്ഞ കമ്മ്യൂണിസം കാരണം.
ഇവര്‍ക്കൊക്കെ വേണ്ടിയാണോ സഖാവേ സി സിക്കും പിബിക്കും ഇടയില്‍ ഫയലുമായി താങ്കള്‍ വിയര്‍ത്തോടിയത്. അങ്ങിനെയൊന്നുമല്ലെങ്കില്‍കൂടി സി പി എമ്മിന്റെ ദേശീയ സെക്രട്ടറിയുടെ മനസിലെന്തുണ്ടായിരുന്നെന്ന് തനിക്കറിയാമെന്ന് പരസ്യമായി ഒരു മാധ്യമത്തോട് കൃ്ഷ്ണന്‍ നായരെപ്പോലൊരാള്‍ പറയുന്നത് കമ്യൂണിസത്തിനൂതന്നെ നാണക്കേടാണ്. വടക്കോട്ട് യാത്രചെയ്യുമ്പോള്‍ പയ്യാമ്പലം കടപ്പുറത്തിനടുത്തൊന്നും പോകാതിരിക്കൂ സഖാവേ. നെഞ്ചില്‍, കത്തുന്ന വിപ്ളവ പന്തങ്ങളുമായി വലിയ ചുടുകാട്ടില്‍ പലരും വിശ്രമത്തിലാണ്, അവര്‍ കമ്യൂണിസ്റ്റുകാരുമാണ് കല്ലറതകര്‍ത്ത് വന്ന് ``വെട്ടിക്കളയും''.
Saturday, July 4, 2009
ചാര്‍വാകന്‍, അം ബേദ്കറിന്റെ രീതിശാസ്ത്രം ഇപ്പോള്‍ ഇടതുപക്ഷത്തിന് മനസിലായിട്ടുണ്ട്.
1931 ല്‍ ബോംബേയിലേക്ക് ഗാന്ധിജി അംബേദ്കറിനെ ഒരു കൂടിക്കാഴ്ച്ചക്കു ക്ഷണിക്കുകയുണ്ടായി. അംബേദ്കര്‍ ജനിക്കുന്നതിനുമുമ്പുതന്നെ താന്‍ തുടങ്ങിയ തൊട്ടുകൂടായ്മക്കെതിരായ സമരത്തെ ഓര്‍മ്മിപ്പിച്ച മഹാത്മാവ് അധഃകൃതരെ രാഷ്ട്രീയമായി മറ്റു ഹിന്ദുക്കളില്‍ നിന്നും വേറിട്ടൊരു ശക്തിയായി മാറ്റുന്നത് ജാതി വ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പുനല്‍കി. അധഃകൃതരും മറ്റു ഹിന്ദുക്കളും തമ്മില്‍ നിലനില്‍ക്കുന്ന ഉഛനീചത്വമാണ് നശിപ്പിക്കേണ്ടതെന്നും അതുവഴി ഹിന്ദുമതത്തിന്റെ ശുദ്ദീകരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വാദിച്ചു. പക്ഷെ അംബേദ്കറാകട്ടെ ഇത് ചെവിക്കൊള്ളാതെ യോഗത്തില്‍ നിന്നും പിന്‍വാങ്ങി. ഗാന്ധിജി ഇതേ നയം തന്നെയാണ് വൈക്കം സത്യാഗ്രഹം പോലുള്ള മുന്നേറ്റങ്ങളിലും സ്വീകരിച്ചിരുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ ഹിന്ദുക്കളല്ലാത്തവരുടെ നേരിട്ടുള്ള പങ്കെടുക്കലിനേയും അദ്ദേഹം യങ്ങ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനത്തില്‍ എതിര്‍ത്തിരുന്നു. ഹിന്ദുക്കളെ അവരുടെ അനാചാരങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് ശുദ്ധരാവാന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പക്ഷെ അധകൃതരുടെ സംഘടിത രാഷ്ട്രീയമായിരുന്നു അം ബേദ്കറിന്റെ ലക്ഷ്യം. ജാതിവ്യവസ്ഥയെന്ന സാമൂഹ്യ വിപത്തിനെ ഒരിക്കലും അവസാനിപ്പിക്കന്‍ ഉതകാത്ത ഈ രീതി ശാസ്ത്രമാണ് പട്ടികജാതി കണ് വെന്‍ഷനുകളും മറ്റും നടത്തി ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് (മതം ഒരു രാഷ്ട്രീയ ഘടകമായി അംഗീകരിച്ചിരുന്നുവെങ്കിലും ഈ എം എസ് ഒരിക്കലും ജാതിപരമായ രാഷ്ട്രീയ മുതലെടുപ്പിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല). അത്രയൊന്നും ഭീകരമായ പ്രത്യയശാസ്ത്രപ്രശ്നങ്ങളൊന്നും ഇതിലില്ല. അംബേദ്കറിന്റെ രീതിശാസ്ത്രം ഉപയോഗിക്കാന്‍ ഇടതുപക്ഷം ഇതുവരെ മടിച്ചുനിന്നതാണ്. ബ്രാഹ്മണ മേധാവിത്തം മൂലം തന്റെ സമൂഹം അനുഭവിക്കേണ്ടിവന്ന പീഢനങ്ങളുടെ വേദനയില്‍ അംബേദ്കറിന് വിവേകത്തിന്റെ മൂന്നാംകണ്ണ് നഷ്ടപ്പെട്ടിരുന്നു എന്നാണ് സത്യത്തില്‍ ഗാന്ധിജി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.
താനടങ്ങുന്ന ഒരു സമൂഹത്തെ മാറ്റാന്‍ മിനക്കെടാതെ എളുപ്പത്തില്‍ ബുദ്ധമതത്തിന്റെ തണലില്‍ രക്ഷപ്രാപിക്കാന്‍ പലായനം ചെയ്യുന്നതും ഒരു ജന്മം കൊണ്ടും സ്വന്തം ജീവിതമുപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കൊണ്ടും ഹിന്ദുത്വത്തെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിച്ച ധീരതയും തമ്മില്‍ ഒരുപാട് അന്തരമുള്ളതു കൊണ്ടാണ് ചാര്‍വാകന്‍ പറഞ്ഞ പൊതുസമൂഹത്തിലെ അദൃശ്യത ഉണ്ടാവുന്നത്.
തെറ്റിദ്ധരിക്കരുത് ഞാനിന്നും അം ബേദ്കറിനെ ഒരു രാഷ്ട്ര ശില്പിയായി ബഹുമാനിക്കുന്ന വ്യക്തിയാണ്. വ്യക്തമാക്കിയത് ഒരു രീതിശാസ്ത്രത്തിനോടുള്ള ചില അഭിപ്രായ ഭിന്നതകള്‍.
ജാതി ചോദിക്കരുതെന്ന് പറഞ്ഞതിന് സതയെ തെറിവിളിക്കുന്ന ബ്ളൂലോകവാസികള്‍ തീര്‍ച്ചയായും വായിക്കാന്‍
ജാതിവ്യവസ്ഥ നിലവില്‍വന്ന പുരാതന ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥകളെ ആധുനീകകാലത്തെ സാഹചര്യങ്ങള്‍ വച്ച് വിലയിരുത്തരുതെന്നായിരുന്നു സതയുടെ ആദ്യ പരാമര്‍ശം. തൊഴില്‍ അടിസ്ഥാനമായ ഉഛഃനീചത്വങ്ങളാണ് പില്ക്കാലത്ത് ജാതിവ്യവസ്ഥയിലേക്ക് നയിച്ചതെന്നും അത്തരം തൊഴില്‍ അടിസ്ഥാനമാക്കിയുള്ള തൊട്ടുകൂടായ്മകള്‍ മറ്റൊരു തലത്തിലായാലും ഇന്നും നിലനില്ക്കുന്നു എന്നുമായിരുന്നു അടുത്ത വീക്ഷണം. വ്യക്തമായ പഠനങ്ങളുടെ പിന് ബലമില്ലാതെ വല്ലതും വിളിച്ചു പറയുന്നു എന്നായിരുന്നു ഇതിനെതിരേയുണ്ടായ ആദ്യത്തെ പ്രതികരണം അമേരിക്കന്‍ എകണോമിക് റിവ്യൂയില്‍ 2000 - ത്തില്‍ അശ്വിനി ദേശ്പാണ്ഢെ എഴുതിയ ലേഖനത്തില്‍ വര്‍ണ വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തെപ്പറ്റി സൂചക ലേഖനങ്ങള്‍ ഉദാഹരിച്ച് വിവരിക്കുന്നുണ്ട്. സതയുടെ പ്രസ്താവനക്ക് റഫറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇത്തരം ലേഖനങ്ങള്‍ വായിക്കാവുന്നതേയുള്ളൂ. സത്യത്തില്‍ ജാതിവ്യവസ്ഥ എതിര്‍ക്കപ്പെടുമ്പോള്‍ അതിലേക്കുനയിച്ച തൊഴില്‍പരമായ തൊട്ടുകൂടായ്മകള്‍ നിലനില്‍ക്കുന്നതായുള്ള സതയുടെ പരാമര്‍ശം ഒരു നൂതനാശയമാണ്. ആശയങ്ങള്‍ എന്നും കടമെടുക്കപ്പെടേണ്ടതാണെന്ന് ആരയാലും നിര്‍ബന്ധബുദ്ധി കാണിക്കരുത്.
ജാതിവ്യവസ്ഥ അത്ര പെട്ടെന്ന് നിര്‍മാര്‍ജ്ജനം ചെയ്യാനാവുന്നതല്ലെന്നതും ഒട്ടനേകം സമൂഹ്യ ശാസ്ത്രജ്ഞര്‍ പഠനം നടത്തി പറഞ്ഞ കാര്യങ്ങള്‍ മാത്രം. ഒരുകാര്യം സത്യമാണ് - സതയുടെ അഭിപ്രായപ്രകടനം കേരളത്തിലെ സാഹചര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാവര്ക്കും വളരാനുള്ള സാഹചര്യങ്ങള്‍ എല്ലായിടത്തും നിലനില്ക്കുന്നില്ല. തമിഴ് നാട്ടില്‍ പോലും പലയിടങ്ങളിലും കീഴാള സമൂഹത്തിന് ഇന്നും പഠനവും മറ്റും അപ്രാപ്യമാണ്. ഉത്തരേന്ത്യയിലെ സാഹചര്യങ്ങള്‍ ഇതിലും മോശമാണ്. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍, നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ പല പിന്നോക്ക വിഭാഗങ്ങളും കുറഞ്ഞത് സാമ്പത്തികമായ മെച്ചമെങ്കിലും നേടിയെടുത്തിട്ടുണ്ട്. മെച്ചപ്പെട്ട വിദ്യഭ്യാസവും മറ്റും ഇന്നും അവരില്‍നിന്നുമെത്രയോ അകലെയാണ്. ഇന്ത്യയിലെമ്പാടും ഞാന്‍ സന്ദര്‍ശിച്ച ആദിവാസിഗ്രാമങ്ങളിലെങ്ങും സംവരണമടക്കം നിലവിലുള്ള പിന്നോക്ക വികസന സാഹചര്യങ്ങള്‍ വഴി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കെത്തിപ്പെട്ട ആരും തന്നെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകുന്നതായോ അവര്‍ വളര്‍ന്നുവന്ന സമൂഹത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യുന്നതായോ കണ്ടെത്തിയിട്ടില്ല. പകരം പുറം ലോകത്തെത്തിപ്പെട്ട ഈ സമൂഹം അവര്‍ക്കു ലഭിച്ച മെച്ചപ്പെട്ട സാഹചര്യങ്ങള്‍ മുതലാക്കി യധാര്ത്ഥത്തില് പിന്നോക്കം നില്‍ക്കുന്നവര്‍ക്കുലഭിക്കേണ്ടുന്ന സാഹചര്യങ്ങള്‍ നേടിയെടുക്കുന്നതായാണ് കാണുന്നതും. സാമ്പത്തിക സംവരണത്തിനാകട്ടെ യധാര്ത്ഥ വരുമാന വിവരങ്ങള്‍ മറച്ചുവെക്കാന്‍ ധാരാളം സാധ്യതകളുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരുമാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നുവച്ച് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നവരെ ന്യൂനപക്ഷത്തിന്റെ സഘടിതശക്തിയുടെ ബലത്തിലും ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തിലും അടിച്ചിരുത്താന്‍, നിലവിലുള്ള സംവരണ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നേടിയെടുക്കുകയും, അതിന്റെ ബലത്തില്‍ സ്വന്തം സമൂഹത്തിലെ യധാര്ത്ഥ പിന്നോക്കക്കാരനെ സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മത്സരിച്ച് തോള്‍പ്പിക്കുകയും ചെയ്യുന്ന മധ്യ-ഉപരിമധ്യവര്‍ത്തികള്‍ നടത്തുന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രവണതയാണ്. ഇവര്‍ ജാതിവ്യവസ്ഥ നിലനില്‍ക്കാനാഗ്രഹിക്കുന്നവരും അതിന്റെ വക്താക്കളുമാണ്. പറയുന്നതാകട്ടെ സവര്‍ണ ഫാസിസത്തെപ്പറ്റിയും. സവരണ നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. ജാതിവ്യവസ്ഥയെ നിലനിര്‍ത്താത്ത അതിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഒരു സംവിധാനം നിലവില്‍വരേണ്ടതുണ്ട്. ജാതിവ്യവസ്ഥ നിലനിര്‍ത്തി ഈ രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ഇടത്, വലത്, ബൂര്‍ഷ്വ പാര്‍ട്ടികളെല്ലാം തന്നെ ഈ കാര്യത്തില്‍ ഒരേ നിലപാടെടുക്കുന്നു. ജാതി മത ഛിഃഹ്നങ്ങളെയെല്ലാം പൊതുസമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളാവണം ഇതില്‍ നമുക്ക് മാതൃക. സ്വന്തം ഭരണഘടന പോലും പല രാജ്യങ്ങളുടെ നിയമസംഹിതകളില്‍ നിന്നും മെച്ചപ്പെട്ട വ്യവസ്ഥകളെ ദത്തെടുത്ത് രൂപപ്പെടുത്തിയ ഒരു രാജ്യത്തിന് ഫ്രാന്‍സിനെപ്പോലൊരു രാജ്യത്തെ മാതൃകയാകുന്നതില്‍ ഒരു തെറ്റുമില്ല. സതയുടെ എഴുത്തിനെതിരായുള്ള ആക്രമണം ഒരു ഒറ്റപ്പെട്ട സം ഭവമല്ല - വലിയൊരു തെറ്റിന്റെ ചെറിയ നേര്‍പകര്‍പ്പ് ബ്ളൂലോകത്തിലും
Friday, July 3, 2009
ആ അഭിമുഖം ഒന്നുകൂടി വായിച്ചു നോക്കൂ - മാധ്യമ സിണ്ടിക്കേറ്റിന്റെ ഒരു നിഴല്‍ കാണുന്നില്ലേ?
ഞങ്ങളെ പിണക്കിയാല്‍ കാണിച്ചുതരാം എന്നൊരു ഭീഷണിയുടെ സ്വരം മാധ്യമങ്ങളുടെ 'പിണറായി ആക്രമണത്തിന് ' പിന്നില്‍ കേള്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഇതോടൊപ്പം എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയാകുമ്പോള്‍ ആക്രമണത്തിന് ശക്തി കൂടുന്നു.
ജൂണ്‍ ഏഴാംതീയതി പ്രസിധീകരിച്ച മാതൃ്ഭൂമി ആഴചപ്പതിപ്പിലാണ് പ്രൊഫ സുകുമാര്‍ അഴീക്കോടിന്റെ ''ആയിരം പൂര്ണചന്ദ്രന്മാര് എന്നെക്കണ്ടു''എന്ന അഭിമുഖം അച്ചടിച്ചുവന്നത്.
ഈ വാരികയുടെ പതിമൂന്നാം പുറത്തില്‍ പിണറായിക്കെതിരെ അതി നിശിതമായ വിമര്‍ശനങ്ങളാണ് അഴീക്കോട് മാഷ് നടത്തുന്നത് അതും വി എസ് പക്ഷത്തിനെ വെട്ടിനിരത്തിയതിനെ പറ്റി. മാത്രവുമല്ല തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനായും പിണറായിയുടെ മേല്‍ അദ്ദേഹം കെട്ടി വെക്കുകയും ചെയ്യുന്നു. ലാവഌന്‍ കേസില്‍ പിണറായി കാണിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനു ചേരാത്ത വൈയക്തികമായ ഭീരുത്വമാണെന്നും ഇതേ പുറത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പ്രധാനമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വി എസ്സിന്റെ വിധ്വംസക പ്രവര്‍ത്തനം ഉണ്ടായിട്ടുമില്ല. പിണറായി അടക്കമുള്ള ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വാദികളുടെ ചെയ്തികള്‍ തെറ്റാണെന്ന് നന്ദിഗ്രാമും, സിംഗൂരും, മൂലമ്പള്ളിയുമെല്ലാം ഉദാഹരിച്ച് ദ്ദേഹം അഭിപ്രായപ്പെടുന്നുമുണ്ട്. എന്നിട്ടും ഈ അഭിമുഖത്തില്‍ പറഞ്ഞ താരതമ്യേന നിസ്സാരമായ ഒരു അഭിപ്രായം വാര്‍ത്തയായി. അഴീക്കോട് മാഷ് പിണറായിയുടെ വക്കീലായി മുദ്രകുത്തപ്പെട്ടു. ഈ നീക്കം തികച്ചും ബുദ്ധിപരമാണ്. സത്യത്തില്‍ ഇത് അഴീക്കോട് മാഷിനെതിരായ അക്രമമല്ല പകരം പിണരായിക്കെതിരായ നീക്കമാണ്. കേരളത്തിലെ ബുദ്ധിജീവികളെ മുഴുവന്‍ വിലക്കെടുക്കുന്ന നികൃ്ഷ്ടനായി പിണറായിയെ ചിത്രീകരിക്കനുള്ള നീക്കം, ചക്രവ്യൂഹത്തില്‍പെട്ട നിസ്സഹായന്റെ ഭാഗം വി എസ്സിന് നല്കുമ്പോള് രാഷ്ട്രീയ നിഷ്ഠൂരതയുടെ പര്യയമായി പിണറായി മറുന്നു. അസത്യം പറഞ്ഞിട്ടല്ല പകരം സത്യം മുഴുവനായി പറയാതിരുന്നും, പറഞ്ഞതില്‍ചിലതുമാത്രം എടുത്തുപറഞ്ഞും നടത്തുന്ന തെറ്റിദ്ധരിപ്പിക്കല്‍. വിശദമായ വാര്‍ത്താ വായനയില്‍നിന്നും സംഗീതത്തിന്റെയും, അതിവിദഗ്ധമായ ചിത്രസംയോജനത്തിന്റെയും, വാക്ചാതുരിയുടെയും അകമ്പടിയോടെയുള്ള വാര്‍ത്താ പ്രദര്‍ശനങ്ങളിലേക്ക് മാറിയ സാഹചര്യങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചു നടത്തുന്ന ഒരു പകപോക്കലിന്റെ ഉദാഹരണമാണിത്.
വാര്‍ത്തകളുടെ അവതരണം നിഷ്പക്ഷമായിരിക്കണം അതല്ലാതാവുമ്പോള്‍ , സംഘടിതമായി ഒരു വ്യക്തിക്കുനേരെ നടത്തുന്ന പകപോക്കലായും, രാഷ്ട്രീയ വൈരം ആസ്പദമാക്കിയുള്ള ചതുരംഗക്കളികളായും അവ തരം താഴുമ്പോള്‍ വ്യക്തമായി പറഞ്ഞാല്‍ ദേശാഭിമാനിയും, മനോരമയും, മാത്രുഭൂമിയും, ഏഷ്യാനെറ്റും, കൈരളിയും �ഒരേനിലവാരം'' പുലര്‍ത്തുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റെന്ന് ഒന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പിണറായിയായാലും ചരിത്രം ശരിവെക്കും സുഹൃത്തുക്കളെ